You are here

ചിലര്‍ക്കു പുളിക്കും, ചിലര്‍ക്ക് മധുരിക്കും ഈ മുന്തിരി

ദര്‍ശന്‍
17:52 PM
23/01/2017

മോഹന്‍ലാലിന് ഇത് നല്ല കാലമാണ്. മുന്തിരിവള്ളികള്‍ തളിര്‍ക്കുന്ന കാലം. ‘ഒപ്പ’ത്തിനും ‘പുലിമുരുകനും’ ശേഷം ഏറ്റവും പുതിയ ചിത്രവും ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കുമെന്നാണ് തിയറ്റര്‍ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ അതൊരു ഹാട്രിക് വിജയമായിരിക്കും ലാലിന് ഇത്.‘ വെള്ളിമൂങ്ങ’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയുമായാണ് ജിബു ജേക്കബ് പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ചത്. ആ നിലവാരം പ്രതീക്ഷിച്ചുപോവുന്നവരെ മുന്തിരിവള്ളികള്‍ നിരാശരാക്കും എന്നുറപ്പ്. ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ പാറ്റേണിലാണ് പടം എടുത്തിരിക്കുന്നത്. ഇന്നസെന്‍റ്, മാമുക്കോയ, കെ.പി.എസി ലളിത എന്നിവര്‍ ഇതിലുണ്ടായിരുന്നെങ്കില്‍ ന്യായമായും ഒരു സത്യന്‍ സിനിമ എന്നു തന്നെ സംശയിച്ചുപോയേക്കാവുന്ന സൃഷ്ടി. നമ്മുടെ ന്യൂജനറേഷന്‍ സിനിമയൊക്കെ അകാലചരമം പ്രാപിച്ചതുകൊണ്ട് ഓള്‍ഡ് ഫാഷന്‍ഡ് ഫിലിം മേക്കിങിന് ഇന്നും മാര്‍ക്കറ്റുണ്ട് എന്ന് നിറഞ്ഞ തിയറ്ററുകള്‍ സാക്ഷ്യം പറയുന്നു. ട്രീറ്റ്മെന്‍റില്‍ ഒരുതരത്തിലുള്ള പുതുമയും പ്രതീക്ഷിച്ചുപോവരുത്. അവതരണത്തിലും കഥപറച്ചിലിലും ഒക്കെ പത്തുമുപ്പതുകൊല്ലത്തെ പഴക്കം തോന്നിക്കും പടത്തിന്. ഈ പഴകിയ മുന്തിരിവീഞ്ഞ് മതിയെന്ന് പ്രേക്ഷകര്‍ അങ്ങ് തീരുമാനിച്ചാല്‍പ്പിന്നെ ഇമ്മാതിരി സിനിമകളെക്കൊണ്ട് തിയറ്ററുകള്‍ നിറയും എന്ന കാര്യത്തില്‍ സംശയമില്ല.

 

അവതരണത്തിന്‍െറ കാര്യംപോട്ടെ. അത് അങ്ങനെയായിപ്പോയി എന്നു വിചാരിക്കാം. എന്നാല്‍പ്പിന്നെ കഥയോ? അതിനുണ്ടോ വല്ല പുതുമയും? ദൃശ്യം, അയലത്തെ അദ്ദേഹം, ഇന്നത്തെ ചിന്താവിഷയം, ഒന്നും മിണ്ടാതെ, വെറുതെ ഒരു ഭാര്യ അങ്ങനെ ഒരുപാട് പടങ്ങള്‍ ഇട്ടുവാറ്റിയ വീഞ്ഞാണ് ഇത്. പഴകിപ്പുളിക്കുന്ന ഈ വീഞ്ഞിനാണ് രുചി എന്നു വിചാരിക്കുന്നവരുണ്ടാവാം. അവരോട് സഹതപിക്കാനേ പറ്റൂ. ദാമ്പത്യത്തില്‍ ഭാര്യമാര്‍ നേരിടുന്ന അവഗണന, കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ പ്രണയം അണുകുടുംബത്തിലുണ്ടാക്കുന്ന ആശങ്കകള്‍, വേലിചാടുന്ന ഭര്‍ത്താക്കന്മാര്‍, കുടുംബജീവിതത്തില്‍ അസംതൃപ്തരായവര്‍ അഭയംതേടുന്ന കള്ളുകുടി അങ്ങനെ മലയാള സിനിമയില്‍ പത്തുമുപ്പതുകൊല്ലമായി പലതവണ ആവര്‍ത്തിച്ചതെല്ലാം ഈ സിനിമയിലുണ്ട്. എല്ലാം പല സിനിമകളിലും കണ്ടു മറന്ന രംഗങ്ങള്‍. അവയെല്ലാം ചേര്‍ത്തുവെച്ച് മിക്സിലിട്ടടിച്ചാല്‍ ഈ മുന്തിരിജ്യൂസ് ആയി.

