കോടമ്പാക്കത്തി​ന്‍െറ സ്വന്തം ലേഖകൻ

  • കോടമ്പാക്കത്തി​ന്‍െറ സിനിമ വിശേഷങ്ങൾ വാർത്തകളാക്കിയ ഫിലിം ജേർണലിസ്​റ്റ്​ ഹരി നീണ്ടരയെക്കുറിച്ച്​ കോടമ്പാക്കം കഥകളിൽ

ഹരി നീണ്ടകരയിലൂടെയായിരുന്നു ഒരുകാലത്ത്​ മലയാളികൾ കോടമ്പാക്കത്തെ സിനിമവിശേഷങ്ങൾ അറിഞ്ഞിരുന്നത്​

ദൃശ്യമാധ്യമങ്ങള്‍ സജീവമാകുന്നതു മുമ്പ് ചലച്ചിത്ര വാരികകളിലൂടെയാണ് അന്നത്തെ യുവതലമുറ  സിനിമാ വിശേഷങ്ങളും താരവിശേഷങ്ങളും വായിച്ചറിഞ്ഞിരുന്നത്. 1970 മുതല്‍ കോടമ്പാക്കത്തെ സിനിമാ വിശേഷങ്ങള്‍ ചൂടോടെ വായിച്ചറിയാന്‍ മലയാളി ആശ്രയിച്ചിരുന്നത് ഹരി നീണ്ടകര എന്ന ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്‍െറ കുറിപ്പുകളാണ്. പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വാര്‍ത്തകള്‍ക്കൊപ്പം വിവിധ ഷൂട്ടിംഗ് സ്റ്റില്ലുകളും ഹരി നീണ്ടകര നല്‍കിയിരുന്നു. മറ്റൊരു സിനിമ പോലെ കൺമുന്നിൽ കാണുന്ന കണക്ക്​ വായനക്കാരനെ അനുഭവിക്കുന്നത്ര ചടുലമായിരുന്നു ഹരിയുടെ ചലച്ചിത്ര വിശേഷങ്ങളും ഭാഷാ പ്രയോഗങ്ങളും. ക്ലബ്ബുകളിലും വായനശാലകളിലും കാമ്പസുകളിലും മാത്രമല്ല, ബാർബൾ ഷോപ്പുകളിലും ചായക്കടകളിലും വരെ ചലച്ചിത്രാസ്വാദന - വിമര്‍ശന ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നത്​ ഹരി നീണ്ടകരയുടെ വാര്‍ത്തകളുടെ വെളിച്ചത്തിലായിരുന്നു. ചലച്ചിത്ര മാധ്യമരംഗത്ത് നിരവധിപേർ ഉണ്ടായിരുന്നെങ്കിലും ഹരി നീണ്ടകര തന്നെയായിരുന്നു സൂപ്പര്‍ സ്റ്റാര്‍.

യേശുദാസ്​, ഹരി നീണ്ടകര, മങ്കൊമ്പ്​ ഗോപാലകൃഷ്​ണൻ, എം.എസ്​. വിശ്വനാഥാൻ - ഒരു പഴയകാല ചിത്രം
 

