നടി സാധികയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച പ്രതി പിടിയിൽ
text_fieldsകൊച്ചി: നടി സാധികയുടെ പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. നടി സാധിക തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ പരാതിയിൽ കാക്കനാട് സൈബർ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്ന് ഇൻസ്റ്റഗ്രാം ലൈവിലൂടെ സാധിക വ്യക്തമാക്കി. പ്രതി കുറ്റം ഏറ്റുപറയുന്നതിന്റെ വീഡിയോയും സാധിക പങ്കുവെച്ചിട്ടുണ്ട്.
കുറ്റം ചെയ്ത വ്യക്തി അത് ഏറ്റുപറഞ്ഞെന്നും അയാളുടെ ജീവിതം തകർക്കാൻ താൽപര്യമില്ലാത്തതിനാൽ കേസ് പിൻവലിക്കുകയാണെന്നും താരം അറിയിച്ചു.
സാധികയുടെ വാക്കുകൾ:
കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നു.
എന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഗ്രൂപ്പ് തുടങ്ങി പോൺ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. കേസ് കൊടുത്തപ്പോൾ ഒരുപാട് ആളുകൾ പറഞ്ഞിരുന്നു, കേസ് നൽകിയിട്ട് ഒരുകാര്യവുമില്ലെന്ന്. പക്ഷേ എന്റെ മുമ്പിൽ ആ കുറ്റം ചെയ്ത ആൾ ഇരിക്കുന്നുണ്ട്. പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി. ഫോൺ മറ്റാർക്കോ കൊടുത്ത സമയത്ത് കൂട്ടുകാർ ചെയ്തതായിരിക്കാം എന്നാണ് ഇയാൾ പറയുന്നത്.
ഒരു പെൺകുട്ടിയെ മോശമായി ചിത്രീകരിച്ചു സംസാരിക്കുമ്പോളും അവളുടെ മോശം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ആഘോഷം ആക്കുമ്പോഴും അപകീർത്തിപ്പെടുത്തുമ്പോളും സ്വന്തം വീട്ടിലുള്ള സ്ത്രീകളെ പറ്റി ജന്മം തന്ന അമ്മയെ ഒന്ന് സ്മരിക്കുന്നത് നന്നായിരിക്കും. കേരളത്തിൽ ഒരു പെൺകുട്ടിയും ഒറ്റപ്പെടുന്നില്ല പരാതി യഥാർഥമെങ്കിൽ സഹായത്തിനു കേരള പൊലീസും സൈബർ സെല്ലും സൈബർ ക്രൈം പൊലീസും ഒപ്പം ഉണ്ടാകും. കുറ്റം ചെയ്യുന്ന ഓരോരുത്തർക്കും ഒരുനാൾ പിടിക്കപ്പെടും എന്ന ബോധം വളരെ നല്ലതാണ്.
ഇന്ന് നമ്മുടെ വീടുകളിൽ കുട്ടികൾ ഓൺലൈൻ പഠനം നടത്താൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ 18വയസ്സ് പൂർത്തിയാകാത്ത കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുകൾ കൊടുക്കുമ്പോൾ മാതാപിതാക്കളുടെ ശ്രദ്ധ വളരെ പ്രാധാന്യം അർഹിക്കുന്നു. ആർക്കും എന്തും ചെയ്യാവുന്ന വിശാലമായ സൈബർ ലോകത്തിന്റെ ഇരകളായി സ്വന്തം കുട്ടികൾ മാറുന്നുണ്ടോ എന്നു ഇടയ്ക്കിടെ നോക്കുന്നതും സൈബർ കുറ്റകൃത്യത്തിന്റെ ദൂഷ്യവശങ്ങൾ അവരെ പറഞ്ഞു മനസിലാക്കുന്നതും നല്ലതായിരിക്കും. (ഈ ക്രൈം ചെയ്ത വ്യക്തി ആലപ്പുഴ സ്വദേശി ആണ് അയാൾ എന്നോട് ചെയ്തത് എനിക്ക് അയാളോടും കുടുംബത്തോടും തിരിച്ചു ചെയ്യാൻ താൽപര്യം ഇല്ല. അതുകൊണ്ട് തന്നെ ഞാൻ ഈ കേസ് പിൻവലിക്കുന്നു.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