ദോഷം മാത്രം പറയരുതല്ളോ. ഈ മുന്തിരി മധുരിക്കുന്നതായി തോന്നുന്ന ഒരു വിഭാഗമുണ്ട്. അവര്‍ ഒന്നു രണ്ടു രംഗങ്ങളില്‍ കൈയടിക്കുന്നതും കണ്ടു. നല്ലതു തന്നെ. കുടുംബപ്രേക്ഷകരെ ലക്ഷ്യംവെച്ചുണ്ടാക്കിയ പടമാണല്ളോ.  അപ്പോള്‍ കുടുംബസദാചാരത്തിനെ വാഴ്ത്തുന്ന രംഗങ്ങള്‍ കാണുമ്പോള്‍ അവര്‍ കൈയടിക്കുന്നത് സ്വാഭാവികം. കുടുംബത്തിനുവേണ്ടിയാവുമ്പോള്‍ എന്തു കുറ്റകൃത്യവും ന്യായീകരിക്കപ്പെടാം എന്നായിരുന്നു ലാലിന്‍െറ ‘ദൃശ്യം’ നേരത്തെ പറഞ്ഞിരുന്നത്. ഞാനും എന്‍െറ കുടുംബവും. അതു കഴിഞ്ഞിട്ടേയുള്ളൂ എന്തും എന്ന് ലാല്‍ പറഞ്ഞപ്പോള്‍ കുടുംബം കഴിഞ്ഞേയുള്ളൂ എനിക്ക് രാജ്യവും ഭരണഘടനയുമെന്നൊക്കെ പറഞ്ഞുവെച്ചു മമ്മൂട്ടി ‘പുതിയ നിയമ’ത്തില്‍.
സമൂഹത്തിന്‍െറ എല്ലാ നിയമങ്ങള്‍ക്കും മുകളില്‍ കുടുംബത്തിന്‍െറ ധാര്‍മിക സംഹിതകളെ പകരം വെക്കാനുള്ള പുറപ്പാടാണ് മുഖ്യധാരാ സിനിമയുടേത്. അവക്ക് കുടുംബസദസ്സുകളില്‍നിന്നു കിട്ടുന്ന പിന്തുണയും കുടുംബങ്ങള്‍ ഒരുമിച്ച് തിയറ്ററിലത്തെുന്നതുകൊണ്ട് ഇത്തരം സന്ദേശവാഹികളായ സിനിമകള്‍ക്കു ലഭിക്കുന്ന വ്യാപകമായ ജനപ്രീതിയും പഠിക്കപ്പെടേണ്ട വിഷയം തന്നെയാണ്. കുടുംബത്തിനു പുറത്തുള്ള, അഥവാ ദാമ്പത്യത്തിനു പുറത്തുള്ള എല്ലാ പ്രണയ ബന്ധങ്ങളും വര്‍ജിക്കപ്പെടേണ്ടതാണ് എന്നാണ് ഈ സിനിമ നല്‍കുന്ന സന്ദേശം. വിവാഹം കഴിച്ച ശേഷം മാത്രമേ പ്രണയിക്കാന്‍ പാടുള്ളൂ എന്ന് ഈ സിനിമ ആവര്‍ത്തിച്ചു പറയുന്നു.

