You are here

ഇത് കുട്ടിമാമ തള്ള് -റിവ്യൂ

അനു ചന്ദ്ര
17:23 PM
18/05/2019
KUTTIMAMA MOVIE

പട്ടാളക്കാരനായ ശേഖരൻകുട്ടി നാട്ടിലെ തള്ള് വീരനാകുന്നതും അദ്ദേഹത്തിന്‍റെ ജീവിതവുമെല്ലാം ചേർന്ന ഒരു കൊച്ചു വി.എം. വിനു സിനിമയാണ് കുട്ടിമാമ. ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ഈ ചിത്രത്തിൽ ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

തള്ളലുകൾ
പശ്ചാത്തല സംഗീതത്തിൽ പോലും 'തള്ള്', 'തള്ള്' എന്നു പറഞ്ഞ് പോകുന്ന ഒരു സിനിമ. ആ സിനിമയെ കുറിച്ച് ഏറെ എളുപ്പത്തിൽ/ഒറ്റവാക്കിൽ പറയാവുന്നതും അതാണ്. 'തള്ള്'. അതിരു കവിഞ്ഞ പൊങ്ങച്ചം പറച്ചിലിനും ഗീർവാണത്തിനും സോഷ്യൽ മീഡിയ നൽകിയ ആ ഓമനപേര് തന്നെയാണ് കുട്ടിമാമ എന്ന വിമുക്ത പട്ടാളക്കാരനെ സ്‌ക്രീനിലെ രസികനായ കുട്ടിമാമയാക്കി മാറ്റുന്നതും. എക്കാലവും പ്രസക്തമായ പട്ടാളക്കാരുടെ വിടുവായിത്തരങ്ങളിലൂടെ അവരുടെ പ്രതിനിധി തന്നെയായി മാറുകയാണ് ഇവിടെ കഥയിൽ കുട്ടിമാമയും. പട്ടാളത്തിൽ നിന്നും വിരമിച്ച 'തള്ള്' മാമനായ കുട്ടിമാമ അഥവാ ശേഖരൻകുട്ടിയായി ചിത്രത്തിൽ എത്തുന്നത് ശ്രീനിവാസനാണ്. ശേഖരൻ കുട്ടി എല്ലാവർക്കും കുട്ടിമാമയാണ്. വീട്ടുകാരും നാട്ടുകാരും അയാളെ വിളിക്കുന്നതും അങ്ങനെയാണ്. 

KUTTIMAMA MOVIE

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത അയാളുടെ വിജയഗാഥകൾ വാതോരാതെ പറയുന്ന, പട്ടാളക്കഥയും ക്യാമ്പിലെ വീരസാഹസിക കഥകളും നാട്ടുകാരുടെ മുന്നിൽ തള്ളിമറക്കുന്ന കുട്ടിമാമ തുടക്ക കാലങ്ങളിൽ നാട്ടുകാർക്ക് ആവേശമായിരുന്നു. പിന്നീട് അത്തരം മാരക, അതിഭീകര തള്ളലുകൾ സഹിക്കവയ്യാതെ അതേ നാട്ടുകാർ ഇനിയൊരിക്കൽ കൂടി തള്ളാൻ അയാൾക്ക് അവസരം കൊടുക്കാത്ത വിധത്തിൽ കുട്ടിമാമയെ കാണുമ്പോൾ മുഖം തിരിഞ്ഞോടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. 'പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല' എന്നതിൽ നിന്നാണ് കുട്ടിമാമയുടെ തളളൽ കഥകളുടെ തുടക്കം. പിന്നീടങ്ങോട്ട് അതിർത്തിയിലെ പാകിസ്താൻ പട്ടാളത്തെ മത്തങ്ങ തോരൻ തീറ്റിച്ചും അത് കിട്ടാത്തതിന്‍റെ പേരിൽ രാജ്യങ്ങൾ തമ്മിൽ യുദ്ധമുണ്ടായതും 100 അടി നീളമുള്ള കേക്കുണ്ടാക്കി ബാക്കി വന്നത് ജീപ്പിൽവെച്ച് കെട്ടിക്കൊണ്ടു പോയതും തുടങ്ങി മുഴുനീളൻ മാരക തള്ളലുകൾ തന്നെയാണ് കുട്ടിമാമ നടത്തുന്നത്. 

