You are here

മധുരം കുറഞ്ഞ 'ഹണി ബീ 2'

വിഷ്ണു. ജെ 
15:10 PM
24/03/2017

മലയാളത്തിലേക്ക് 'ന്യൂജെനറേഷൻ' സിനിമ സമ്മാനിച്ച സംവിധായകനാണ് ജീൻപോൾ ലാൽ. നടനും സംവിധായകനുമായ ലാലിന്‍റെ മകൻ കൂടിയായ അദ്ദേഹം മലയാളസിനിമക്ക് പുതുമുഖം സമ്മാനിച്ചതിൽ പ്രധാനിയുമാണ്. അതാനാലാണ് ഹണി ബീ എന്ന ചിത്രം മലയാളികൾ ഏറ്റെടുത്തത്. യുവാക്കളെ ആസ്വദിപ്പിക്കുന്ന തരത്തിലുള്ള ചേരുവകൾ ചേർത്ത് കൊച്ചിയിലെ ഫ്രീക്കൻ മച്ചാൻമാരുടെ കഥ പറഞ്ഞ ചിത്രം കുടുംബ പ്രേക്ഷകരേക്കാൾ യുവ പ്രേക്ഷകരാണ് ഏറ്റെടുത്തത്. കള്ളുകുടിയും അശ്ലീലവും ആഘോഷിക്കുന്ന ചിത്രമാണെന്ന പഴിയും ഒന്നാം ഭാഗത്തിന് കേൾക്കേണ്ടി വന്നു. 

അതിനാൽ തന്നെ രണ്ടാം ഭാഗം യുവാക്കളടക്കമുള്ള പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ അവരെ പാടെ നിരാശരാക്കുന്നതായിരുന്നു രണ്ടാം ഭാഗം. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുമിച്ച് കൈയിലെടുക്കാനുള്ള ജീൻ പോളിന്‍റെ ശ്രമം പാളിയെന്ന് തന്നെ പറയാം. യുവാക്കൾക്കോ കുടുംബ പ്രേക്ഷകർക്കോ വേണ്ട ചേരുവെയാന്നും ചിത്രത്തിലില്ല. കഥയില്ലായ്മയിൽ മുങ്ങിത്താഴുന്ന കപ്പലാണ് ഹണീബീ 2 സെലിബ്രേഷൻസ്. 

ആദ്യ ഭാഗത്തെ പ്രധാനകഥാപാത്രങ്ങളെ അതേപടി നില നിർത്തിയപ്പോൾ അർച്ചന കവിക്ക് പകരം ബഡായി ബംഗ്ലാവ് ഫെയിം ആര്യ, സാറ എന്ന കഥാപാത്രമായെത്തുന്നു. ലാൽ അവതരിപ്പിച്ച മിഖായേൽ എന്ന കഥാപാത്രത്തിെൻറ ഭാര്യയായി പ്രവീണക്ക് പകരം കവിത നായരുമാണ് എത്തുന്നത്. സർപ്രൈസ് കഥാപാത്രങ്ങളായി ശ്രീനിവാസനും, ലൈനയും, പ്രേംകുമാറും എത്തുന്നു. 

സെബാെൻറയും എയ്ഞ്ചലിെൻറയും വിവാഹമാണ് രണ്ടാം ഭാഗത്തിെൻറ ഇതിവൃത്തം. വിവാഹത്തിന് സമ്മതിക്കാതിരുന്ന സെബാെൻറ മാതാപിതാക്കളെ അതിന് സമ്മതിപ്പിക്കുന്നതുമാണ് സിനിമയുടെ ആദ്യ പകുതിയിൽ. രസകരമായി ആദ്യ പകുതി അവതരിപ്പിക്കാൻ സംവിധായകൻ ജീൻ പോളിന് സാധിച്ചിട്ടുണ്ട്.  എന്നാൽ രണ്ടാം പകുതി പൂർണമായും സെബാെൻറ വൈകാരിക പ്രതിസന്ധിയിലൂടെയാണ് കടന്നു  പോവുന്നത്. ശക്തമായ തീരുമാനം ഏടുക്കാൻ കഴിയാതിരിക്കുന്ന യുവത്വത്തെയാണ് സെബാനിലൂടെ സംവിധായകൻ ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ സെബാെൻറ വൈകാരികമായ പ്രശ്നങ്ങളൊന്നും പൂർണമായി ഉൾക്കൊള്ളാൻ ആസിഫ് അലിക്ക് കഴിഞ്ഞില്ല എന്നതും സിനിമയുടെ ഇഴച്ചിലിന് കാരണമായി.  ജീൻ പോൾ കഥയും തിരക്കഥയും സംവിധാനവും  നിർവഹിച്ച ചിത്രത്തിൽ കോമഡികളും കൗണ്ടർ കോമഡികളും ധാരാളമുണ്ട്.

സൗഹൃദത്തിലെ നിശ്കളങ്കതയും സ്നേഹവുമായിരുന്നു ഒന്നാം പതിപ്പിനെ പ്രേഷകർക്ക് പ്രിയങ്കരമാക്കിയത്. എന്നാൽ രണ്ടാം പതിപ്പിൽ സൗഹൃദങ്ങൾക്ക് പകരം കുടുംബ ബന്ധങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. അതാകട്ടെ കള്ളുകുടിയും അശ്ലില സംഭാഷണങ്ങളും കൂട്ടിച്ചേർത്ത സത്യൻ അന്തിക്കാട് സിനിമയുടെ അനുഭവമാണ് സമ്മാനിച്ചത്. ചില സീനുകളിലെ അശ്ലീല സംഭാഷങ്ങൾക്കും കള്ളുകുടിക്കും നിർലോഭമായ കൈയടിയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾക്കും ഇൗ കൈയടി ലഭിക്കുന്നുണ്ടെന്നത് എടുത്ത് പറയേണ്ടതാണ്. സിനിമക്കകത്തെ സ്ത്രീവിരുദ്ധതയും അശ്ലീലവും ചർച്ച ചെയ്യുമ്പോഴും സ്ക്രീനിൽ അവ കാണുമ്പോഴും കേൾക്കുമ്പോഴും കയ്യടിക്കുന്ന ആൾകൂട്ട മനശാസ്ത്രം സിനിമയേക്കാളും അപകടകരമാണെന്ന് പറയേണ്ടിയിരിക്കുന്നു. 

നേരം പോക്കിനായി കയറാവുന്ന ശരാശരി സിനിമ മാത്രമാണ് ഹണീ ബീ 2 സെലിബ്രേഷൻസ്. ദീപക് ദേവിന്‍റെ സംഗീതം മനസിൽ തങ്ങി നിൽക്കുന്നുണ്ട്. 

COMMENTS