You are here

ഇരട്ട ജീവിതങ്ങൾ... Review

Iratta-Jeevitham

ആണും പെണ്ണും മാത്രം നിറയുന്ന മലയാള സിനിമയുടെ തിരശ്ശീലയിൽ തെളിയാതെ പോയ ജീവിതങ്ങളാണ് ട്രാൻസ്ജെൻഡറുകളുടേത്. നവാഗതനായ സുരേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഇരട്ടജീവിതം’ മലയാളത്തിൽ ആദ്യമായി ട്രാൻസ്​ജെൻഡറുകളുടെ കഥ പറയുന്ന മുഴുനീള ചിത്രമാകുന്നു. 

സെലിബ്രിറ്റികളായി അറിയപ്പെടുന്നവരും ക്രോസ് ഡ്രസ്സ് ചെയ്യുന്നവരും മാത്രമല്ല ട്രാൻസ്ജെൻഡറുകൾ. സ്വന്തം നാടിനും കുടുംബത്തിനും മുമ്പിൽ തന്റെ ഐഡൻറിറ്റി അംഗീകരിക്കാത്ത ഒരിടത്ത് ജീവിക്കാനുള്ള നെട്ടോട്ടമോടുന്ന, മാനസിക സംഘർഷങ്ങളും അവഗണനയും മാത്രമുള്ള ആണുടലിനുള്ളിൽ നീറുന്ന പെൺ മനസ്സുമായും അന്ത്രമാനെ പോലെ പെണ്ണുടലിൽ നിന്നും ആൺജീവിതത്തിലേക്കും മാറിയ നിരവധി പച്ചയായ ജീവിതങ്ങൾ അറിയപ്പെടാത്തവരായിട്ടുണ്ട്, ടി.വി ഷോകൾക്കും കമ്യൂണിറ്റി പ്രോഗ്രാമുകൾക്കുമപ്പുറത്ത്... 

അന്ത്രുമാൻ പറയുന്ന പോലെ ‘മോനേ എന്നാണോ, മോളേ എന്നാണോ വിളിക്കേണ്ടതെന്നറിയാതെ...’ മാനസിക സംഘർഷങ്ങളനുഭവിക്കുന്ന ഉമ്മ... 
ഇതുപോലെ വിലപിക്കുന്ന ഉമ്മമാർക്കിടയിലും ശപിക്കുന്ന സമൂഹത്തിനിടയിലും ഞാൻ നിരവധി ജീവിതങ്ങളെ കണ്ടിട്ടുണ്ട്.. സംസാരിച്ചിട്ടുണ്ട്... വേദനകൾ അടുത്തറിയാൻ കഴിഞ്ഞിട്ടുണ്ട്...

സിനിമ കണ്ടിറങ്ങിയപ്പോൾ ആദ്യം ഓർമ വന്നത് സുഹൃത്തും ട്രാൻസ്ജെൻഡറുമായ ഫൈസുവിനെയാണ്. ‘ഇരട്ട ജീവിതം’ വിശാലമായ വൈഡ് ഫ്രൈമുകളിലൂടെ കാണിച്ച് തന്ന ചാവക്കാട് തീരദേശത്തെ ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ച് വളർന്നവളാണ് ഫൈസൽ. ത​​​െൻറ ഐഡന്റിറ്റി വെളിപ്പെടുത്താൻ ക്രോസ് ഡ്രസ്സ് ചെയ്തും പേര് മാറ്റിയുമൊന്നുമല്ല ഫൈസു നടക്കുന്നത്.. സാധാരണക്കാരിയായി ത​​​െൻറ ജീവിതാനുഭവങ്ങളുമായി തന്നെ തൻറെ കുടുംബത്തിനും സമൂഹത്തിനും മുമ്പിൽ ജീവിച്ചു പോരുന്നു. കൊച്ചി മെട്രോയിൽ ജോലി കിട്ടുന്നത്  വരെ ട്രാൻസജെൻഡറായ മേസ്​തിരിക്കൊപ്പം കൽപ്പണിയായിരുന്നു ഫൈസുവിന്...തങ്ങളെ അംഗീകരിക്കുന്ന ഒരു കൂട്ടത്തിനൊപ്പം...

