You are here

ടൊവീനോയുടെ പുകഞ്ഞു പായുന്ന തീവണ്ടി -റിവ്യു

17:04 PM
07/09/2018

ലോകസിനിമയിലെ മാസ്റ്റർമാരിലൊരാളായ ഇറ്റാലിയൻ ഡയറക്ടർ ഫെഡറിക്കോ ഫെല്ലിനിയുടെ അതേ പേര് തന്നെയാണ് ഇന്നിറങ്ങിയ ടൊവിനോ തോമസ് ചിത്രമായ ‘തീവണ്ടി’യുടെ സംവിധായക​​​െൻറയും.  ഫെല്ലിനി ടി.പി !!! ഇത് അദ്ദേഹത്തിന്റെ ഒറിജിനൽ നാമധേയം തന്നെയാണ് എന്നാണ് മനസിലാക്കുന്നത്. മാതാപിതാക്കൾ മക്കൾക്ക് അവരുടെ ശൈശവകാലഘട്ടത്തിൽ ഇടുന്ന പേരുകൾ പലപ്പോഴും വൈരുധ്യാത്മക കോമഡികളിലാണ് പൊതുവെ ഭാവിയിൽ എത്തിപ്പെടാറുള്ളത് . അതുകൊണ്ടുതന്നെ ഫെല്ലിനി എന്ന് പേര് വെക്കപ്പെട്ട ഒരാൾ സിനിമാസംവിധാനത്തിലേക്ക് തന്നെ എത്തിപ്പെട്ടതിൽ ചെറുതല്ലാത്ത ഒരു കൗതുകവുമുണ്ട്. വെറുതെ ഒരു സിനിമ ചെയ്താൽ മാത്രം പോര, അത് പാളാതെ നോക്കേണ്ടതും ആ പേരിന്റെ ഒരു ബാധ്യതയാണ്. പക്ഷേ, ഭാഗ്യമെന്ന് പറയട്ടെ ഫെല്ലിനി ടി.പിയ്ക്ക് തീവണ്ടിയിൽ അത്ര പിഴച്ചില്ല. പുള്ളിക്കാര​​​െൻറ മേഖല സിനിമ തന്നെ എന്ന് തെളിയിക്കാൻ ഈ ആദ്യസൃഷ്ടി ബലമേകുന്നുണ്ട്..

തമിഴിലും മറ്റുമൊക്കെ ചെറിയ ചെറിയ സംഭവങ്ങളിൽ നിന്ന് കഥാസന്ദർഭങ്ങൾ കണ്ടെത്തി സിനിമയായി വികസിപ്പിച്ചെടുക്കുന്നു എന്നും മലയാളത്തിൽ അങ്ങനെ സംഭവിക്കുന്നില്ല എന്നതുമൊക്കെ പൊതുവെ ഉയർന്നുകേൾക്കാറുള്ള ഒരു ആരോപണമാണ്. ‘തീവണ്ടി’ ആ പരാതിക്ക്​ ഒരു ഉത്തരമാണ്. പുളിനാട് എന്നൊരു ഗ്രാമത്തിലെ ബിനീഷ് എന്നൊരു യുവാവിന്റെ പുകവലിശീലവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മാത്രമാണ് തീവണ്ടിയുടെ കഥാപശ്ചാത്തലം. അയാൾ ഒരു ചെയിൻ സ്മോക്കർ തന്നെയാണ്. പുകവലി അയാൾക്ക് ശീലമെന്നതിലുപരി മറ്റെന്ത് ഒഴിവാക്കിയാലും ജീവിതത്തിൽ നിന്ന് പറിച്ചെറിയാവാനാത്ത ശീലമാണ്​. അതുകൊണ്ടുതന്നെ നാട്ടുകാർ അയാൾക്ക് സ്വാഭാവികമായും ‘തീവണ്ടി’ എന്ന വിളിപ്പേര് ചാർത്തിക്കൊടുക്കുന്നു.

