You are here

സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല

Udaharanam Sujatha

'Cinema is a matter of what's in the frame what's not'-martin scorsesse 

'ഉദാഹരണം സുജാത' യെ ഈ വരികളിൽ നിർവചിക്കാം. അശ്വനി അയ്യർ തിവാരി 'നിൽ ബാട്ടേ സന്നത', 'അമ്മ കണക്ക്' എന്നീ പേരുകളിൽ ഹിന്ദിയിലും തമിഴിലും സംവിധാനം ചെയ്ത ചിത്രം മലയാളത്തിൽ 'ഉദാഹരണം സുജാത'യായപ്പോൾ  അത് അനുവർത്തനത്തിനപ്പുറത്ത് മലയാളത്തിന്‍റെ ചിത്രമായി. തിരുവനന്തപുരം നഗരത്തിനോട് ചേർന്ന ഒരു കോളനിയിൽ താമസിക്കുന്ന സുജാതയുടേയും മകൾ ആതിരയുടേയും സ്വപ്നങ്ങളും പ്രതീക്ഷകളും സംഘർഷഭരിതമായ തലമുറാനന്തരവിടവും വൈകാരികതയുടെ ദൃശ്യഭാഷയിൽ  ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. 

അന്യഭാഷയിൽ നിന്ന് കടം കൊണ്ട പ്രമേയമാണെങ്കിലും അത് തിരുവനന്തപുരമെന്ന തലസ്ഥാന/രാജനഗരിയുടെ മണ്ണിലേക്ക് ലയിപ്പിച്ചെടുക്കുന്നതിൽ സംവിധായകൻ ഫാന്‍റം പ്രവീണും സംഘവും വിജയിച്ചിട്ടുണ്ട്. പുലർച്ചെ, ഉറക്കമുണർന്ന് എഴുന്നേറ്റ ഉടനെ  വാടകമുറിയുടെ പുറത്ത് വന്ന് പ്രഭാതത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്ന സുജാതയുടെ ഒരു ഷോട്ട്. തൊട്ടടുത്ത നിമിഷം കുടിവെള്ളത്തിനായി ഓടുന്ന കോളനിവാസികളായ സ്ത്രീകളുടെ ശബ്ദത്തിൽ പാതി മുറിയുന്ന സുഖകരമായ ഒരു നിമിഷത്തെ റിലാക്സേഷൻ. യാഥാർഥ്യത്തിലേക്കുള്ള പതിക്കൽ. സ്ഥലപരമായ അടയാളപ്പെടുത്തൽ, ജീവിതത്തോടുള്ള സുജാതയുടെ താദാത്മ്യപ്പെടൽ ഇവയൊക്കെ ഏറ്റവും കുറഞ്ഞ ദൃശ്യങ്ങളിലൂടെ തന്നെ വ്യക്തമാക്കാൻ സംവിധായകൻ കഴിഞ്ഞു.

സ്ത്രീപക്ഷ സിനിമയെന്നോ, കുടുംബ സിനിമയെന്നോ ലേബലുകൾ ഇല്ലാതെ എത് മലയാളിക്കും രണ്ടു മണിക്കൂർ സുജാത കണ്ടാസ്വദിക്കാൻ പറ്റും വരികൾക്കിടയിൽ പ്രേക്ഷകരോട്  മിണ്ടാതെ മിണ്ടുന്ന സിനിമ. അവനവളുടെ വീടിന്‍റെ അകത്തേക്ക്, അമ്മയിലേക്ക്, ഭാര്യയിലേക്ക്, സഹോദരിയിലേക്ക് തിരിച്ചുവച്ച കണ്ണാടി പോലെ ജീവസ്സുറ്റ ഒരു പിടി മുഹൂർത്തങ്ങൾ കോർത്തിണക്കിയ സിനിമയാണ് സുജാത. ഒരു പാട് കഥാപാത്രങ്ങളില്ല, സങ്കീർണമായ വളവുകളും തിരിവുകളുമില്ല. സുജാത എന്ന സ്ത്രീയുടെ / അമ്മയുടെ ജീവിതത്തെ പിൻതുടരുന്ന Reടtricted Narration  ചിത്രത്തിന്‍റെ ആഖ്യാനരീതിയെ ഏകാഗ്രമാക്കിയിരിക്കുന്നു. തുടക്കം മുതൽ ഒടുക്കം വരെ ഭദ്രം. രചന, സംവിധാനം, ചമയം, വസ്ത്രവിധാനം, എഡിറ്റങ്, സംഗീതം, കലാസംവിധാനം തുടങ്ങി എല്ലാ ഘടകങ്ങളും സിനിമയുടെ ടോട്ടാലിറ്റിയിൽ  ലയിച്ചു ചേർന്ന അനുഭവം സുജാത നൽകി.