സിനിമ എന്ന മാധ്യമം ഉണ്ടായ കാലം തൊട്ട് അത് വാഴ്ത്തിപ്പാടിയ മനുഷ്യവികാരമാണ് പ്രണയം. ജാതിക്കും മതത്തിനും കുടുംബത്തിനും മറ്റെല്ലാ സാമൂഹിക വിലക്കുകള്‍ക്കും അതീതമായി പ്രണയിക്കുക എന്ന സന്ദേശമാണ് എന്നും സിനിമ നല്‍കിപ്പോന്നിരുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒരുമിക്കുന്ന പ്രണയികളുടെ കഥ പറഞ്ഞ് മനംകവര്‍ന്നും ഒരുമിക്കാന്‍ കഴിയാതെപോയവരുടെ ദുരന്തകഥ പറഞ്ഞ് കരയിച്ചും സിനിമകള്‍ പലതും ഹിറ്റായി. ഇപ്പോള്‍ പുതുതലമുറ പഴകിപ്പുളിച്ച സദാചാരസംഹിതകള്‍ കാറ്റില്‍ പറത്തി പ്രണയത്തിലും സൗഹൃദത്തിലും സ്വാതന്ത്ര്യത്തിന്‍െറ ആകാശങ്ങള്‍ കൈയത്തെിപ്പിടിച്ചിരിക്കുന്ന ഈ വര്‍ത്തമാനത്തില്‍ ഒരു സിനിമ നാണമില്ലാതെ പറയുകയാണ്; പഠനമൊക്കെ കഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മാത്രമേ പ്രണയിക്കാന്‍ പാടുള്ളൂ എന്ന്. മാതാപിതാക്കള്‍ മക്കളെ കാണിച്ചുകൊടുക്കേണ്ട ഗുണപാഠസിനിമ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഈ സിനിമയെപ്പറ്റി പറഞ്ഞത്. അതുതന്നെയാണ് ഈ സിനിമയുടെ പ്രശ്നവും. ആണിന്‍െറയും പെണ്ണിന്‍െറയും തികച്ചും ജൈവികമായ മാനുഷിക ചോദനകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഈ സിനിമ ആവശ്യപ്പെടുന്നു.

