You are here

എ ടിപ്പിക്കൽ രജനികാന്ത് മൂവി (റിവ്യൂ)

ശൈലൻ
11:39 AM
10/01/2019
Rajinikanth--petta

പിസ്സ, ജിഗർതണ്ട, ഇറൈവി, മെർക്കുറി എന്നിങ്ങനെ തമിഴ് സിനിമയെ മാറ്റിപ്പണിത നാലു കാർത്തിക് സുബ്ബരാജ് പടങ്ങൾ കണ്ട പ്രതീക്ഷയും വച്ചുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തിന്‍റെ അഞ്ചാമത്തെ സൃഷ്ടിയായ പേട്ടയ്ക്ക് ടിക്കറ്റ് എടുക്കുന്നതെങ്കിൽ സംഗതി പാളും. 172 മിനിറ്റ് ദൈർഘ്യമുള്ള പേട്ട എല്ലാ അർഥത്തിലും ഒരു രജനികാന്ത് മൂവി മാത്രമാണ്. ഏകദേശം പത്തു വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയിരിക്കുന്ന ടിപ്പിക്കൽ സൂപ്പർസ്റ്റാർ രജനികാന്ത് മൂവി.

ഡൈഹാർഡ് രജനി ഫാൻ എന്ന് അഭിമാനപൂർവം സ്വയം പരിചയപ്പെടുത്തുന്ന കാർത്തിക് സുബ്ബരാജ് പേട്ട തുടങ്ങുന്നതിന് മുൻപ് ധീരതയോടെ എഴുതിക്കാണിക്കുന്നു, 'ഈ പടത്തിന് തനിക്ക് ഒരേയൊരു ഇൻസ്പിരേഷൻ 'വൺ ആൻഡ് ഒൺലി സൂപ്പർസ്റ്റാർ' രജനി ആണ്'. ഈ പടം ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നതും അദ്ദേഹത്തിന് തന്നെ എന്ന്. കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട, പരാതിപ്പെടുകയും വേണ്ട എന്ന് സാരം.

Rajinikanth--petta

വർണച്ചില്ലുജാലകങ്ങളും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ച വിതാനങ്ങളുമുള്ള ഒരു പ്രാചീനമായ വിക്ടോറിയൻ മാതൃകയിലുള്ള ബംഗ്ലാവിൽ രാത്രി നടക്കുന്ന സംഘട്ടന രംഗത്തോടെ ആണ് പേട്ടയുടെ ടൈറ്റിൽസ് എഴുതിത്തുടങ്ങുന്നത്. തൊട്ട നിമിഷം തന്നെ ആരാധകർ ആഗ്രഹിക്കും വിധത്തിലുള്ള കളർഫുൾനെസ്സോട് കൂടി സൂപ്പർസ്റ്റാർ അവതരിക്കുകയും ചെയ്യുന്നു. എല്ലാ അർഥത്തിലും മാസ് ആണ് ഇൻട്രോ.

തുടർന്നങ്ങോട്ട് ആദ്യ പകുതിയുടേതായ ഒരു ചെറിയ ഫ്ലാഷ് ബാക്കിലേക്ക് പടം തുടങ്ങുന്നു. (മെയിൻ ഫ്ലാഷ്ബാക്ക് രണ്ടാം പകുതിയിൽ വേറെ ഉണ്ട്). ഊട്ടി പോലുള്ളൊരു ഹിൽസ്റ്റേഷനിലെ പബ്ലിക് സ്കൂളിലേക്ക് ഹോസ്റ്റൽ വാർഡനായി വരുന്ന കാളി ആണ് ആദ്യ പാതിയിലെ രജനികാന്ത്. ഭൂതകാലത്തിന്‍റേതായ എന്തൊക്കെയോ നിഗൂഢതകൾ ചുമക്കുന്ന അയാൾ പ്രായത്തിന് നിരക്കാത്ത വിധത്തിൽ ഓവർ സ്മാർട്ട് ആണ്.

Rajinikanth--petta

ഇടവേള പഞ്ച് ആകുന്നതോട് കൂടി കാളി ഇരുപത് കൊല്ലം മുൻപുള്ള ഫ്ലാഷ്ബാക്കുമായി കൂട്ടിമുട്ടും. ഇരുപത് കൊല്ലം മുൻപ് അയാൾ കാളി അല്ല, പേട്ട വേലൻ ആണ്. കുറെക്കൂടി സംഭവ ബഹുലമായ കാര്യങ്ങളും കഥാപാത്രങ്ങളും ആണ് പേട്ട വേലനുമായി ബന്ധപ്പെട്ട് കാണാനാവുന്നത്. മധുരൈയിലാണ് കഥ നടക്കുന്നത്. തുടർന്ന് സ്വാഭാവികമായും ഫ്ലാഷ്ബാക്ക് തീരുമ്പോൾ വർത്തമാന കാലത്തിന്‍റേതായ പ്രതികാരവും ഉണ്ടാകും.

ഒരു സിനിമ എന്ന നിലയിലോ ഒരു കാർത്തിക് സുബ്ബരാജ് സൃഷ്ടി എന്ന നിലയിലോ പേട്ട കാണാൻ പോവുന്നവർക്ക് നിരാശ ആയിരിക്കും ഫലം. എന്നാൽ, രജനികാന്ത് ഫാൻ എന്ന നിലയിൽ പേട്ടയ്ക്ക് പോവുന്നവർക്ക് 'വിന്‍റേജ് രജനി'യെ മനസ് നിറയെ തിരികെ തരുന്ന മൂന്നു മണിക്കൂർ കളർഫുൾ ഷോ തന്നെയാണ് പേട്ട. എങ്ങനെ കാണുന്നു എന്നത് നിങ്ങളുടെ മനോനിലയെ ആശ്രയിച്ചിരിക്കും.

Rajinikanth--petta

വിജയ് സേതുപതി, നവാസുദ്ദീൻ സിദ്ദീഖി, ശശികുമാർ, ബോബി സിംഹ, തൃഷ, സിമ്രാൻ തുടങ്ങി പേരറിയുന്നവരും അല്ലാത്തവരുമായി ഒരുപാട് താരങ്ങൾ കൂട്ടിനുണ്ടെങ്കിലും എല്ലാവരെയും രജനികാന്തിന്‍റെ ഉപഗ്രഹങ്ങൾ ആക്കാനാണ് കാർത്തിക് സുബ്ബരാജ് ശ്രമിച്ചിരിക്കുന്നത്. വിജയ് സേതുപതിക്കാണ് അൽപമെങ്കിലും വ്യക്തിത്വമുള്ള ഒരു കഥാപാത്രമുള്ളത്. അതും അവസാനഭാഗങ്ങളിലേ ഉള്ളൂ താനും.

തലൈവർ മാജിക്കിന് മാത്രമായി ഈ 2019ൽ എത്രത്തോളം അതിജീവനശേഷി ഉണ്ടെന്ന് പേട്ടയുടെ ബോക്സോഫീസ് ഫലങ്ങൾ തീരുമാനിക്കും.

Loading...
COMMENTS