tovino theevandi

ടൊവിനോ തോമസ് തന്നെയാണ് തീവണ്ടി എന്ന് വളരെക്കാലമായി പ്രചാരം നേടിക്കഴിഞ്ഞ ട്രെയിലറിൽ നിന്നും പാട്ടുസീനിൽ നിന്നും എല്ലാവർക്കും മനസ്സിലായിക്കഴിഞ്ഞതാവും. ഇതിന് മുൻപ് ഈയിടെയായി വന്ന തന്റെ സിനിമകളിലെല്ലാം (മായാനദി, മറഡോണ etc.)  നോട്ടി/നൊട്ടോറിയസ് അർബൺ കഥാപാത്രങ്ങളെ ചെയ്ത് ആളുകളെ കയ്യിലെടുത്ത ടൊവീനോ ഒരു തനിലോക്കൽ പുകവലിക്കാരൻ പയ്യനെ എങ്ങനെ ചെയ്യുമെന്നറിയാൻ സ്വാഭാവികമായും ഒരു കൗതുകമുണ്ടായിരുന്നു താനും.  പക്ഷെ, തെല്ലും കുറ്റം പറയാനാവാത്ത മികവിൽ ബിനീഷ് എന്ന തീവണ്ടിയെ ടൊവീനോ ഗംഭീരമാക്കി. ഗ്രാമീണ കഥാപാത്രങ്ങളെ മനോഹരമാക്കാൻ പുതുതലമുറ നായകർക്ക് എത്രത്തോളം സാധ്യമാണ് എന്ന സംശയത്തിന് നിവാരണമാണ് തീവണ്ടി.

Theevandi-54

ഒട്ടനവധി മലയാളസിനിമകളിൽ കണ്ട് തഴമ്പിച്ച അതേപോലെ നായകന്റെ ജനനവും പ്രസവമുറിയും പുറമെ വെപ്രാളപ്പെട്ടിരിക്കുന്ന അച്ഛനുമായിട്ടാണ് ഇവിടെയും തുടക്കം.. പക്ഷേ, മിനിറ്റുകൾക്കുള്ളിൽ തന്നെ ആ പ്രസവക്ലീഷെ കോമഡിയിലേക്ക് വഴി മാറും. അരമണിക്കൂറിൽ  നായകൻ ചെയിൻ സ്മോക്കർ  ആയി മാറിയതിന്റെ സകലമാന സാഹചര്യങ്ങളും സ്ഥാപിക്കപ്പെട്ടതിന് ശേഷമാണ് തീവണ്ടി എന്ന പേര് എഴുതിക്കാണിക്കുന്നത് എന്നതൊരു പുതുമയായി പറയാം..

ബാല്യം കഴിഞ്ഞ ശേഷമുള്ള ബിനീഷിന്റെ കൗമാരവും സ്കൂൾ കാലവും അവതരിപ്പിക്കുന്നതും ടൊവീനോ തന്നെയാണ്. സ്കൂൾ പയ്യന്റെ യൂണിഫോമിൽ വേറിട്ടൊരു ശരീരഭാഷയുമായി കുസൃതിയാണിവിടെ നിറയുന്നത്. യൗവനത്തിലെത്തിക്കഴിഞ്ഞ ശേഷം ഒരു തികഞ്ഞ റ്റുബാക്കോ അഡിക്റ്റിന്റെ നിസ്സംഗതയാണ് കാണാനാവുന്നത്. നിക്കോട്ടിൻ മനുഷ്യശരീരത്തിൽ കേറിപ്പണിയുന്നതിന്റെ സകലമാന അലസതകളും അവധാനതകളും അസ്വസ്ഥതകളും ഈ കാലഘട്ടത്തിൽ സൂക്ഷ്​മമായി സ്​ക്രീനിൽ കൊണ്ടുവരുവാൻ ടൊവീനോയ്ക്ക് കഴിയുന്നു. സിഗരറ്റ് കിട്ടാത്തപ്പോഴും പ്രതിശ്രുതവധു തള്ളിക്കളയുമ്പോഴുമൊക്കെയുള്ള ചലനങ്ങൾ ഉജ്വലം.

