തൃശൂർ: നടി ശ്രീദേവിയുടെ മരണവാർത്തയിൽ മനംനൊന്ത് കഴിയുന്ന ഒരു ഗുരുവുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും നൃത്താധ്യാപകനുമായ ശ്രീധരൻ. ഏറെ കാലത്തിനു ശേഷം കേരളത്തിൽ സ്ഥിരം താമസമാക്കിയ ചെന്നൈ ശ്രീധരെൻറ മനസ്സിൽ ഭൂതകാലത്തിെൻറ ചിലങ്കകൾ മുഴങ്ങുന്നുണ്ട് . ഒരു കാലത്ത് സിനിമാലോകത്തിലെ നൃത്തരംഗം അടക്കിവാണ ശ്രീധരെൻറ പ്രിയശിഷ്യയായിരുന്നു ശ്രീദേവി.
ഒമ്പതു മുതൽ 18 വയസ്സു വരെ ശ്രീധരെൻറ കീഴിലാണ് ശ്രീദേവി നൃത്തം പഠിച്ചത്. ചെന്നൈയിലെ വാടക വീട്ടിൽ അമ്മക്കൊപ്പം താമസിക്കുമ്പോഴാണ് ശ്രീദേവി നൃത്തം അഭ്യസിക്കാൻ വന്നത്. ഇവർ അഭിനയിച്ച പല സിനിമകളുടേയും നൃത്തസംവിധാനവും ശ്രീധരൻ നിർവഹിച്ചിട്ടുണ്ട്. അമ്പത് വർഷക്കാലം തെന്നിന്ത്യൻ സിനിമകളിൽ നൃത്ത സംവിധായകനായി ശ്രീധരൻ പ്രവർത്തിച്ചു. നൂറിലേറെ സിനിമകളുടെ ടൈറ്റിലിൽ പേര് വന്നു. നൃത്തരംഗങ്ങളിൽ പുതിയ പരിവേഷങ്ങളും പുതുമുഖങ്ങളും കടന്നു വന്നപ്പോൾ ശ്രീധരൻ നാട്ടിലേക്ക് മടങ്ങി.
പ്രേംനസീറും കമൽഹാസനുമടക്കം മലയാളത്തിലും തമിഴിലുമായി ഒട്ടേറെ സൂപ്പർ സ്റ്റാറുകൾക്ക് ഇദ്ദേഹം നൃത്തച്ചുവട് പകർന്നു കൊടുത്തിട്ടുണ്ട്. സിനിമാരംഗത്തെ വിപുലമായ സൗഹൃദം ഇപ്പോഴും നിലനിർത്തുന്നുണ്ട്. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് താമസിക്കുന്ന ശ്രീധരന് തൃശൂരുമായി അടുത്ത ബന്ധമുണ്ട്. തൃശൂരിനടുത്ത് വരടിയം അവണൂരിൽ വടേരിയാട്ടിൽ കുമാരെൻറ സഹധർമ്മിണി ജാനകിയമ്മയാണ് ശ്രീധരെൻറ ഏക സഹോദരി.
അപ്രതീക്ഷിതമായി തെൻറ പ്രിയ ശിഷ്യ മരണത്തിന് കീഴടങ്ങിയതിെൻറ ഞെട്ടലിലാണ് ശ്രീധരൻ. സിനിമാലോകം കീഴടക്കുമ്പോഴും ശ്രീദേവി താനുമായുള്ള ബന്ധത്തിൽ വിള്ളലേൽക്കാതെ നോക്കിയിരുന്നുവെന്ന് അദ്ദേഹം ഒാർക്കുന്നു. വാർധക്യത്തിെൻറ അവശത വകവെക്കാതെ ചെന്നൈ ശ്രീധരൻ ഇപ്പോഴും വീട്ടിൽ കുട്ടികൾക്ക് ചുവടുകൾ പറഞ്ഞു കൊടുക്കുന്നു.