You are here

ബല്ലാത്തജാതി നിത്യഹരിതനായകൻ -റിവ്യു

ശൈലൻ
20:19 PM
18/11/2018

2005 ൽ ഇറങ്ങിയ ‘ദേവതൈയെ കണ്ടേൻ’ എന്ന സിനിമയിൽ ധനുഷിന്റെ കഥാപാത്രമായ ചായക്കടക്കാരൻ ബാബു പണക്കാരി നായികയായ ശ്രീദേവി വിജയകുമാറിനോട് പറയുന്നുണ്ട്, ‘നിന്നെപ്പോലുള്ളവരുടെ മനസിലെ നായകസങ്കൽപം ഷാരുഖ് ഖാനെയോ സൽമാൻ ഖാനെയോ പോലുള്ള ചോക്ലേറ്റ്​  ഇമേജുകളുമായി ബന്ധപ്പെടുത്തി കെട്ടിപ്പൊക്കിയതാവാം.. പക്ഷേ, അങ്ങനെ ഉള്ളവർ ഭൂമിയിൽ അഞ്ച് ശതമാനം പോലുമില്ല, ബാക്കി തൊണ്ണൂറ്റഞ്ച് ശതമാനവും എന്നെപ്പോലുള്ള ലോക്കൽ ബോയ്സാണ്.. ജീവിതത്തിൽ ഇതുവെച്ച്​ അഡ്ജസ്റ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല എന്ന്.. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി വരുന്ന ‘നിത്യഹരിതനായകൻ’ എന്ന പുതിയ സിനിമ കാണാൻ പോവുമ്പോൾ ഒാർത്തത്​ അതാണ്​. പ്രേക്ഷകരിൽ നല്ലൊരു ശതമാനത്തിനും റിലേറ്റ് ചെയ്യാവുന്ന ഒരു ഫിഗറാണ് വിഷ്ണുവിന്‍റെത്. കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നാദിർഷ വിദഗ്ധമായി പ്രേക്ഷകന്‍റെ ആ താദാത്മ്യം മുതലെടുത്തതാണ്. അതുകഴിഞ്ഞ് വന്ന ‘വികടകുമാരൻ’ വേണ്ടത്ര വിജയിച്ചില്ലെങ്കിലും വിഷ്ണുവിന് വീണ്ടും നായകവേഷം കിട്ടി എന്നത് സന്തോഷമുള്ള കാര്യവുമാണ്.

ധർമ്മജൻ ബൊൾഗാട്ടി നിർമ്മാതാവാകുന്നു എന്ന നിലയിൽ ആയിരുന്നു ഈ സിനിമയെക്കുറിച്ചുള്ള ആദ്യവാർത്തകൾ കണ്ടിരുന്നത്. എ.ആർ. ബിനുരാജ് ആണ് സംവിധായകൻ. വിഷ്ണു-ധർമജൻ ടീം മുമ്പ്​ ആളുകളെ കട്ടപ്പനയിൽ അർമാദിപ്പിച്ചതാണല്ലോ എന്ന് പ്രതീക്ഷ വച്ച് ഈ സിനിമക്ക് കേറിയാൽ പക്ഷേ, പാളും.. ദുർബലമായ തിരക്കഥയിൽ ഒരുക്കിയ ഒരു തട്ടിക്കൂട്ട് ഐറ്റം മാത്രമാണ് ഈ നിത്യഹരിത നായകൻ.

സജിമോൻ എന്ന നായകകഥാപാത്രത്തിന്‍റെ കല്യാണത്തോടെ ആണ് സിനിമ തുടങ്ങുന്നത്, ആദ്യരാത്രിക്കായി വാതിലടച്ച സജിമോൻ ഭാര്യ ഹരിതയെ പിടിച്ചിരുത്തി തന്‍റെ മൂന്ന് പഴയകാല പ്രണയങ്ങളെ ഡീറ്റയിൽഡ് ആയി അയവെട്ടുന്നതാണ് പിന്നീട് കാണുന്നത്.. ക്ഷമകെട്ട നായിക പെട്ടിയുമെടുത്ത് വീട്ടിലേക്ക് പോവും. ടിക്കറ്റ് എടുത്തതിന്‍റെ പേരിൽ നമ്മൾ പിന്നെയും സഹിച്ചിരിക്കും..

ഹരിതയെകൂടാതെ നായികമാരായുള്ള നിത്യ, സുറുമി, ട്രീസ എന്നിവർക്കെല്ലാം ഒരേ ടൈപ്പിലുള്ള ഓരോ ഡപ്പാംകുത്ത് ഡ്യുയറ്റ് സംവിധായകൻ തുണ്ടിടുന്നത് പോൽ ഫിറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്. പാവം വിഷ്ണു മാത്രം എല്ലാത്തിലും ഒരേ കളി കളിച്ച് വിഷണ്ണനായി പോവുന്നു. മല്ലിക എന്നൊരു നായിക കൂടി ഉണ്ടായിരുന്നെങ്കിലും പുള്ളിക്കാരി ക്ലൈമാക്സിന് ശേഷം പടം തീരുമ്പോഴാണ് എന്നതിനാൽ ഒരു ഡ്യുയറ്റിൽ നിന്ന് നമ്മൾ ജസ്റ്റ് 'കയ്ച്ചി'ലായി പോരുന്നു. 

നായികമാരുടെ എണ്ണവും ഡ്യുയറ്റുമൊന്നുമല്ല സത്യത്തിൽ പ്രശ്നം മഷിയിട്ട് നോക്കിയാൽ കാണാൻ കിട്ടാത്ത തിരക്കഥയാണ്. ആരൊക്കെയോ വരുന്നു എന്തൊരൊക്കെയോ കാട്ടുന്നു. അത്രന്നെ. കാലഹരണപ്പെട്ട സ്കിറ്റ് കോമഡികളിലായിരുന്നു സംവിധായകനും തിരക്കഥാകൃത്തും പ്രതീക്ഷ വച്ചിരുന്നത് എന്ന് തോന്നുന്നു. 

വിഷ്ണു സജിമോനായി മോശമായിട്ടൊന്നുമില്ല. പക്ഷേ, ഒരു സാന്നിധ്യം ഫീൽ ചെയ്യുന്നില്ല എന്ന് മാത്രം. ധർമ്മജന്‍റെയും നാലുനായികമാരുടെയും കാര്യവും അങ്ങനെ തന്നെ. ബേസിൽ ജോസഫ് ഇവരെക്കാളൊക്കെ ഗോളടിച്ചു. പക്ഷേ, സജിമോന്റെ അമ്മയായി വന്ന മഞ്ജുപിള്ളയാണ് പടത്തിന്‍റെ ഐശ്വര്യം. അച്ഛൻ ഇന്ദ്രൻസും 'പൊളി'യായി. തന്തമാരുടെ സ്വഭാവമാണ് മക്കൾക്കും കിട്ടുകയെന്ന് പറഞ്ഞതിലെ തന്തമാർ എന്ന ബഹുവചനത്തിൽ പിടിച്ച് രണ്ടുപേരും കൂടിയുള്ള സംഭാഷണമൊക്കെ തിയേറ്ററിൽ അൽപം ചിരി ഉണ്ടാക്കി. പാട്ടുകൾ മുൻപ് പറഞ്ഞ പോൽ വന്നുപോയി. ബാക്കിയൊക്കെ പതിവുപോലെ. കൂടുതലെന്ത് പറയാൻ...

Loading...
COMMENTS