sujatha
ഈ സിനിമയിൽ മഞ്ജു വാര്യർ ഇല്ല.! സുജാത എന്ന കഥാപാത്രം മാത്രം. നിരവധി വീടുകളിൽ വീട്ടുപണിയും അതു കൂടാതെ മറ്റു ചെറുകിട സംരംഭങ്ങളിലുമൊക്കെയായി രാപ്പകൽ ഓടിനടന്ന് ജോലി ചെയ്യുന്ന, ഒരു നിമിഷം പോലും ശ്വാസം വിടാൻ കഴിയാത്ത രീതിയിൽ ആധിയും ആകുലതയുമായി നെട്ടോട്ടമോടുന്ന സുജാതയെ മഞ്ജു വാര്യർ ആത്മാവുൾക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. 'Acting is not about being famous.its about exploring the human soul' എന്ന ആനറ്റ് ബീയിങ്ങിന്‍റെ വാചകം ഓർമിപ്പിക്കുന്ന പ്രകടനം.

വിയർപ്പും എണ്ണയും പുരണ്ട മുഖം, നിരന്തരം ജോലിയും വിശ്രമമില്ലായ്മയും ഡീഗ്ലാമറൈസ് ചെയ്ത പെൺമുഖം. സാരി അൽപം കയറ്റി ഉടുത്ത്, വള്ളി ചെരുപ്പിട്ട്, ഒരു കുഞ്ഞു വട്ടപ്പൊട്ടും തൊട്ട്, ബാസ്കറ്റുമെടുത്ത് പുലർച്ചെ ജോലി കിറങ്ങുന്ന സുജാത, മധ്യവർഗ മലയാളിക്ക് 'മെലോ ഡ്രാമാറ്റിക്' കഥാപാത്രമായി തോന്നുന്നു എന്നത് ഈ ചിത്രത്തിന്‍റെ വിജയമായി കണക്കാക്കണം. നമ്മുടെ കണ്ണിലെ ആ കാഴ്ചാ വ്യതിയാനമാണ് ഈ സിനിമയുടേയും കാതൽ. നമുക്ക് തൊട്ടുമുമ്പിൽ കടന്നു പോയ തലമുറയോട് നമുക്ക് തോന്നുന്ന ഇതേ മനോഭാവമാണ് സുജാതയുടെ മകൾ ആതിരക്കും അമ്മയോട് തോന്നുന്നത്.

ആ തലമുറ ആധിപിടിച്ച്, സ്വപ്നം കണ്ട്, ലോണെടുത്തും കടം മേടിച്ചും മക്കളെ പഠിപ്പിച്ച്, വീടുവെച്ച് സുരക്ഷിതമാക്കിയ  തലമുറയാണ് ഇന്നത്തെ മലയാളി മധ്യവർഗം. ഉറക്കെയും തുറന്നും സംസാരിക്കുന്ന, അല്പം 'ലൗഡ്' ആയി പെരുമാറുന്ന സ്വഭാവം തന്നെയാണ് മലയാളിയുടേത്. തമിഴന് അൽപം കൂടി ഏറും ഈ ഭാവഹാവാദികൾ. എത്ര Subtle ആയി അഭിനയിക്കുമ്പോഴും പ്രേക്ഷകന് അനുഭവവേദ്യമാകേണ്ടുന്ന ഒരളവ്  നടന്/ നടിക്ക് തിട്ടമുണ്ടാകണം. ഉദ്ദേശിച്ച വൈകാരികാംശം വിനിമയം ചെയ്യുക എന്നതാണ് ആ സന്ദർഭത്തിൽ അഭിനയത്തിന്റെ അളവ്.ആ അർഥത്തിൽ ഒട്ടും മെലോഡ്രാമയില്ലാതെ മഞ്ജു അഭിനയിച്ചിരിക്കുന്നു. 'ടേക്ഓഫ് 'ലെ പാർവതിക്കൊപ്പം ഈ വർഷത്തെ മികച്ച ഒരു അഭിനയ പ്രകടനം.

