Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightറിയലിസ്റ്റിക് ഹീറോ...

റിയലിസ്റ്റിക് ഹീറോ ബിജു

text_fields
bookmark_border
റിയലിസ്റ്റിക് ഹീറോ ബിജു
cancel

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍  വ്യത്യസ്തത പുലര്‍ത്തുന്ന നടനാണ് നിവിന്‍ പോളി. അദ്ദേഹത്തിന്‍്റെ ചിത്രത്തിന്‍്റെ വിജയ രഹസ്യവും ഈ ഫോര്‍മുലയായിരുന്നുവെന്ന് നിവിന്‍ പോളി സിനിമകളുടെ പട്ടിക എടുത്ത് നോക്കിയാല്‍ മനസിലാകും. ഓരോ ചിത്രത്തിലും വ്യത്യസ്തത പുലര്‍ത്താനുള്ള ആ താരത്തിന്‍്റെ ശ്രമങ്ങളെ അഭിനന്ദിച്ചേ മതിയാകൂ, പ്രത്യേകിച്ചും പ്രേമം എന്ന ചിത്രം ഉണ്ടാക്കിയ വലിയ വിജയവും താരപരിവേഷവും അദ്ദേഹത്തിന്‍്റെ സിനിമാ തെരഞ്ഞെടുപ്പുകളെ ബാധിച്ചില്ല എന്ന് ആക്ഷന്‍ ഹീറോ ബിജു എന്ന് വിളിച്ചു പറയുന്നു. 

പ്രേമം പുറത്തിറങ്ങി ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു നിവിന്‍ പോളി ചിത്രം പ്രേക്ഷകരിലത്തെുന്നത്. കോമഡിയില്‍ കോര്‍ത്തിണക്കിയ കൊമേഷ്യല്‍ എന്‍ടെടെയ്നറാകും ചിത്രം എന്ന കണക്ക് കൂട്ടലിനെ തെറ്റിച്ച് തീര്‍ത്തും റിയലിസ്റ്റിക്കായി ഒരുക്കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എ റൈഡ് വിത്ത് എ പൊലീസ് ഓഫീസര്‍ എന്ന ടാഗ്ലൈന്‍ പോലെ തന്നെയായിരുന്നു ചിത്രം. ഒരു പൊലീസുകാരനോപ്പം അയാളുടെ ലോകത്തിലൂടെയുള്ള ചെറിയ യാത്ര.  പൊലീസ് സ്റ്റേഷനും, കുറ്റവാളികളും, പരാതിക്കാരും, ജയിലും മാത്രമായ ഒരാളുടെ മാനസിക സംഘര്‍ഷങ്ങള്‍ നിവിന്‍്റെ കൈയ്യില്‍ ഭദ്രമായിരുന്നു. പ്രേമത്തിന്‍്റെ വന്‍വിജയവും സംസ്ഥാന പുരസ്കാരവും നേടിയ നിവിന്‍ പോളിക്ക് വേണമെങ്കില്‍ ഹീറോ പരിവേഷമുള്ള ചിത്രത്തിലൂടെ ആരാധകരെ തൃപ്തിപ്പെടുത്താമായിരുന്നു. എന്നാല്‍ വ്യത്യസ്തതയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എത്ര വിജയം കൈവന്നാലും തന്‍്റെ ഫോര്‍മുലയില്‍ മാറ്റമുണ്ടാകില്ളെന്നും ഈ ചിത്രത്തിലൂടെ താരം തെളിയിച്ചു. 

ന്യുജനറേഷന്‍ സംവിധായകര്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അവര്‍ സിനിമയില്‍ പുതുവഴി വെട്ടുന്നവരാണ്. തങ്ങളുടെ ഓരോ ചിത്രങ്ങളും മുന്‍ചിത്രങ്ങളുടെ ഫോര്‍മാറ്റാവാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. സംവിധായകന്‍ എബ്രിഡ് ഷൈനും ആ ന്യൂജന്‍മാരില്‍ ഉള്‍പ്പടുന്നു. വിജയവും നിരൂപകശ്രദ്ധയും നേടിയ 1983ല്‍ നിന്നും പുതുമയുമുണ്ട് ഈ പൊലീസ് കഥക്ക്. മലയാള സിനിമ ഇതുവരെ പറഞ്ഞുവന്ന പൊലീസുകാരനല്ല എസ്.ഐ ബിജു. അയാള്‍ ജനമൈത്രി സ്റ്റേഷനിലെ സാധാരണ പൊലീസുകാരനാണ്. സാധാരണക്കാരന്‍്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥനാണ് താനെന്ന് ഉറച്ചു വിശ്വസിക്കുന്ന അയാള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പിറകെ നെട്ടോട്ടമോടുകയാണ്. രാത്രിയെന്നോ പകലെന്നോ നോക്കാതെ കര്‍മനിരതനായ അയാള്‍ കുടുംബജീവിതത്തിന് പോലും രണ്ടാം സ്ഥാനമാണ് നല്‍കുന്നത്. വിറപ്പിക്കേണ്ടവരെ വിറപ്പിച്ചും ചിരപ്പിക്കേണ്ടവരെ ചിരിപ്പിച്ചും നമുക്ക് ചുറ്റും കാണുന്ന പൊലീസുകാരില്‍ ഒരുവനാകുന്നു അയാള്‍. 

