Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഒരു പോർച്ചുഗീസ്...

ഒരു പോർച്ചുഗീസ് പ്രണയകഥ -Review

text_fields
bookmark_border
My-story
cancel

'ചലച്ചിത്ര പ്രക്രിയ ഡോക്ടറുടെ ചികിൽസ പോലെയാണ്. ഡോക്ടർ സ്ത്രീയായാലും പുരുഷനായാലും ചികിൽസ നന്നായാൽ മതി' എന്ന് പറഞ്ഞ ഫ്രഞ്ച് സംവിധായിക കാതറിന് കോർസിനിയുടെ വാക്കുകളെ അനുകൂലിച്ചു കൊണ്ട് വർത്തമാനകാല സിനിമയിൽ സിനിമയുടെ പുരുഷ കേന്ദ്രീകൃത മേഖലയായ സംവിധാന രംഗത്തേക്ക് സ്ത്രീകൾ ആഗോളവ്യാപകമായി കൂട്ടത്തോടെ കടന്നുവരുന്ന പ്രവണത കണ്ട്‌ വരുന്നുണ്ട്. ഇതൊരു അനിവാര്യമായ മാറ്റമാണ്. രേവതി, ഗീതു മോഹന്ദാസ്, അഞ്ജലി മേനോനൻ, വിധു വിൻസന്‍റ് എന്നിവർ സംവിധാന രംഗത്തെ ഊർജവതികളായ സ്ത്രീകളാണ്. അവിടേക്കാണ് ജയും താരയും തമ്മിലുള്ള പ്രണയം പറഞ്ഞു കൊണ്ട് റോഷ്നി ദിനകർ എന്ന നവാഗത സംവിധായക കൂടി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. 

ഒരു സ്ത്രീ സംവിധായികയാകുന്നു. 'എന്ന് നിന്‍റെ മൊയ്തീൻ' എന്ന ചിത്രത്തിന്‍റെ വൻ വിജയത്തിന് ശേഷ പൃഥ്വിരാജ്–പാർവതി തിരുവോത്ത് എന്നിവർ വീണ്ടും ഒന്നിക്കുന്നു. പോർച്ചുഗീസിലെ ചിത്രീകരണം എന്നിങ്ങനെ വൻ പ്രതീക്ഷകളും വൻ പ്രത്യേകതകളും തന്നു കൊണ്ട് തന്നെയാണ് ചിത്രം തീയേറ്ററിൽ എത്തിയത്. താര ഒരു കാലഘട്ടത്തിലെ മലയാള സിനിമാ വെള്ളിത്തിരയിലെ സ്വപ്നനായികയാണ്. എന്നാൽ, ജയ് അങ്ങനെയല്ല, അയാൾ സിനിമ സ്വപ്നം കാണുന്നവനാണ്. സിനിമക്കുള്ള ശ്രമങ്ങൾ നടത്തുന്നവനാണ്. അങ്ങനെ ജയ് എന്ന പുതുമുഖനായകനും താര എന്ന താരമൂല്യമുള്ള സൂപ്പർ നായികയും വില്യം സംവിധാനം ചെയ്യുന്ന 'അനുയാത്ര' എന്ന സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും പ്രസ്തുത സിനിമയുടെ ഷൂട്ടിങ്ങിനായി പോർച്ചുഗലിലേക്ക് പോകുകയും ചെയ്യുന്നു. 

My-story

പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ ജീവിക്കുന്ന ഡേവിഡ് താരയുടെ പ്രതിശ്രുത വരനുമാണ്, ഈ സിനിമയുടെ നിർമ്മാതാവുമാണ്. തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും പ്രണയം ഇവരുടെ ജീവിതത്തിൽ കൊണ്ടു വരുന്ന വഴിതിരിവുകളും അതവരുടെ ജീവിതത്തിൽ സ്വാധീനിക്കുന്ന തലങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്. സിനിമ മേഖലയുമായി ബന്ധപ്പെട്ട് വനിതാ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനുമായി ഒരു സംഘടന രൂപീകരിക്കുന്നു. സ്ത്രീ പ്രവർത്തകർ ഒറ്റയായും കൂട്ടമായും ചേർന്ന് തങ്കളുടെ ശബ്‌ദം ഉറച്ച വിധത്തിൽ തന്നെ അറിയിക്കുന്നു. അത്തരമൊരു മേഖലയിലേക്കാണ് നവാഗത സംവിധായകയും കോസ്റ്റൂം ഡിസൈനർ എന്ന നിലയിൽ പേരെടുത്തതുമായ രോഷ്നി ദിനകർ തന്‍റെ പ്രാതിനിധ്യം അറിയിച്ചു കൊണ്ട് കടന്നു വരുന്നത് എന്നത് തീർത്തും അഭിനന്ദനാർഹമാണ്.

