Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightജോജുവിന്‍റെ ജോസഫ് ...

ജോജുവിന്‍റെ ജോസഫ് -Review

text_fields
bookmark_border
ജോജുവിന്‍റെ ജോസഫ്  -Review
cancel

എതിർക്കുന്നത് വ്യവസ്ഥിതിയുടെ ജീർണതകളായാലും കാടുപോലെ പടർന്നുപിടിച്ച അഴിമതിയെ ആയാലും അവയെല്ലാം ഒരു വില്ലനിലോ ഒരുപറ്റം വില്ലന്മാരിലോ ഫോക്കസ് ചെയ്യണമെന്നത് കൊമേഴ്സ്യൽ സിനിമയുടെ അനിഷേധ്യമായ നടപ്പുശീലങ്ങളിൽ ഒന്നാണ്. കഴിയുമെങ്കിൽ നായകൻ ഒറ്റക്ക് തന്നെ അവയെ എതിരിട്ടു ജയിക്കണം. ഗതികെട്ട അവസ്ഥയിൽ സഹനടന്മാരുടെയോ നായികയുടെയോ സഹായം തേടാമെന്നും കീഴ്വഴക്കമുണ്ട്. എന്നാൽ "ജോസഫ് - man with the scar" എന്ന മലയാളസിനിമ വേറെ ലെവലാകുന്നത് അത് ഒന്നാംതരം അന്വേഷണാത്മക ത്രില്ലറായി വാണിജ്യസിനിമകളുടെ നാട്ടുനടപ്പുകളെ മറികടക്കുന്നത് കൊണ്ടാണ്.

ജോസഫിന്‍റെ പ്രമേയം വികസിക്കുന്നത് ക്ലൈമാക്സിലേക്ക് എത്തിപ്പെടുന്നതും ഒരു വില്ലനെയോ ഒരു സംഘം വില്ലന്മാരെയോ പിന്തുടർന്നുകൊണ്ടോ കുന്തമുനയിൽ നിർത്തിക്കൊണ്ടോ അല്ല. മറിച്ച് മുന്നോട്ടുവെക്കാൻ ശ്രമിക്കുന്ന വിഷയത്തിലേക്കാണ് ഊന്നൽ . അതിന്‍റെ ക്ലൈമാക്സും കൺക്ലൂഷനും പരിഹാരക്രിയകളുമെല്ലാം പൂർണതയിലേക്കെത്തുന്നത് സിനിമ കഴിഞ്ഞിട്ടാണ് എന്നും വേണമെങ്കിൽ പറയാം..

ജോജു ജോർജ് നായകനാവുന്നു എന്ന വാർത്തയോട് കൂടി ആണ് ജോസഫ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം കാണുന്നത്.
പിന്നീട് വളരെ കഴിഞ്ഞാണ് അതിന്റെ സംവിധായകൻ എം പദ്മകുമാർ ആണെന്നത് ശ്രദ്ധിച്ചത്. അതിനാൽ പ്രത്യേകിച്ചെന്തെങ്കിലും വാർത്താമൂല്യം കൂടുതലുള്ളതായും അപ്പോൾ തോന്നിയില്ല. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും താാരമൂല്യമുള്ള അസോസിയേറ്റ് ഡയറക്റ്ററായിരുന്ന പദ്മകുമാർ പിന്നീട് വർഗം, വാസ്തവം പോലുള്ള ബാബു ജനാർദ്ദനൻ തിരക്കഥകളിലൂടെ കിടുക്കിക്കളഞ്ഞെങ്കിലും കുറച്ചുകാലമായിട്ട് അദ്ദേഹത്തിന്‍റെ ഗ്രാഫ് താഴോട്ടായിരുന്നു.

joju george

എന്നാൽ എം പദ്മകുമാർ എന്ന സംവിധായകനെ എഴുതിത്തള്ളാറായിട്ടില്ല എന്നും അദ്ദേഹത്തിൽ നിന്നും ഇനിയും ആ പഴയ മാജിക്ക് പ്രതീക്ഷിക്കാമെന്നും ജോസഫ് തെളിയിക്കുന്നു. ഇതുവരെ ഇറങ്ങിയ പദ്മകുമാർ ചിത്രങ്ങളിൽ നിന്ന് ജോസഫ് മികച്ച് നിൽക്കുന്നു.