രണ്ടാം പകുതിയിൽ ചെറിയ തീമിനെ വികസിപ്പിച്ചുകൊണ്ടുവരുമ്പോൾ കണ്ടു ശീലമായ പ്രണയത്തിനെയും വിരഹത്തെയും രാഷ്ട്രീയത്തെയും പന്തയത്തെയും ഒക്കെ സ്ക്രിപ്റ്റ് കൂട്ടുപിടിക്കുന്നുണ്ട്. വിനി വിശ്വലാൽ ആണ് തിരക്കഥാകൃത്ത്. പാളിച്ചകൾ ധാരാളമുണ്ട്. പക്ഷേ, ഭാരതീയ സോഷ്യലിസ്റ്റ് കോൺഗ്രസ് ലീഗ് എന്ന പുളിനാട്ടിലെ ഏക രാഷ്ട്രീയപാർട്ടിയിലും അതിന്റെ നേതാക്കളിലുമൊക്കെ ആവോളം ആക്ഷേപഹാസ്യം കൊണ്ടുവരാൻ ശ്രമിച്ചത് വല്യ ആശ്വാസം. ആഫ്രിക്കയിലെ സിറോലിയോണിലെ വൃത്തിഹീനമായ വിമാനത്താവളങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പുളിനാട്ടിലെ ബീച്ചിൽ മനുഷ്യച്ചങ്ങല തീർത്തതൊക്കെ ഗംഭീരം. ഏഴ് നാട്ടിൻപുറത്തുകാർ കൂടിയിരുന്ന് എം.എൽ.എക്ക് പകരക്കാരനെ കണ്ടെത്തുന്നതൊക്കെ സറ്റയറിനിടയിലെ ബാലിശത.

theevandixx

മലയാളസിനിമയിലെ നിത്യഹരിത കൗമാരയുവാവ് ആയ സുധീഷിനെ ആദ്യമായി തലമുതിർന്ന അമ്മാവൻ റോളിൽ കാണാനായത് ‘തീവണ്ടി’യുടെ കൃതാർത്ഥത. പുള്ളിക്ക് വല്യ ആശ്വാസമായിട്ടുണ്ടാവും. സുരാജ്, സുരഭി എന്നീ നാഷണൽ അവാർഡ് ജേതാക്കളും സൈജു, ഷമ്മി, രാജേഷ് ശർമ്മ തുടങ്ങി പ്രശസ്തരിൽ തുടങ്ങി പേരറിയാത്തവരിൽ എത്തിനിൽക്കുന്ന ഒരു സംഘം അഭിന​േനതാക്കൾ മുന്നും പിന്നും നോക്കാതെ പൊളിച്ചടുക്കുന്നുമുണ്ട്. സംയുക്താമേനോൻ ആണ് നായികാറോളിൽ. ഒരു സിനിമാനായിക എന്നൊന്നും പറയാനാവാത്ത ഗേൾ-നെക്സ്റ്റ് ഡോർ വേഷം നന്നായിട്ടുണ്ട്. ടൊവിനോ സിനിമകളിൽ സാധാരണയായിക്കഴിഞ്ഞ ലിപ് ലോക്ക് ഇതിലുമുണ്ട്.

‘ജീവാംശമായി...’ എന്ന പാട്ടൊക്കെ കേട്ട് കേട്ട് ഹിറ്റായിക്കഴിഞ്ഞതാണ്. സംഗീത സംവിധായകന്റെ പേര് കൈലാസ് മേനോൻ എന്നാണെന്ന് തിയേറ്ററിലെത്തിയപ്പോഴാണ് ശ്രദ്ധിച്ചത്. വേറെയും രണ്ടുമൂന്ന് പാട്ടുണ്ട്. മുഴച്ചുനിൽക്കുന്നില്ല ഒന്നും..
  
പ്രളയദിനങ്ങളിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ  നിറഞ്ഞ് നിന്ന ടൊവീനോയെ മലയാളികൾ കണ്ടിരുന്നു. മായാനദിയിലൂടെയും മറഡോണയിലൂടെയും വർധിച്ച പ്രേക്ഷകപ്രീതി തീവണ്ടിയിലെത്തുമ്പോൾ ഒന്നും കൂടി വർധിച്ചിരിക്കുന്നു എന്ന് മനസിലാവുന്നു. തിയേറ്ററിൽ നല്ല ആരവമായിരുന്നു. തീർന്നപ്പോഴും കയ്യടി ഉണ്ടായി..

Loading...
COMMENTS