മീസാന്‍കല്ലുകള്‍ക്കിടയിലിരുന്ന് അഭിനയം പഠിച്ച ഖാദർഖാൻ

  • അന്തരിച്ച ഹിന്ദി നടനും തിരക്കഥാകൃത്തുമായ ഖാദർ ഖാനെക്കുറിച്ച്​

അമിതാഭ്​ ബച്ചൻ ക്ഷുഭിതനായി സ്​ക്രീനിൽ അലറി വിളിച്ചത്​ ഖാദർ ഖാന്‍െറ വാക്കുകളായിരുന്നു

റുദുവിന്റെ അതിപ്രസരത്തില്‍’ നിന്ന് ഹിന്ദി സിനിമയെ രക്ഷിക്കാന്‍ പെടാപ്പാട്​ പെടുന്നതിനിടെയാണ് മന്‍മോഹന്‍ ദേശായ്, ഖാദര്‍ഖാനെന്ന തനി ഉറുദു പശ്ചാത്തലമുണ്ടായിരുന്ന തിരക്കഥാകൃത്തിനെ കണ്ടെത്തിയത്. കാബൂളും കാണ്ഡഹാറും കടന്ന് മുംബൈയിലെത്തിയ ആ ചെറുപ്പക്കാരന് പക്ഷേ, തന്‍െറ ഭൂതകാലത്തിന്റെ പരിമിതികള്‍ക്കൊപ്പം കാമാത്തിപുരയുടെയും ധാരാവിയുടെയും നാടന്‍ഭാഷ കൈമുതലായുണ്ടായിരുന്നു.. ആ ഖാദര്‍ഖാന്റെ തോളില്‍ കയറിനിന്നാണ്  അമിതാഭ് ബച്ചന്‍ അതേവരെ ഹിന്ദി സിനിമയ്​ക്ക്​ അപരിചിതമായ വില്ലത്തരമുള്ള നായകന്റെ നെടുങ്കന്‍ ഡയലോഗുകള്‍ തൊടുത്തുവിട്ടത്.

‘മുഖദ്ദര്‍ കാ സിക്കന്ധര്‍’, മിസ്റ്റര്‍ നട്​വർലാല്‍, ലാവാറിസ്, കൂലി, ഷറാബി, അമർ അക്​ബർ ആൻറണി  തുടങ്ങിയ സിനിമകളിലൂടെ ബച്ചന്‍ ബച്ചനായും ഖാദര്‍ഖാന്‍ ഖാദര്‍ഖാനായും ബോളിവുഡിൽ ഇരിപ്പുറപ്പിച്ചു. താരത്തോളം വലിപ്പമുള്ള സിംഹാസനത്തിലിരുന്ന്  എഴുപതുകളില്‍ തിരക്കഥയ്​ക്ക്​ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന എഴുത്തുകാരനായി. തന്‍െറ മുഖം അംരീഷ് പുരിയോളം പ്രേം ചോപ്രയോളം പരുക്കരായ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പരുവപ്പെടുത്തി നടനെന്ന നിലയിലും മുഖ്യധാരയില്‍ തന്നെ ഇടം നേടി ഖാദര്‍ഖാന്‍.  തെലുങ്ക് നിർമാതാക്കള്‍ ബോളിവുഡില്‍ നിലയുറപ്പിച്ചപ്പോള്‍ അവർക്കു വേണ്ടി റീമേക്കുകള്‍ക്കായി ഖാദര്‍ഖാന്‍ തിരക്കഥയൊരുക്കി. അതിന്‍െറ സൗജന്യം പറ്റി ജിതേന്ദ്ര സൂപ്പര്‍ താരമായി. പതുക്കെ സിനിമയുടെ ഗതി മാറാന്‍ തുടങ്ങി. മന്‍മോഹന്‍ ദേശായി, പ്രകാശ് മെഹ്റ സിനിമകളുടെ ഫോര്‍മുലകള്‍ നിറം കെട്ടു തുടങ്ങി.