പരസ്പരാകര്‍ഷണത്തിലും ശാരീരികമായ അഭിനിവേശത്തിലുമാണ് പ്രണയം തളിര്‍ക്കുന്നത്. അറേഞ്ച്ഡ് മാര്യേജില്‍ ആണും പെണ്ണുമേയുള്ളൂ. അവര്‍ക്കിടയിലെ പരസ്പരാകര്‍ഷത്തിനും ശാരീരികമായ പൊരുത്തത്തിനും പ്രണയത്തിനും സ്ഥാനമില്ല.  സമ്പത്തും ജാതിയും ജോലിയും പൊരുത്തത്തിനുള്ള മാനദണ്ഡങ്ങളാവുമ്പോള്‍ പ്രണയം എന്ന ജൈവികമായ വികാരം അവിടെ പരിഗണിക്കപ്പെടുന്നതുപോലുമില്ല. അത്തരമൊരു യാന്ത്രികതയുമായി പൊരുത്തപ്പെടാന്‍  നവതലമുറയുടെ സമ്മതി നിര്‍മിച്ചെടുക്കുകയാണ് ഈ ചിത്രത്തിന്‍െറ ദൗത്യം. വല്ലാതെയങ്ങ് പുരോഗമിച്ചിട്ടില്ളെങ്കിലും നിലവിലുള്ള സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ഒരു സമീപനമെങ്കിലും ആവാമായിരുന്നു. വിവാഹത്തിനു മുമ്പ് പ്രണയം ആവാം. പ്രണയിച്ച ആളത്തെന്നെ വിവാഹം കഴിക്കണം. എന്നിട്ട് വിവാഹശേഷം പ്രണയം തുടരണം എന്നൊക്കെ. പക്ഷേ എന്തു ചെയ്യാം. തിരിച്ചറിവു വന്ന ആ കൗമാരക്കാരി പറയുന്നതുനോക്കൂ, പഠിക്കേണ്ട കാലത്ത് പഠിക്കണം. പ്രണയം കല്യാണം കഴിഞ്ഞും ആകാമല്ളോ എന്ന്. അതിനു കിട്ടുന്ന കൈയടിയില്‍ കുടുംബ പ്രേക്ഷകരുടെ ഉള്ളിലിരിപ്പു പ്രകടമാവുന്നുണ്ട്. അതില്‍ ദാമ്പത്യത്തില്‍ അല്ലാത്ത ആരോഗ്യകരമായ ആണ്‍ പെണ്‍ ബന്ധങ്ങളെയും സൗഹൃദങ്ങളെയും സംശയക്കണ്ണോടെ നോക്കിക്കാണുന്ന സദാചാര പൊലീസിന്‍െറ കൈയടികളുമുണ്ട്.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയാളും ഭാര്യയും തമ്മില്‍ ഇപ്പോള്‍ പഴയ അടുപ്പമൊന്നുമില്ല. രണ്ടുപേരും രണ്ടു മുറിയിലാണ് കിടപ്പ്. കോളജിലെ പൂര്‍വ വിദ്യാര്‍ഥിസംഗമത്തിന് മുന്‍കാമുകി ഇന്ദുലേഖയെ കണ്ടുമുട്ടുന്നതോടെയാണ് അയാളില്‍ പ്രണയത്തിന്‍െറ മുന്തിരിവള്ളികള്‍ തളിര്‍ത്തു തുടങ്ങുന്നത്. വിചിത്രമെന്നു പറയട്ടെ, ഒരു ഫോണ്‍കോളിലൂടെ പോലും ഇന്ദുലേഖയെ അയാള്‍ പിന്നീടൊരിക്കലും ബന്ധപ്പെടുന്നില്ല. പഞ്ചായത്ത് പരിധിക്കുള്ളില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാന്‍ അപേക്ഷയുമായി എത്തുന്ന ജൂലിയോടാണ് അയാള്‍ അടുക്കാന്‍ ശ്രമിക്കുന്നത്. അത് പ്രണയമല്ല, ശാരീരിക ബന്ധത്തിനുള്ള തൃഷ്ണ മാത്രമാണ്. വേലിചാട്ടം പതിവാക്കിയ സുഹൃത്ത് വേണുക്കുട്ടന്‍ ആണ് ഉലഹന്നാനെ മൊബൈല്‍ പ്രണയങ്ങള്‍ക്കുവേണ്ട പ്രോല്‍സാഹനം കൊടുക്കുന്നത്.

പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരി ലില്ലിക്കുട്ടിക്ക് അയാളോട് പ്രണയമുണ്ട്. അത് എത്ര തവണ പ്രകടിപ്പിച്ചിട്ടും അയാള്‍ വീഴുന്നില്ല. കാരണം അവള്‍ കറുത്തവളാണ്. അവളുടെ പ്രണയം കാഴ്ചക്കാര്‍ക്ക് കോമഡിയാവണം എന്ന ഉദ്ദേശിച്ചാണ് ഒരുക്കിയിരിക്കുന്നത്. കറുത്തവള്‍ വെളുത്തവനെ പ്രണയിക്കാന്‍ യോഗ്യയല്ല എന്നു കൂടി പറഞ്ഞുവെക്കുന്നുണ്ട് ഈ സിനിമ.

