You are here

കാമ്പും ഉശിരുമുള്ള അയ്യപ്പനും കോശിയും -REVIEW

തിരക്കഥാകൃത്ത് എന്ന നിലയിൽ നിന്നും സംവിധായക കുപ്പായമണിഞ്ഞുള്ള സച്ചിയുടെ അരങ്ങേറ്റമായിരുന്നു ‘അനാർക്കലി’ എന്ന ചിത്രം. പൃഥ്വിരാജ് -ബിജുമേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ ഹിറ്റായിരുന്നു. ആ കൂട്ടുകെട്ടിനെ സച്ചി എങ്ങിനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നുവെന്ന ആകാംക്ഷയാണ് അയ്യപ്പനും കോശിയുമെന്ന ചിത്രത്തിലെത്തുമ്പോൾ പ്രേക്ഷകന് ഉണ്ടായിരുന്നത്. ആകാംക്ഷയെ മറികടക്കാൻ സച്ചിക്കായി എന്നത് തന്നെയാണ് ആദ്യം പറയേണ്ടത്. 

Image may contain: 2 people, outdoor and nature

വില്ലനും നായകനും ആരെന്ന് കൃത്യമായി പറയാതെ ആ തീരുമാനം പ്രേക്ഷകന് വിട്ടുകൊടുത്ത് ഇരുകഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലൂടെ മുന്നേറുന്ന ചിത്രം തന്നെയാണ് അയ്യപ്പനും കോശിയും. ഏറെ സമയമെടുത്താണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതെന്ന സച്ചിയുടെ വാദം സിനിമയുടെ ചടുലത ന്യായീകരിക്കുന്നുണ്ട്. ടൈറ്റിലുള്ള അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജുമാണ് വേഷമിട്ടത്. മലയാള സിനിമ അധികം കാമറ വെച്ചിട്ടില്ലാത്ത പാലക്കാട് അട്ടപ്പാടി മേഖലയിലാണ് കഥയുടെ സിംഹഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. കഥപറയാനായി അട്ടപ്പാടി മേഖലയെത്തന്നെ സച്ചി ബോധപൂർവ്വം തെരഞ്ഞെടുത്തു എന്ന് വേണം കരുതാൻ.

എല്ലാ പ്രിവില്ലേജുകളും കേരള കോൺഗ്രസ് പശ്ചാത്തലവും ആണഹങ്കാരവും ഒത്തിണങ്ങിയ എക്സ് മിലിട്ടറി കൂടിയായ ടിപ്പിക്കൽ അച്ചായൻ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കോശി. ബിജുമനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായർ നേർ വിപരീതമാണ്. സ്വത്വം പോലും പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്ന മണ്ണിൽ നിന്നും തീപോലെ കുരുത്ത വ്യക്ത്വിത്വമാണ് അയാളുടേത്. പൊലീസിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന അയാൾക്ക് വന്യമായ സ്നേഹവും പകയും കാണാം. 

Image may contain: 3 people, people sitting, beard and outdoor

വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള അയ്യപ്പനും കോശിക്കും പരസ്പരമുള്ള ഏക സാമ്യത തോൽക്കാനില്ലാത്ത മനസ്സും പോരാട്ടങ്ങളിൽ സൂക്ഷിക്കുന്ന നെറിയുമാണ്. 
ഒരുരാത്രിയിൽ അട്ടപ്പാടി വനമേഖല കടന്നെത്തുന്ന കോശിയെ എസ്.ഐ അയ്യപ്പൻ കസ്റ്റഡിയിലെടുക്കുന്നതോടെ അവർ തമ്മിലുള്ള നേർ യുദ്ധം ആരംഭിക്കുന്നു. മണ്ണിനെയും മനുഷ്യനെയും അറിയുന്ന  അയ്യപ്പനെന്ന കരുത്തനും പ്രിവില്ലേജുകളും ആൺഹുങ്കുമുള്ള കോശിയും ഏറ്റുമുട്ടുമ്പോൾ ആരുജയിക്കും എന്നതിന്റെ ഉത്തരമാണ് സിനിമ തേടുന്നത്.

മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുണ്ടായിട്ടുകൂടി വിരസതയിലേക്ക് വഴിമാറാതെ ചൂടും ചൂരുമുള്ള ദൃശ്യങ്ങൾ തന്നതിന് സംവിധായകൻ സച്ചി കയ്യടി അർഹിക്കുന്നു. അതിസൂക്ഷമമായ നിരീക്ഷണങ്ങളിലൂടെ ഒരുക്കിയ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും രാഷ്ട്രീയ ചിത്രങ്ങളും നിറഞ്ഞ തിരക്കഥ തന്നെയാണ് സിനിമയുടെ ഇന്ധനം. 

Image may contain: 4 people, people standing, beard and outdoor

മാസ് ചേരുവകൾ ആവോളമുണ്ടായിട്ടും സെമി റിയലിസ്റ്റിക് രീതിയിലാണ് സിനിമ ചലിക്കുന്നത്. എസ്.ഐ അയ്യപ്പൻ നായർ ബിജുമേനോന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകുമ്പോൾ കോശിയായി മറുവശത്ത് പൃഥ്വിയും  നിറഞ്ഞാടി.  ആദിവാസി സ്ത്രീയായ കണ്ണകിയായെത്തിയ 
ഗൗരി നന്ദയാണ് സിനിമയിലെ എടുത്തുപറയേണ്ട സ്ത്രീകഥാപാത്രം. മികച്ച സ്ക്രീൻ പ്രസൻസ് നേടാനായി ഗൗരിനന്ദ സിനിമയുടെ വീര്യമേറ്റി.
രഞ്ജിത്തിന്‍റെ കുര്യണ്‍ ജോണ്‍, പൊലീസുകാരായി വേഷമിട്ട അനില്‍ നെടുമങ്ങാട്,  അനു മോഹൻ എന്നിവരും തങ്ങളുടെ വേഷം ഗംഭീരമാക്കി.

ജേക്സ് ബിജോയിയുടെ സംഗീതവും സുദീപ് ഇളമണിന്‍റെ ക്യാമറയും സിനിമയുടെ മൂഡിനൊപ്പം പ്രേക്ഷകരെ ചേർത്തുനിർത്തുന്നതാണ്.
ചെറിയ വീഴ്ചയുണ്ടായാൽ പതറിപ്പോകുമായിരുന്ന കഥയെ കാമ്പുള്ള കാഴ്ചകളും ഉശിരുള്ള സംഭാഷണങ്ങളും നൽകി ജീവസുറ്റതാക്കിയതിന് പിന്നിൽ സച്ചിയുടെ തിരക്കഥയുടെ ഉൾകാമ്പ് തന്നെയാണ്. വീറും വീര്യവുമുള്ള ആൺപോരാട്ടങ്ങൾക്കിടയിലും രാഷ്ട്രീയമായി ശരിയാകാൻ ശ്രമിച്ച
ഈ സിനിമ കണ്ടിരിക്കേണ്ട ഒന്നുതന്നെയാണ്.

 

LATEST VIDEO:

Loading...
COMMENTS