എന്നാൽ, സിനിമ പ്രസക്തമാകുന്നത് ഒരേസമയം, പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകളിലൂടെ തന്നെയാണ് ശ്രീനിവാസൻ എല്ലായ് പ്പോഴും ബിഗ് സ്ക്രീനിൽ എത്താറുള്ളത് എന്നതു കൊണ്ടും പട്ടാളക്കഥകൾക്ക് തള്ളൽ എന്ന പേരിട്ട് വിളിക്കുന്ന സാധാരണ ജനങ്ങൾക്ക് മുൻപിൽ, അവർക്ക് സങ്കൽപിക്കാവുന്നതിനും വിശ്വസിക്കാവുന്നതിനും അപ്പുറത്താണ് പട്ടാളജീവിതവും യാഥാർഥ്യവും എന്ന് കുട്ടിമാമ എന്ന ഈ തള്ളൽ കഥയിലൂടെ/കുട്ടിമാമയുടെ തള്ളൽ കഥകളിലൂടെ നമ്മളെ ഓർമിപ്പിക്കുന്നു എന്നതു കൊണ്ടുമാണ്. അതുകൊണ്ട് തന്നെ തീർച്ചയായും ശ്രീനിവാസന്‍റെ കൈയൊപ്പ് പതിഞ്ഞ സിനിമ തന്നെയാണ് കുട്ടിമാമ.

KUTTIMAMA MOVIE

ശ്രീനിവാസൻ പിന്നെ ധ്യാൻ ശ്രീനിവാസൻ
കുട്ടിമാമയുടെ തള്ളലുകൾ പോലെ അത്ര സുഖകരമല്ല അയാളുടെ/ ഓരോ പൗരന്‍റെയും പട്ടാളജീവിതം എന്ന് പ്രേക്ഷകരെ മനസിലാക്കാൻ ശ്രീനിവാസന്‍റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസന്‍റെ കടന്നുവരവ് സിനിമക്ക് അനിവാര്യമായിരുന്നു. കുട്ടിമാമയുടെ പ്രസരിപ്പാർന്ന ചെറുപ്പകാലവുമായാണ് ധ്യാൻ സ്ക്രീനിലെത്തിയത്. കുട്ടിമാമ എന്തായിരുന്നു, ഏതായിരുന്നു, അയാൾ നടത്തുന്ന തള്ളലുകൾക്ക് പിറകിലെ സത്യാവസ്ഥ എത്രമാത്രമുണ്ട്, അയാളുടെ ജീവിത കഥ എന്നിങ്ങനെ പല ഘട്ടങ്ങളായി, പല ചോദ്യങ്ങൾക്കുത്തരങ്ങളായി ധ്യാൻ ശ്രീനിവാസൻ മികച്ച പ്രകടനവുമായി കൈയടി നേടുന്നു. കുഞ്ഞിരാമായണത്തിലെ മണ്ണുണ്ണിയുടെ വേഷത്തിൽ നിന്നും മലയാള സിനിമ കയറിവന്ന ധ്യാൻ ശ്രീനിവാസന്‍റെ കരുത്തനായ ഈ പട്ടാളക്കാരൻ വേഷം താരമ്യപ്പെടുത്തിയാൽ അയാളിലെ നടന്‍റെ ഗ്രാഫ് ഉയർച്ചയിലേക്ക് പോകുന്നതായി പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്.

'ഇന്നലെ' വീണ്ടും ആവർത്തിക്കുമ്പോൾ
വാസന്തിയുടെ ‘പുനര്‍ജന്‍‌മം’ എന്ന നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമായിരുന്നു 1989ൽ ഇറങ്ങിയ പത്മരാജന്‍റെ 'ഇന്നലെ' എന്ന സിനിമ. അപകടത്തെ തുടര്‍ന്ന് ഓര്‍മ്മശക്തി പൂര്‍ണമായും നഷ്ടപ്പെടുന്ന മായയെ ആ സിനിമ കണ്ടവർ അത്ര എളുപ്പത്തിൽ ഒന്നും മറന്നിരിക്കാൻ ഇടയില്ല. ഏതാണ്ട് ഇതിനോട് സാമ്യമായ മറ്റൊരു ഹോളിവുഡ് മൂവിയാണ് ‘ദ് വൌ’. ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട ഭാര്യയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള ഭര്‍ത്താവിന്‍റെ ശ്രമമാണ് ദി വൗ നടത്തുന്നത്. 

KUTTIMAMA MOVIE

എന്നാൽ, എന്തിനായിരുന്നു കുട്ടിമാമയിൽ ഒരു നായിക അല്ലെങ്കിൽ എന്തിനാണ് മുൻപേ സിനിമകളിൽ പറഞ്ഞു പോയ വിഷയത്തിന്‍റെ തനിയാവർത്തനവുമായി നായികയെയും വെച്ചു ഒരു പ്രണയകഥ പറഞ്ഞതെന്ന് ഇനിയും മനസിലായില്ലെങ്കിലും അപകടത്തിൽ ഓർമ്മശക്തി നഷ്ടപ്പെട്ട നായിക എന്നത് ഇവിടെ ഒരു അഡാർ ക്ലീഷേ ആയിരുന്നു എന്നത് പറയാതിരിക്കാനാവില്ല. എന്നാൽ, ഓർമ്മശക്തി നഷ്ടപ്പെട്ട ആ അപൂർവ രോഗം വർഷങ്ങൾക്കിപ്പുറം അവർ നാട്ടിലെത്തുമ്പോൾ അവർക്ക് തിരികെ കിട്ടുന്നു എന്നത് തൽകാലം ഇവിടെ യുക്തിരഹിതമാണ്. അതുകൊണ്ട് തന്നെ ധ്യാനിന്‍റെ നായികയായി ദുർഗയും, വാർധക്യ കാലത്തു ദുർഗ, മീരാ വാസുദേവ് ആയി പരിണമിക്കുമ്പോഴും പറഞ്ഞുപഴകിച്ച വിഷയത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ ഇതിലെ നായികമാരും പ്രണയവും പ്രേക്ഷകരെ മടുപ്പിച്ചു.

