You are here

‘പടയോട്ടം’ ചരിത്രത്തോട്​​ നീതി പുലർത്തിയോ? 

ശൈലൻ
10:42 AM
15/09/2018
padayottam

‘പടയോട്ടം’ എന്ന പേര് മലയാള സിനിമാ ചരിത്രത്തിൽ എന്നല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അവിസ്മരണീയമായ ഒന്നാണ്. അലക്സാണ്ടർ ഡ്യൂമാസി​​​​​​​​​​​​െൻറ "ദി കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ"യെ അവലംബമാക്കി 1982ൽ ജിജോ സംവിധാനം ചെയ്ത ഇൻഡ്യയിലെ ആദ്യത്തെ 70 എം.എം സിനിമയായ പടയോട്ടത്തെ അക്ഷരം തെറ്റാതെ തന്നെ ക്ലാസ്സിക് എന്ന് വിളിക്കാം.‌ ഒരിക്കലെങ്കിലും കണ്ടവർക്ക് എത്ര പതിറ്റാണ്ട് കഴിഞ്ഞാലും മറക്കാൻ പറ്റാത്ത 'പടയോട്ട'​ത്തി​​​​​​​​​​​​െൻറ അതേ പേരുമായി 36 കൊല്ലങ്ങൾക്കിപ്പുറം മറ്റൊരു പടം വരുമ്പോൾ അതിൽ മലയാളികൾക്ക് കൗതുകമുണ്ടാവുക സ്വാഭാവികമാണ്. ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന ആ പേരിനെ കോഞ്ഞാട്ടയാക്കിക്കളഞ്ഞോ എന്നറിയാനുള്ളൊരു ആകാംക്ഷയും കാണും. ഭാഗ്യമെന്ന് പറയട്ടെ, പുതിയ 'പടയോട്ടം' ഒരു മോശം നിർമ്മിതിയല്ല.
padayottam-movie-scene
മാസ് ഗെറ്റപ്പിലുള്ള ബിജു മേനോ​​​​​​​​​​​​െൻറ കട്ടത്താടിയും തിരുവനന്തപുരം പഞ്ച് ഡയലോഗുമൊക്കെ പോസ്റ്ററിൽ കാണുമെങ്കിലും റഫീക്ക് ഇബ്രാഹിം എന്ന പുതുമുഖ സംവിധായകൻ ഒരുക്കിയിരിക്കുന്ന 'പടയോട്ടം' ഗ്യാംങ്സ്റ്റർ കോമഡി വിഭാഗത്തിൽ പെടുന്ന ശുദ്ധഹാസ്യമാണ്. ഈ ഴോണറിൽ മലയാളത്തിൽ ഇറങ്ങിയതിൽവെച്ച് ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്ന പടത്തി​​​​​​​​​​​​െൻറ തിരക്കഥ ഒരു പരിധിവരെ ഫ്രെഷാണ്. സ്ക്രിപ്റ്റ് എഴുത്തുകാരായ അരുൺ, അജയ്, സോനു എന്നിങ്ങനെ മൂന്നു പേർക്കു കൂടിയാണ് അതിന്റെ ക്രെഡിറ്റ്.