സുജാതയുടെ മകൾ മിടുക്കിയാണെങ്കിലും  ലക്ഷ്യബോധമില്ലായ്മ, വേലക്കാരിയുടെ മകൾ വേലക്കാരിയായാൽ മതിയെന്ന മുൻവിധി തുടങ്ങിയവയെല്ലാം കൂടി ജീവിതത്തെ അശുഭാപ്തി വിശ്വാസത്തോടെ കാണുന്ന പെൺകുട്ടിയാണ് ആതിര. അതിന് സുജാത കാണുന്ന പരിഹാരമാർഗമാണ് കഥയുടെ ട്വിസ്റ്റ്. ആതിരയായി വേഷമിട്ട അനശ്വര കൈയ്യടി നേടുന്ന പ്രകടനത്തിലൂടെ ചിത്രത്തിലുടനീളം മഞ്ജുവിനൊപ്പം നിൽകുന്നു. കണക്ക് മാഷ് ശ്രീകുമാർ എന്ന 'കുതിര'യെ തിരശ്ശീലയിൽ കണ്ടിരിക്കുക രസകരമാണ്! ജോജു ജോർജ് തന്‍റെ ശരീരഭാഷയിലൂടെ, കൃത്യമായ ഭാവ/സംഭാഷണ കൗശലം കൊണ്ട് 'കുതിര'യെ അസ്സലായി അവതരിപ്പിച്ചിരിക്കുന്നു. 

sujatha
പഴവങ്ങാടി ക്ഷേത്രത്തിന് മുന്നിൽ തേങ്ങ വിൽപന നടത്തുന്ന 'തൊളസി'യായി എത്തുന്ന അബിജ, തിരശ്ശീലയിൽ വരുന്ന ഓരോ സന്ദർഭത്തിലും പ്രകടനത്തിന്‍റെ ഉള്ളിലെ ദേഷ്യം, അനുകമ്പ, സ്നേഹം തുടങ്ങിയ സമ്മിശ്ര വികാരങ്ങൾ അബിജയുടെ കഥാപാത്രത്തിൽ ക്ഷണനേരത്തിലാണ് വന്നു പോകുന്നത്. ഈ 'റേഞ്ച് വ്യത്യാസം' അബിജയുടെ കൈയ്യിൽ ഭദ്രം. നല്ല പ്രകടനം. സാന്ദർഭികമായി കടന്നുവരുന്ന മറ്റു കൗമാര താരങ്ങൾ, മുതിർന്നവർ എല്ലാവരും ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട് ചിത്രത്തിൽ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ക്ലീഷെകൾ ഉണ്ടെങ്കിലും സംവിധായകന്‍റെ ക്രാഫ്റ്റിന് കൈയ്യടി. ഛായാഗ്രാഹണമാണ് ചിത്രത്തിന്‍റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. മധു നീലകണ്ഠൻ യാഥാർഥ്യത്തെ അർഥ പൂർണമായി പകർത്തിയിരിക്കുന്നു. റിയലിസം എന്നതിനേക്കാൾ യുക്തിയെ ചോദ്യം ചെയ്യാത്ത കലാപരതയോടെ സുജാതയുടെ മനസ്സിന്‍റെ ഉള്ളുരുക്കം/ഭാവം ഛായാഗ്രാഹകൻ സ്ക്രീനിൽ കാണിച്ചു തരുന്നു. 'A film iട never reaIly good unless the camera is an eye in the head of a poet' എന്ന് ഒാസ്കർ വൈൽഡ്.

