You are here

മേരിക്കുട്ടിയെന്ന ഷീറോ... -REVIEW

അനു ചന്ദ്ര
15:51 PM
18/06/2018
Njan-Merrykkutty

ട്രാൻസ് വിഭാഗത്തിൽ പെട്ടവരോട് മലയാള സിനിമ എന്നും പുറം തിരിഞ്ഞാണ് നിന്നത്. പരിഹസിക്കാനും നിന്ദിക്കാനും വേണ്ടി മാത്രമായിരുന്നു അവരെ സിനിമകളിൽ അവതരിപ്പിച്ചത്. എന്നാൽ മൂന്നാമതൊരു തട്ടിൽ നിർത്താതെ ട്രാൻസിന്‍റെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് രഞ്ജിത് ശങ്കർ-ജയസൂര്യ ചിത്രമായ 'ഞാൻ മേരിക്കുട്ടി'യെ വ്യത്യസ്തമാക്കുന്നത്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ജയസൂര്യ-രഞ്ജിത്  ടീം ഒന്നിക്കുന്നു എന്നത് മാത്രമായിരുന്നില്ല, കഥാപാത്രമാകാൻ ഏതറ്റം വരെയും പോകുന്ന ജയസൂര്യയെ കാണാൻ കൂടിയായിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. പുതിയൊരു മേക്ക് ഓവറുമായി ജയസൂര്യ എത്തുമ്പോൾ റിലീസിങ്ങിന് മുമ്പ് തന്നെ ചിത്രം ചർച്ചയായിയിരുന്നു. 

രൂപം കൊണ്ട് ആണായി പിറന്നിട്ടും അച്ഛനും അമ്മയും അവന് മാത്തുക്കുട്ടി എന്ന പേര് നൽകിയിട്ടും തന്‍റെ ഉള്ളിലെ സ്ത്രീത്വത്തിന്‍റെ  വാതിൽ മാത്തുക്കുട്ടിക്ക്‌  നേരെ തുറന്നിരുന്നു. അന്ന് മുതൽ ഒമ്പതെന്നും, ചക്കയെന്നും, വണ്ടെന്നും സമൂഹം പേരെടുത്ത് വിളിച്ച വിഭാഗത്തിലേക്ക് സമൂഹവും, കുടുബവും മാത്തുക്കുട്ടിയെ തള്ളിയിട്ടു. എന്നാൽ തന്‍റെ സ്വത്വത്തിൽ ജീവിക്കാനുള്ള അവകാശങ്ങൾ തേടിപ്പിടിക്കാനായിരുന്നു മാത്തുക്കുട്ടിയുടെ ശ്രമം. അഥവാ മാത്തുക്കുട്ടി മേരിക്കുട്ടിയാകാൻ നടത്തുന്ന അതിജീവനയാത്രകളും വിജയവുമാണ് ഞാൻ മേരിക്കുട്ടി പറയുന്നത്. 

'ചാന്ത് പൊട്ട്' എന്ന ചിത്രത്തിൽ ലാൽ ജോസ് ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളെ പരിഹസിച്ചുവെങ്കിൽ ഇവിടെ രഞ്ജിത് അവരെ 
'ഷീറോ'(SHERO) എന്ന പുതിയ മാനം നൽകി അംഗീകരിക്കുകയാണ് ചെയ്തത്. സമൂഹം ഒന്നടങ്കം ഒരു വിഭാഗത്തെ ചാന്ത്പൊട്ട് എന്ന് മുദ്ര കുത്തിയതിന്‍റെ 'പങ്ക്' സംവിധായകൻ ലാൽ ജോസിന് അവകാശപ്പെട്ടതാണ്. വിദ്യാഭ്യാസ തൊഴിലിടങ്ങളിൽ സെക്ഷ്വൽ ഓറിയന്‍റേഷൻ ആൻഡ് ജൻഡർ ഐഡന്‍റിറ്റി(SOGI) ഉൾകൊള്ളിക്കാനുള്ള സാധ്യതയും വെല്ലുവിളികളും തന്നെയാണ് മേരിക്കുട്ടിയുടെ എസ്.ഐ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലുടനീളം പറയുന്നത്. മേരികുട്ടിയുടെ യാത്രയിൽ എതിരായി നിൽക്കുന്നത് കുഞ്ഞിപ്പാലു എന്ന പൊലീസുകാരനാണ്. ലൈംഗിക ന്യൂനപക്ഷങ്ങളോട് ഒട്ടുമേ അയവ് വരുത്താത്ത അയാളുടെ സമീപനം കഥയുടെ തുടക്കം മുതൽ അന്ത്യം വരെയും നിലനിൽക്കുന്നു. പൗരന്‍റെ പ്രാഥമികമായ മനുഷ്യാവകാശങ്ങളെയാണ് സദാചാര വാദികളായ ജനകൂട്ടവും പൊലീസുകാരും ചിത്രത്തിലൂടെ വെല്ലു വിളിക്കുന്നത്. മേരികുട്ടിയെ നടുറോഡിൽ വെച്ച് പരസ്യമായി ഉടുതുണി പറിക്കുമ്പോഴും അവരുടെ ശരീരത്തെ നോക്കി ആളുകൾ നിർവൃതി കൊള്ളുമ്പോഴും പൊലീസ് സ്റ്റേഷൻ ആണുങ്ങളുടെ ലോകമാണെന്ന് മേരിക്കുട്ടിയോട് കുഞ്ഞിപാലിനെകൊണ്ട് പറയിപ്പിക്കുമ്പോഴും പുരുഷാധിപത്യ ലോകത്തിന്‍റെ ഗർവ്വ് പ്രകടിപ്പിക്കുന്ന പുരുഷന്മാരുടെ പ്രതിനിധികളായി മാറുകയാണ് കുഞ്ഞിപ്പാലടക്കമുള്ളവർ.  