Iratta-Jeevitham

ഇനി സിനിമയിലേക്ക് വരാം... ആമിനയുടെയും സൈനുവിന്റെയും ചെറുപ്പം തൊട്ടേ ഉള്ള ആത്മബന്ധവും വൈകാരിക ബന്ധവുമെല്ലാം മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ ചിത്രം കാണിക്കുന്നുണ്ട്. അന്ത്രമാൻ എന്ന ട്രാൻസ്മാന്റെ ജീവിതപശ്ചാത്തലത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്... ആമിന എന്ന നാട്ടിൻ പുറത്തുകാരി ഒരു ദിവസം ഗ്രാമത്തിൽ നിന്നും അപ്രത്യക്ഷയാവുകയും വർഷങ്ങൾക്ക് ശേഷം ‘അന്ത്രമാൻ’ എന്ന പുരുഷനായിട്ട് തിരിച്ചെത്തുകയും ചെയ്യുന്നു. അന്ത്രമാനെ പുരുഷനായി അംഗീകരിക്കാൻ യാഥാസ്ഥിതികരായ കുടുംബത്തിനും നാട്ടുകാർക്കും കഴിയുന്നില്ല. എങ്ങും പരിഹാസ്യവും അവഗണനയുമാണ് അവൻ ഏറ്റു വാങ്ങുന്നത്.. നീറുന്ന ഹൃദയവുമായി മുണ്ട് മടക്കിയുടുത്തും ബീഡി വലിച്ചും അതേ സമൂഹത്തിന് മുന്നിൽ ഒരു ആണായി പിടിച്ച് നിൽക്കാൻ അവൻ ശ്രമിക്കുന്നുണ്ട്..     

ആമിന നാടുവിടുന്നതിനുമുമ്പുള്ള  സൈനുവുമായുള്ള വൈകാരിക ബന്ധവും തിരിച്ചെത്തിയതിനു ശേഷമുള്ള ഇവരുടെ സംഭാഷണങ്ങളും സ്ഥിതികളുമെല്ലാം ഇടകലർന്നാണ് ചിത്രം അവതരിപ്പിച്ചിട്ടുള്ളത്. ചെറുപ്പകാലത്ത് തന്നെ ഒരു യാഥാസ്ഥിതിക മുസ്​ലി പെൺ ചട്ടക്കൂടിനകത്ത്​ തന്നെ നിൽക്കാതെ ചെറുത്തുനിൽപുകൾ ഇവർ നടത്തുന്നുണ്ട്. പുരുഷന്മാർക്ക് മാത്രം പ്രവേശനം നൽകുന്ന ഒരു മതാരാധന  ചടങ്ങ് (കുത്തുറാത്തീബ് )കാണാൻ ഇരുവരും രാത്രി ഇറങ്ങി പോകുന്നുണ്ട്. ഇത് മറ്റൊരാൾ കാണുകയും ചെയ്യുന്നുണ്ട്. എന്നാൽ ഈ സംഘർഷ നിമിഷങ്ങളിലൊന്നിലും തന്നെ   പശ്ചാത്തല സംഗീതത്തിന്റെ അലോസരതയില്ലാതെ ആംബിയൻസ് സൗണ്ടിനേയും നിശബ്ദതയേയും ഉപയോഗിച്ച് ഈ രംഗത്തെ മനോഹരമായി തീവ്രതകുറയാതെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകനായി.