തിരുവനന്തപുരം നഗരത്തിന്‍റെ Ethnic ആയ ദൃശ്യങ്ങൾ സന്ദർഭാനുസരണം ചിത്രത്തിൽ അങ്ങിങ്ങ് കടന്ന് പോകുന്നുണ്ട് . പുലർച്ചെ ജനങ്ങൾ ഉണരും മുമ്പ് നഗരത്തിൽ ഉണർന്നു പ്രവർത്തിക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളിൽ നിന്നാണ് സിനിമ തുടങ്ങുന്നതു തന്നെ. നഗരം പശ്ചാത്തലമായി നില്ക്കുന്നു. Digital Camera കളുടെ വരവോടു കൂടി നമ്മുടെ സിനിമയിൽ out door രാത്രി രംഗങ്ങൾ അതിന്റെ തനിമയിൽ പ്രത്യക്ഷപ്പെടുന്നു എന്ന് തോന്നിയിട്ടുണ്ട്. ഈ ചിത്രത്തിലും സ്വാഭാവിക വെളിച്ചത്തിന്‍റെ കണ്ണിനിമ്പമുള്ള വിന്യാസമുണ്ട്. Interior ആണ് ചിത്രത്തിന്‍റെ യഥാർഥ സ്ഥലം.

ഏറ്റവും പ്രധാനപ്പെട്ടത് സുജാതയുടെ ഒറ്റമുറി വീടു തന്നെ. കോളനിയിലെ ഈ കൊച്ചു ഇടത്തെ അർത്ഥപൂർണമായ വെളിച്ച പ്രസരണം കൊണ്ട് ഹൃദയ സ്പർശിയായ അനുഭവമാക്കിയിരിക്കുന്നു മധു നീലകണ്ഠൻ. വീടിന് പുറത്ത് കത്തി നില്ക്കുന്ന തെരുവ് വിളക്കിന്‍റെ 'Source', സുജാതയുടെ വീട്ടിനകത്തു തീർക്കുന്ന ഊഷ്മളമായ (warm) അന്തരീക്ഷം, നിഴലുകൾ ഗംഭീരമെന്ന് പറയാതെ വയ്യ. സുജാതയുടെ അമ്മ മനസിന്റെ കനൽ വെളിച്ചം കുടിയായി മാറുന്നു അത്.

ഒരു നെരിപ്പോടിന്‍റെ ഇടുക്കത്തിൽ ഒരുക്കപ്പെട്ട കൊച്ചുമുറിയിൽ പകലും രാത്രിയും ഭാവാത്മകമായി ലൈറ്റിംഗ് നടത്താൻ മധു ഉപയോഗിച്ച ഈ സങ്കേതം ഉഗ്രനായി. ഹൃദയം കൊണ്ട് കാഴ്ച കാണുന്ന കണ്ണ്.! കൂടുതലും ക്ലോസ്, മിഡ് ഷോട്ടുകളിലാണ് കഥ പറച്ചിൽ. 'ബാലൻസ്ഡ് 'ആയ ഫ്രെയിമിംഗുകൾ  സന്ദർഭോചിതമായി unbalanenced ആക്കിയും മധു നീലകണ്ഠൻ ആശയ വിനിമയം നടത്തുന്നു. സുജാതക്ക് ചെയ്തു കൊണ്ടിരുന്ന ഓഫീസ് തൂപ്പുജോലി നഷ്ടപ്പെടുന്ന രംഗത്തിൽ, അവരുടെ അരക്ഷിതാവസ്ഥ കാണിക്കാൻ, ക്യാമറ ഹാൻഡ് ഹെൽഡ് ചെയ്ത്, അനുപാതം തെറ്റിച്ചത് കാണാം. സുജാതയും ആതിരയും തമ്മിലുള്ള വാക്കേറ്റം/തർക്കം ഈ രംഗങ്ങളിലും ഈ രീതി മധു തുടരുന്നു.