കലിപ്പ് തിരുവനന്തപുരം ഡയലോഗുകളും ഡാർക്ക് ടോണുകളും ആക്രിക്കടയുടെ പശ്ചാത്തലവുമായിട്ടാണ് പടം തുടങ്ങുന്നത്. പൂളാൻ കൊണ്ടു വന്നിടത്ത് നിന്ന് പിങ്കു എന്ന കച്ചറപ്പയ്യനെ സേനനും രഞ്ജുവും ശ്രീനിയും കൂടി രക്ഷിക്കുന്ന ഓപ്പണിങ് ഫ്രെയിമൊക്കെ കിടുവാണ്. പടം അപ്പോഴേ കോമഡിയുടെ ട്രാക്കിലേക്ക് ഗിയർ തട്ടിയിട്ട് സേന​​​​​​​​​​​​െൻറ ജിംനേഷ്യത്തിലേക്കും മേൽ കഥാപാത്രങ്ങളുടെ അനുബന്ധചര്യകളിലേക്കും നീങ്ങുന്നു.
padayottam
കാമുകി തേച്ചിട്ട് പോയതി​​​​​​​​​​​​െൻറ വെരകലിൽ കൂട്ടുകാരോടൊപ്പം വെള്ളമടിച്ച് പഴുത്ത പിങ്കു ബൈക്കെടുത്ത് സിഗററ്റ് വാങ്ങാൻ പോയപ്പോൾ സംഭവിച്ച (അവനു മാത്രമറിയാവുന്ന) ഒരു അനിഷ്ട സംഭവത്തെ തുടർന്ന് ആശുപത്രിയിലാവുന്നതോടെ സീൻ കട്ടക്കലിപ്പാവുന്നു. കാരണക്കാരനായവ​​​​​​​​​​​​െൻറ ഫോട്ടോ പിങ്കു കൈക്കലാക്കിയ ടിയാ​​​​​​​​​​​​െൻറ ഫോണി​​​​​​​​​​​​െൻറ സ്ക്രീൻ സേവറിലുണ്ട്. അവനെ പൊക്കാനുള്ള കൂട്ടുകാരുടെ ദീർഘയാത്രയാണ് പിന്നീട്. പടം അതോടെ പടയോട്ടവും റോഡ് മൂവിയുമായി പരിണമിക്കുന്നു.
padayottam

അന്വേഷിക്കുന്ന പയ്യൻ കാസറഗോഡുകാരനാണ് എന്നറിയുമ്പോഴാണ് അവർ ഒരു ബലത്തിന് വേണ്ടി മൂത്ത ഗുണ്ടയായ ചെങ്കൽ രഘുവിനെ കൂടെ കൂട്ടുന്നത്. ഹെവി ഇൻഡ്രോയുമായി പ്രത്യക്ഷപ്പെടുന്ന രഘു പിന്നീടങ്ങോട്ട് കേറി മേയുകയാണ്. ഒരു ഗുണ്ടയിൽ നിന്നും സിനിമയിൽ പ്രതീക്ഷിക്കുന്ന സംഭവങ്ങളേ അല്ല തുടർന്നങ്ങോട്ട് കാണുന്നത്. അമ്മയെ പേടിയുള്ളവനും ട്രാവൽ സിക്സെസ് കാരണം ബസിൽ കേറുമ്പോൾ ഛർദ്ദിച്ചവശനാവുകയും വയറിളക്കം വന്ന് ആശുപത്രിയിൽ അഡ്മിറ്റാവുകയുമൊക്കെ ചെയ്യുന്ന ഗുണ്ടാത്തലവൻ ചിരിച്ച് ഊപ്പാട് തെറ്റിക്കുകയാണ്.
padayottam
യാത്രയിലുടനീളമുള്ള ഏടാകൂടങ്ങൾ, വിവിധയിടങ്ങളിൽ നിന്നായി പരിചയപ്പെടുന്ന ആളുകൾ, അവരുമായുള്ള കൊട്ടേഷൻ ബന്ധങ്ങൾ, അവരുണ്ടാക്കുന്ന പൊല്ലാപ്പുകൾ, ഭാഷാ സംസ്കാരങ്ങളിലെ വൈജാത്യം എന്നിവയൊക്കെ സ്ക്രിപ്റ്റിൽ രസകരമായി ബ്ലെൻഡ് ചെയ്തിരിക്കുന്നു. ഏറെക്കുറേ മണ്ടന്മാർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രഞ്ജുവിനും ശ്രീനിക്കും സേനനും പ്രശാന്ത് പിള്ളയുടെ ബാക്ക്ഗ്രൗണ്ട്സ്കോർ ഒന്നുകൂടി അടിത്തറ പണിയുന്നു. മുഷിച്ചിലൊട്ടുമില്ലാതെ കണ്ടിരിക്കാം എന്നതു തന്നെയാണ് വലിയ ഗുണം.