ഖാദർ ഖാൻ
 

പക്ഷേ, ഖബര്‍സ്ഥാനിലെ മീസാന്‍കല്ലുകള്‍ക്കിടയിലിരുന്ന് കുട്ടിക്കാലത്തേ ഭാവി അഭിനേതാവിന് വേണ്ട പരിശീലനം നേടിയ ഖാദര്‍ഖാന്‍ അങ്ങിനെ സുരക്ഷിതമായ കളികളില്‍ മാത്രം ഒതുങ്ങിയില്ല. അട്ടഹസിച്ചിരുന്ന ഖാദര്‍ഖാന്‍ മന്ദഹസിക്കാനും കളി പറയാനും തുടങ്ങി. പഴയ വില്ലന്‍, കാണിക്ക് വേണ്ടപ്പെട്ട സഹനടനായി.  ഡേവിഡ് ധവാന്‍െറ കോമഡികളിലൂടെ ഗോവിന്ദയെപോലുള്ള, മിഥുന്‍ ചക്രബര്‍ത്തിയെപ്പോലുള്ള നടന്‍മാരുടെ സിനിമകളിലേക്ക് ഖാദര്‍ഖാന്‍ കൂടുമാറി. സരസനായ ഖാദര്‍ഖാന്‍ നമ്മുടെ ശങ്കരാടിയെപ്പോലെ സ്വാഭാവികാഭിനയവുമായി എല്ലാ ചെറിയനായകന്‍മാരുടെ സിനിമകളെയും സരസമാക്കി.. അതിനിടയിലും അമിതാഭിനെയും ദേശായിയെയും കൈവിട്ടില്ല. രോഷാകുലനായ നായകനെന്ന നിലയില്‍ അമിതാഭ് അവസാനമായി ആളിക്കത്തിയ അഗ്നീപഥിലെ സംഭാഷണങ്ങള്‍ ഖാദര്‍ഖാന്റ വകയായിരുന്നു.

കൂലിയിൽ അമിതാഭ്​ ബച്ചൻ
 

ഹിന്ദിസിനിമയിലെ എക്കാലത്തെയും സകലകലാവല്ലഭന്‍ ഖാദര്‍ഖാനാണ്. 30 കൊല്ലങ്ങള്‍ കൊണ്ട് 200ലേറെ സിനിമകൾക്ക്   തിരക്കഥയും സംഭാഷണവും. അമിതാഭ് ബച്ചനെ തീതുപ്പുന്ന ഡയലോഗുകളുടെ തമ്പുരാനാക്കിയത് സലിം ജാവേദിനൊപ്പം ഖാദര്‍ ഖാനാണ്. 300ലേറെ സിനിമകളില്‍ വില്ലനായയും സഹനടനായും തമാശക്കാരനായും ഖാദര്‍ഖാന്‍ നിറഞ്ഞുനിന്നു. ആയിരങ്ങള്‍ മാത്രം പ്രതിഫലമുണ്ടായിരുന്ന തിരക്കഥാകൃത്ത് പെട്ടെന്നൊരു നാള്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങാന്‍ തുടങ്ങിയത് ഖാദർ ഖാനെന്ന എഴുത്തുകാരന്‍െറ രംഗപ്രവേശത്തോടെയാണ്. നായകന്‍ തീ തുപ്പിയാല്‍ പോര തമാശ പറഞ്ഞാലും പ്രേക്ഷകന്‍ ബോക്സോഫീസ് കുലുക്കുമെന്ന് തിരിച്ചറിഞ്ഞ് ഗോവിന്ദയെപ്പോലുള്ള നായകരെ അത്തരം തിരക്കഥകളൊരുക്കി മുന്നോട്ട് കൊണ്ട് വന്നതും ഖാദര്‍ ഖാനാണ്.