പക്ഷെ നിരവധി സിനിമകളിൽ പറഞ്ഞു മടുത്ത ആവർത്തനങ്ങളുടെ വിരസതകളെ യൂറോപ്പിലേക്ക് കയറ്റിവിട്ട് പുതുമകൾ  നൽകാൻ ശ്രമിച്ചാൽ വലിയ മാറ്റം ഒന്നും സംഭവിക്കില്ല എന്നതിന്‍റെ വലിയൊരു ഉദാഹരണം കൂടിയാണ് 'മൈ സ്റ്റോറി'. വെള്ളിത്തിരയിലെ താരമായ ജയ് അഭ്രപാളിയിലെ തന്‍റെ നടന വൈഭവത്താൽ പ്രേക്ഷകപ്രീതി നേടികൊണ്ട് 20 വർഷങ്ങൾ പൂർത്തിയാകുന്നു. പക്ഷെ അയാൾ ജീവിതത്തിൽ പൂർണ്ണ തൃപ്തനല്ല. അങ്ങനെ 20 വർഷങ്ങൾ പൂർത്തിയാക്കിയ ജയ് പറയുന്ന തന്‍റെയും താരയുടെയും സ്റ്റോറിയാണ് മൈ സ്റ്റോറി. ഒരു ദിവസം തന്‍റെ ഷൂട്ടിങ്ങുകൾ ഒക്കെ മാറ്റിവെച്ച് തന്‍റെ ആദ്യ സിനിമയുടെ ലൊക്കേഷനായ പോർച്ചുഗലിന്‍റെ തലസ്ഥാനമായ ലിസ്ബനിലേക്ക് പറക്കാൻ തീരുമാനിക്കുന്നു അയാൾ. ആ യാത്രക്കിടയിൽ ആണ് അയാളുടെ വർത്തമാനകാലവും ഭൂതകാലവും ഇടകലർത്തി രണ്ട് ജീവിതഘട്ടങ്ങളിലൂടെ നോൺ ലീനിയറായാണ് സംവിധായിക കഥപറഞ്ഞു പോകുന്നത്.

My-story

കൃത്യതയില്ലാത്ത എഡിറ്റിങ്ങ് മൂലം ഇതിൽ വർത്തമാനം ഏത് ഭൂതകാലം ഏതെന്ന് തിരിച്ചറിയാൻ തീയേറ്ററിൽ ഇരിക്കുന്ന പ്രേക്ഷകന് മുൻപിൽ ഒറ്റ ഉപാധിയെ ഉള്ളൂ, ജയ് എന്ന പൃഥ്വിരാജിന്‍റെ നരച്ച തലമുടികൾ. അതും കൂടി ഇല്ലായിരുന്നെങ്കിൽ പ്രേക്ഷകൻ മൊത്തത്തിൽ വെള്ളം കുടിച്ചേനെ. വാസ്തവത്തിൽ അയാളുടെ ആ പോർച്ചുഗല്ലിലേക്കുള്ള വരവിനു പുറകിൽ ഒരൊറ്റ ഉദ്ദേശമേ ഉള്ളു. തന്‍റെ ആദ്യ സിനിമയിലെ നായികയും പ്രണയിനിയുമായ താരയെ കാണുക എന്നത് തന്നെ. അങ്ങനെ കഥ വലിച്ചും ഇഴച്ചും പറഞ്ഞു പോകുമ്പോൾ ചിലപ്പോഴൊക്കെ ശങ്കർ രാമകൃഷ്ണന്‍റെ ഡയലോഗുകൾ കൈയടി നേടിയും ചിലപ്പോഴൊക്കെ മേലോ ഡ്രാമയിൽ ചുറ്റിപ്പറ്റിയും പ്രേക്ഷകരെ സാമാന്യം മടുപ്പിച്ചു. 

കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ നടി പാർവതി വലിയ തരത്തിൽ വിമർശിക്കപ്പെട്ടപ്പോൾ തന്നെ മൈ സ്റ്റോറിയിലും ചില ഒളിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധതകൾ ഒന്നു ശ്രദ്ധിച്ചു നോക്കിയാൽ പ്രകടമാണ് എന്നത് മറ്റൊരു സത്യം. പ്രതിശ്രുത വരനായ ഡേവിഡ് താരയെ, അവളുടെ അനിഷ്ടത്തോടെ അവൾക്ക് മേൽ സ്ഥാപിക്കുന്ന ആധിപത്യം, കഥാപാത്രങ്ങൾ നൽകുന്ന വിശ്വാസവഞ്ചന തുടങ്ങി അവളുടെ വ്യക്തിത്വത്തിന് മേൽ നൽകുന്ന സകലമാന അടിച്ചേൽപികകൾക്കും മുൻപിൽ നിശബദ്ധയാകുന്ന താരയെന്ന സർവം സഹയായ നായികയിലും അവൾക്കോടോപ്പമുള്ള കഥാപാത്രങ്ങളിലും എല്ലാം സ്ത്രീ വിരുദ്ധത പ്രകടമാണ്. കഥകളിലെ ആവര്ത്തനവിരസത കൊണ്ട് വിദേശ ലൊക്കേഷനുകൾ കാണാനുള്ള അവസരം ഒരുക്കിയ മൈ സ്റ്റോറിയെ രക്ഷിച്ച് നിർത്തുന്ന ഒന്നോ രണ്ടോ ഘടകം എന്നത് പൃഥ്വിരാജ്-പാർവതി കെമിസ്ട്രിയുടെ സ്ക്രീൻ പ്രസൻസ്, പാർവതിയുടെ ഫ്രീക്കി മെയ്ക്ക് ഓവർ തുടങ്ങിയവ തന്നെയാകും. 

My-story

പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിലെ പിശുക്കും മറ്റ് കഥാപാത്രങ്ങളായ താരയെ ഒരു കാലഘട്ടത്തിന്‍റെ സ്വപ്ന നായിക എന്നു വിശേഷിപ്പിക്കുമ്പോഴും ആദ്യ സിനിമയുടെ ചിത്രീകരണത്തിനാണ് ജയകൃഷ്ണൻ ലിസ്ബണിൽ എത്തുന്നതെന്ന് പറയുന്നെഎങ്കിലും അയാളുടെ ശരീരഭാഷയിൽ അത് പ്രകടമാക്കാനും അവരുടെ പശ്ചാത്തലം പരിചയപ്പെടുന്നതിലെ പിഴവ് മൂലം വിശ്വസനീയത നിലനിർത്താൻ പാട്പെടുന്നു. ‘ടേക്ക് ഓഫി’ന് ശേഷം പാർവതി അഭിനയിച്ച മലയാള ചിത്രം കൂടിയാണ് ‘മൈ സ്റ്റോറി’. തന്‍റെ എല്ലാ കഥാപാത്രത്തോടും എന്ന പോലെ ഇവിടെയും ഏറ്റവും നീതി പുലർത്തി സത്യസന്ധമായി തന്നെ പാർവതി ‘മൈ സ്റ്റോറി’യിലും അഭിനയിച്ചിട്ടുണ്ട്. 

ചിത്രത്തിലെ ഏറ്റവും മനോഹരമായ ഘടകങ്ങളിലൊന്ന് പാർവതിയുടെ അഭിനയം തന്നെയാണ്. ഇരട്ട കഥാപാത്രത്തിൽ പാർവതിക്ക് വ്യത്യസ്ഥത കൊണ്ടു വരാൻ സാധിച്ചു എന്നതും അഭിനന്ദനർഹമാണ്. ഷാൻ റഹ്മാന്‍റെ സംഗീതവും പൃഥ്വിരാജിന്‍റെ ഒതുക്കമില്ലാത്ത നൃത്തവും തമ്മിൽ തമ്മിൽ ചേരാതെ വേറിട്ടു നിന്നു. രാജനാരായൺ ദേബ് ഒരുക്കിയ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. വിരസമായിപ്പോകുന്ന രണ്ടാംപകുതിയെ രക്ഷിച്ചെടുക്കുന്നത് പാർവതിയുടെ എനർജി സ്ഫോടനമുള്ള 'ഹിമ' എന്ന കഥാപാത്രത്തിന്‍റെ പ്രകടനമാണ്. സിനിമ ഏറക്കുറെ മെലോഡ്രാമാറ്റിക് ആണെങ്കിലും ക്ലോസപ്പുകളില്ലാത്ത പാർവതിയുടെ പ്രകടനമാണ് ആ ഡ്രാമ സിനിമയിൽ നിന്ന് പ്രത്യക്ഷത്തിൽ ഒഴിവാക്കുന്നതും. കഥയുടെ ഒഴുക്കിനും ഒഴുക്കില്ലായ്മയ്ക്കുമിടയിൽ വട്ടംചുറ്റിയ പ്രേക്ഷകർക്ക് ആശ്വാസമായത് ദൃശ്യചാരുതയാർന്ന ഫ്രെയിമുകളാണെങ്കിൽ കൂടിയും പലപ്പോഴും ഓരോ ഷോട്ടും രജിസ്റ്റർ ചെയ്യാനുള്ള സാവകാശം പോലും കൊടുക്കാതെ വേഗത്തിൽ കട്ട് ചെയ്തു എന്നത് എഡിറ്ററുടെ പോരായ്മ തന്നെയാണ്.

