You are here

മുരുകൻ പുലി തന്നെ...

ശൈലൻ
18:16 PM
10/10/2016

'നിങ്ങൾ ഒരു കല്ലാവുന്നെങ്കിൽ വജ്രം തന്നെ ആവുക' എന്ന വിക്റ്റർ ഹ്യൂഗോയുടെ വാചകമാണ് വൈശാഖിന്റെ 'പുലിമുരുകൻ'  കണ്ടിറങ്ങുമ്പോൾ ആദ്യം മനസിൽ വന്നത്. മലയാള സിനിമയിൽ നിന്നും പ്രതീക്ഷിക്കാവുന്ന മാസ് മസാലയുടെ എക്സ്ട്രീമിൽ നിന്നുള്ള ഒരു ഹൈവോൾട്ടേജ് ആക്ഷൻ ത്രില്ലർ ആണ് പുലിമുരുകൻ. ഒരുപക്ഷെ മലയാള സിനിമ ഇതിനുമുമ്പ് കണ്ടിട്ടില്ലാത്ത ചേരുവകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പുലിയെ പിടിക്കുന്ന മുരുകന്റെ കഥ, 25കോടി ബജറ്റ്, വിയറ്റ്നാം, പീറ്റർ ഹെയ്ൻ, കടുവ തുടങ്ങി സിനിമയുടെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയ കാലം മുതൽ പിന്നണിക്കാരും ഫാൻസുകാരും തള്ളിവിട്ട ഗീർവാണങ്ങളെ മലയാളികൾ പുച്ഛത്തോടെയാണ് കണ്ടത്.  അതിനാലാണ് ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ 'ട്രോളാക്രമണ'ത്തിനും ഇരയായത്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നീണ്ടുപോവുകയും മോഹൻലാൽ തെലുങ്കിൽ പോയി അച്ഛൻ വേഷങ്ങൾ പരീക്ഷിക്കുകയും,  'ഹാർഡ് കോർ' ആരാധകർക്ക് പോലും പ്രതീക്ഷ നഷ്ടപ്പെട്ട അവസരത്തിലാണ് മുരുകനുമായി വൈശാഖ് വരുന്നത്.

അതിസമ്മർദ്ദം താങ്ങാനാവാതെ മോഹൻലാൽ കുടുംബത്തോടെ ഹിമാചൽ പ്രദേശിൽ പോയി എന്ന വാർത്തയും അതോടനുബന്ധിച്ച് കേട്ടിരുന്നു. വമ്പൻ ബജറ്റിൽ പടച്ചുവിട്ട കെട്ടുകാഴ്ചകളിൽ 90%വും മൂക്കുകുത്തിവീണ മലയാളം പോലൊരു ചെറിയ സിനിമാ ഇൻഡസ്ട്രിയിൽ അത് സ്വാഭാവികം മാത്രവുമായിരുന്നു. എന്നാൽ തിയേറ്ററിൽ എത്തിയ പുലി മുരുകൻ തള്ളുകളെയും ട്രോളുകളെയും നിലം പരിശാക്കുന്ന കാഴ്ചയാണ് ആദ്യത്തെ ഷോട്ട് മുതൽ കാണാനായത്.

നിങ്ങൾ ഒരു വജ്രമാണ് കയ്യിലെടുത്തതെങ്കിൽ ചെറിയ ചെറിയ കല്ലുകടികളെ അവഗണിച്ചേ മതിയാവൂ എന്ന പക്ഷക്കരനാണ് ഇതെഴുതുന്ന ലേഖകൻ. അതിനാൽ തന്നെ ബാഷയോ പോക്കിരിയോ രാജമാണിക്യമോ രാവണപ്രഭുവോ ആസ്വദിക്കുമ്പോൾ തർകോവ്സ്കിയെയോ ബെർഗ്മാനെയോ ചിന്തിക്കാറില്ല. കളർഫുൾ സിനിമകൾ തുടക്കം മുതൽ ചെയ്തുപോന്ന വൈശാഖ്‌ എന്ന സംവിധായകൻ ഈ സിനിമയോടെ ഇന്ത്യയിൽ ഏത് ഭാഷയിലും ചെന്ന് 'മാസ് കാ ബാപ്പ് ' വാണിജ്യസിനിമകൾ ചെയ്യാൻ യോഗ്യത തെളിയിച്ചിരിക്കുന്നു.

സിബി കെ. തോമസിനോടൊപ്പം ചേർന്ന് 'സ്ലാപ്സ്റ്റിക്ക്' കോമഡികൾ ചെയ്തുപോന്നിരുന്ന ഉദയ്കൃഷ്ണ ആദ്യമായി ഒറ്റക്ക് തയാറാക്കിയ തിരക്കഥ വൈശാഖിനെ ഇക്കാര്യത്തിൽ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. കുറവുകൾ ചൂണ്ടിക്കാണിക്കാൻ കുറെ ഉണ്ടെന്നത് തള്ളിക്കളയുന്നില്ല. എന്നാൽ 'പുലിയൂരിലെ കടുവപിടുത്തക്കാരന്റെ കഥ' എന്ന ബോറൻ വൺ ലൈനിൽ നിന്നും പടർത്തി എടുത്തിരിക്കുന്ന ശാഖകളും ഉപശാഖകളുമാണ് തിരക്കഥയുടെ ജീവൻ.

