You are here

ചോക്​ഡ്​- പണം വീർപ്പുമുട്ടിക്കു​േമ്പാൾ  

  • മിഡിൽ ക്ലാസ്​ ജീവിതം പറഞ്ഞ്​ മലയാളി നടൻ റോഷൻ മാത്യു നായകനായ അനുരാഗ്​ കശ്യപ്​ സിനിമ 

അനു ചന്ദ്ര
11:00 AM
11/06/2020

രാജ്യത്തെ മധ്യവർഗ ​കുടുംബങ്ങളുടെ ജീവിതത്തെ രണ്ടായി തിരിക്കാം. നോട്ട്​ നിരോധനത്തിന്​ മുമ്പ്​, അതിനുശേഷം എന്നിങ്ങനെ. ഈ ഇരുഘട്ടങ്ങളുടെയും മാറ്റങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്​ അനുരാഗ്​ കശ്യപ്​ പുതിയ സിനിമയായ ‘ചോക്​ഡ്​-പൈസ ബോൽതാ ഹെ’യിൽ. 

രാഷ്​ട്രീയ നേതൃത്വത്തിന്‍റെ വികല സാമ്പത്തിക പരിഷ്​കാരങ്ങൾ ഒരു സാധാരണ കുടുംബത്തിന്‍റെ അന്തരീക്ഷത്തിലുണ്ടാക്കുന്ന വീർപ്പുമുട്ടൽ അനുഭവപ്പെടുത്തുന്നുണ്ട്​ ഈ സിനിമ. മലയാളിയായ റോഷൻ മാത്യു നായകനായ ‘ചോക്​ഡ്​’ നെറ്റ്​ഫ്ലിക്​സിലാണ്​ റിലീസ്​ ചെയ്​തത്​. 

സേക്രഡ് ഗെയിംസ്, ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിങ്ങനെ ത​ന്‍റെ സിനിമകൾക്ക് നെറ്റ്ഫ്ലിക്സിലൂടെ മികച്ച സ്വീകാര്യത നേടിയ സംവിധായകനാണ് അനുരാഗ് കശ്യപ്. എന്നാലിത്​ ആദ്യമായാണ്​ അദ്ദേഹത്തിന്‍റെ സിനിമ നെറ്റ്​ഫ്ലിക്​സിലൂടെ റിലീസ്​ ചെയ്യുന്നത്​. 

‘മൂത്തോന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ രാജ്യാന്തര അംഗീകാരം നേടിയ റോഷന്‍ മാത്യുവിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ‘ചോക്​ഡ്​’. ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തെ സിനിമകളിലൂടെയും വ്യക്തിപരമായ നിലപാടുകളിലൂടെയും പല തവണ വിമർശിച്ചിട്ടുണ്ട്​ അനുരാഗ് കശ്യപ്. അത്തരത്തിൽ കൃത്യമായ രാഷ്​ട്രീയം സംവദിക്കുന്ന പൊളിറ്റിക്കൽ മൂവി കൂടിയാണ്​ ‘ചോക്​ഡ്​’. 

ഇന്ത്യൻ ജനതയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ച ഒന്നായിരുന്നു മോദി സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന നോട്ട് നിരോധനം. ‘ചോക്​ഡി’ന്‍റെ കഥാപശ്ചാത്തലവും നോട്ട് നിരോധനമാണ്​. ബാങ്ക് ജീവനക്കാരിയാ സരിത ഒരു കുടുംബിനിയാണ്. ഭർത്താവ് സുശാന്ത് പിള്ളയും കുഞ്ഞും അടങ്ങുന്നതാണ് അവളുടെ കുടുംബം. അഞ്ചു വർഷത്തോളമായി പറയത്തക്ക ജോലിക്ക് ഒന്നും പോകാതെ, നിസ്സാര കാര്യങ്ങൾക്ക് പോലും ക്ഷോഭിതനാകുന്ന, തന്‍റെ പാഷൻ ആയ സംഗീതത്തെ പോലും തിരിഞ്ഞു നോക്കാത്ത നിസ്സംഗ വ്യക്തിയാണ് സുശാന്ത്. ഇതിൽ നിന്നും വ്യത്യസ്തമായി, ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും അവയൊന്നും സാക്ഷാത്​കരിക്കാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതിൽ വിഷമിക്കുന്ന വ്യക്​തിയാണ്​ സരിത. 

രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നന്നേ പാടുപെടുന്ന കുടുംബമാണ് അവരുടേത്. ഒരിക്കൽ, അപ്രതീക്ഷിതമായി അവർക്ക് അടുക്കളയുടെ ചുവട്ടിലെ പൈപ്പിന്‍റെ ഭാഗത്തുനിന്ന് നിറയെ പണം ലഭിക്കുന്നു. അവിചാരിതമായി തുക ലഭിക്കുന്നതും നോട്ട് നിരോധനവും അവരെ എങ്ങനെ മു​േമ്പാട്ട് നയിക്കുന്നു എന്നതാണ്​ ‘ചോക്​ഡ്​’ പറയുന്നത്​. 2016 നവംബർ 8ന്​ 500,1000 നോട്ടുകൾ നിരോധിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്​ സാധാരണക്കാരുടെ ജീവിതത്തെ വീർപ്പുമുട്ടലിലാക്കിയതി​ന്‍റെ ഇരുണ്ട രാഷ്​ട്രീയം പറയുന്ന സിനിമയെ ഒരു ഡാർക്ക് പൊളിറ്റിക്കൽ സറ്റയർ ആയും വിശേഷിപ്പിക്കാം. കൈയിൽ വന്നെത്തിയ തുകയെ ഒരുവിധത്തിലും ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്ന മനുഷ്യരുടെ മാനസികസംഘർഷങ്ങൾ സംവിധായകൻ വ്യക്തമായി വരച്ചുകാട്ടുന്നു. 

ചിത്രത്തിൽ സരിതയായി അഭിനയിച്ച സയാമി ഖേറിന്‍റെ പ്രകടനം മികച്ചതാണ്. ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിന്‍റെ ഉത്തരവാദിത്തം മുഴുവൻ തലയിൽ കയറ്റേണ്ടി വരുന്ന സ്ത്രീയുടെ മാനസിക സമ്മർദങ്ങൾ അസാമാന്യ രീതിയിലാണ് അവർ ചെയ്തിരിക്കുന്നത്. സുശാന്തിന്‍റെ നിസ്സംഗത റോഷന്‍റെ കൈകളിൽ ഭദ്രമായി. അമൃത സുഭാഷ്, രാജശ്രീ ദേശ്പാണ്ഡെ തുടങ്ങിയ മറ്റു താരങ്ങളും അവരുടെ ഭാഗം മികച്ചതാക്കി. നിഹിത് ഭാവേയുടെ തിരക്കഥയും സിൽവസ്റ്റർ ഫോൺസെക്കയുടെ ഛായാഗ്രഹണവും അഭിനന്ദനമർഹിക്കുന്നു.


 

Loading...
COMMENTS