You are here

ഉദാഹരണത്തിന്​, ഇൗ സുജാതയെ കണ്ടു പഠിക്ക്​...

ടി.ഷബീര്‍
18:41 PM
28/09/2017
udaharanam

മലയാള സിനിമ മേഖല അസാധാരണതകളുടെ ആറ് മാസങ്ങളാണ് പിന്നിടുന്നത്. മറ്റൊരർത്ഥത്തിൽ മല്ലുവുഡ് സ്വയം തന്നെ ദുരൂഹത നിറഞ്ഞൊരു ചലച്ചിത്രമായി മാറിയിരിക്കുന്നു. ഈ ജീവിത കഥയിലെ പ്രധാനികളായ രണ്ടുപേർ അവരുടെ സിനിമകളുമായി ജനങ്ങള്‍ക്ക് മുന്നിലെത്തുന്നു എന്നതാണ്​ ഇൗ ആഴ്​ചയുടെ പ്രത്യേകത. ദിലീപും മഞ്​ജ​ു വാര്യരും എന്നാണ്​ അവരുടെ പേരുകൾ എന്നത്​ മുഖവുര ആവശ്യമില്ലാത്ത തിരിച്ചറിവാണ്​. രണ്ട് സിനിമകളുടേയും പേരില്‍ സംവാദങ്ങള്‍ പുരോഗമിക്കുകയാണ്. മു​െമ്പങ്ങുമില്ലാത്ത വിധം ഒരു സിനിമ കാണണോ വേണ്ടയോ എന്നത് വലിയ രാഷ്ട്രീയ പ്രശ്​നമായി രൂപപ്പെടുന്ന സാഹചര്യം ഒരുങ്ങിയിരിക്ക​ുന്നു. 

udhaharanam sujatha

അഭിനയത്തിലെ ഭാവതീക്ഷ്​ണത ​െകാണ്ട്​ വിസ്മയിപ്പിച്ച നടിയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ ഒരിടവേളയിലേക്കവര്‍ പിന്‍വാങ്ങിയപ്പോള്‍ അസ്വസ്ഥരാവുകയും മുറുമുറുക്കുകയും ചെയ്തവരാണ്​ മലയാളി പ്രേക്ഷകർ. 16 വർഷത്തി​​​െൻറ നീണ്ട ഇടവേളയില്‍ അവര്‍ ടെലിവിഷ​​​െൻറ ചതുരക്കാഴ്​ചകളിൽ വിവിധ കഥാപാത്രങ്ങളായി ആഹ്ലാദിപ്പിച്ചുകൊണ്ടിരുന്നു. അതിശയമെന്തെന്നാൽ, എന്തേ വൈകിയെന്നൊരു പരിഭവത്തോടെ ഒന്നര പതിറ്റാണ്ടിന്‍െറ അസാന്നിധ്യത്തിനുശേഷവും ഒരുതരം അപരിചിതത്വവുമില്ലാതെ ഇൗ നടിയെ മലയാളി പ്രേക്ഷകർ നെഞ്ചേറ്റി എന്നതാണ്. 

ഒാർമകൾക്കുമേൽ മറവിയുടെ പായൽ പതിക്കാൻ അത്രയൊന്നും സമയം വേണ്ടാത്തൊരു ലോകത്തിലാണിത്​ എന്നുകൂടി ഒാർക്കു​േമ്പാഴാണ്​ മഞ്​ജു വാര്യർ മലയാളിക്ക്​ എത്രയേറെ പ്രിയപ്പെട്ടതായിരുന്നു എന്ന്​ വ്യക്​തമാകുന്നത്​. തന്‍െറ രണ്ടാം വരവിലും മഞ്ജു ഒട്ടും നിരാശപ്പെടുത്തിയില്ല. മഞ്ജുഭാവങ്ങളുടെ സമൃദ്ധികൊണ്ട് അവര്‍ വിസ്​മയിപ്പിച്ചുകൊണ്ടേയിരുന്നു. ചിലപ്പോഴൊക്കെ ഈ ഭാവങ്ങള്‍ അധികമാണെന്ന് മാത്രമെ പ്രേക്ഷകര്‍ക്ക് പരാതിയുണ്ടാകാന്‍ സാധ്യതയുള്ളു. 