പുലിമുരുകൻ എന്ന ടൈറ്റിൽ വരുന്നതിനു മുമ്പുള്ള ഇരുപത് മിനുട്ട് കൊണ്ട് തന്നെ ബാല്യകാലത്തിലൂടെ ആ കഥാപാത്രത്തെ കാണികളിൽ സ്ഥാപിച്ചെടുക്കുന്നുണ്ട്.  മുപ്പത്തഞ്ച് മിനുട്ടിനോടനുബന്ധിച്ച് മോഹൻലാൽ എത്തുമ്പോഴെക്കും മുരുകനെ വാനം മുട്ടെ വളർത്തിയതും അവസാനം വരെ അതേ മൂഡ് നിലനിർത്താനായതും കാണികളിൽ ആവേശം കെടാതിരിക്കുന്നതിൽ നിർണായകമാവുന്നുണ്ട്.

മോഹൻലാൽ എന്ന നടൻ തന്റെ അൻപത്താറാം വയസിൽ പീറ്റർ ഹെയിൻ എന്ന ആക്ഷൻ സംവിധായകനോടൊപ്പം ചേർന്ന് നടത്തുന്ന വന്യമായ ആക്ഷൻ സീനുകൾ എടുത്തു പറയേണ്ടതാണ്.  കുറച്ച് കാലമായി മോഹൻലാലിൽ നിന്നും നഷ്ടപ്പെട്ടു പോയ ചുറുചുറുക്ക് മുരുകനിലൂടെ തിരികെ വന്നിരിക്കുന്നു. താരവഷളത്തങ്ങൾ ഒരുപരിധിവരെ ഒഴിവാക്കി മുരുകനെ സാധാരണ മനുഷ്യനാക്കി  തന്നെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. മുരുകന്റെ പ്രതിനായകന്മാർ എല്ലാകാലത്തും കടുവകൾ തന്നെയാണ്. മലയാളത്തിന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള വിഷ്വൽ എഫക്ട്സും പോരാട്ടവും മോശമായിട്ടില്ലെന്നുവേണം പറയാൻ.

നായികയായ കമാലിനി മുഖർജിക്ക് പകരവും വി.എഫ്.എക്സ് ആയിരുന്നെങ്കിലെന്ന് ‌തോന്നിപ്പോയി. അവരുടെ പ്രകടനം അത്രക്ക് മോശമായിരുന്നു.  തെലുങ്കിൽ നിന്നും വന്ന ജഗപതിബാബു എന്ന നടന്റെ ഡാഡിഗിരിജ എന്ന കഥാപാത്രം ചിത്രത്തിലെ പ്രധാനവില്ലനാണ്. മകരന്ദ് ദേശ് പാണ്ഡെ, കിഷോർ, ബാല എന്നിവരും വില്ലൻമാരായുണ്ട്. തമിഴിലെ മാംസളനായികയെ വളരെ കാലത്തിനു ശേഷം സ്ക്രീനിൽ കൊണ്ടുവരാനും അവർ വരുമ്പോഴെല്ലാം 'കട്ടിപ്പുടി കട്ടിപ്പുടി ഡാ...' എന്ന പശ്ചാത്തല സംഗീതവും ചേർത്ത വൈശാഖിന്റെ ശുഷ്കാന്തി തല്പരകക്ഷികളായ പ്രേക്ഷകരിൽ രോമാഞ്ചം സൃഷ്ടിച്ചിരിക്കുന്നുണ്ടെന്നതിന്ന് തിയേറ്റർ പ്രതികരണങ്ങൾ സാക്ഷിയാണ്.

ഛായാഗ്രഹണം, എഡിറ്റിംഗ്, പാശ്ചാത്തല സംഗീതം, ഗാനങ്ങൾ എല്ലാം തന്നെ ത്രില്ലർ പാക്കേജായി നിലനിർത്തുന്നതിൽ നല്ല പങ്കുവഹിക്കുന്നുണ്ട്. ഷാജികുമാർ എന്ന ഛായാഗ്രഹകനെ എടുത്തുപറയാതിരിക്കാനാവില്ല.പുലിമുരുകൻ പോലൊരു സിനിമ കാണാൻ കേറി ദോഷൈകദൃക്കിന്റെ കുപ്പായമിട്ടുകൊണ്ട് സീറ്റിലിരുന്നാൽ കുഴപ്പങ്ങളും കുറവുകളും ചൂണ്ടിക്കാട്ടി എട്ടുപത്ത് ഉപന്യാസങ്ങൾ തന്നെ എഴുതാം. എന്നാൽ അത്തരക്കാർക്കുള്ളതേ അല്ല ഈ സിനിമ.

 

Loading...
COMMENTS