വേണുക്കുട്ടന്‍െറയും ഉലഹന്നാന്‍െറയും വേലിചാട്ട ശ്രമങ്ങള്‍ സദാചാരകേരളത്തിലെ ഒരു സാമൂഹിക യാഥാര്‍ഥ്യം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ദാമ്പത്യത്തിലെ അസംതൃപ്തി തന്നെയാണ് ഈ അവിഹിതബന്ധങ്ങളിലേക്ക് ആണിനെയും പെണ്ണിനെയും ഒരുപോലെ നയിക്കുന്നത്. പക്ഷേ അതിന്‍െറ മൂലകാരണം പ്രണയമില്ലാതെ, പരസ്പരാകര്‍ഷണമില്ലാതെ നടക്കുന്ന അറേഞ്ച്ഡ് വിവാഹങ്ങളാണ് എന്ന യാഥാര്‍ഥ്യത്തെ സിനിമ മന$പൂര്‍വം വിസ്മരിക്കുന്നു. മാതാപിതാക്കള്‍ കണ്ടുപിടിച്ചുകൊടുക്കുന്ന സമ്പത്തും കുലീനമായ കുടുംബപശ്ചാത്തലവും വൈറ്റ്കോളര്‍ ജോലിയുമുള്ള പങ്കാളിയില്‍ പ്രണയം കണ്ടത്തെിക്കൊള്ളണം എന്ന സന്ദേശം കൊടുക്കുമ്പോള്‍ പരസ്പരാകര്‍ഷണമില്ലാത്തതുകൊണ്ടുള്ള പ്രണയരാഹിത്യം ദാമ്പത്യബാഹ്യബന്ധങ്ങളിലേക്ക് പങ്കാളികളെ നയിക്കുമെന്ന സാധ്യത സിനിമ കണ്ടില്ളെന്നു നടിക്കുന്നു. വിവാഹം എന്നത് വിവാഹബാഹ്യബന്ധത്തിനുള്ള ലൈസന്‍സ് ആണ് എന്ന് ഒരു ന്യൂജനറേഷന്‍ സിനിമയില്‍ ഒരു സ്ത്രീ പറയുന്നുണ്ട്. ആ ഡയലോഗ് ധാരാളം ഈ അവസ്ഥയെ വിവരിക്കാന്‍.

മാതാപിതാക്കളെ ധിക്കരിച്ചവര്‍ നായകന്‍െറ ഒറ്റനോട്ടത്തില്‍ നന്നായിപ്പോവുന്നത് നാം ഏറെ കണ്ടിട്ടുണ്ട്. രജിസ്റ്റര്‍ വിവാഹം കഴിക്കാനത്തെിയ പെണ്‍കുട്ടിയെ ഉലഹന്നാന്‍ ഉപദേശിച്ച് തിരിച്ചയക്കുന്നതു കാണാം. ‘അച്ചുവിന്‍െറ അമ്മ’യിലുമുണ്ട് സമാനമായ രംഗം. പതിനെട്ടു കൊല്ലം പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ പേരു പറഞ്ഞാണ് ഈ രണ്ടു സിനിമകളിലും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ സ്വയംനിര്‍ണയാവകാശത്തെ ചോദ്യം ചെയ്യുന്നത്. പ്രായപൂര്‍ത്തിയായാല്‍ ഒരു പെണ്‍കുട്ടി സ്വതന്ത്രയായ വ്യക്തിയാണെന്നും അവള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുണ്ടെന്നും അംഗീകരിക്കാന്‍ കുടുംബവ്യവസ്ഥ ഒരുക്കമല്ല. നിയമവ്യവസ്ഥ അവള്‍ക്ക് അനുകൂലമാണെങ്കിലും കുടുംബവ്യവസ്ഥ അതിനെ എതിര്‍ക്കുന്നു. പ്രായപൂര്‍ത്തിയായ ആണിന്‍െറയും പെണ്ണിന്‍െറയും ശാരീരിക ബന്ധത്തെ നിയമം അനുകൂലിക്കുന്നുവെങ്കിലും കുടുംബം അംഗീകരിക്കില്ല. കുടുംബത്തെ ജനാധിപത്യ വ്യവസ്ഥയിലെ നിയമസംവിധാനത്തിനു മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ‘ദൃശ്യം’, ‘പുതിയ നിയമം’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ തുടങ്ങിയ സിനിമകളില്‍ നാം കാണുന്നത്.