sujatha
ഏറ്റവും അത്ഭുതപ്പെടുത്തിയതും മനസ്സുകൊണ്ട് നമിച്ചു പോയതും ഹോസ്പിറ്റലിൽ വന്നെത്തിയ ആതിരയുടെ ഷോട്ടാണ്. ആ Low ആംഗിൾ തിരഞ്ഞെടുപ്പ്, ആതിരയുടെ തകർച്ചയുടെ ഞെട്ടൽ, അവളുടെ അവസ്ഥയുടെ/വിഴ്ചയുടെ ആഘാതം അവളേക്കാൾ പ്രേക്ഷകനിൽ ഉണ്ടാക്കുന്ന ഞെട്ടൽ  കാണിക്കുന്നു. അവളുടെ പോയിന്‍റ് ഓഫ് വ്യൂവിനേക്കാൾ സജഷൻ ഷോട്ട് ഭാവവിനിമയത്തിന് ഉതകുന്നു. അമ്മക്ക് പറ്റിയ അപകടത്തിന്‍റെ മുഴുവൻ Shock ഉം അടയാളപ്പെടുത്തിയ ആ ഷോട്ടിൽ അവളുടെ മുഖo ഫോക്കസിൽ, മറ്റുള്ളവർ out of focusൽ.!. ശബ്ദ പഥത്തിന്‍റെ സർഗാത്മക ഉപയോഗം  കൂടി ചേർന്നപ്പോൾ പതിനഞ്ചുകാരിയായ ഒരു പെൺകുട്ടി പൊടുന്നനെ അഭിമുഖീകരിക്കുന്ന ക്രൈസിസിനെ, അവളുടെ ഹൃദയത്തിന്‍റെ ഓരം ചേർന്ന് കാണിച്ചുതരുന്നു ഛായാഗ്രാഹകൻ. ഈ സാങ്കേതികതകളൊന്നും കാണിയെ അലോസരപ്പെടുത്തി കൊണ്ടല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ കിഴക്കേ കോട്ടയിലെ ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്ന ദൃശ്യവും, സൂര്യന്‍റെ പ്രഭാത വെളിച്ചത്തിൽ  സുജാതയുടെ മുഖം, നിഴൽ - വ്യാകുലത രേഖപ്പെടുത്തുന്നത് മനസ്സിൽ നിൽകുന്നു. പുസ്തകശാലയിൽ ജോർജ് പോളിനൊ (നെടുമുടി )പ്പം സംസാരിച്ചു നിൽകുന്ന സുജാതയുടെ പിന്നിൽ വെയിൽ തീർക്കുന നിഴൽ /വെളിച്ച നാടകവും ഹൃദയത്തിൽ പതിയുന്നു. ഇങ്ങനെ ചെറിയ ചെറിയ രംഗങ്ങളിൽ പോലും സ്വാഭാവിക വെളിച്ചത്തിന്‍റെ ക്രിയാത്മകമായ ഇടപെടലിന് അവസരമൊരുക്കുന്നു ഛായാഗ്രാഹകൻ എന്ന് സൂക്ഷ്മമായി നോക്കിയാൽ കാണാം.

ചിത്രത്തിന്‍റെ എഡിറ്റിങ് പശ്ചാത്തല ശബ്ദം/സംഗീതം, ഗാനങ്ങൾ ഒഴുക്കോടെ ലയിച്ചു കിടക്കുന്നു. ചിത്രത്തിൽ എഡിറ്റർ മഹേഷ് നാരായണൻ ഉപയോഗിക്കുന്ന 'ഫെയ്ഡ് ഔട്ടുകൾ' നൽകുന്ന ഫീൽ വാക്കുകൾക്കതീതമാണ്. വൈകാരികാംശത്തെ അടുത്ത രംഗത്തിന്‍റെ മൂഡുമായി സംഘർഷത്തിലാവാതെ മഹേഷ് 'ഫെയ്സ് ഔട്ട്' ചെയ്യുന്നുണ്ട്. നാലു സന്ദർഭങ്ങളിൽ ഈ 'ഫെയിഡ് ഔട്ടുകൾ' കാണിയുടെ ആസ്വാദനത്തിന് സമയം നൽകി തന്നെ മഹേഷ് ഉപയോഗിക്കുന്നു. ഫാസ്റ്റ് പേസ്, സീൻ ടു സീൻ കട്ട് തുടങ്ങി പുതിയ കാലത്തിന്‍റെ എഡിറ്റിങ് താളക്രമത്തിൽ നഷ്ടപ്പെട്ട് പോയ ചിത്രസംയോജനത്തിന്‍റെ ഒരു സർഗാത്മക സാധ്യത മഹേഷ്  ഓർമിപ്പിക്കുന്നു ഈ ഫെയ്ഡ് ഔട്ടുകളിലൂടെ. സൗണ്ട് ട്രാക്കിൽ പാട്ടുകൾ, പശ്ചാത്തല സംഗീതം എന്നിവ ഒട്ടും മുഴച്ചു നിൽകാതെ ഗോപി സുന്ദർ നിർവഹിച്ചിരിക്കുന്നു. സാധാരണ സിനിമയിൽ കവിഞ്ഞു നിൽകുന്ന തരത്തിൽ ഹെവി മ്യൂസിക് പ്രയോഗിക്കാറുള്ള ഗോപി സുന്ദർ, ഈ സിനിമയിൽ സുജാതയുടെ മനസ്സിനൊപ്പം സഞ്ചരിക്കുന്നു. മ്യുസിക് ഒരൽപം കടന്നു പോയാൽ മെലോ ഡ്രാമയായേക്കാവുന്ന രംഗങ്ങൾ/ സന്ദർഭങ്ങൾ പോലും സമർഥമായി കൈകാര്യം ചെയ്തിട്ടുണ്ട് ഗോപി സുന്ദർ. കണ്ണുനീർ തുളുമ്പാൻ വെമ്പുന്ന ഒരളവിൽ സംഗീതം നിൽകുന്നു. അതിനപ്പുറം വൈകാരികത പ്രേക്ഷകന്‍റെ ആസ്വാദനത്തിന് വിട്ടുകൊടുക്കുന്നു.

