You are here

പേരൻപോടെ അമുദവൻ -റിവ്യൂ

ർത്തവ രക്​തം അശുദ്ധമെന്ന്​ തെരുവുകൾ അലറുന്ന, അതേസമയംതന്നെ ആ ചോരപ്പാട്​ രാഷ്​ട്രീയ മുദ്രാവാക്യമായി എഴുന്നേറ്റു നിൽക്കുന്ന ഈ കാലത്തുതന്നെ ‘പേരൻപ്​’ കാണണം. ആർത്തവാവസ്​ഥ പെൺകൂട്ടത്തിന്റെ മാത്രം ഉദരനോവ​ല്ലെന്നും ആ ചോരപ്പൊട്ടുകൾ പെൺശരീരങ്ങളിൽ നിന്ന്​ മാത്രമല്ല ഒഴുകിയിറങ്ങുന്ന​തെന്നും അറിയാൻ അമുദ​വ​​​​​​​െൻറയും പാപ്പായുടെയും ജീവിതത്തിലൂടെ കടന്നുപോകണം. ‘പേരൻപ്​’ ഉള്ളു പിടയ്​ക്കുന്ന ഒരു കരച്ചിലല്ല, കണ്ണീരൊ​ഴുക്കിൽ ശൂന്യമാവാൻ പോലുമാവാതെ ഉള്ളിൽ കൊളുത്തിപ്പോയ ഒരു നിലവിളിയാണ്​.

എന്തുകൊണ്ടാണ്​ മമ്മൂട്ടി എന്ന നട​നായി ഈ കഥയുമായി റാം എന്ന  സംവിധായകൻ  വർഷങ്ങൾ കാത്തിരുന്നതെന്ന്​ ഈ ചിത്രം കണ്ടിറങ്ങുമ്പോൾ ബോധ്യമാകും. കാരണം, ഈ സിനിമയിൽ മമ്മുട്ടിയില്ല, അമുദവൻ മാത്രമേയുള്ളു.

ഒരു പെണ്ണ്​ എത്രമേൽ  അജ്​ഞാതമായ പ്രതിഭാസമാണ്​ ആണിനെന്നറിയണമെങ്കിൽ ഓരോ പിതാക്കന്മാരും അവരവരോട്​ തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്​. ‘നിങ്ങളുടെ പെൺമക്കളെ എത്രമാത്രം നിങ്ങൾക്കറിയാം..?’ എന്ന ചോദ്യം. അമ്മയോളം പെൺകുട്ടികളെ അറിയുന്നൊരാൾ ഉണ്ടാവില്ലെന്നും അത്​ അമ്മമാരുടെ ഉത്തരവാദിത്തമാണെന്നും എഴുതാതെ പാലിച്ചുപോരുന്ന ഒരു കർമമാണ്​. മകൾക്കു മുന്നിൽ ഒരേസമയം അച്ഛനും അമ്മയുമായി മാറുന്ന അമുദവ​ന്​ ഓരോ ദിവസവും അത്​ തിരിച്ചറിയുന്നുണ്ട്​. എന്താണ്​ പെണ്ണ്​, എന്താണ്​ പെണ്ണുടൽ എന്ന്​.

ആൾപ്പെരുക്കങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും അവർക്ക്​ നിങ്ങൾ അസ്വീകാര്യനായി തീർന്നിട്ടുണ്ടോ...? അവിടെ നിങ്ങൾ ഒറ്റപ്പെട്ട പോലെ അനുഭവപ്പെട്ടിട്ടുണ്ടോ..? എങ്കിൽ നിങ്ങൾക്ക്​ അമുദവനെയും പാപ്പായെയും മനസ്സിലാവും. അവരുടെ വിങ്ങലുകൾ നിങ്ങൾ ഉള്ളിലറിയും.

അമുദവ​ന്‍റെ പാപ്പ
12 അധ്യായങ്ങളായി അമുദവൻ തന്നെ തന്റെ കഥ പറയുന്നു. ‘എന്റെ ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ തെരഞ്ഞെടുത്ത്​ ഞാനിവിടെ എഴുതുകയാണ്​. നിങ്ങളുടെത്​ എത്രമാത്രം  അനുഗ്രഹിക്കപ്പെട്ട ജീവിതമാണെന്ന്​ നിങ്ങൾ അറിയാൻ വേണ്ടിയാണ്​ ഞാനിതെഴുതുന്നത്​..’ എന്ന ആമുഖത്തോടെ അമുദവൻ തന്നെ തന്റെ കഥ തുടങ്ങുന്നു.