മാസ് ടെറർ ലുക്കും സൈക്കോ എന്ന് വിളിപ്പേരും സാധാരണ മനുഷ്യ​േൻറതായ എല്ലാവിധ ജീവിത പ്രശ്നങ്ങളുമുള്ള ചെങ്കൽരഘുവായി ബിജുമേനോൻ പൂണ്ടുവെളയാടുകയാണ്. ഭാവങ്ങളിലും ചലനങ്ങളിലും രഘു മാത്രമേ ഉള്ളൂ, മേനോൻ ഒട്ടും തന്നെ പ്രത്യക്ഷനല്ല. രഘുവും അമ്മയും തമ്മിലുള്ള ഊഷ്മളസ്നേഹമാണ് പടത്തി​​​​​​​​​​​​െൻറ മറ്റൊരു ഹൈലൈറ്റ്. തിരുവനന്തപുരം അമ്മയായി എപ്പോഴും തിളങ്ങാറുള്ള സേതുലക്ഷ്മിയുടെ ഗംഭീരമായ പ്രകടനമാണ് ചെങ്കൽ രഘുവിനെക്കൂടി മോസ്റ്റ് ലവ്വബിൾ ആക്കാൻ ഉൾപ്രേരകമായി വർത്തിക്കുന്നത്.
padayottam
ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധി കോപ്പ എന്നിവരാണ് യഥാക്രമം സേനനും ശ്രീനിയും രഞ്ജുവും. വിശദീകരണങ്ങൾ ആവശ്യമില്ലാത്ത തികവുണ്ട് മൂന്നു കഥാപാത്രങ്ങൾക്കും. ചാവക്കാടുള്ള ഒരു വട്ടൻ കൊട്ടേഷൻകാരൻ ബ്രിട്ടോയായി ലിജോ പെല്ലിശേരിയുണ്ട്. ഒരു രക്ഷയുമില്ല. പോത്തനെയും ലിജോയെയും കൂടാതെ മറ്റൊരു സംവിധായക​​​​​​​​​​​​െൻറ ഉടനീള സാന്നിധ്യം കൂടി പടയോട്ടത്തിൽ നിർണായകമാണ്. കുഞ്ഞിരാമായണം ഡയറക്ടർ ബേസിൽ ജോസഫ് ഈ പടത്തോടെ താരമായി മാറും. പടത്തിനെ നിയന്ത്രിക്കുന്നു എന്നുതന്നെ പറയാവുന്ന പിങ്കു എന്ന ക്യാരക്റ്ററി​​​​​​​​​​​​െൻറ നിഷ്കളങ്കതയിൽ പുള്ളി അത്രത്തോളം മരണമാസാണ്.
padayottam

അപ്രതീക്ഷിതമായ ക്ലൈമാക്സ് ട്വിസ്റ്റോടെ തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ ടിക്കറ്റ് എടുത്ത് കേറിയപ്പോൾ ഉള്ളതിനേക്കാൾ എനർജി ലെവൽ മുകളിലേക്ക് ഉയരുന്നുണ്ട്. ഇറങ്ങുമ്പോഴും ആ പൊട്ടിച്ചിരികൾ ആനന്ദമായി ഉള്ളിൽ ബാക്കി നിൽക്കുന്നുമുണ്ട്. ആയതിനാൽ, റഫീക്ക് ഇബ്രാഹിമിന് ആശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യാം. അല്ലെങ്കിൽ ഒരു പക്ഷെ, ചെങ്കൽ രഘു പറയുമ്പോലെ മലയാളികൾ എടുത്ത് ഉടുത്തേനെ..; പടയോട്ടം എന്ന പേര് ദുരുപയോഗപ്പെടുത്തിയതിന്!!

Loading...
COMMENTS