അരങ്ങൊഴിഞ്ഞ അരിങ്ങോടർ

  • 37 വർഷം, അഞ്ഞൂറിലേറെ ചിത്രങ്ങൾ, ക്യാപ്​റ്റൻ രാജുവി​െൻറ ഒാർമകൾ

വടക്കൻ വീരഗാഥയിലെ അരിങ്ങോടർ മലയാളിയുടെ നെഞ്ചിലെ വിങ്ങലാണിപ്പോഴും...

ലക്ഷണമൊത്ത നായകനായ പ്രേംനസീറിനെക്കാളും അജാനുബാഹുവായ മധുവിനെക്കാളും ഉയരമുള്ള വെളുത്ത്​ നീണ്ട മനുഷ്യൻ. പാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നിലേക്ക്​ സുമലതയെ വലിച്ചെറിഞ്ഞ്​ ഒരു സിഗരറ്റും പുകച്ചു നിൽക്കുന്ന മീശിയില്ലാത്ത അയാളെക്കണ്ട്​ തിയറ്ററിലിരുന്നവരുടെ രക്​തം ഒരു നിമിഷം ഉറഞ്ഞുപോയിരിക്കണം. കൊട്ടാരക്കരയ്​ക്ക്​ ശേഷം മലയാള സിമ കണ്ട cold blodded willain ശരിക്കും ആ 31കാരനായിരുന്നു. 1981ൽ ജോഷി സംവിധാനം ചെയ്​ത  ‘രക്​തം’ എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ ‘ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ മുഖം ക്യാപ്​റ്റൻ രാജു’ എന്നു നാമകരണം ചെയ്​തിരുന്നു.

അക്കാലത്ത്​ രണ്ടു വർഷം പഴക്കമുള്ള സിനിമയൊക്കെയായിരുന്നു ഞങ്ങളൂടെ നാട്ടിലെ ഒാലക്കൊട്ടകയിലെ ‘ന്യൂ റിലീസ്​’. 1986ലെ ഒരു ദിവസം ഞങ്ങളുടെ ആ ഒാലക്കൊട്ടകയിലൊന്നിൽ ഒരു അതിശയമുണ്ടായി. ഒരു സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആ തിയറ്റിലേക്ക്​ പ്രേക്ഷകരെ കാണാൻ വന്നു. അതുവ​െ​ര നഗരങ്ങളിൽ മാത്രം കേട്ട​ുകേഴ്​വിയുണ്ടായിരുന്ന ‘ഗോൾഡൻ ജൂബിലി’ ആദ്യമായി  ഞങ്ങളുടെ നാട്ടിൻപുറത്തും ആഘോഷിച്ചു. നങ്ങ്യാർകുളങ്ങര അർച്ചന എന്ന വെറുമൊരു സി ക്ലാസ്​ തിയറ്ററിൽ സിനിമ റിലീസ്​ ചെയ്യുന്നതും അമ്പത്​ ദിവസം നിറഞ്ഞ സദസ്സിൽ മൂന്നു ഷോയും കളിക്കുന്നതും ചരിത്ര സംഭവമായിരുന്നു. ‘ആവനാഴി’ എന്ന ആ ചിത്രത്ത​ിലെ നയകൻ ഇൻസ്​പെക്​ടർ ബൽറാമും വില്ലനായ സത്യരാജും മറ്റ്​ കഥാപാത്രങ്ങളും ബീഡിപ്പുകയും വറുത്ത കപ്പലണ്ടിയും മണക്കുന്ന ആ ഒാലത്തിയറ്ററിനുള്ളിൽ വന്നപ്പോൾ നാട്ടുകാർക്ക്​ ഉത്സവം തന്നെയായിരുന്നു.

ഒാഗസ്​റ്റ്​ ഒന്നിലെ കഥാപാത്രമായിരുന്നു ശരിക്കും കോൾഡ്​ ബ്ലഡഡ്​ വില്ലൻ
 

അപ്പോഴും ആ താരനിരയിൽ പൊക്കം കൂടുതൽ സത്യരാജിന്​, അല്ല ക്യാപ്​റ്റൻ രാജുവിനായിരുന്നു. മമ്മു​ട്ടിയെ കാണുന്നതിനെക്കാൾ കൗതുകം ക്യാപ്​റ്റൻ രാജുവിനെ കാണാനായിരുന്നു. അയാളിപ്പോൾ തോക്കെടുക്കുമെന്നും കുട്ടികളായ ഞങ്ങൾക്കുനേരെ നോക്കി കാഞ്ചിവലിക്കുമെന്നും ഭയന്നുപോയി. അത്രയും പേടിയോടെയാണ്​ അയാളെ നോക്കിനിന്നത്​.