നാലു രചയിതാക്കൾ പാട്ടെഴുതിയിട്ടും ചിത്രത്തിന്‍റെ മ്യുസിക് ട്രാക്കിന് ഏകാഗ്രതയുണ്ട്. ക്ലാസിക്കൽ, ഫോക്, മെലഡി എന്നിവയുടെ ഉചിതമായ ഉപയോഗം ചിത്രത്തിന്‍റെ ഒഴുക്കിനെ സുഗമമാക്കിയിരിക്കുന്നു. വരികളെല്ലാം ചിത്രത്തിന്റെ പ്രമേയത്തിനൊത്തുള്ളത്.സുജാതയുടെ തീം സോങ്ങിന്റെ വരികൾ 'ഏതു മഴയിലുമാളുമൊരു തിരിനാളം' ഹരി നാരായണൻ ഗംഭീരമാക്കി. ചിത്രത്തിനകത്ത് ചില കോംപ്രമൈസുകൾ, കുറവുകൾ ഉണ്ട് എന്നതും വാസ്തവമാണ്. പക്ഷേ ചിത്രം കാണുന്ന കാണിയെ അത് ബോറടിപ്പിക്കുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നില്ല. ആതിര തന്‍റെ സ്വപ്ന നായകനായി കാണുന്നത് ദുൽഖർ സൽമാനായാണ്. ചിത്രത്തിൽ സംഭാഷണമായും ചിത്രങ്ങളായും ഫാൻസ് ക്ലബായും ദുൽഖർ സാന്നിധ്യമുണ്ട്. ആതിര പ്രതിനിധീകരിക്കുന്ന ഇന്നത്തെ തലമുറയുടെ 'യൂത്ത് ഐക്കൺ' എന്ന നിലയിൽ ആ സൂചകം ഉചിതമാണ്. എന്നാൽ ഇത് പല സന്ദർഭങ്ങളിലും ആവർത്തിക്കുന്നു. ടി.വിയിൽ ദുൽഖർ ഗാനങ്ങൾ ഇടക്കിടെ കടന്നു വരുന്നത് മനപൂർവ്വവും യുക്തിക്കു നിരക്കാത്തതുമായി അനുഭപ്പെടുന്നു.