മനുഷ്യർ ഇല്ലാത്തതും കുരുവികൾ ചാകാത്തതുമായ ഒരിടം തേടിയാണ്​ അമുദവനും പാപ്പായും ഏകാന്തമായ തടാകക്കരയിലെ ആ പഴയ വീട്ടിലേക്ക്​ വരുന്നത്​. ദുബായിയിൽ 10 വർഷം ടാക്​സി ഡ്രൈവറായി ജോലി ചെയ്​തിരുന്ന അമുദവൻ നാട്ടി​ലേക്ക്​ മടങ്ങിവന്നത്​ സ്​പാസ്​റ്റിക്​ എന്ന ജന്മവൈകല്യം ബാധിച്ച തന്റെ മകൾക്കു വേണ്ടിയാണ്​. ‘ഇത്രകാലം ഞാൻ നോക്കി. ഇനി നിങ്ങൾ നോക്കൂ...’ എന്ന്​ ഒരു കത്തും എഴുതി വെച്ച്​ ഇഷ്​ടപ്പെ​ട്ടൊരാൾക്കൊപ്പം ഇറങ്ങിപോയതാണ്​ അയാളുടെ ഭാര്യ.

സ്വന്തക്കാരുടെ ചുറ്റും അധികപ്പറ്റായി തീർന്ന ആ രണ്ടുപേർ മനുഷ്യരും ബഹളങ്ങളുമില്ലാത്തയിടം കണ്ടെത്തി വേരുറപ്പിക്കാൻ ശ്രമിക്കുകയാണ്​. പാപ്പാവുക്ക്​ അമ്മയെ മാത്രമേ വേണ്ടൂ.. അവളുടെ ജീവിതത്തിലേക്ക്​ അതിക്രമിച്ചു കയറിയ ഒരാളായിട്ടാണ്​ അമുദവനെ അവൾ കാണുന്നതുപോലും. അയാളുടെ കാൽപ്പെരുമാറ്റം പോലും അവളെ അസ്വസ്​ഥപ്പെടുത്തുന്നു. ദൂരെ നിന്നു കാണുന്ന, പ്രവേശനം നിഷേധിക്കപ്പെട്ട ഒരു തുരുത്തായി പാപ്പ അയാൾക്കു മുന്നിൽ ഉത്തരം കിട്ടാതെ നിന്നു. ഇളക്കി മാറ്റിയ ഓടിന്റെ വിടവിലൂടെ, തടാകത്തിന് മറുകരയിലൂടെ അമുദവൻ പാപ്പാവെ നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ അവർക്കിടിയിലെ ദൂരത്തെ കുറിക്കുന്നുണ്ട്​.

അതിനിടയിൽ കടന്നുവരുന്ന വിജി എന്ന വിജയലക്ഷ്​മി അവർക്ക്​ ആശ്വാസമാകുമെന്ന്​ കരുതുന്നിടത്ത്​ അവർ വീണ്ടും ജീവിതത്തിൽ നിന്ന്​ വലിച്ചെറിയപ്പെടുകയാണ്​. സുന്ദര പ്രകൃതിയുടെ സ്വഛതയിൽ നിന്ന്​ നഗരത്തിന്റെ അനിശ്​ചിതത്വത്തിലേക്ക്​ പറിച്ചെറിയപ്പെടുമ്പോൾ അമുദവൻ ദരിദ്രനായി ക​ഴിഞ്ഞിരുന്നു. എന്നിട്ടും അയാൾ ആത്​മാവിൽ സമ്പന്നനായിരുന്നു.

മകൾ എന്താണെന്നും അവൾക്ക്​ എന്താണ്​ വേണ്ടതെന്നും അപ്പോൾ അയാൾ തിരിച്ചറിഞ്ഞു തുടങ്ങുന്നു. സമൂഹം ചിട്ടപ്പെടുത്തിയ എല്ലാം മറികടന്നുമാത്രമേ അയാൾക്ക്​ പാപ്പായെ സന്തോഷിപ്പിക്കാനാകുമായിരുന്നുള്ളു. അപ്പോൾ മുതൽ അയാളുടെ ഉള്ളിൽ പല പല കടലുകൾ ഒന്നിച്ചിരമ്പിയാർക്കുകയായിരുന്നു...

അഭിനയത്തിന്‍റെ അതിസൂക്ഷ്​മമാപിനി
മമ്മൂട്ടിയില്ലെങ്കിൽ മറ്റൊരാളെ ഈ ചിത്രത്തിലേക്ക്​ ആലോചിക്കുകയോ, ഇങ്ങനെയൊരു സിനിമ ചെയ്യുകയോ ഇല്ലായിരുന്നുവെന്നാണ്​ സംവിധാകയൻ റാം പറഞ്ഞത്​. അത്​ വെറും ഭംഗി വാക്കല്ലെന്ന്​ മമ്മൂട്ടിയുടെ അമുദവൻ നേർസാക്ഷ്യമാകുന്നുണ്ട്​. 10 വർഷത്തിനു ശേഷം മമ്മുട്ടി തമിഴിൽ അഭിനയിക്കുകയാണ്​.