തിരക്കഥ
ശ്രീനിവാസന്‍റെയും ധ്യാൻ ശ്രീനിവാസന്‍റെയും ഉജ്ജ്വലമായ പ്രകടനവും യുദ്ധ സിനിമകളോട് കിടപിടക്കുന്ന മിലിട്ടറി ആക്ഷനും മറ്റുമുണ്ടെങ്കിലും തിരക്കഥയിലെ ഏച്ചുകെട്ടലുകൾ പലപ്പോഴും മുഷിപ്പിക്കുന്നതായിരുന്നു. കഥയെ എങ്ങനെയെങ്കിലും ഒക്കെ ഒന്ന് അവസാനിപ്പിച്ച് തീർക്കാൻ സ്ക്രിപ്റ്റിൽ ഏറെക്കുറെ തിരക്കഥാകൃത്ത് മനാഫ് പാടുപെട്ടിരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെയാകാം ഒരു സൂപ്പർഹിറ്റ് സിനിമക്കുള്ള എല്ലാ ചേരുവകളുമുള്ള വൺലൈൻ ആയിരുന്നിട്ട് കൂടിയും ഏച്ചുംവലിച്ചും കഥയെ മുന്നോട്ടു കൊണ്ടു പോയതും പല തമാശകളും പാളിപ്പോയതും.

KUTTIMAMA MOVIE

വി.എം വിനു
മകന്‍റെ അച്ഛൻ, വേഷം, ബാലേട്ടൻ എന്നിങ്ങനെ ഹിറ്റുകൾ തീർത്ത വി.എം വിനു സാമാന്യം ഭേദപ്പെട്ട രീതിയിൽ ഉള്ള തിരിച്ചുവരവ് തന്നെയാണ് ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത് എന്നത് എടുത്തു പറയാതിരിക്കാനാവില്ല. എന്നാൽ, സംവിധായകൻ തമാശകൾക്കപ്പുറത്ത് സിനിമയെ ചിലപ്പോഴൊക്കെ ഗൗരവത്തോടു കൂടി കാണുന്ന മാധ്യമം ആക്കി മാറ്റുന്നതിനാൽ ആകാം ഒരു കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രാജ്യം കാത്തവർ റിട്ടയർ ചെയ്ത് കഴിയുമ്പോൾ, ബാറിലും ഷോപ്പിങ് മാളുകൾക്കുമൊക്കെ മുന്നിൽ സെക്യൂരിറ്റിയാവേണ്ട ദയനീയതയും വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയടക്കമുള്ള പ്രശ്നങ്ങളും ഈ ചിത്രം ചർച്ച ചെയ്യാൻ പ്രത്യേകം ശ്രദ്ധിച്ചത്. 

മറ്റു വിശേഷങ്ങൾ
വി.എം വിനുവിന്‍റെ മകൻ വരുൺ വിനു ഛായാഗ്രഹകനായി എത്തുന്ന സിനിമയിൽ അദ്ദേഹത്തിന്‍റെ മകൾ വർഷ വിനു ഒരു ഗാനം ആലപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവർ മറ്റു വേഷങ്ങളില്‍ എത്തുമ്പോഴും അവരുടെ വേഷം മികച്ചതാക്കുമ്പോഴും സിനിമ അത് കുട്ടിമാമയുടെ മാത്രമാണ്. ശ്രീനിവാസൻ എന്ന അച്ഛന്‍റെയും ധ്യാൻ ശ്രീനിവാസന് എന്ന മകന്‍റേതുമാണ്. അവരാണ് സിനിമയെ മുൻപോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ടു തന്നെ ഒറ്റവാക്കിൽ ഇങ്ങനെ പറയാം അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ, വേനലവധിക്ക് നിങ്ങൾക്ക് കുട്ടികളുമായി കുടുംബത്തോടൊപ്പം പോയി കാണാവുന്ന ഒരു ശരാശരി സിനിമയാണ് കുട്ടിമാമ.

Loading...
COMMENTS