മലയാള മനോരമ വാരിക, തനിനിറം, കൗമുദി, ദേശാഭിമാനി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളുടെ ഏജൻറായി പ്രവര്‍ത്തിച്ചിരുന്ന കാലത്തു മുതലേ ഹരി വാര്‍ത്തകളും ലേഖനങ്ങളും എഴുതിയിരുന്നു. 1970 ല്‍ തന്‍െറ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കാനായി കോടമ്പാക്കത്തിന്‍െറ ചില്ലയിൽ ചേക്കേറിയതോടെ കെ. സുകുവിന്‍െറ ‘അനന്തശയനം’ എന്ന ചിത്രത്തിന്‍െറ വാര്‍ത്തകള്‍ എഴുതിക്കൊണ്ട് ഹരി നീണ്ടകര ഫിലിം ജേര്‍ണലിസ്റ്റായി തുടക്കം കുറിച്ചു. 1964 ല്‍ കൊല്ലത്തും പരിസരത്തുമായി ചിത്രീകരിച്ച ‘ഓടയില്‍ നിന്ന്’ എന്ന ചിത്രത്തെക്കുറിച്ച്​ എഴുതിയ  മുന്‍പരിചയം മാത്രമായിരുന്നു ഹരിയുടെ ആത്​മവിശ്വാസം. തുടര്‍ന്ന് ആർ.എസ്​ പ്രഭുവിന്‍െറ മിക്കവാറും ചിത്രങ്ങളിലും ഹരി പ്രവര്‍ത്തിച്ചു. ഐ.വി. ശശി, പി.ജി. വിശ്വംഭരന്‍, പുരുഷന്‍ ആലപ്പുഴ, തമ്പി കണ്ണന്താനം തുടങ്ങിയ നിരവധി സംവിധായകരുടെ ചിത്രങ്ങള്‍ക്ക് പബ്ലിസിറ്റി നിര്‍വഹിച്ചുകൊണ്ട് തന്‍െറ പ്രവര്‍ത്തന മേഖല അദ്ദേഹം വിപുലീകരിച്ചു. ചില ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനാകാനും ഹരിക്കു കഴിഞ്ഞിട്ടുണ്ട്. ചിത്രകൗമുദി, സിനിരമ, മഹിളാരത്‌നം, മലയാളനാട്, ഫിലിംനാദം, കലാകൗമുദി, ഫിലിം മാഗസിന്‍, വെള്ളിനക്ഷത്രം, ചിത്രഭൂമി തുടങ്ങി നിരവധി മാധ്യമങ്ങള്‍ക്കു വേണ്ടി ഹരി എഴുതി. 

ജേസി അവാർഡ്​ വേദിയിൽ മമ്മൂട്ടിക്കൊപ്പം
 

 പ്രൊഡക്ഷന്‍ ഓഫീസുകളില്‍ നിന്നു നല്‍കുന്ന കഥാസാരവും പേരുവിവരങ്ങളും അടങ്ങുന്ന കുറിപ്പുകളെ ആധാരമാക്കിയായിരുന്നു അന്നൊക്കെ ചലച്ചിത്ര വാര്‍ത്തകൾ പുറത്തു വന്നിരുന്നത്. എന്നാല്‍, ലൊക്കേഷനില്‍ ചെന്ന് നേരിട്ട് ഫോട്ടോകള്‍ എടുത്ത് ഉചിതമായ വാര്‍ത്തകളും വിശേഷങ്ങളും അടിക്കുറിപ്പുകളും നല്‍കുകയായിരുന്നു ഹരിയുടെ ശൈലി. ലൊക്കേഷനില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചെറിയ ചെറിയ വിശേഷങ്ങളും കൗതുകങ്ങളും ഹരി പ്രത്യേകം റിപ്പോര്‍ട്ട് ചെയ്തതോടെ ചലച്ചിത്ര വാര്‍ത്തകള്‍ക്ക് പുതുമയും സ്വാരസ്യവും വർധിച്ചു. ഒരിക്കല്‍, മദിരാശിയിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ സംവിധായകനെ മറികടന്ന് താരങ്ങള്‍ക്ക് നിർദേശം നല്‍കുന്ന മമ്മൂട്ടിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തി ഹരി യാത്രയായപ്പോള്‍ മമ്മൂട്ടി പിറകേ ഓടിവന്ന് ‘ആശാനേ, ആ പടം കൊടുത്തേക്കല്ലേ...’ എന്ന് അഭ്യര്‍ത്ഥിച്ചു. മമ്മൂട്ടിയുടെ വാക്കുകള്‍ മാനിച്ച് ഹരി ആ ഫോട്ടോ ഉപയോഗിച്ചില്ല. പക്ഷേ, പിന്നീട് ലൊക്കേഷനില്‍ എത്തുന്ന ഹരിയുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