My-story

ശ്രേയാ ഘോഷാൽ, ബെന്നി ദയാൽ, ഹരിചരൺ തുടങ്ങി പ്രധാന ഗായകരെല്ലാം വലിയ പുതുമകൾ നൽകാനാവാതെ നിന്നു. മനോജ് കെ. ജയൻ, മണിയൻപിള്ള രാജു, നന്ദു തുടങ്ങിയവരും വില്ലത്തരമുള്ള കഥാപാത്രമായെത്തിയ ഗണേഷ് വെങ്കിട്ടരാമനും തങ്ങളുടെ ഭാഗം മനോഹരമാക്കിയെങ്കിലും അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളായി തന്നെ മുഴച്ചുനിന്നു അവർ. ലിസ്ബണിന്‍റെ ഭംഗി ഒരു പരിധി വരെ ഫ്രെയിമിലെത്തിച്ച ഡൂഡ്ലിക്കും വിനോദ് പെരുമാളിനും ചെറിയ കൈയടി കൊടുക്കാം. പോർച്ചുഗല്ലിന്‍റെ നേരിയ ദൃശ്യവിരുന്നാണ് പണം മുടക്കി തീയറ്ററിൽ കയറുന്ന പ്രേക്ഷകന് ആകെ ആശ്വാസമായിട്ടുള്ളത്. കഥാപാത്രങ്ങളുടെ എണ്ണം നന്നേ കുറവായിരുന്നു എന്നത് മറ്റൊരു പോരായ്മ തന്നെയാണ്. 

വളരെ ലളിതമായ കഥ പിന്നീടങ്ങോട്ട് പ്രണയത്തിന്‍റെ എല്ലാ സാന്ദ്രനിമിഷങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ട് പോകാൻ നടത്തുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ട്, പ്രണയം മനസിൽ സൂക്ഷിക്കുന്നവരുടെ വിരഹത്തിന്‍റെ വേദന അറിയുന്നവന്‍റെ തീവ്രത പറയാൻ പരാജയപ്പെട്ട് പ്രണയത്തിന്‍റെ നല്ല അനുഭവത്തെ, നല്ല പ്രണയത്തെയാണ് മൈ സ്റ്റോറി ഇല്ലാതാക്കാൻ ശ്രമിച്ചത്. കാഞ്ചന മാലയും മൊയ്‌തീനുമാകണ്ട... പക്ഷെ മിനിമം കമിതാക്കൾ എന്നുവരെ തോന്നിക്കാൻ അവരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു ചേരുവയും ചേർക്കാനാകാതെ ഒരു ലിപ് ലോക്ക് സീൻ എങ്കിലും ചേർത്തത് നന്നായി. കുറഞ്ഞ പക്ഷം പ്രേക്ഷകർക്കെങ്കിലും ബോധ്യപ്പെടണമല്ലോ അവർ കമിതാക്കളാണെന്ന്. കാരണം നിങ്ങൾ തൃപ്തിപ്പെടുത്തേണ്ടത് ആരാധക കൂട്ടത്തെയല്ല, സാധാരണ പ്രേക്ഷകരെയാണ് എന്നത് തന്നെ.

Show Full Article
TAGS:my story prithviraj parvathy malayalam film movie review 
News Summary - Review of Prithviraj and Parvathy Malayalam Film My Story -Movie Review
Next Story