You are here

'നോൺസെൻസ്' അല്ല, അൽപം സെൻസുണ്ട്-REVIEW

ശൈലൻ
15:45 PM
13/10/2018
nonsence

"ലാസ്റ്റ് ബെഞ്ചിലാണ് കണ്ടെത്തപ്പെടാതെ പോവുന്ന മികച്ച മസ്തിഷ്കങ്ങൾ ഇരിക്കുന്നത്" എന്ന എ പി ജെ അബ്ദുൽ കലാമി​​​​െൻറ വാചകത്തെ പിന്തുടർന്നാണ്​ എം.സി ജിതിൻ എന്ന പുതുമുഖസംവിധായകൻ ത​​​​െൻറ "നോൺസെൻസ്" എന്ന പുതിയ മലയാള സിനിമ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്തു ചെയ്താലും പറഞ്ഞാലും നോൺസെൻസ് എന്ന വിശേഷണവും വിളിപ്പേരും കിട്ടുന്ന ഒരു ലാസ്റ്റ് ബെഞ്ചേഴ്സ് മറ്റുള്ളവരേക്കാളും സെൻസ് ഉള്ളവരെന്ന് അരുൺ ജീവൻ എന്ന പ്ലസ് വൺ വിദ്യാർത്ഥിയെ സ്പെസിമെനായി എടുത്ത്​ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുകയാണ്​ സംവിധായകൻ. സിനിമയ്ക്ക് മൊത്തത്തിൽ തന്നെ അദ്ദേഹത്തിന് പ്രചോദനമാകുന്നത് അബ്ദുൽകലാം ആണെന്ന്  പലയിടത്തും പറഞ്ഞുവെക്കുന്നു.

 എ.പി.ജെ അബ്ദുൽ കലാമി​​​​െൻറ ജന്മദിനമായ ഒക്ടോബർ പതിനഞ്ചിനും അടുത്ത ദിവസങ്ങളിലുമായി ഒരു ഹയർസെക്കൻഡറി സ്കൂളിലും പരിസരത്തുമായി നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കം. പടത്തി​​​​െൻറ ആദ്യഘട്ടത്തിൽ കാണുന്ന സ്കൂൾ കോമഡികളും ലാസ്റ്റ് ബെഞ്ചിലെ ഉഴപ്പന്മാരുടെ അലസ കേളികളും പലവട്ടം നിരവധി സിനിമകളിൽ കണ്ടതാണെങ്കിലും തിയേറ്ററിനെ സജീവമാക്കി നിർത്താൻ ഇതെല്ലാം ഉപകരിക്കുന്നു. തിയേറ്ററിൽ ഉള്ളതിൽ നല്ലൊരു ശതമാനം ആ ഒരു പ്രായപരിധിയിൽ ഉള്ളവരാണെന്നതും ഇത്തരം സീനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നു.

nonsence-movie

ബൈസിക്കിൾ മോട്ടോക്രോസ് എന്ന സൈക്കിൾ സ്റ്റണ്ട് വച്ചായിരുന്നു നോൺസെൻസിന് പിന്നണിക്കാർ പ്രീ പബ്ലിസിറ്റിയും ട്രെയിലറുമൊക്കെ ഒരുക്കിയിരിക്കുന്നത്. ആ ഒരു കൗതുകം കൊണ്ടാവും പുതുമുഖങ്ങളുടെ സിനിമയായിട്ടും തിയേറ്ററിൽ കുറച്ച് ആളുകളൊക്കെ ഉണ്ടായിരുന്നു. പക്ഷെ ബൈസിക്കിൾ മോട്ടോ ക്രോസ് ആളുകളെ ആകർഷിക്കാനുള്ള ഒരു ഉപാധിയായിരുന്നു എന്നാണ് മനസിലാവുന്നത്. കഥയുടെ മുഖ്യധാരയുമായി ഈ സംഗതി അത്രമേൽ സിങ്ക് ചെയ്ത്​ കിടക്കുന്നൊന്നുമില്ല. സിനിമയെ മുന്നോട്ട് നയിക്കുന്നതിലും സൈക്കിൾ സ്റ്റണ്ടിന് നിർണായക പങ്കൊന്നുമില്ല. പക്ഷെ, അത് നല്ല വെടിപ്പായി എടുത്തുവച്ചിട്ടുണ്ട് എന്നത് സിനിമയ്ക്ക് ഊർജമേകുന്നുണ്ട്​. 

സംവിധായകനും മുഹമ്മദ് ഷഫീഖ്, ലിബിൻ എന്നിവരും ചേർന്നൊരുക്കിയ തിരക്കഥ വളരെ ലളിതവും അനാവശ്യ സങ്കീർണതകളില്ലാത്തതുമാണ്. അതുകൊണ്ടു തന്നെ ചിലയിടങ്ങളിൽ അത് അമെച്വറും ക്ലീഷെയുമായി തോന്നുന്നുമുണ്ട്. അരുൺ ജീവന്റെ പഠനത്തിനതീതമായ മാനുഷികഗുണങ്ങൾ തുറന്നുകാട്ടാനായി ഒരുക്കിയിരിക്കുന്ന സെക്കൻഡ്​  ഹാഫ് പലയിടത്തും മുൻപ്​ എവിടയൊക്കയോ കണ്ട ഫീലാണ് തരുന്നത്. പക്ഷെ അത് വൃത്തിയായും മനസിൽ തട്ടും വിധത്തിലും ക്ലൈമാക്സിൽ വൈൻഡ് അപ്പ് ചെയ്തത് നോൺസെൻസിന് ഗുണകരമാണ്‌.

nonsence-63

വീഡിയോ ആൽബങ്ങളിലൂടെ ശ്രദ്ധേയനായ റിനോഷ് ജോർജ്ജാണ് അരുൺ ജീവനാതല എത്തുന്നത്​. സ്കൂളിലെ ഒന്നുരണ്ട് പിള്ളേരും കിടുവായി കാണപ്പെട്ടു. വിനയ് ഫോർട്ടിന് ഷട്ടറിനെ ഓർമിപ്പിക്കുന്ന ഒരു നല്ല റോളാണ്‌. ഒപ്പം ഹർത്താൽ കൂടി വന്നപ്പോൾ ഭേഷായി. ഷാജോൺ,  ശ്രുതി രാമചന്ദ്രൻ , ജിലു ജോസഫ് എന്നിവർ അധ്യാപകവേഷങ്ങളിലുണ്ട്. ലാലു അലക്സ്,  അനിൽ നെടുമങ്ങാട് എന്നിവരെയും കണ്ടു.

പുതുമുഖസംവിധായകൻ പുതുമുഖത്തെ ഹീറോയാക്കി ഒരുക്കിയ കൊച്ചുചിത്രമെന്ന നിലയിൽ മോശം പറയാനാവാത്ത അനുഭവമാണ് നോൺസെൻസ്. പശ്ചാത്തലസംഗീതം മാത്രമാണ് സിനിമയിൽ അരോചകമായിത്തീർന്ന ഏക ഘടകം. ഉദ്ദേശശുദ്ധി കാരണം പടത്തിന് പാസ്മാർക്ക് കൊടുക്കാം. വെറും നോൺസെൻസ് അല്ല അല്പം സെൻസുണ്ട് സിനിമയ്ക്കും സംവിധായകനും.

Loading...
COMMENTS