വില്ലൻ വേഷത്തിൽ ഖാദർ ഖാൻ തകർത്താടി
 

കാബൂളിലെ ചൂടു കാറ്റ് തന്‍െറ ആദ്യ മുന്നു മക്കളുടെയും ജീവനെടുത്തതിന്‍െറ പേടിയില്‍ മുംബൈയിലേക്ക് കൊണ്ട് വന്നതാണ് ഉമ്മ ഖാദര്‍ഖാനെ. കാമാത്തിപുരയിലായിരുന്നു കുട്ടിക്കാലം. ദാരിദ്ര്യം കൊണ്ട് മറ്റൊരിടത്തേക്ക്​ ചേക്കാറാന്‍ പോലുമിലായില്ല. കുടുംബത്തെ പോറ്റാന്‍ വരുമാനമില്ലാത്തതിനാല്‍ ബാപ്പ വിവാഹമോചനം നേടി. രണ്ടാനച്ഛന്‍ തനി വില്ലന്‍. എന്നിട്ടും എഞ്ചിനിയറിങ്​ ഡിപ്ലോമ ബിരുദം നേടി അധ്യാപകനായി. കാമാത്തിപുരയെന്ന അധോലോകത്തിന്‍െറ ഇല്ലായ്മയില്‍ നിന്നാണ് ഖാദര്‍ഖാന്‍ കോട്ടും സൂട്ടുമിട്ട നായകര്‍ക്ക് വേണ്ടി വാക്കുകളുടെ ഉലയിലൂതി കൂര്‍പ്പിച്ച് സംഭാഷണമെഴുതിയത്. 

അമർ, അക്​ബർ, അന്തോണി
 

 

സാദത്ത് ഹുസൈന്‍ മ​ന്തോ ആയിരുന്നു ഖാദർ ഖാ​ന്‍െറ പ്രിയപ്പെട്ട എഴുത്തുകാരന്‍. എന്തുകൊണ്ട് അദ്ദേഹത്തെപ്പോലെ എഴുതിയില്ലെന്ന് ചോദിച്ചാല്‍ ഖാദര്‍ ഖാന് മറുപടിയുണ്ടായിരുന്നു. ഞാന്‍ മന്‍മോഹന്‍ ദേശായിക്ക് വേണ്ടിയാണെഴുതുന്നത്. അദ്ദേഹമാണ് ഹിന്ദിസിനിമയിലെ ശരാശരി കാണി.

മിര്‍സാഗാലിബായിരുന്നു ഖാദര്‍ഖാന്‍െറ പ്രിയപ്പെട്ട കവി. ആ ദുഃഖഛവി പക്ഷേ, സിനിയില്‍ പ്രത്യക്ഷമായി ആരും കണ്ടില്ല.
“ഈ നിശ്ശബ്ദ നഗരത്തിലെ എല്ലാ സ്മാരകശിലകള്‍ക്കുമടിയിലും പലരും ഉറങ്ങുന്നുണ്ട്. മരണത്തെ മറികടക്കാനാര്‍ക്കുമാകില്ല. മരണത്തെ പേടിക്കുന്നവര്‍ മരിച്ചവരേക്കാള്‍ മോശക്കാരാണ്. സന്തോഷം വിരുന്നുകാരനാണ്. സങ്കടമാണെപ്പോഴും കൂട്ടിരിക്കുക..”

മുഖദ്ദര്‍ കാ സിക്കന്ധറിലെ ഖാദര്‍ഖാന്‍െറ ഈ വാക്കുകള്‍ ഓർമയിലിരിക്കട്ടെ.. അക്കാലത്ത് നിരക്ഷരനുവേണ്ടി എഴുതിയ സിനിമകളിലും അൽപം ചിന്തയുടെ തീപ്പൊരി കരുതിയിരുന്നു ഖാദര്‍ ഖാന്‍.

Loading...
COMMENTS