ആരാധകന് വേണ്ടി കേരളത്തിന് നൽകിയത് ഒരു കോടി; പ്രളയസമയത്ത് മനംകവർന്ന സുഷാന്ത്
text_fieldsകോഴിക്കോട്: കേരളം പ്രളയക്കെടുതിയിലായിരുന്ന സമയത്ത് മലയാളികളുടെ മനസ് നിറച്ച ഒരു സംഭവമുണ്ടായി. ബോളിവുഡിൽ നിന്ന് നിരവധി പ്രമുഖ താരങ്ങൾ കേരളത്തിന് വേണ്ടി സാമ്പത്തിക സഹായമഭ്യർഥിക്കുകയും സഹായം നൽകുകയും ചെയ്യുന്ന സാഹചര്യമായിരുന്നു അത്. ആ സമയത്ത് താരതമ്യേന രണ്ടാം നിര നായകനായിരുന്ന സുഷാന്ത് സിങ് കേരളത്തിന് ഒരു കോടി രൂപയാണ് സഹായമായി നൽകിയത്. ഇത് വലിയ വാർത്തയാവുകയും ചെയ്‍തു. ഒരു ആരാധകന് വേണ്ടിയായിരുന്നു സുഷാന്ത് അത്രയും വലിയ തുക കേരളത്തിന് നൽകിയത്.
സുഷാന്ത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകനായ ശുഭം രഞ്ജൻ കമൻറായി അറിയിക്കുകയായിരുന്നു. ‘പ്രളയദുരിതത്തില്‍ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എെൻറ കയ്യില്‍ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും...? പറയൂ...? എന്നായിരുന്നു ആരാധകൻ ചോദിച്ചത്.
ഉടൻ തന്നെ സുശാന്ത് സിങ്ങിെൻറ മറുപടിയുമെത്തി. താങ്കളുടെ പേരില്‍ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന് ഉറപ്പാക്കുമെന്നുമായിരുന്നു സുശാന്ത് പറഞ്ഞത്. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് ഒരു കോടി രൂപ അയച്ചു. അതിെൻറ ഫോട്ടോ ഷെയര്‍ ചെയ്തതിനോടൊപ്പം സുഷാന്ത് ആരാധകന് നന്ദി അറിയിക്കുകയും ചെയ്‍തു.

‘പ്രിയപ്പെട്ട സുഹൃത്തെ, നിങ്ങള്‍ക്ക് വേണ്ടി പറഞ്ഞ കാര്യം ചെയ്‍തു. എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് താങ്കളാണ്. നിങ്ങളെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അത്യാവശ്യമുള്ള സമയത്താണ് നിങ്ങള്‍ അത് ചെയ്യിപ്പിച്ചത്. ഒരുപാട് സ്നേഹം’- സുശാന്ത് കൂട്ടിച്ചേർത്തു.
