You are here

ബ്രദേഴ്സ് ഡേ; ആദ്യം ചിരിപ്പിക്കും, പിന്നെ ത്രില്ലടിപ്പിക്കും

brothers-day

കർണൻ, നെപ്പോളിയൻ, ഭഗത് സിങ്... ഇവർ മൂന്നു പേരുമാണ് എൻെറ ഹീറോസ്.' - സെവൻത് ഡേ പോലെ പ്രിഥ്വിരാജിന്റെ മറ്റൊരു അടി- വെടി മാസ് പടം ആണോ ബ്രദേഴ്സ് ഡേ എന്ന് സംശയിച്ചു പോകും തുടക്കത്തിൽ. എന്നാൽ തൊട്ടടുത്ത നിമിഷം മുതൽ കഥ മാറുകയായി. കോട്ടും സൂട്ടുമിട്ട് ചിക്കൻ ഫ്രൈ വിളമ്പാൻ നിൽക്കുന്ന കാറ്ററിങ് തൊഴിലാളിയായ റോണിയെന്ന പ്രിഥ്വിരാജിന്റെ കഥാപാത്രത്തെ കാണുന്നത് മുതൽ കഥയുടെ രസച്ചരട് മുറുകുകയായി. തമാശക്ക് തമാശ, അടിക്ക് അടി, സസ്പെൻസിന് സസ്പെൻസ്. ചേരുവകളെല്ലാം ഒത്തുചേർന്ന ഒരു ക്ലീൻ എന്റർടെയിനറാണ് കലാഭവൻ ഷാജോൺ കഥയെഴുതി സംവിധാനം ചെയ്ത പ്രിഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേ.

ജോയിയുടെ (കോട്ടയം നസീർ) കാറ്ററിങ് സ്ഥാപനത്തിലെ തൊഴിലാളികളാണ്  റോണിയും മുന്നയും (ധർമജൻ). തട്ടിമുട്ടി ജീവിതം മുന്നോട്ട് പോകുന്നതിനിടെ ചാണ്ടി  എന്ന കഥാപാത്രം അവിചാരിതമായി ഇവർക്കിടയിലേക്ക് വരികയാണ്. മദ്യം കണ്ടാൽ മലർന്നു വീഴുന്ന ചാണ്ടി ഉണ്ടാക്കുന്ന പൊല്ലാപ്പുകളിൽ നിന്ന് തലയൂരലായി പിന്നീട് ഇവരുടെ പ്രധാന പണി.

brothers-day-34

ആദ്യ പകുതി 90കളിലെ മോഹൻലാൽ - ജഗതി സിനിമ പോലെ സരസമായി മുന്നോട്ടു പോകുന്നു. എന്നാൽ, ഇടവേളക്ക് ശേഷം സിനിമയാകെ മാറി ഒരു സസ്പെൻസ് ത്രില്ലറിന്റെ സ്വഭാവം കൈവരിക്കുന്നു. പ്രേക്ഷകർക്ക് ഏറെക്കുറേ ഊഹിക്കാവുന്ന ഒരു അവസാനമാണെങ്കിലും ഓരോ ഷോട്ടിലും ഉദ്വേഗം നിലനിർത്താൻ കഴിയുന്നുവെന്നത് സംവിധായകന്റെ വിജയം തന്നെ. കാരക്ടർ റോളുകളും ആക്ഷനും മാത്രമല്ല, തമാശയും തനിക്ക് വഴങ്ങുമെന്ന് ബ്രദേഴ്സ് ഡേയിലൂടെ തെളിയിക്കുകയാണ് പ്രിഥ്വിരാജ്. മികച്ച പിന്തുണയുമായി ധർമജനും വിജയരാഘവനും കോട്ടയം നസീറും ഒപ്പമുണ്ട്. നാല് നായികമാരാണ് ബ്രദേഴ്സ് ഡേയിൽ. പ്രയാഗ മാർട്ടിൻ, ഐശ്വര്യ ലക്ഷ്മി, മിയ, മഡോണ. ഇവരിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്.

വില്ലനായ് എത്തിയ തമിഴ് നടൻ പ്രസന്നയുടെ അഭിനയമാണ് എടുത്തു പറയാനുള്ളത്. ഒരുമിച്ചുള്ള സീനുകൾ വളരെ കുറച്ചേ ഉള്ളൂവെങ്കിലും നായകനോട് കിടപിടിക്കുന്ന അഭിനയമാണ് പ്രസന്ന കാഴ്ചവെച്ചത്. സൈക്കോ വില്ലന്മാരിലെ ഏറ്റവും ഒടുവിലെത്തേതാണ് പ്രസന്നയുടെ സുന്ദരനായ വില്ലൻ കഥാപാത്രം.ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ സിനിമക്ക് മുതൽക്കൂട്ടാണ്. എന്നാലും പത്ത് പേരെ ഒറ്റക്ക് ഇടിച്ചിടുന്ന നായകസങ്കൽപത്തിന് മാറ്റമൊന്നുമില്ല. പ്രിഥ്വിരാജും ധർമജനും വിജയരാഘവനും ചേർന്നുള്ള തമാശകൾ ചിരിക്ക് വക നൽകും. കോട്ടയം നസീറിന് കാരക്ടർ റോൾ ലഭിച്ചുവെന്നതും ശ്രദ്ധേയം.

brothers-day-54

പ്രിഥ്വിരാജിന് സിനിമയ്ക്കകത്തും ലഭിച്ചുകൊണ്ടിരിക്കുന്ന താരപരിവേഷത്തിൽ നിന്നൊരു മോചനമാണ് ബ്രദേഴ്സ് ഡേ. കോട്ടിട്ട് കണ്ണട വെച്ച് മാസ്സായി കാണിക്കുന്ന റോണിയെ കാറ്ററിങ് തൊഴിലാളിയാക്കി തുടക്കത്തിലേ സംവിധായകൻ നയം വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്നതിൽ നായകന് പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്നതും പ്രിഥ്വിരാജിൻെറ കഥാപാത്രത്തെ സാധാരണക്കാരനായി നിലനിർത്തുന്നു.

 ആദ്യ സംവിധാന സംരംഭം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നതാക്കി മാറ്റിയതിൽ കലാഭവൻ ഷാജോണിന് അഭിമാനിക്കാം. വിരസതയില്ലാതെ നീളുന്ന കഥപറച്ചിൽ ഷാജോണിന്റെ സിനിമ അനുഭവസമ്പത്തിന്റെ തെളിവാണ്. ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമയുടെ നിർമാണം. കഥയും തിരക്കഥയും സംവിധായകന്റേത് തന്നെയാണ്. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം. മൂന്നാറിൻെറയും ഫോർട്ട് കൊച്ചിയുടെയും സൗന്ദര്യം മനോഹരമായി പകർത്താൻ ജിത്തു ദാമോദരന്റെ കാമറക്ക് കഴിഞ്ഞിട്ടുണ്ട്

Loading...
COMMENTS