You are here

സോള്‍ഫുള്‍ സോളോ -REVIEW

dulquer

മലയാളത്തിലെ വിനീത് സ്കൂള്‍ ഓഫ് സിനിമ പോലെ ബോളിവുഡിലും ചില കള്‍ട്ടുകളുണ്ട്. അതില്‍ പ്രധാനപ്പെട്ടൊരു ധാരയാണ് കശ്യപ് തോട്ട്സ് ഓഫ് സിനിമ. അനുരാഗ് കശ്യപ് ആണ് ഇതിന്‍റെ പ്രയോക്താവ്. മുഖ്യധാര സിനിമകള്‍ കാണിക്കാത്ത സമൂഹത്തിലെ അധോതലങ്ങളാണ് കശ്യപും കൂട്ടരും വെള്ളിത്തിരയിലെത്തിക്കുന്നത്. കട്ടപിടിച്ച ഇരുട്ടായിരിക്കും ഇത്തരം സിനിമകളുടെ മുഖമുദ്ര. കടുത്ത അക്രമങ്ങളും ലൈംഗികതയും ധാരാളമുണ്ടാകും. രാം ഗോപാല്‍ വര്‍മയാണ് ഈ മേഖലയിലെ കുലപതി എന്നും പറയാം. പുതിയ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയായ സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ തന്‍റെ ആദ്യ സിനിമയായ ഷെയ്താന്‍റെ തിരക്കഥയുമായി ഒരു വര്‍ഷത്തോളം നിരവധി നിര്‍മാതാക്കളെ കണ്ടിരുന്നു. പരമ്പരാഗത പാട്ടും പ്രണയവും തമാശയുമില്ലാത്ത സിനിമ ചെയ്യാന്‍ ആരും തയ്യാറായില്ല. 

ബിജോയിയെ നേരത്തെ പരിചയമുള്ള അനുരാഗ് സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേപറ്റി ഒരിക്കല്‍ അനുരാഗ് പറഞ്ഞത് ‘മികച്ച സംവിധായകനെയും തിരക്കഥയെയും കണ്ടാല്‍ തനിക്കറിയാമെന്നും വര്‍ഷങ്ങള്‍ നിര്‍മാതാക്കളുടെ പിന്നാലെ അലഞ്ഞ തന്‍റെ കടമയാണ് പ്രതിഭയുള്ള ഓരോ ചെറുപ്പക്കാരനെയും സഹായിക്കുക’ എന്നതുമാണ്. ഷെയ്താന് ശേഷം ബിജോയ് ഡേവിഡ്, വസീര്‍ തുടങ്ങിയ സിനിമകള്‍ ചെയ്തു. വസീറില്‍ സാക്ഷാല്‍ ബച്ചനായിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ഒരു മാസ് എന്‍റര്‍ടൈനറോ ആരാധകക്കൂട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ത്രസിപ്പിക്കുന്ന സിനിമയോ പ്രതീക്ഷിച്ച് സോളോ കാണാതിരിക്കുന്നതാണ് നല്ലത്. 

സോളോ ഒരൊറ്റ സിനിമയല്ല. സാമ്യങ്ങളുള്ള നാലു ചെറു സിനിമകളെ ചേര്‍ത്തു വെച്ചിരിക്കുകയാണ്. ബിജോയ് പറയുന്നത് ഇത് സ്വന്തത്തെ കുറിച്ചുള്ള സിനിമയാണെന്നാണ്. അഹം ബ്രഹ്മാസ്മി എന്ന തത്വമാണ് സിനിമയുടെ കാതല്‍. ജലം, വായു, അഗ്നി, മണ്ണ് എന്നിങ്ങനെ നാലു തത്വങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ഥമെങ്കിലും കണ്ടിറങ്ങുമ്പോള്‍ എവിടെയോ കൊരുത്തുവച്ച ചരടു പോലെ ബന്ധം തോന്നുന്ന കഥകളാണ് സോളോയിലുള്ളത്. സിനിമയിലെ വിവിധ ഖണ്ഡങ്ങളില്‍ സാമ്യമുള്ള നിരവധി കാര്യങ്ങള്‍ വന്നു പോകുന്നുണ്ട്. നാല് എന്ന അക്കം എല്ലായിടത്തുമുണ്ട്. ഗര്‍ഭം എന്ന മനുഷ്യകുല നൈരന്തര്യത്തിന്‍റെ അടിസ്ഥാനവും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. നാലു കഥകളിലെയും നായകന്മാരാകുന്നത് ദുല്‍ഖറാണെന്ന സാമ്യവുമുണ്ട്. സിനിമയുടെ സ്ഥായീഭാവം ക്രോധമാണ്. 