ഉള്ളിലേക്കൊതുങ്ങിയ കരച്ചിലി​ന്റെ മുഹൂർത്തങ്ങൾ എത്രയോ വട്ടം മമ്മുട്ടിയിൽ നിന്ന്​ നമ്മൾ കണ്ടിട്ടുണ്ട്​. തൊണ്ട കീറി പുറത്തേക്കു വരുന്ന കരച്ചിൽ പാപ്പാവുക്കു മുന്നിൽ വെളിപ്പെടുത്താതെ അമുദവൻ അടക്കിപ്പിടിച്ചൊതുക്കുന്ന ഒ​ട്ടേറെ സന്ദർഭങ്ങളുണ്ട്​. മക​ളെ സന്തോഷിപ്പിക്കാൻ അവൾക്കു മുന്നിൽ ചങ്ക്​ പറിച്ചുകാണിക്കുന്ന ആറ്​ മിനിട്ട്​ ദൈർഘ്യമുള്ള ആ സീനിൽ മെലോഡ്രാമയിലേക്ക്​ വീഴാതെ മമ്മൂട്ടി കാഴ്​ചവെയ്​ക്കുന്ന അഭിനയത്തി​ന്റെ മാജിക്​ പൊള്ളിക്കുന്നതാണ്​.

പാപ്പാവുടെ ശാരീരിക വൈകല്യം സ്വയം അനുകരിച്ചറിയാൻ ശ്രമിക്കുന്ന അമുദവൻ... മകൾ കാണാതെ വാതിലിനു പിന്നിൽ വിതുമ്പലടക്കുന്ന അമുദവൻ... ഉപേക്ഷിച്ചുപോയ ഭാര്യയെ കണ്ടിറങ്ങുന്ന അമുദവൻ... അഭിനയാതിശയത്തിന്റെ മുഹൂർത്തങ്ങൾ അങ്ങനെ ഏറെ.

ശരീര ചലനത്തെ പരമാവധി നിയന്ത്രിച്ച്​ വികാരത്തിന്റെ കൊടുംകാട്ടിലേക്ക് സൂക്ഷ്​മമായി പ്രവേശിച്ച്​ തന്നിലെ തന്നെ പൂർണമായും ഉപേക്ഷിച്ച്​ കഥാപാത്രം മാത്രമായി മാറുന്ന മമ്മുട്ടി ട്രിക്​ ഇതുവരെ കാണാത്ത വിധം അമുദവനിലേക്ക്​ കുടിയിരുത്തിയിരിക്കുന്നു. ഒറ്റയായ വീടിന്റെ പടവിലിരുന്ന്​ തന്നിലേക്കാഴ്ന്ന് അയാൾ വിതുമ്പുന്ന ഒരു നിമിഷത്തിൽ തിയറ്ററിൽ പതിവിന്​ വിപരീതമായുയർന്ന കൈയടി മമ്മൂട്ടിയെന്ന നടനിൽനിന്നുള്ള പ്രേക്ഷകരുടെ പ്രതീക്ഷയെന്തെന്ന്​ വെളിപ്പെടുത്തുന്നു. നാല്​ പതിറ്റാണ്ടാകാറായ അഭിനയ ജീവിതത്തിന്‍റെ ശേഖരത്തിൽ പുതുകാലത്തെയും അതിജയിക്കാൻ പോന്ന പലതും ഇനിയുമിനിയും ബാക്കിയുണ്ടെന്ന്​ മമ്മുട്ടി അമുദവനിലൂടെ വരച്ചിടുന്നു. 

അമുദവന്റെ മകൾ പാപ്പ എന്ന വേഷം അവിസ്​മരണീയമാക്കിയ സാധനയുടെ അഭിനയം പ്രത്യേകം പറയണം. അത്രമേൽ ശാരീരികമായ കഠിനാധ്വാനം കൂടി ആവശ്യപ്പെടുന്നുണ്ട്​ ആ കഥാപാത്രം. മമ്മുട്ടിക്കും സാധനയ്​ക്കും ഒ​ട്ടേറെ അംഗീകാരങ്ങളും അമുദവനും പാപ്പാവും നേടിക്കൊടുത്തേക്കും.

മമ്മുട്ടിയും റാമും (വലത്ത്​)
 

കാട്രത്തു തമിഴ്​, തങ്കമീൻകൾ, തരമണി എന്നീ സിനിമകൾ സംവിധാനം ചെയ്​ത റാം ദേശീയപുരസ്​കരത്തിനു വരെ അർഹനായ സംവിധായകനാണ്​. പക്ഷേ, റാമി​ന്റെ ഏറ്റവും ധീരമായ ​നീക്കം മമ്മൂട്ടിയുടെ നായികയായി അഞ്​ജലി അമീർ എന്ന ട്രാൻസ്​ജെൻഡറെ അവതരിപ്പിച്ചതാണ്​. ഈ സിനിമ മുന്നോട്ടുവെക്കുന്ന ​സുപ്രധാന രാഷ്​ട്രീയവും അതുതന്നെയാണ്​.

 

 

Loading...
COMMENTS