ചിത്രീകരണ ദൃശ്യം
 

ഇരുവരും കൂടെ തോണിതുഴഞ്ഞ് നടുക്കടലാസ്വദിച്ച് ചുറ്റിവരുമ്പോൾ ഇവിടെ കാത്തിരിക്കുന്ന ഒരു സമൂഹമുണ്ട്. പെണ്ണുങ്ങൾക്ക് തോണി തുഴഞ്ഞ് കടലിൽ പോവുന്നത് വിലക്കുന്ന ഒരു സമൂഹം. അതേസമയം തിരിച്ചുവരികയാണെങ്കിൽ ക്ലബ്ബ്​ വക അവാർഡ് നൽകണമെന്ന് പറയുന്ന ചെറുപ്പക്കാരനേയും ഇവിടെ കാണാം.

കടപ്പുറത്തെ ദാരിദ്ര്യജീവിതം വളരെ വ്യക്തമായി സിനിമ കാണിച്ചുതരുന്നുണ്ട്. ജോലിയില്ലാതെ കടലിൽ പോവാൻ പറ്റാതിരിക്കുന്നതിനിടയ്ക്കുവരുന്ന നോട്ട്നിരോധനവും, മൻകിബാത്തുമൊക്കെ സിനിമ നന്നായി വിമർശിക്കുന്നുണ്ട്. നോട്ടുനിരോധനപ്രതിസന്ധിയിൽ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നതുകൂടിയാണ് ഇരട്ടജീവിതത്തിന് .. പശ്ചാത്തലമായി പലയിടങ്ങളിലുപയോഗിച്ചിട്ടുള്ള വാർത്താശകലങ്ങളും മോഡിയുടെ പ്രസംഗവുമെല്ലാം ചിത്രത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല എനിക്ക് ഹിന്ദി അറിയാത്തതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു എന്ന ചായക്കടക്കാരൻ കരീമിന്റെ  ഡയലോഗ് സാധാരണക്കാര​​​െൻറ ഇതിനോടുള്ള പ്രതിഷേധമാണ്.

പുഷ്പയും ഫൈസലുമെല്ലാം തീരപ്രദേശത്തെ ഓരോ ജീവിതങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്.. ഹാജ്യാരുടെ മാനേജറാണ് ഫൈസൽ .. അന്ത്രമാനോടുള്ള കുട്ടിക്കാലത്തെ കുസൃതികളോടുള്ള ദേഷ്യം അവൻ ഇപ്പോഴും മനസിൽ വെച്ച് നടക്കുകയും അന്ത്രമാനെ ഹാജ്യാർക്ക് മുമ്പിൽ ഇരയാക്കി നൽകാം എന്ന് പറഞ്ഞ് പന്തയം വെക്കുന്നുമുണ്ട്. പിന്നീട് പുഷ്പയുടെ വാക്കുകൾ ഉൾക്കൊണ്ട് താൻ അന്ത്രുമാ​​​െൻറ അടുത്ത് തുറന്ന് പറയുകയും അന്ത്രമാന് ചെറിയ ഒരു ജോലിയും നൽകുന്നുണ്ട്. പുഷ്പയെപ്പോലുള്ള സാധാരണ സ്ത്രീകൾ അന്ത്രമാനെ അംഗീകരിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഹാജിയാർ. ഒരുപക്ഷേ, ഈ ചിത്രം ഏറെ വിമർശനാത്മകമായി ചർച്ച ചെയ്യപ്പെടുക ഈ കഥാപാത്രത്തിൻമേലാകും.. അത്തരം വിമർശകർക്ക് മുസ്ലിം വിരുദ്ധതയൊക്കെചൂണ്ടിക്കാണിക്കാവുന്ന കഥാപാത്രമാണിത്. തൻറെ ലൈംഗിക താൽപര്യങ്ങൾക്ക് വേണ്ടി നാട്ടിൽ നിന്നും ഇരകളെ തേടി നടക്കുന്നയാളാണ് നാട്ടിലെ പ്രധാനിയായ ഹാജ്യാർ. സുർജിത്ത് ഗോപിനാഥിന്റെ അഭിനയം ഈ കഥാപാത്രത്തിന് പൂർണ്ണത നൽകുന്നുണ്ട്. 

