You are here

വയലൻസിൽ നിന്നുള്ള സമാധാനസന്ദേശങ്ങൾ...

  • ജൂനിയർ എൻ.ടി.ആർ നായകനായ തെലുങ്ക്​ ചിത്രം ‘അരവിന്ദ സമേത’യുടെ റിവ്യു

ശൈലൻ
16:29 PM
17/10/2018

ഒരു കൊമേഴ്സ്യൽ തെലുങ്കുമസാലപ്പടത്തിന്റെ ക്ലൈമാക്സിൽ നിന്ന് പ്രതീക്ഷിക്കാവുന്നതിന്റെ മാക്സിമം ലെവലിലുള്ള  വെട്ടും വെടിയും കൊലപാതകങ്ങളും ചോരപ്പുഴയും ആദ്യത്തെ പത്തുമിനിറ്റിൽ തന്നെ കാണിച്ചുകൊണ്ടാണ് ജൂനിയർ എൻ.ടി.ആറിന്റെ പുതിയ സിനിമയായ ‘അരവിന്ദ സമേത’ ആരംഭിക്കുന്നത്. വയലൻസിന്റെ പരകോടി..  ഇൻട്രോ സീനിൽ തന്നെ അച്ഛനെയും മാമനെയും നഷ്ടപ്പെട്ട താരക് പുറത്ത് വെട്ടുകൊണ്ടിട്ടും കൈയിലൊരു വാളും കെട്ടിവെച്ച് ഒറ്റയ്ക്കൊരു സൈന്യമായി മാറി നൂറുകണക്കിനാളുകളെ അരിഞ്ഞുതള്ളി വില്ലന്റെയും കഴുത്തിൽ കത്തികേറ്റി അവിടെയൊരു കുരുക്ഷേത്രഭൂമിയാക്കിമാറ്റുകയാണ്.

അതിനു ശേഷം അച്ഛന്റെയും ബന്ധുക്കളുടെയും ഡെഡ്ബോഡിയുമായി വീട്ടിലെത്തി സംസ്കാരവും കഴിഞ്ഞ് നിസ്സംഗനായിരിക്കുന്ന നായകനിൽ നിന്ന് ടൈറ്റിലുകൾ എഴുതിത്തുടങ്ങുന്നു.. ആക്ഷൻ കൊറിയോഗ്രഫി- രാം ലക്ഷ്മൺ, സംഗീതം- എസ് തമ്മൻ, സംവിധാനം- ത്രിവിക്രം., അരവിന്ദമേത. മുഴുവനായിപ്പറഞ്ഞാൽ ‘അരവിന്ദസമേത വീരരാഘവ’. സ്റ്റണ്ട് ഡയറക്ടറുടെ പേർ മുഴുപ്പിൽ എഴുതിക്കാട്ടിയതിൽ ആർക്കും പരാതിയില്ലാത്ത അരമണിക്കൂർ ആയിരുന്നു കഴിഞ്ഞുപോയത്.!!

ആയിരം പേരെ അരിഞ്ഞുതള്ളിയാലും ഇന്ത്യൻ നിയവ്യവസ്ഥകൾക്കും‌ം ശിക്ഷാനിയമങ്ങൾക്കുമൊന്നും പ്രത്യേകിച്ചൊരു റോളുമില്ലാതെ നായകനും വില്ലനും അലോകഭവ്യന്മാരായി വിരാജിക്കുന്ന, തെലുങ്കുസിനിമയിൽ മാത്രം കാണപ്പെടുന്ന, വിചിത്ര മാക്കൊണ്ടാ ഭൂഖണ്ഡത്തിൽ തന്നെയാണ് അരവിന്ദസമേതയുടെയും കഥ നടക്കുന്നത്. അനാദികാലം മുതൽ കുടിപ്പക കൊണ്ടുനടക്കുന്ന കൊമ്മാഡി, നല്ലഗുഡി എന്നീ വില്ലേജുകൾക്കിടയിൽ നടക്കുന്ന തീരാത്ത ആക്രമണങ്ങളാണ് വിഷയം. കൊമ്മാഡിയുടെ ലീഡറായ്യ നാരപ്പറെഡ്ഡിയുടെ മകനാണ് നായകനായ വീരരാഘവറെഡ്ഡി. അപ്പനെ കൊന്നതിന് ബദലായ്  ചുരുങ്ങിയത് ഇരുന്നൂറുപേരെയെങ്കിലും വെട്ടിയരിഞ്ഞ് പീസ് പീസാക്കിയിട്ടും ഒരു പോലീസുകാരൻ പോലും അയാളുടെ വീട്ടിൽ അന്വേഷിച്ചു വരുന്നില്ല. മറിച്ച്, മുത്തശ്ശിയുടെ ഗീതോപദേശത്തിൽ വീണ് അയാൾ സ്വയമേവ ഹൈദരാബാദിലേക്ക്  പോവുകയാണ്. മമ്മുട്ടിയുടെ നായികയായ് ‘അയലത്തെ അമ്പിളി’യിൽ വന്ന സുപ്രിയാ പഥക് മുത്തശ്ശിയായിരിക്കുന്നു.. വിജയിന്റെയും അജിത്തിന്റെയും നായികയായി എത്രയോ സിനിമകളിൽ വന്ന ദേവയാനിയാകട്ടെ എൻ.ടി.ആറിന്റെ അമ്മയുമായിരിക്കുന്നു. കാലത്തിന്റെ ഓരോ കളി.

