You are here

ഗൗരവപൂർവം ഒരു ‘തമാശ’

പി. സന്ദീപ്
21:23 PM
06/06/2019
Thmaasha Movie Review

ശരീര സൗന്ദര്യത്തെക്കുറിച്ചുള്ള അവബോധവും വേവലാതികളുമുള്ളവരാണ് മനുഷ്യർ. ദൈനംദിന ജീവിതത്തില്‍ ശക്തമായ മാധ്യമ ഇടപെടലുകള്‍ കടന്നുവന്ന കാലം മുതല്‍ ഓരോ വ്യക്തിയും ഇതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി എന്നു പറയാം. ഫെയര്‍നെസ് ക്രീമുകള്‍ മുതല്‍ ആരംഭിക്കുന്ന ശരീര സൗന്ദര്യ വര്‍ദ്ധക ഉൽപന്നങ്ങളിലെ 'പരിപൂര്‍ണ്ണതയുള്ള' സ്ത്രീ പുരുഷ മാതൃകകള്‍ സാധാരണക്കാരന്‍റെ ഉള്ളില്‍ ജനിപ്പിക്കുന്ന അരക്ഷിതത്വ ചിന്തകള്‍ വലുതാണ്. സിനിമ, കോമഡി ഷോകള്‍ തുടങ്ങിയവയിലും സോഷ്യല്‍ മീഡിയയിലും ശരീരത്തെ പരിഹസിച്ചു കൊണ്ടുള്ള തമാശകള്‍ ഇന്നു സര്‍വ്വ സാധാരണമാണ്. 

നിത്യ ജീവിതത്തില്‍ അതനുഭവിക്കേണ്ടി വരുന്ന വ്യക്തിയുടെ മാനസ്സികാവസ്ഥയെ തീരെ കണക്കിലെടുക്കാതെയാണ് മിക്ക സമയങ്ങളിലും ബോഡി ഷെയിമിംഗ് നടക്കാറുള്ളത്. ഇത്തരത്തില്‍ സ്ഥിരമായി സമൂഹത്തിന്‍റെ പല കോണുകളില്‍ നിന്നും തന്‍റെ ശരീരത്തെക്കുറിച്ച് പരിഹാസം ഏറ്റു വാങ്ങേണ്ടി വരുന്ന സാധാരണക്കാരനായ ഒരു വ്യക്തിയുടെ കഥയാണ് അഷ്‌റഫ് ഹംസയുടെ പ്രഥമ ചലച്ചിത്ര സംവിധാന സംരംഭമായ 'തമാശ'യില്‍ പറയുന്നത്.

വിനയ് ഫോര്‍ട്ട് കൈകാര്യം ചെയ്യുന്ന പൊന്നാനിക്കാരനായ ശ്രീനിവാസന്‍ എന്ന മലയാളം അധ്യാപകനിലൂടെയാണ് തമാശ ആരംഭിക്കുന്നത്.  പല വിവാഹാലോചനകള്‍ നടത്തിയിട്ടും തലയില്‍ ആവശ്യത്തിനു മുടിയില്ല എന്ന കാരണത്തെത്തുടര്‍ന്ന് പരിഹാസം നേരിട്ട് മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് ശ്രീനിവാസന്റെ ജീവിതം മുന്നോട്ടു പോകുന്നത്. മറ്റുള്ളവര്‍ ആരോപിക്കുന്ന 'കുറവുകളെ' കുറിച്ച് നിരന്തരം ജോലിസ്ഥലത്തു നിന്നും സമൂഹത്തില്‍ നിന്നും ചില സന്ദര്‍ഭങ്ങളില്‍ സ്വന്തം വീട്ടില്‍ നിന്നു വരെ പ്രത്യക്ഷമായും പരോക്ഷമായും കളിയാക്കലുകള്‍ക്ക് ഇരയാക്കപ്പെടുന്ന ശ്രീനിവാസന്‍ വളരെയധികം അപകര്‍ഷതാ ബോധത്തോടു കൂടിയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്. 