രാഷ്ട്രീയക്കാരെ തെറി വിളിക്കുന്ന, ഇംഗ്ളീഷ് ഡയലോഗുകള്‍ മാത്രം സംസാരിക്കുന്ന, ലോകത്തിലെ സകല തിന്മക്കും കാരണക്കാരനായ ഒരു വില്ലനെ മാത്രം തേടുന്ന, അമാനുഷിക കഴിവുള്ള പൊലീസുകാര്‍ക്കിടയിലേക്ക് സധൈര്യം കടന്നുവന്ന ബിജു പൊളിച്ചെഴുതിയത് മലയാള സിനിമയിലെ സ്ഥിരം പൊലീസ് കഥാപാത്രങ്ങളെയാണ്. ഒരര്‍ഥത്തില്‍ മലയാള സിനിമയിലെ പൊലീസിനെ ജനമൈത്രി പൊലീസാക്കുകയാണ് ബിജു ചെയ്തത്. സിനിമ കാണുമ്പോള്‍ രണ്ടുമണിക്കൂര്‍ നിങ്ങള്‍ പൊലീസ് സ്റ്റേഷനിലായിരിക്കും. ഒരു യഥാര്‍ത്ഥ പൊലീസ് സ്റ്റേഷനിലെ അമാനുഷികരല്ലാത്ത പൊലീസുകാരെയും അധോലോക നായകരല്ലാത്ത ഗുണ്ടകളെയും കാണും. സ്റ്റേഷനിലേക്കത്തെുന്ന ഓരോ പരാതിയും നിങ്ങളുടെ ചുറ്റുപാടുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതും പരാതിക്കാരും കുറ്റവാളികളും നിങ്ങള്‍ക്ക് പരിചയമുള്ളവരുമായി തോന്നുമെന്നത് തന്നെയാണ് ചിത്രത്തിന്‍്റെ എടുത്ത് പറയേണ്ട പ്രത്യേകത. കടിച്ചാല്‍ പൊട്ടാത്ത ഡയലോഗ് പറയുന്ന, പത്തുപേരെ അടിച്ചിടുന്ന നിവിന്‍ പോളിയെ കാണാന്‍ പോകുന്നവര്‍ക്ക് നിരാശമാത്രമായിരിക്കും ഫലം. 

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ രാജീവ് രവിയാണ് മലയാളത്തിന് റിയലിസ്റ്റിക് സിനിമയെ സമ്മാനിക്കുന്നത്. അന്നയും റസൂലും കൊണ്ടുവന്ന പരിചരണ രീതിയെ ഈ ചിത്രം പിന്‍പറ്റുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമൂടിന്‍്റെയും മേഘനാഥിന്‍്റെയും അഭിനയ പ്രകടനം അക്ഷരാര്‍ഥത്തില്‍ കാണികളെ അമ്പരപ്പിച്ചു. കോമഡി മാത്രമല്ല, ഏത് വേഷവും തന്‍്റെ കൈയ്യില്‍ ഭദ്രമായിരിക്കുമെന്ന് അദ്ദേഹം ചിത്രത്തിലൂടെ തെളിയിച്ചു. പുതുമുഖ താരങ്ങളും ജോജുവും തന്‍്റെ ഭാഗങ്ങള്‍ ഭംഗിയാക്കി. അതില്‍ തന്നെ നാടന്‍ പാട്ട് പാടുന്ന കള്ളുകുടിയന്‍്റെ വേഷത്തിലത്തെിയ പുതുമുഖം സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങിയാലും ജെറി അമല്‍ദേവിന്‍്റെ സംഗീതം മനസില്‍ കുളിര്‍മഴ പെയ്യിക്കുമെന്നതില്‍ സംശയമില്ല. 

അതേസമയം, മലയാളീ പൊതുബോധത്തെ സിനിമ അതുപോലെ പിന്തുടരുന്നുവെന്ന് പറയേണ്ടി വരും. ക്രിമിനലുകളും ഗുണ്ടകളുമെല്ലാം കറുത്തവര്‍ മാത്രമാകുന്നതെന്തുകൊണ്ട്, കോളനികളിലെ കറുത്ത സ്ത്രീകളെയും പ്രണയിക്കുന്നത് തെറ്റാണോ, അവര്‍ മാത്രമേ ഭര്‍ത്താവിനെ വിട്ട് വേലി ചാടൂ, ബോബ് മാര്‍ലിയുടെ ആരാധകര്‍ കഞ്ചാവിന്‍്റെ അടിമകളാകുമോ, ഫ്രീക്കന്‍മാര്‍ കോമളികളാണോ എന്ന നിരവധി ചോദ്യങ്ങള്‍ ചിത്രത്തിന്‍്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നേരെ ഉയര്‍ന്നേക്കാക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ACTION HERO BIJU
News Summary - action hero biju
Next Story