സിബി മലയിലിൽ നിന്നും ഫെഫ്​ക പുരസ്​കാരം സ്വീകരിക്കുന്ന ഹരി നീണ്ടകര
 


 നേരിട്ട് ബോധ്യപ്പെടുന്ന വാര്‍ത്തകള്‍ മാത്രമാണ് ഹരി റിപ്പാര്‍ട്ട് ചെയ്തിരുന്നത്. ഊഹാപോഹങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ശൈലി ഹരി ഒരിക്കലും അനുവര്‍ത്തിച്ചിരുന്നില്ല. നടീനടന്മാര്‍ക്കൊപ്പം സംഗീത വിഭാഗവും സാങ്കേതിക വിഭാഗവും ഹരിയുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ദേവരാജന്‍ മാസ്റ്റര്‍, ചിദംബരനാഥ്, എ.ടി. ഉമ്മര്‍, കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, രാജാമണി, യേശുദാസ്, അമ്പിളി, സേതുമാധവന്‍, ശ്രീകുമാരന്‍ തമ്പി, എന്‍.ശങ്കരന്‍ നായര്‍, ആർ.എസ്​ പ്രഭു, തമ്പി കണ്ണന്താനം, രാജശേഖരന്‍ തുടങ്ങിയവരുമായി ഹരിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായതും അങ്ങനെയാണ്. ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ ‘പ്രമദവനം വീണ്ടും...’ എന്ന ഗാനത്തെ ഹരി തന്‍െറ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വിശേഷിപ്പിച്ചു - ‘രവീന്ദ്ര സംഗീതത്തിന്‍െറ അനുസ്യൂത പ്രവാഹം...’ തുടര്‍ന്ന് മറ്റു വാര്‍ത്താ ലേഖകരും ‘രവീന്ദ്ര സംഗീതം’ എന്നു പ്രയോഗിക്കാന്‍ തുടങ്ങി. 

തമിഴ്​ നടൻ സൂര്യയ്​ക്കൊപ്പം ഹരി നീണ്ടകര
 

 വാര്‍ത്തയില്‍ സൃഷ്ടിക്കുന്ന കൗതുകവും പുതുമയും വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ തമിഴ് മാധ്യമങ്ങളും ഹരിയുടെ സേവനം തേടി. കമലഹാസന്‍െറ മലയാള ചിത്രങ്ങളിലെ അനുഭവങ്ങള്‍ അങ്ങനെയാണ് തമിഴകത്ത് പ്രശസ്തമായത്. ഹരിയെ ഇപ്പോഴും കമല്‍ നന്ദിപൂര്‍വം സ്മരിക്കുന്നതും അതിനാലാണ്. വിവിധ പത്രങ്ങള്‍ക്ക് ഒരേ വാര്‍ത്ത നല്‍കുന്ന രീതി ഉപേക്ഷിച്ച് വിവിധ ഫോട്ടോകളും വ്യത്യസ്തങ്ങളായ വാര്‍ത്തയും ഹരി നല്‍കി. ‘നാന’യ്ക്കു വേണ്ടിയാണ് അധികകാലവും പ്രവര്‍ത്തിച്ചത്. ഹരി, കെ.പി ഹരി, എച്ച്​.എൻ, ഹരി.  എന്‍ എന്നിങ്ങനെ പല പേരുകളില്‍ പല മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നല്‍കിയെങ്കിലും ‘ഹരി നീണ്ടകര’ എന്ന പേര് കേരളത്തില്‍ അങ്ങോളമിങ്ങോളം ശ്രദ്ധിക്കപ്പെട്ടത് ‘നാന’യ്ക്കു വേണ്ടി പ്രവര്‍ത്തിച്ച കാലഘട്ടത്തിലാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