joj

ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ‘ഉദാഹരണം സുജാത’ മഞ്ജുവിന്‍െറ സിനിമയാണ്. നായകന്‍ എന്ന് പറയാനൊരാളോ പ്രധാനപ്പെട്ടൊരു പുരുഷ കഥാപാത്രമൊ ഒന്നുമില്ലാത്ത സിനിമ. തിരുവനന്തപുരമാണ് സിനിമയിലെ സ്ഥലം. തമ്പാനൂരും കിഴക്കേകോട്ടയും പഴവങ്ങാടിയും പാളയവും സ്റ്റാച്യുവും നിറഞ്ഞ് നില്‍ക്കുന്ന സിനിമയില്‍, കഥാപാത്രങ്ങളധികവും സംസാരിക്കുന്നതും ‘തിര്വോന്തരം’ എന്ന് നാം പറയുന്ന ഭാഷയാണ്. തിരുവനന്തപുരത്തെ കോളനികളിലൊന്നില്‍ താമസിക്കുന്ന അമ്മയുടേയും മകളുടേയും ആത്മബന്ധത്തിന്‍െറ കഥ പറയുന്നു സിനിമ. സമൂഹത്തിലെ അടിസ്ഥാന വര്‍ഗത്തിന്‍െറ പ്രതിനിധിയാണ് സുജാത. ഭര്‍ത്താവ് മരിച്ച അവര്‍ക്ക് മകള്‍ മാത്രമേ ഉള്ളൂ. സുജാതയുടെ സ്വപ്നങ്ങളെല്ലാം മകളില്‍ കറങ്ങി അവിടെതന്നെ അവസാനിക്കുന്നു. നഗരത്തിലെ വീടുകളിലും കടകളിലും ജോലിക്കുപോയി കിട്ടുന്ന വരുമാനംകൊണ്ടാണ് അമ്മയുടേയും മകളുടേയും ജീവിതം. 

അണിയറക്കാര്‍ സിനിമക്കായി ഒരുക്കിയിരിക്കുന്ന പരിസരം ഗംഭീരമാണ്. തിരുവനന്തപുരത്തെ രാജാജി നഗര്‍ കോളനിയിലാണ് സിനിമ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്. ഇവിടത്തെ ഒറ്റ മുറി ഫ്ളാറ്റിലാണിവരുടെ താമസം. രൂപത്തിലും ഭാവത്തിലും മഞ്ജു സുജാതയായി പരിണമിച്ചിരിക്കുന്നു. സമീറ സനീഷിന്‍െറ വസ്ത്രാലങ്കാരവും സവിശേഷം. അപൂര്‍വ്വം ചില സന്ദര്‍ഭമൊഴിച്ചാല്‍ നഗരത്തിലെ തിരക്കുകളില്‍ സ്വാഭാവികമായി സിനിമ ചിത്രീകരിക്കാനും അണിയറക്കാര്‍ക്കായിട്ടുണ്ട്. തിരക്കുകള്‍ക്കിടയിലെ തുറിച്ച് നോക്കുന്ന ആള്‍ക്കൂട്ടത്തെ ഒഴിവാക്കാനായത് മികവ് തന്നെയാണ്. നെടുമുടി വേണുവും ജോജു ജോര്‍ജും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളാകുന്നു. മംത മോഹന്‍ദാസും അലന്‍സിയറും വന്നുപോകുന്നുണ്ട്. സുജാതയുടെ മകളായ ആതിരയെ അവതരിപ്പിക്കുന്നത് അനശ്വര രാജൻ എന്ന പുതുമുഖമാണ്​. ത​​​െൻറ കഥാപാത്രത്തെ മികച്ചതാക്കാന്‍ ഈ അഭിനേതാവിനായിട്ടുണ്ട്.