നാലു നായകന്മാരും മിക്കപ്പോഴും കോപാകുലരാണ്. പ്രണയം ഖനീഭവിച്ച് നില്‍ക്കുകയാണ് ഒരോ ഭാഗങ്ങളിലും. മുന്നോട്ടും പിന്നോട്ടുമൊക്കെ സിനിമ നിരന്തരം സഞ്ചരിക്കുന്നതിനാല്‍ അത്ര പ്രയത്നമില്ലാതെ സോളോയോടൊപ്പം സഞ്ചരിക്കാനാകില്ല. ശ്രീകര്‍ പ്രസാദ് എന്ന പ്രതിഭാധനനാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. മികച്ച സംഗീതം എടുത്തു പറയേണ്ടതാണ്. തൈക്കുടം ബ്രിഡ്ജ് ഉള്‍പ്പടെ ഒരു കൂട്ടം പേര്‍ സംഗീതത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുതരം ആത്മീയ സംഗീതമാണ് സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. റാഷോമോന്‍ പോലെയുള്ള അതിവേഗ ഈണങ്ങളും കേട്ടിരിക്കാന്‍ രസമുള്ളതാണ്. 

ധാരാളം കഥാപാത്രങ്ങള്‍ വന്നു പോകുന്ന സിനിമയില്‍ മലയാളികളോടൊപ്പം ബോളിവുഡ് താരങ്ങളും വിവിധ വേഷങ്ങളില്‍ എത്തുന്നുണ്ട്. ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. ഒരുതരത്തില്‍ ദുല്‍ഖറിന്‍റെ സിനിമയാണ് സോളോ. ദുല്‍ഖര്‍ ഇല്ലാത്ത ഷോട്ടുകള്‍ പോലും കുറവാണെന്ന് പറയാം. മറ്റുള്ളവരെല്ലാം അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെ പൊലിപ്പിക്കാനായി ഉണ്ടാക്കിയിട്ടുള്ളതാണ്. കോപാകുലനായ ചെറുപ്പക്കാരനായി ദുല്‍ഖര്‍ മികച്ചു നില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ സോളോയിലെ നായകന്മാരുംപെടും. നടനെന്ന നിലയില്‍ ദുല്‍ഖറിന് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളല്ല സിനിമയിലേത്. അദ്ദേഹം തന്‍റെ ആദ്യ സിനിമ മുതല്‍ ചെയ്തു കൊണ്ടിരിക്കുന്ന അഭിനയ മാതൃകയായ ‘ആംഗ്രി യങ്ങ് ബോയ്’ കഥാപാത്രങ്ങളുടെ തുടര്‍ച്ചയാണ് സോളോയിലുമുള്ളത്. നാലു നായികമാരും നിരവധി ഉപകഥാപാത്രങ്ങളും സിനിമക്കുണ്ട്. സുഹാസിനി, നാസര്‍, സൗബിന്‍ ഷാഹിര്‍, രൺജി പണിക്കര്‍, ദീപ്തി സതി, മനോജ് കെ. ജയന്‍ തുടങ്ങിയ പരിചിത മുഖങ്ങളും ദിനോ മോറിയയെ പോലുള്ള ബോളിവുഡ് നടന്മാരും സിനിമയിലുണ്ട്.

വിവിധ ഭാഗങ്ങള്‍ മികച്ച രീതിയില്‍ ചേര്‍ത്തുവച്ച മടുപ്പിക്കാത്ത നല്ല സിനിമയാണ് സോളോ. നാലു ഭാഗങ്ങളുണ്ടെങ്കിലും ഇവ തമ്മിലുള്ള താളലയ സമന്വയം കരുത്തുറ്റതാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ നാലു കഥകള്‍ സിനിമക്ക് മുതല്‍ക്കൂട്ടാണ്. വിരസമാകുന്നതിന് മുമ്പ് ഓരോ ഭാഗവും അവസാനിക്കുമെന്നതും കാഴ്ചക്കാര്‍ക്ക് സൗകര്യമാണ്. അത്ര സദാചാര ബദ്ധമൊന്നുമല്ല സോളോയുടെ പ്രമേയം. എന്താണ് സദാചാരം എന്ന ചോദ്യം നിരന്തരം ഉയര്‍ത്തുന്ന പുതുതലമുറയുടെ ചരിത്രങ്ങള്‍ പറയുമ്പോള്‍ ഇത്തരം വര്‍ത്തമാനങ്ങൾ തന്നെ അപ്രസക്തമാകുന്നുണ്ട്. ജീവിതത്തിന്‍റെ അനിശ്ചിത്വം സിനിമയിലെ അടിയൊഴുക്കാണ്. സൂക്ഷ്മമായി നോക്കിയാല്‍ ഓരോ മനുഷ്യനും നിത്യജീവിതത്തില്‍ അനുഭവിക്കുന്ന വിവിധ പ്രതിസന്ധികള്‍ എല്ലാം കൂടി സോളോയില്‍ കൂട്ടിവച്ചിരിക്കുന്നതായി കാണാം. 

solo-dq

ധാരാളം കഥാപാത്രങ്ങളുണ്ടെങ്കിലും ഓരോരുത്തരേയും ഓര്‍ത്തെടുക്കാന്‍ കാഴ്ച്ചക്കാരന് കഴിയുന്ന തരത്തില്‍ ഗഹനമാണ് സിനിമ. കുറച്ച് സമയം മാത്രം വന്ന് പോകുന്ന സുഹാസിനിയുടെ കഥാപാത്രം പോലും മനസില്‍ തങ്ങിനില്‍ക്കും.ഗൗരവമായി സിനിമ കാണാനും, സിനിമയെ കാണാനും ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സോളോക്കായി തീയറ്ററിലേക്ക് പോവുക.


 

Loading...
COMMENTS