You are here

കേരളീയ യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്ന എസ് ദുർഗ 

എ.വി ഫർദിസ്
19:11 PM
25/03/2018
s durga

കേരളീയ യാഥാർഥ്യത്തിലേക്ക് തുറന്നുവെച്ച കണ്ണാടി‍യാണ് സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ എന്ന ചിത്രം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളെ തുടര്‍ന്ന് ചിത്രം വിവാദത്തിലകപ്പെട്ടിരുന്നു. സമൂഹ യാഥാർഥ്യത്തിന്‍റെ രാഷ്ട്രീയമാണ് എസ് ദുർഗ പ്രേക്ഷകനോട് പങ്കുവെക്കുന്നത്. ഒരു ഭാഗത്ത് ദേവിക്ക് വേണ്ടി സ്വന്തം ശരീരത്തിൽ കൊളുത്തു തൂക്കി ഗരുഢൻ തൂക്കത്തിലൂടെ വേദന സഹിക്കുന്ന സമൂഹം തന്നെയാണ് റെയിൽവെ സ്‌റ്റേഷനിലേക്ക് സ്വന്തം ഭർത്താവിനോടൊപ്പം / കാമുകനൊപ്പം യാത്ര ചെയ്യുന്നതിനെ പോലും സദാചാര കണ്ണിലൂടെ നോക്കി കാണുകയും അതിന് സമ്മതിക്കാതിരിക്കുകയും ചെയ്യുന്നത്. 

SDURGA

കാമുകനോ ഭർത്താവോ ആയ കബീറിനൊപ്പം ദുർഗ എന്ന പെൺകുട്ടി വിജനമായ തിരുവനന്തപുരത്തെ ഒരു റോഡിലൂടെ റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നതാണ് സിനിമയുടെ കഥാപരിസരം. വാഹനങ്ങളൊന്നും ലഭിക്കാതെ വരുമ്പോൾ രണ്ട് ന്യൂ ജെൻ യുവാക്കളുടെ കാറിലാണ് ഇവർ കയറുന്നത്.  പിന്നീട് കബീറും ദുർഗയും അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആത്യന്തികമായി കാറിലെ യുവാക്കൾക്ക് ആ യുവതിയെ ഒന്നും ചെയ്യണമെന്നില്ല. എന്നാൽ  അവരെ ഭയചകിതനാക്കി ആനന്ദം കൊള്ളുകയാണ് ആ യുവാക്കൾ. 

ഒൻപതു മണി ന്യൂസ് അവറിൽ ലൗ ജിഹാദ് ചർച്ച കയറിവരാവുന്ന കാലത്താണ് മുസ്ലിമായ കബീറും ഹിന്ദുവായ ദുർഗയും ഒളിച്ചോടുന്നത്. രണ്ടു മതങ്ങളിൽപ്പെട്ട ഇവരുടെയും പ്രണയം നാട്ടിലുണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇവർ ഒളിച്ചോടുന്നത്. എന്നാൽ ഒളിച്ചോടുന്നവർക്ക് നേരിടേണ്ടി വരുന്ന സദാചാര പൊലീസിങ്ങിന്‍റെ ഭീകരതയും അതുവഴി അവർ സമൂഹത്തിൽ നിന്ന് അന്യവത്കരിക്കപ്പെടുന്നതിനെയും സിനിമ വരച്ചുകാട്ടുന്നു. നല്ല സിനിമ എന്നും പ്രേക്ഷകന്‍റെ കൂടി ബുദ്ധിപരമായ ഇടപെടൽ ആവശ്യപ്പെടും. സൂചകങ്ങളിലൂടെയാണ് അത് പ്രേക്ഷകനോട് സംവദിക്കുക. എസ് ദുർഗയും ഇത്തരം ഇടപെടൽ കാഴ്ചക്കാരനിൽ നിന്ന് ഏറെ ആവശ്യപ്പെടുന്നുണ്ട്. 

ഒരു ഭാഗത്ത് ദേവിയുടെ സ്ഥാനത്ത് സ്ത്രീയെ പ്രതിഷ്ഠിക്കുമ്പോൾ തന്നെ മറു ഭാഗത്ത് ഒരു സഹജീവി എന്നുള്ള നിലക്ക് മറ്റു ജന്തുകൾക്ക് കൊടുക്കുന്ന പരിഗണന പോലും നൽകാതിരിക്കുന്ന സമൂഹത്തിന്‍റെ കാപട്യമാണ് സിനിമ തുറന്നുകാട്ടുന്നത്. വർഗീയത, ആയുധക്കടത്ത്, പ്രതികരണ ശേഷിയില്ലാതാകുന്ന സമൂഹം തുടങ്ങിയ വിഷയങ്ങൾ സിനിമ ചർച്ച ചെ‍‍യ്യുന്നുണ്ട്. സിനിമ സംവിധായകന്‍റെ കലയാണെന്നത് കൂടി ചിത്രം വിളിച്ചോതുന്നുണ്ട്. വ്യത്യസ്ത കാഴ്ചകളുമായി വേറിട്ടൊരനുഭൂതി തീർക്കുവാൻ  പ്രതാപ് ജോസഫിന്‍റെ ക്യാമറക്കണ്ണുകൾക്കായിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടതുണ്ട്. സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും സവിശേഷതയും സിങ്ക് സൗണ്ടും സൗണ്ട് മിക്സിംഗുമാണ്.  നിശബ്ദതക്ക് എത്രത്തോളം ഭംഗിയുണ്ടെന്നും അത് എത്രത്തോളം നമ്മെ ഭീതിപ്പെടുത്തുമെന്നും ചിത്രം കാണുമ്പോൾ നാം അനുഭവിക്കുമെന്ന് തീർച്ച. 

Loading...
COMMENTS