sujatha

സിനിമ സമര്‍പ്പിച്ചിരിക്കുന്നത് ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമായാണ്. പ്രമേയം പുതുമയുള്ളതൊന്നുമല്ല. മാതാപിതാക്കളും മക്കള​ും തമ്മിലുള്ള ബന്ധത്തിലെ പുരോഗമനപരമായ ആശയങ്ങളൊന്നും ‘ഉദാഹരണം സുജാത’ മുന്നോട്ട് വക്കുന്നില്ല. മക്കള്‍ പിഴച്ചുപോകുമോ എന്ന് ഭയന്ന് നിരന്തരം അവര്‍ക്ക് വഴി കാട്ടുന്ന നല്ലമ്മയാണ് സുജാത. തന്‍െറ നടക്കാത്ത ജീവിതാഭിലാഷങ്ങളെ മകളിലൂടെ സഫലമാക്കാനാഗ്രഹിക്കുന്ന അനേകായിരം അമ്മമാരിൽ ഒരുവൾ. അതുകൊണ്ടുതന്നെ ‘ഉദാഹരണം സുജാത’ മക്കള്‍ കാണേണ്ട സിനിമയാണെന്ന് സാമാന്യമായി പറയാം. മാതാപിതാക്കള്‍ തങ്ങളെക്കുറിച്ച്​ കാണുന്ന സ്വപ്നങ്ങൾ തിരിച്ചറിയാൻ ഇൗ ചിത്രം മക്കളെ സഹായിക്കും.

bg

സിനിമയുടെ പേര് കേള്‍ക്കുമ്പോഴും ട്രെയിലര്‍ കാണുമ്പോഴും നാം പെട്ടെന്ന് മനസ്സിൽ രൂപപ്പെടുത്താനിടയുള്ളൊരു കാര്യം ധാരാളം ഉദാഹരണം വര്‍ത്തമാനങ്ങളില്‍ പറയുന്ന ആളായിരിക്കും സുജാതയെന്നാണ്. പക്ഷേ, സിനിമയില്‍ സുജാത ഒരുദാഹരണം പോലും പറയുന്നില്ല. ഇനി സുജാത എല്ലാ മക്കള്‍ക്കും ഉദാഹരണമാണെന്നാണോ അതോ മാതാപിതാക്കള്‍ക്ക് ഉദാഹരണമാണെന്നാണോ എന്താണ് പേരുകൊണ്ട് അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. കുടുംബത്തോടൊപ്പം പോയിക്കാണാവുന്ന മുഷിപ്പിക്കാത്ത സിനിമയാണിത്​. ചിലയിടങ്ങളിലൊഴിച്ചാല്‍ തന്‍െറ അഭിനയത്തിലെ വാചാലതയും വിരിയുന്ന സമസ്ത ഭാവങ്ങളുംകൊണ്ട് മഞ്ജു വാര്യര്‍ ഒരിക്കൽക്കൂടി പ്രിയങ്കരിയാകുന്നു. സുജാതയുടെ വീട്ടിലേക്ക് രാത്രിയില്‍ എപ്പോഴും അടിച്ചുകയറുന്ന സോഡിയം വേപ്പര്‍ ലാമ്പിന്‍െറ സ്വര്‍ണ്ണ പ്രകാശമുണ്ട്. മോഹിപ്പിക്കുന്ന, അനുഭൂതിദായകമായ കാഴ്ച്ചയാണത്. അത്രയുമില്ലെങ്കിലും കണ്ടിറങ്ങുമ്പോള്‍ മനം മടുപ്പിക്കാത്ത നല്ല സിനിമയാണ് ‘ഉദാഹരണം സുജാത’. 

 


 

COMMENTS