പ്രണയമല്ല, കാമമാണ് ഉലഹന്നാനെ ഭാര്യ ആനിയമ്മയിലേക്ക് വീണ്ടും അടുപ്പിക്കുന്നത് എന്നതും വിചിത്രമായി തോന്നും. പള്ളിയില്‍നിന്നിറങ്ങിപ്പോവുന്ന സുന്ദരിയുടെ പിന്‍ഭാഗം കണ്ട് നോക്കിയ ശേഷം അത് സ്വന്തം ഭാര്യയാണ് എന്നു തിരിച്ചറിയുന്നിടത്താണ് അയാളില്‍ വീണ്ടും പ്രണയം തളിര്‍ക്കുന്നത്. സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കില്‍ അയലത്തെ വീട്ടിലെ ജനലിലൂടെ നോക്കണം എന്ന് മറ്റൊരു സിനിമയില്‍ നാംകേട്ട ഡയലോഗ് ഇവിടെ ഓര്‍മവരും. വീണ്ടെടുപ്പിനുശേഷം ദാമ്പത്യ പ്രണയത്തിന്‍െറ ആഘോഷമാണ്. അതു കുട്ടികളെ കാണിച്ചുകൊണ്ടുതന്നെ വേണം. ആ പ്രകടനപരതയുടെ ഒടുക്കം മകളുടെ പ്രണയത്തിന് തങ്ങളുടെ തുറന്ന ഇടപെടലുകള്‍ കാരണമായോ എന്ന് അവര്‍ സംശയിക്കുന്നുണ്ട്.

അച്ഛനമ്മമാരുടെ സ്നേഹം കണ്ടുകൊണ്ടുവേണം കുട്ടികള്‍ വളരാന്‍ എന്ന് ഉലഹന്നാന്‍. അതില്‍ ആര്‍ക്കുമില്ല തര്‍ക്കം. എതിര്‍ലിംഗത്തിലെ സമപ്രായക്കാരോട് ആ കൗമാരക്കാര്‍ക്ക് തോന്നുന്ന സ്വാഭാവികമായ അഭിനിവേശത്തെ കുറ്റകരമായി കാണുന്നതു മാത്രമാണ് പ്രശ്നം. ദൃശ്യത്തിലെ കൗമാരക്കാരനെപ്പോലെ തന്നെ ഗൂഢ ഉദ്ദേശ്യങ്ങള്‍ വെച്ചുള്ള സമീപനമാണ് ഇതിലെ കൗമാരക്കാരനും. പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയിലേക്കു ക്ഷണിക്കുന്ന കാമാര്‍ത്തനായിരിക്കണം ആ കൗമാരക്കാരന്‍ എന്ന് സിനിമക്ക് നിര്‍ബന്ധമുണ്ട്. എന്നാലല്ളേ കൗമാരക്കാരായ പെണ്‍കുട്ടികളുള്ള കുടുംബങ്ങളില്‍ അസ്വസ്ഥത വിതയ്ക്കാന്‍ പറ്റൂ.

വി.ജെ. ജയിംസിന്‍െറ പ്രണയോപനിഷത്ത് ആണ് കഥക്ക് അവലംബം. പക്ഷേ കഥയിലെ ദാമ്പത്യത്തിലെ പ്രണയത്തിന്‍െറ വീണ്ടെടുപ്പിനെ മാത്രമേ സിന്ധുരാജ് സിനിമയിലേക്ക് എടുത്തിട്ടുള്ളൂ. സിന്ധുരാജിന്‍െറ മുന്‍കാല സിനിമകളേക്കാള്‍ ഭേദമാണ് തിരക്കഥയും സംഭാഷണങ്ങളും. രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട് പടത്തിന്. ആദ്യന്തം ഇഴച്ചില്‍ അനുഭവപ്പെടും. കൈ്ളമാക്സിനോട് അടുക്കുമ്പോള്‍ പടം ഒച്ചിന്‍െറ വേഗതയിലാവും.

ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ആവോളമുണ്ട്. ആകെക്കൂടിയുള്ള ഒരാശ്വാസം അനൂപ് മേനോനാണ്. പിടിക്കപ്പെട്ട ഒരു വേലിചാട്ടക്കാരന്‍െറ ഭാവങ്ങളും ശബ്ദവും രസകരമായി അവതരിപ്പിക്കുന്നുണ്ട് അനൂപ് മേനോന്‍. മോഹന്‍ലാലിന് ഈ കഥാപാത്രം താന്‍ മുമ്പേ അവതരിപ്പിച്ച എണ്ണമറ്റ വേഷങ്ങളുടെ തുടര്‍ച്ച മാത്രം. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നുപാടിയ ‘അത്തിമരക്കൊമ്പിലെ..’ എന്ന ഗാനത്തിന്‍െറ ഈണം മനസ്സില്‍ തങ്ങി നില്‍ക്കും.

 

COMMENTS