മുൻപ് പേര് കേട്ടിട്ടില്ലാത്ത ഷാഹി കബീർ എഴുതിയ തിരക്കഥയും ജോജു ജോർജ് എന്ന നടന്‍റെ 'വേഴ്സറ്റൈൽ' എന്നുപറയാവുന്ന പ്രകടനവുമാണ് ജോസഫിന്‍റെ ഹൈലൈറ്റുകൾ. ജോസഫിനെ അവിസ്മരണീയമാക്കാൻ പദ്മകുമാറിനെ ഏറ്റവും അധികം സഹായിക്കുന്നതും ഈ ഘടകങ്ങൾ തന്നെ. ഷാഹി കബീർ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയുന്നു. അതിന്റെ എല്ലാവിധ ആനുകൂല്യങ്ങളും ഫ്രെഷ്നസും തിരക്കഥക്കുണ്ട്. ഇത്രയും ക്ലീനായ കുറ്റാന്വേഷണം ഇതിനു മുമ്പ് എം ടിയുടെയും പദ്മരാജന്റെയും കെ ജി ജോർജിന്റെയും ഉത്തരം, കരിയിലക്കാറ്റുപോലെ, യവനിക പോലുള്ള സിനിമകളിൽ മാത്രമാണ്. (എസ് എൻ സ്വാമിയുടെ ഒന്നുരണ്ട് തിരക്കഥകളും ഓർക്കാം). അന്വേഷണവും ഇമോഷണലും കൃത്യമായ തോതിൽ ബ്ലെൻഡ് ചെയ്ത് പ്രേക്ഷകനെ കുരുക്കിയിടുന്നു എന്നതും ജോസഫിന്‍റെ സവിശേഷതയാണ്. സ്ക്രീനിനും പ്രേക്ഷകനുമിടയിൽ വൈകാരികതയുടെ ചുഴികളും തിരകളും തീർക്കുന്ന പദ്മകുമാർ_ സിഗ്നേച്ചർ വളരെക്കാലത്തിനുശേഷം കുറിക്കുകൊള്ളുന്നതും ജോസഫിൽ കാണാവുന്നു.

ടൈറ്റിൽ റോളിൽ വരുന്ന കേന്ദ്രകഥാപാത്രമായ ജോസഫ് ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ജോസഫിന്‍റെ റാങ്ക് ഏതായിരുന്നുവെന്ന് സൂചനകളില്ലെങ്കിലും സൂക്ഷ്മമായ തെളിവ് ശേഖരണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തുന്നതിൽ അയാൾ പത്തുതലയുള്ള രാവണൻ ആണ്. അതുകൊണ്ട് ആണ് വിരമിച്ച ശേഷവും പൊലീസ് ഫോഴ്സ് പലപ്പോഴും ജോസഫിന്‍റെ സേവനം ആവശ്യപ്പെടുന്നത്. ക്രെഡിറ്റൊന്നും അവകാശപ്പെടാതെ അയാൾ നൈസായി കേസുകൾ തെളിയിച്ചെടുക്കുകയും ചെയ്യുന്നു.

രണ്ട് നായികമാരും മകളും നഷ്ടപ്പെട്ട ജോസഫിന്‍റെ വാർധക്യജീവിതം വൈകാരികസംഘർഷങ്ങളുടെ പോർനിലമാണ് യഥാർത്ഥത്തിൽ. ഭാര്യയുടെ രണ്ടാം ഭർത്താവായ പീറ്ററും ജോസഫും തമ്മിലുള്ള ആത്മബന്ധമൊക്കെ മലയാളസിനിമയിൽ കാണാത്ത തരം ക്ലാസോടെ ആണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഭാര്യയുടെയും മകളുടെയും മരണത്തിന്‍റെ ചുവട് പിടിച്ചുപോയ ജോസഫ് എത്തിച്ചേരുന്ന സമൂഹത്തിന്‍റെ ചില കെണികളെയും ചുഴികളെയുമാണ് സിനിമ കാണിച്ചു തരുന്നത്. പൊലീസ് ത്രില്ലറിൽ നിന്നും സ്വാഭാവികമായും പ്രതീക്ഷിക്കുന്ന പോലെ സർവീസ് കാലത്തുനിന്നുള്ള ഏതെങ്കിലും പ്രതികാരമൊന്നുമായിരുന്നില്ല അത് എന്നത് സിനിമയുടെ മാറ്റ് കൂട്ടുന്നു.