പുഷ്പയെ പോലെ നിരവധി പേർ ഹാജ്യാർക്ക് വഴങ്ങിയിട്ടുള്ളവരാണ്. അന്ത്രമാനേയും ഹാജ്യാർ കെണിയിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അന്ത്രമാൻ തിരിച്ച് പ്രതികരിക്കുന്നതോടെ അന്ത്രമാനെ വിടുകയും ചെയ്യുന്നു. ഹാജ്യാരുടെ മട്ടിലും ഭാവത്തിലും നോട്ടത്തിലുമൊക്കെ തന്നെ സ്വഭാവം കാണിക്കുന്നതോടൊപ്പം ഹാജ്യാരില്ലാത്ത ഫ്രെയിമുകളിൽ നാട്ടിലെ സ്ത്രീകളുടെ ഹാജ്യാരെക്കുറിച്ചുള്ള സംഭാഷണങ്ങളും പലയിടത്തായുണ്ട്. ‘ഹാജ്യാർക്കെന്ത് ആണും പെണ്ണും..?’ എന്ന പുഷ്പയുടെ ചോദ്യത്തിലൂടെ ഹാജ്യാരുടെ കഥാപാത്രത്തെ പ്രേക്ഷകന് നിർവ്വചിക്കാനാകും.

ഒരു ട്രാൻസ്ജെൻഡർ ത​​​െൻറ സമൂഹത്തിലും വ്യക്തി ജീവിതത്തിലും അനുഭവിക്കുന്ന വേദനകളുടെ അടിത്തട്ടിൽ നിന്നുള്ള കാഴ്ച്ചയാണീ ചിത്രം. കൂടുതൽ വൈഡ് ഷോട്ടുകൾ ഉപയോഗിച്ച് കടലോര ജീവിതം പ്രേക്ഷകനിലെത്തിക്കാൻ ഷഹനാദ് ജലാലി​​​െൻറ ക്യാമറക്കണ്ണുകൾക്ക് കഴിഞ്ഞു.

സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവ്വഹിച്ചിത്​.. പ്രാദേശിക ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ആമിനയായും അന്ത്രമാനായും അഭിനയിച്ച ആത്മജ ത​​​െൻറ കഥാപാത്രത്തെ പൂർണ്ണതയിലെത്തിച്ചു. ദിവ്യാ ഗോപിനാഥ് മുതിർന്ന സൈനബയായും ആതിര ചെറുപ്പക്കാലത്തെ സൈനബയായും പ്രേക്ഷക ശ്രദ്ധ നേടി. രണ്ട് ദിവസങ്ങളിലായി തൃശൂർ ഗിരിജ തിയറ്ററിൽ നടന്ന പ്രീമിയർ ഷോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഒരു വർഷത്തിനകം കേരളത്തിലുടെ നീളം നൂറ് സമാന്തര പ്രദർശനം നടത്തുക എന്നതാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്

തികച്ചും പുരുഷകേന്ദ്രീകൃതവും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നതുമായ മലയാളി സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളിലേക്കും ഒളിഞ്ഞും തെളിഞ്ഞുമുള്ള സംഭാഷണങ്ങളിലേക്കുംചിത്രം വിരൽ ചൂണ്ടുന്നു. അഹമ്മദ് മുഹിയുദ്ദീ​​​െൻറ ‘ഇരട്ട ജീവിതം’ എന്ന കഥയെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. കലാസംവിധാനം ബെന്നി പി.വിയും പശ്ചാത്തല സംഗീതം ജോഫിയും സെല്‍ജുകും ന്യൂസിലന്‍ഡില്‍ നിന്നുള്ള ഡന്‍കന്‍ ബ്രൂസും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. അമ്മ ഫിലിംസിന്‍റെ ബാനറിൽ ദേശീയ അവാർഡ് നേടിയ ‘പുലിജന്മ’ ത്തിന്റെ നിർമ്മാതാവ് എം.ജി. വിജയ് ആണ് നിർമിച്ചിരിക്കുന്നത്​.  


 

Loading...
COMMENTS