sujatha
കഥാപാത്രാവിഷ്കാരത്തിൽ ആതിരയും അമ്മയും തമ്മിലുള്ള സംഘർഷത്തിനുള്ള കാരണം കുറച്ചു കൂടി ആഴമുള്ള/ബലമുള്ളതായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവുന്നുണ്ട്. സുജാത മകളെ വളർത്തുന്നത് അവളെ സ്നേഹിച്ചും ലാളിച്ചുമാണ്. ഭർത്താവിന്‍റെ മരണശേഷവും തന്‍റെ ഊർജ്വസ്വലതയും പ്രസന്നതയും കൈവിടാതെയാണ്. അത്തരമൊരു അമ്മയോട് മകൾ തീർത്തും ഭൗതികമായ ചില സൗകര്യങ്ങളുടെ അപര്യാപ്തതയുടെ പേരിൽ അകലുമോ? നിൽ ബാട്ടെ സന്നത കണ്ടപ്പോഴും അമ്മ കണക്കു കണ്ടപ്പോഴും ഉയർന്ന സംശയം ഇവിടെയും പരിഹരിക്കപ്പെട്ടില്ല. സുജാതയും അമ്മയും തമ്മിൽ വലിയൊരു വഴക്കിലെത്തുന്ന സന്ദർഭവും 'മൊറാലിറ്റി'യുമായി ബന്ധപ്പെട്ടതാണ് എന്നതും, പൊതുസമൂഹത്തിന്‍റെ കണ്ണിലൂടെയുടെയുള്ള വായന മാത്രമായി മാറുന്നുണ്ട്. ഏഷ്യാനെറ്റ് സീരിയലിന്‍റെ ആവർത്തിച്ചുള്ള പേരുച്ചാരണം, ടിവിയിൽ, സൗണ്ട് ട്രാക്കിൽ അതിന്‍റെ സൂചന  എന്നിവയും ടൈറ്റിലിൽ സാറ്റലൈറ്റ് പാർട്ണർ  'ഏഷ്യാനെറ്റ്' എന്ന് എഴുതി കാണിക്കുന്നതും ഒരുമിച്ച് വായിക്കുമ്പോൾ 'ക്രോസ് പ്രമോഷൻ ' സിനിമക്ക് പിന്നിലെ വിപണന സാധ്യത തേടലാവാം ഈ കോംപ്രമൈസുകൾക്ക് പിന്നിൽ.

സിനിമക്കകത്തെ കാലഘട്ടം സമകാലീനമാണ്.അങ്ങനെ എടുത്തു പറയുന്നില്ല എങ്കിലും.അവസാനമെത്തുമ്പോൾ ഒരു 8 - 10 വർഷമെങ്കിലും അപ്പുറത്തേക്ക് 'ജംപ്' ചെയ്യുന്നുണ്ട്. അതും വ്യക്തമായി പറയാതെ വിട്ടിരിക്കുന്നു. കഥ ഒഴുക്കോടെ നീങ്ങുന്നതിനാൽ പ്രേക്ഷകനെ പതിയെ മറവിയിലേക്ക് തള്ളിയിടുന്ന സിനിമയുടെ ഹിപ്നോടൈസേഷനിൽ മുഴുകുന്നതിനാൽ ,പിന്നീടാണ് ഇതോർത്തത്! സിനിമയുടെ പുറത്തു നിന്നു നോക്കിയാൽ ഈ ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ അത്ര വിപ്ലവകരമല്ല. വീട്ടുപണി, കൂലി പണി തുടങ്ങി പരമ്പതാഗത കൈത്തൊഴിലുകൾ ഒക്കെ രണ്ടാം കിടയാണെന്ന അധമ/അപകർഷ ബോധത്തെ പിൻപറ്റുന്ന ഇന്നത്തെ educated മനസ്സുകളുടെ ചിന്തകളെ ഒന്നൂടി ഉറപ്പിക്കുന്നു ഈ ചിത്രം എന്നു പറയാം. 'കയറു പിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടൊരുജ്ജ്വല സമരഥ' എന്ന് പറയപ്പെട്ട, കഥയും ബോധമുള്ള തലമുറ തന്നെയായിരുന്നു തൊഴിലാളിവർഗം.

sujatha

വിദ്യാഭ്യാസത്തിന് ഏറ്റവും പ്രധാന്യം കൊടുക്കുന്ന കേരളത്തിൽ പതിയെ പതിയെ വളർന്നു വന്ന തൊഴിലാളി വിരുദ്ധതയെ തെല്ലും അലോസരപ്പെടുത്തുന്ന രാഷ്ട്രീയമില്ല ഈ സിനിമയിൽ. സുജാതയുടെ 'ഐഡിയൽ വുമൺ' ആയ കലക്ടറെ അവതരിപ്പിക്കുന്ന മമത മോഹൻദാസ് കൂടെയുള്ള ഡ്രൈവർ, സെക്യുരിറ്റി ഇവരുടെ കാസ്റ്റിങ് സ്റ്റീരിയോടൈപ്പ് ആയിട്ടുണ്ട്. കലക്ടറുടെ വെളുത്ത നിറം സുജാതയുടെ നിറമില്ലായ്മയുമായി തട്ടിച്ചു നോക്കാനുള്ള സന്ദർഭമായി മാറിപ്പോകുന്നുണ്ട്. കലക്റ്റർ തികഞ്ഞ ജനാധിപത്യവാദിയും മനുഷ്യ സ്നേഹിയുമാണെന്ന് കാണിക്കുന്നു. സുജാതക്ക് ആരാധന എറുന്നു. വെളുപ്പ് എന്ന ക്ലീഷേ ഒഴിവാക്കാൻ തോന്നാത്തിടത്ത് വിപണിയുടെ സാധ്യത തന്നെ.