ഒത്തിരിക്കാലമായി ചെറിയ റോളുകളിലൂടെയും ഹാസ്യറോളുകളിലൂടെയും മലയാളസിനിമയിൽ സജീവമായുള്ള ജോജു ജോർജിനെ 2015 മാർച്ച് ഏഴിന് കണ്ട "ഒന്നാം ലോക മഹായുദ്ധം" എന്ന സിനിമയിലൂടെ ആണ് ശ്രദ്ധിക്കുന്നത്. രണ്ടാം നാൾ തന്നെ ഹോൾഡ് ഓവർ ആയ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ഒരു പടമായിരുന്നു അതെങ്കിലും ജോജുവിന്‍റെ പ്രകടനം ഗംഭീരമായിരുന്നു. ഇയാൾ ഒരു വെറും നടനല്ല എന്ന് അടിവരയിടുന്നതായിരുന്നു അതിലെ വില്ലൻ കഥാപാത്രം. പിന്നീട് ലുക്കാച്ചുപ്പി, രാമന്‍റെ ഏദൻ തോട്ടം തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ ജോജു തന്‍റെ പ്രകടനമികവ് കൊണ്ട് എന്നെ ഞെട്ടിച്ചു. നായകതുല്യമായിരുന്നു ഈ റോളുകൾ എങ്കിലും ഈ സിനിമകളിലൊക്കെ വേറെ നായകന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഇതാദ്യമായി ജോസഫിലൂടെ ടൈറ്റിൽ റോളുള്ള സ്വതന്ത്ര നായകനാവുമ്പോൾ ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല എന്നാണ് ജോജു കാണിച്ചുതരുന്നത്. സൂപ്പർസ്റ്റാറുകളെ മറികടക്കുന്ന വേഴ്സറ്റാലിറ്റിയാണ് ജോസഫിന് പടത്തിൽ ഉടനീളം. ഒരു റിട്ടയേർഡ് പൊലീസുകാരനെയല്ലാതെ ഒരു നാൽപതുകാരന്‍റെ ശരീരഭാഷ പടത്തിലെവിടെയും കാണാനില്ല. ഇത്തരം സിനിമകളിൽ പൊതുവെ കാണാറുള്ള ജോസഫിന്റെ സർവീസ് കാല യൂത്ത് സാഹസങ്ങൾക് സിനിമയിൽ ചേർത്തിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.

ദിലീഷ് പോത്തൻ, അർഷാദ്, അനിൽ മുരളി തുടങ്ങി ഒരു സംഘം അഭിനേതാക്കൾ ഉള്ള സിനിമയിൽ ചെറിയ റോളിൽ വരുന്നവർക്കുപോലും വ്യക്തിത്വവുമുണ്ട്. മനേഷ് മാധവന്‍റെ സിനിമാറ്റോഗ്രഫി രഞ്ജിൻ രാജിന്റെ മ്യൂസിക് കമ്പോസിഷൻ എന്നിവയാണ് ജോസഫിന്റെ ക്ലാസ് വർധിപ്പിക്കുന്ന മറ്റ് രണ്ട് ഡിപ്പാർട്ട്മെന്റുകൾ. തിയേറ്ററിൽ നിന്നിറങ്ങീട്ടും എഴുതീട്ടും മനസ് നിറഞ്ഞുതന്നെ നിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju Georgemalayalam newsmovie newsjoseph movieJoseph-Man With The Scar
News Summary - Joseph, A Movie of Joju George
Next Story