ടൈറ്റിലിലുള്ള അരവിന്ദ പടത്തിലെ നായികയാണ് തനി പൂജാഹെഗ്ഡെ.. ഹൈദരബാദിൽ ജീവിക്കുന്ന അവളെ കണ്ടുമുട്ടുന്ന വീരരാഘവറെഡ്ഡി അവളുടെ വീട്ടിൽ ബോഡി ഗാർഡാവുന്നതോടെ ‘അരവിന്ദസമേത വീരരാഘവ’ ആകുന്നതും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമാണ് സിനിമ.. ഹെന്ത് മാറ്റം! നായകന് പ്രണയിക്കാനും പാട്ടുപാടാനും മാത്രം നിർമ്മിച്ചെടുത്തതല്ല നായികയെ എന്നതൊരു മാറ്റമാണ്. ക്ലൈമാക്സിൽ നായകനെയും നായികയെയും ജോയൻറാക്കുന്നില്ല എന്നതും..

എന്നാലും എൻ.ടി.ആറിന്റെ ഫാസ്റ്റ് & ഫ്ലെക്സിബിൾ ഡാൻസ് സ്റ്റെപ്സ് വെളിവാക്കാനായി രണ്ട് ഡ്യുയറ്റുകൾ തിരുകിയിട്ടുണ്ട്.. അക്കാര്യത്തിൽ ടിയാനെ വെല്ലാൻ ഇൻഡ്യൻ സിനിമയിൽ വേറെ നായകർ കുറവാണല്ലോ. ആക്ഷനിൽ ഹൈ- ഒക്ടെയിനടിച്ച് പൊടി പറക്കുകയാണ്..(സിനിമ കാണാൻ സാധ്യതയില്ലാത്തവർ ട്രെയിലറെങ്കിലും ഒന്ന് കണ്ടുനോക്കുക) കാലം ചെല്ലുന്തോറും താരകിന്റെ  സ്ക്രീൻ പ്രെസൻസും കിടുവായി വരികയാണ്.  പക്ഷേ,  പാരഗ്രാഫുകളോളമുള്ള ഡയലോഗുകൾ മഹേഷ്ബാബുവിനെപ്പോലെ നീട്ടൊഴുക്കില്ലാതെ വേഴ്സറ്റൈൽ പറയാൻ ശ്രമിക്കുന്നത് അത്രയ്ക്കങ്ങാട്ട്  ക്ലിക്കായില്ല. എന്നാലും മോശമെന്ന് പറയാനുമാവില്ല.. ആരാധകരൊക്കെ വിസിലടിക്കുന്നുണ്ട്.

ആന്ധ്രയും തെലങ്കാനയും അരവിന്ദസമേതയെ ഏറ്റെടുത്തു കഴിഞ്ഞു. നാലുദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിലെത്തി. ജനതാ ഗ്യാരേജിനും ലവകുശയ്ക്കും ശേഷം എൻ.ടി.ആറിന്റെ മൂന്നാമത്തെ നൂറുകോടിപ്പടം.. ഡാഡിഗിരിജയാണ് വില്ലൻ.. ജഗപതിബാബു.. മൂപ്പരാണെങ്കിൽ ചുമ്മാ അങ്ങ് കേറിമേയുകയണ്. ഇന്റർവെല്ലും പരസ്യവുമൊ​െക്കയടക്കം മൂന്നുമണിക്കൂറിലധികം  ദൈർഘ്യമുണ്ടെന്നത് കുറച്ച് അക്രമം തന്നെയാണ്. എന്നാലും സമാധാനത്തിന് വേണ്ടിയല്ലേന്ന് കരുതി അങ്ങോട്ട് സമാധാനിക്കുക തന്നെ.

 

Loading...
COMMENTS