തമിഴ്​ നടൻ കാർത്തിക്കിനൊപ്പം ഹരി നീണ്ടകര
 

പ്രൊഡക്ഷന്‍ ഓഫീസുകളിലെ വാര്‍ത്തകളും ഒപ്പം ലഭിക്കുന്ന ചെറിയ പ്രതിഫലവും ഹരി സ്വീകരിച്ചിരുന്നില്ല. ‘ആ ചെറിയ തുക സ്വീകരിക്കുന്നതോടെ നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാകും. പിന്നീട് അവരുടെ താല്‍പര്യത്തിനനുസരിച്ച് നമ്മള്‍ വാര്‍ത്തകള്‍ കൊടുക്കേണ്ടി വരും..’  അതായിരുന്നു ഹരിയുടെ നിലപാട്​. അതുകൊണ്ടുതന്നെ ഹരിക്ക് തന്‍െറ വ്യക്തിത്വം ഏതെങ്കിലും നിര്‍മ്മാതാവിന്‍െറയോ സൂപ്പര്‍സ്റ്റാറിന്‍െറയോ മുന്നില്‍ പണയപ്പെടുത്തേണ്ടി വന്നിട്ടുമില്ല. പത്രം ഓഫീസില്‍ നിന്നുള്ള തുഛമായ വരുമാനമായിരുന്നു ഹരിക്കു ലഭിച്ചിരുന്ന പ്രതിഫലം. പണം ഉണ്ടാക്കാനുള്ള കുറുക്കുവഴികളിലൊന്നും അദ്ദേഹം സഞ്ചരിച്ചില്ല. സിനിമാ മോഹവുമായി കോടമ്പാക്കത്തെത്തുന്ന ഭാഗ്യാന്വേഷികളെ വ്യാമോഹിപ്പിച്ച് കബളിപ്പിക്കുന്ന സംഘങ്ങള്‍ അക്കാലത്ത് സജീവമായിരുന്നു. ഇത്തരം സംഘങ്ങളുടെ വലയില്‍ അകപ്പെടരുതെന്ന്, തന്നെ സമീപിക്കുന്നവര്‍ക്ക് ഹരി കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചവറ വി.പി. നായരുടെ മക്കളായ കലാരഞ്ജിനി, കല്‍പന, കവിത (ഉര്‍വശി) എന്നീ താരങ്ങളുടെ തുടക്കകാലത്ത് ഏറെ പ്രോത്സാഹനം നല്‍കാന്‍ ഹരിക്കു കഴിഞ്ഞിട്ടുണ്ട്. ബേബി ശാലിനിയുടെയും വാണി വിശ്വനാഥിന്‍െറയും തുടക്കകാലവും ഹരിയുടെ റിപ്പോര്‍ട്ടിംഗിലൂടെ ശ്രദ്ധേയമായിരുന്നു. ഹരിയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ള മിക്കവരും വളര്‍ന്നു കഴിഞ്ഞ് ആ ഓര്‍മകള്‍ സൂക്ഷിക്കുന്നതു വിരളമാണെന്ന് ഹരി പറയുന്നു. ആദ്യകാലത്തൊക്കെ ‘എന്താ ഹരിയേട്ടാ, വീട്ടിലേക്കൊന്നും കാണുന്നില്ലല്ലോ..’ എന്നു ചോദിച്ചിട്ടുള്ളവര്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ വീട്ടിന്‍െറ മുന്നിലെത്തിയാലുടന്‍ ‘എന്താ വന്നത്..?’ എന്നു ചോദിച്ചിട്ടുണ്ട്. ലാഭേച്ഛയില്ലാത്ത പത്രപ്രവര്‍ത്തകനായതു കൊണ്ട് ഇത്തരം അനുഭവങ്ങളില്‍ ഹരിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ല.
‘സഹപ്രവര്‍ത്തകരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന പ്രേംനസീറിനെപ്പോലെ ഒരു മഹദ്‌വ്യക്തിത്വത്തെ ഞാന്‍ വേറെ കണ്ടിട്ടില്ല..’ ഹരി ഓർമിക്കുന്നു. ഒരു തവണയെങ്കിലും ഹരി നീണ്ടകരയുടെ റിപ്പോര്‍ട്ടിംഗിനു വിഷയമാകാത്ത ആരും അക്കാലത്ത് മലയാള സിനിമയില്‍ ഉണ്ടായിരുന്നില്ല. കുറെ നല്ല സൗഹൃദങ്ങളല്ലാതെ സാമ്പത്തികനേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ ഇതുവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമില്ല. മുണ്ട് മടക്കിക്കുത്തി എവിടെയും കയറിച്ചെല്ലുന്ന ഹരിയെ ‘അഹങ്കാരി’ എന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും നിരുപദ്രവകാരിയും ശുദ്ധനുമാണെന്നു മനസ്സിലായതോടെ അവര്‍ തിരുത്തി  -
‘ഹരി അങ്ങനെയാണ്..’