മറ്റൊന്ന് പിൽകാലത്ത് ആതിര നേരിടുന്ന അവൾ ഉത്തരം നൽകുന്ന പ്രധാന ചോദ്യം എന്ത് കൊണ്ട് സിവിൽ സർവീസ് തിരഞ്ഞെടുത്തു എന്നാണ്. അതും കണക്ക് ഐശ്ചിക വിഷയമായി. അവളുടെ ഉത്തരം  'ഒരു വീട്ടുജോലിക്കാരി ആവാതിരിക്കാൻ തീരുമാനിച്ചത് കൊണ്ട് ' എന്നാണ്. സ്ത്രീ ,അവളുടെ ഇഷ്ടങ്ങൾ / തീരുമാനിച്ചു നടപ്പിലാക്കുന്നു എന്ന രീതിയിൽ പുരോഗമനപരമായ ഒരുത്തരമായി നമുക്കിത് തോന്നും. യഥാർഥത്തിൽ ആതിര സുജാതയുടെ സ്വപ്നമായിരുന്നു. ഓരോ മക്കളും അഛനമ്മമാരുടെ സ്വപ്നത്തിന്‍റെ ഭാരത്തിൽ ജീവിക്കേണ്ടി വരുന്ന സാഹചര്യം ഇന്നുണ്ട്. മക്കളുടെ മേൽ അത് അടിച്ചേൽപിക്കാത്തവർ കുറവാണ് താനും. സുജാത ജീവിതം മുഴുവൻ മകൾക്ക് വേണ്ടി സ്വപ്നം കണ്ടവളായതു കൊണ്ട് ' ഞാൻ എന്‍റെ അമ്മയുടെ സ്വപ്നമായിരുന്നു' എന്നർഥമുള്ള ഒരു മറുപടിയാണ് പ്രേക്ഷക എന്ന നിലയിൽ ആഗ്രഹിക്കുന്നത്! കാരണം തൊഴിലാളി ആവുന്നത് ഒട്ടും മോശമായ കാര്യമല്ല തന്നെ.

ഈ ചിത്രം കുടുംബത്തോടൊപ്പം കാണുക. മകന്/മകൾക്ക് അമ്മയുടെ മനസ് വായിച്ചെടുക്കാൻ ഈ സിനിമ കാണുമ്പോ, വെറുതെ ഒന്ന് പാളി നോക്കിയാൽ മതി. നിത്യവും മുന്നിലൂടെ തിരക്കിട്ട് പോകുന്ന തൊഴിലാളികളെ കാണുമ്പോ, ഒന്നു ശ്രദ്ധിക്കാൻ ' ഉദാഹരണം സുജാത' പ്രേരണ നല്കുന്നുണ്ട്.നമ്മുടെ കാഴ്ചയിൽ നിന്ന് ഫ്രെയിം ഔട്ടായവർ ഫെയിം ഇൻ ആയി വരുന്നു. മനസ്സിൽ അവരുണ്ടെങ്കിൽ ഫ്രെയിമിലും അവരുണ്ടാവും.

" ഇന്നു കണ്ണുനീരുകൊണ്ട്
നീ നനക്കും മണ്ണിലെല്ലാം
പൂക്കുമെടീ 
പൂമരങ്ങൾ
നീളെ നീളെ...''
അഛനമ്മമാർ / തൊഴിലാളികൾ/ രാഷ്ട്രീയക്കാർ / കലാകാരന്മാർ/വിപ്ലവകാരികൾ അങ്ങനെ അസംഖ്യം മനുഷ്യർ നട്ട് നനച്ചുണ്ടാക്കിയതാണ് നമ്മുടെ ജീവിതവും സമൂഹവും. അതുകൊണ്ട് സുജാത ഒരു സ്ത്രീയുടെ ഉദാഹരണമല്ല, സമൂഹത്തിന്‍റേതാണ്.

COMMENTS