ഇതിനിടയില്‍ അയാളുടെ ജീവിതത്തിലേക്ക് പല സമയങ്ങളിലായി കടന്നു വരുന്ന മൂന്നു സ്ത്രീകള്‍ വഴിയാണ് കഥ മുന്നോട്ടു സഞ്ചരിക്കുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് അവതരിപ്പിച്ച ഒന്നാം പകുതിയും കുറച്ചു കൂടി ഗൗരവത്തോടെ കാര്യങ്ങളെ കുറിച്ച് പറയുന്ന രണ്ടാം പകുതിയും ആണ് സിനിമക്കുള്ളത്. ബോഡി ഷെയ്മിംഗ് എത്രത്തോളം അതനുഭവിക്കുന്ന വ്യക്തിയെ ബാധിക്കുന്നു എന്നു കൃത്യമായി സംവിധായകന്‍ തുടക്കം മുതല്‍ ഒടുക്കം വരെ വരച്ചിടുന്നു.

thamasha-movie-song

വളരെ ഗൗരവമുള്ള ഒരു വിഷയത്തെ മനോഹരമായും ലാളിത്യത്തോടെയും അച്ചടക്കേേത്താടെയും അവതരിപ്പിക്കുന്നതില്‍ ചിത്രത്തിന്‍റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ അങ്ങേയറ്റം വിജയിച്ചിരിക്കുന്നു. അപകര്‍ഷതാബോധത്തോടെ പല ഘട്ടങ്ങളിലും സമൂഹത്തിനു നേരെ പിന്‍തിരിഞ്ഞു നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ശ്രീനിവാസന്‍ എന്ന കഥാപാത്രം വിനയ് ഫോര്‍ട്ട് എന്ന നടന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഇതു വരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചതെന്നു തന്നെ വിനയ് ഫോര്‍ട്ടിന്‍റെ ശ്രീനിവാസന്‍ മാഷെക്കുറിച്ച് പറയാം. നവാസ് വള്ളിക്കുന്ന് അവതരിപ്പിച്ച കോളേജിലെ പ്യൂണ്‍ റഹീം എന്ന കഥാപാത്രത്തെക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്. 

thamasha

വിനയ് ഫോര്‍ട്ട്- നവാസ് വള്ളിക്കുന്ന് കോമ്പോയിലുള്ള രംഗങ്ങള്‍ മുഴുവനായും നര്‍മ്മത്തിന്‍റെ മേമ്പൊടിയോടു കൂടി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട്. മൂന്നു ഘട്ടങ്ങളിലായി വരുന്ന പ്രധാന കഥാപാത്രങ്ങളായ ദിവ്യപ്രഭ, ഗ്രേസ്, ചിന്നു ചാന്ദ്‌നി നായര്‍ തുടങ്ങി ചിത്രത്തില്‍ ചെറിയ രംഗങ്ങളില്‍പ്പോലും വന്നു പോകുന്നവരടക്കമുള്ള അഭിനേതാക്കളാരും തന്നെ ചിത്രത്തില്‍ എവിടെയും പ്രേക്ഷകനെ മടുപ്പിക്കുന്നില്ല.

Thamaasha

നിരന്തരമായി സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ബോഡി ഷെയിമിംഗ് നടത്തുന്ന ആളുകള്‍ക്കെതിരെയുള്ള ശക്തമായ ഒരു അടി കൂടിയാണ് തമാശ എന്നു കാണാവുന്നതാണ്. മറ്റുള്ളവര്‍ക്ക് യാതൊരു ഉപദ്രവവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നിരിക്കിലും അവര്‍ എന്തിനാണ് അന്യനായ/ അന്യയായ ഒരു വ്യക്തിയുടെ ശരീരത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചും വേവലാതിപ്പെടുന്നതെന്നും പരിഹസിക്കുന്നത് എന്നും ചിത്രം ഉറക്കെ ചോദിക്കുന്നു. 

ഒരവസരത്തില്‍ നേരിട്ട് കുറച്ചു പേരില്‍ നിന്നു മാത്രം അനുഭവിക്കേണ്ടി വന്നിരുന്ന ഇത്തരം പരിഹാസങ്ങള്‍ സോഷ്യല്‍ മീഡിയയുടെ വരവോടെ അതിരുകളില്ലാത്ത രീതിയിലേക്ക് വളര്‍ന്നതിനെ ചോദ്യംചെയ്യുന്നിടത്താണ് തമാശ ഗൗരവമായി മാറുന്നത്. തനിക്കു പറയാനുള്ള കാര്യം ആസ്വാദ്യകരമായ കഥപറച്ചിനിടയിലും വിട്ടുവീഴ്ചകളില്ലാതെ കൃത്യമായി പ്രേക്ഷകരോട് സംവദിക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല.

പൊന്നാനി, ഭാരതപ്പുഴ തുടങ്ങിയ ഇടങ്ങളെ മനോഹരമായി അവതരിപ്പിച്ച തമാശയുടെ ഫ്രെയിമുകള്‍ക്ക് പിന്നില്‍ സമീര്‍ താഹിറാണ്. റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ സംഗീതം ചിത്രത്തിനെ കൂടുതല്‍ മനോഹരമായ ഒരു അനുഭവമാക്കുന്നു. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Loading...
COMMENTS