ചലച്ചിത്ര മാധ്യമരംഗത്തെ ദീര്‍ഘകാല സേവനങ്ങള്‍ തിരിച്ചറിഞ്ഞ പ്രമുഖ ചാനലുകള്‍ ഹരിയുടെ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ മുന്നോട്ടു വന്നു. ഏഷ്യാനെറ്റിന്‍െറ കണ്ണാടിയുടെ 100 ാം എപ്പിസോഡിലായിരുന്നു ഹരിയുടെ ആദ്യത്തെ അഭിമുഖം പ്രത്യക്ഷപ്പെട്ടത്. പില്‍ക്കാലങ്ങളില്‍ ഇന്ത്യാ വിഷന്‍, ജീവന്‍ ടി.വി, അമൃത ടി.വി, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളും ഹരിയുടെ ചലച്ചിത്ര മാധ്യമപ്രവര്‍ത്തന സപര്യ വിശദമായി അവതരിപ്പിച്ചു. ദശാബ്ദങ്ങളോളം ചലച്ചിത്ര രംഗത്ത് മാധ്യമപ്രവര്‍ത്തനം നടത്തിയ ഹരി നീണ്ടകരയ്ക്ക് അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരവും നല്‍കാന്‍ അധികാരികളുടെ ഭാഗത്തു നിന്നും വേണ്ട ശ്രദ്ധയൊന്നും ഇതുവരെ കണ്ടിട്ടില്ല. മദിരാശി മലയാളി ക്ലബ് അതിന്‍െറ നൂറാം വാര്‍ഷികാഘോഷവേളയില്‍ ദശാബ്ദങ്ങള്‍ നീണ്ട ചലച്ചിത്ര പത്രപ്രവര്‍ത്തനത്തെ മാനിച്ച് 1997ല്‍ നല്‍കിയ പുരസ്‌കാരമാണ് ഹരിക്കു ലഭിച്ച ആദ്യത്തെ അംഗീകാരം. 2001 ല്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍െറ പുരസ്‌കാരമാണ് അടുത്തത്. 2007 ല്‍ എറണാകുളത്ത് സംഘടിപ്പിച്ച നിശ്ചല ഛായാഗ്രാഹക സംഘടനയുടെ സമ്മേളനത്തില്‍ മുതിര്‍ന്ന നിശ്ചല ഛായാഗ്രാഹകന്‍ എന്ന നിലയില്‍ ആദരിച്ചു. സമഗ്രസംഭാവനകളെ മാനിച്ച് 2010 ല്‍ ജേസി ഫൗണ്ടേഷനും ഹരി നീണ്ടകരയ്ക്ക് ആദരവു നല്‍കി. ഫെഫ്​ക ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ആള്‍ ലൈറ്റ്‌സ് ഫിലിം സൊസൈറ്റിയും സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയില്‍ മുതിര്‍ന്ന ചലച്ചിത്ര പ്രതിഭകളെ ആദരിച്ച കൂട്ടത്തില്‍ ഹരി നീണ്ടകരയും ആദരിക്കപ്പെട്ടു. മലയാള സിനിമാ മേഖലയ്ക്ക് സമര്‍പ്പിച്ച ദശാബ്ദങ്ങള്‍ നീണ്ട നിസ്വാര്‍ത്ഥ സേവനത്തിന് ഇതൊക്കെ മതിയോ എന്ന സംശയത്തിന് ഹരിയുടെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുങ്ങും.

Loading...
COMMENTS