കേരള സംസ്ഥാനത്തിനകത്തും പുറത്തുമായി നിരന്തരമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ അക്രമിക്കപ്പെട്ടത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. അത്തരം വിഷയങ്ങൾ എല്ലാം തന്നെ മേരിക്കുട്ടിയിലൂടെ വളരെ ഗൗരവപൂർണ്ണമായി തന്നെ സംവിധായകൻ പറയാൻ ശ്രമിച്ചു എന്നു തന്നെയാണ് സംവിധായകൻ സിനിമയോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും കാണിച്ച ഏറ്റവും വലിയ നീതി. അതുകൊണ്ടുതന്നെ മേരിക്കുട്ടി വെറുമൊരു കഥ മാത്രമല്ല, ജീവിതം കൂടിയാകുന്നുണ്ട്. ലൈംഗികന്യൂനപക്ഷങ്ങൾ ഇക്കഴിഞ്ഞ കാലയളവിൽ ഇല്ലാത്ത വിധത്തിൽ ദൃശ്യത കൈവരിക്കാനായിട്ടുണ്ട്. എന്നാൽ  പൊതുബോധത്തിന് ഇപ്പോഴും അവരെ അംഗീകരിക്കാനായിട്ടില്ല എന്ന കാരണത്താൽ തന്നെയാണ് മേരിക്കുട്ടി ഏറെ പ്രസക്തമാകുന്നത്. അത്തരം സ്വാഭാവികതകളെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് ചിത്രത്തിൽ ജുവലിന്‍റെ ജോവി എന്ന കഥാപാത്രവും അജുവർഗീസിന്‍റെ ആല്ഡവിയും ഇന്നസെന്‍റുമെല്ലാം എത്തുന്നത്.


വൈദികനായ ഇന്നസെന്‍റും ആൽവിനായ അജു വർഗീസും കൂട്ടുകാരിയായ ജൂവലും കൂടെ നിൽക്കുമ്പോഴും കൂടുതൽ ഉപദ്രവിക്കുന്നത് നാട്ടിലെ പൊലീസ് ആണെന്നും അതിനു മാറ്റം വരുത്തുകയാണ് തന്‍റെ ലക്ഷ്യമെന്നും മേരികുട്ടിയെ കൊണ്ട് സംവിധായകൻ പറയിപ്പിക്കുന്നുണ്ട്. എന്നാൽ ചുറ്റുമുള്ള വ്യവസ്ഥാപിത സമൂഹം മുഴുവൻ മേരിക്കുട്ടിക്ക് എതിരായി തീരുമ്പോഴും നിലനിൽപ്പിനായി മേരിക്കുട്ടി ശക്തമായി പോരാടുന്നു. ഈ പോരാട്ടങ്ങൾക്ക് പിന്താങ്ങുമായി എത്തുന്നത് ചിത്രത്തിൽ കലക്ടറായി എത്തുന്ന സുരാജ് വെഞ്ഞാറമൂടിന്‍റെ കഥാപാത്രമാണ്. ഇതേ കലക്ടർ ട്രാൻസ്ജൻഡർ എന്ന പദത്തിന് പകരം ഷീറോ(SHERO) എന്നാണ് മേരിക്കുട്ടിയെ വിളിക്കുന്നത്. 

ആനന്ദ് മധുസൂദനൻ സംഗീതം നല്കിയ ഗാനങ്ങൾ ചിത്രത്തിന്‍റെ കൂടെ സഞ്ചരിക്കുന്നുണ്ട് എന്നത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. സാരോപദേശങ്ങൾ മറികടന്ന് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്തുവെന്നതിനാൽ തന്നെ സംവിധായകൻ അഭിനന്ദനമർഹിക്കുന്നുണ്ട്. 

ചാന്തുപൊട്ടിസത്തിൽ നിന്നും നിങ്ങൾ അവരെ ഷീറോയിൽ എത്തിച്ചതിന് രഞ്ജിത്ത് ശങ്കർ, ജയസൂര്യ നിങ്ങൾക്ക് നന്ദി....

Loading...
COMMENTS