രക്​തത്തിനും ആവനാഴിക്കും ഇടയിൽ കടന്നുപോയത്​ അഞ്ച്​ വർഷമാണ്​. പക്ഷേ, ആ അഞ്ചു വർഷമാണ്​ മമ്മൂട്ടിയുടെയും മോഹൻലാലി​​​​െൻറയും എന്ന പോലെ ക്യാപ്​റ്റൻ രാജുവി​​​​െൻറയും ജീവിതത്തിൽ നിർണായകമായത്​. ആദ്യ ചിത്രത്തിനും ശേഷം ​െഎ.വി. ശശി സംവിധാനം ചെയ്​ത ‘തടാക’ത്തിൽ വില്ലനും സ്വഭാവനടനും കൂടി ചേർന്ന അത്യന്തം സങ്കീർണമായ ജബ്ബാർ ഖാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്​ നായകനെക്കാൾ ഒരുപടി മുന്നിൽ കയറി നിന്നപ്പോൾ ക്യാപ്​റ്റനിലെ നടനെ ചലച്ചിത്ര ലോകത്തിന്​ അംഗീകരി​േക്കണ്ടിവന്നു. ഒരർത്ഥത്തിൽ ​െഎ.വി. ശശിയാണ്​ രാജുവിന്​ ബ്രേക്ക്​ നൽകിയത്​.

സിൽക്ക്​ സ്​മിത നായികയായ ‘രതിലയ’ത്തിൽ ആദ്യമായി നായക വേഷമണിഞ്ഞത്​ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട്​ നായകനായി ‘ആഴി’ എന്ന നവോദയ സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്​തെങ്കിലും എന്തുകൊണ്ടോ നായകനായി ക്യാപ്​റ്റനെ അംഗീകരിക്കാൻ മലയാള സിനിമ വൈമുഖ്യം കാണിച്ചു.

വില്ലൻ വേഷത്തിന്​ ഒരു കുഴപ്പമുണ്ട്​. ഒരിക്കൽ അതണിഞ്ഞുകഴിഞ്ഞാൽ പിന്നെ അത്ര എളുപ്പമല്ല അതിൽനിന്ന്​ ഉൗരിപ്പോകാൻ. മോർച്ചറി, പാസ്​പോർട്ട്​, ഇനിയെങ്കിലും, കൂലി, നദി മുതൽ നദിവരെ, പൊൻതൂവൽ തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ ഏതാണ്ടെരേ ട്രാക്കിൽ മുന്നോട്ടുപോയി. അതിനിടയിൽ 1983ൽ ‘ചന്ദ്രശേഖരൻ’ സംവിധാനം ചെയ്​ത ‘ആന’ എന്ന ചിത്രത്തിൽ റെയ്​ഞ്ചർ നരേന്ദ്രൻ എന്ന കഥാപാത്രം വില്ലനിൽ നിന്നൊരു വിടുതലായിരുന്നു.  അതി​​​​െൻറ മറ്റൊരു പതിപ്പായിരുന്നു 84ലെ സൂപ്പർ ഹിറ്റ്​ ചിത്രം ‘അതിരാത്ര’ത്തിലെ മോഹൽലാലി​​​​െൻറ ജ്യേഷ്​ഠനായ പോലീസ്​ ഒാഫീസർ. പക്ഷേ, പിന്നെയും വില്ലൻ വേഷങ്ങളിലേക്ക്​ കാലം ക്യാപ്​റ്റൻ രാജുവിനെ തള്ളിവിട്ടു.

വാടക ​കൊലയാളിയെ തേടിയപ്പോ​ഴൊക്കെ മലയാള സിനിമ ക്യാപ്​റ്റൻ രാജുവി​​​​െൻറ വാതിലിൽ മുട്ടി
 

1983ൽ അശോക്​ കുമാർ സംവിധാനം ചെയ്​ത ‘കൂലി’ എന്ന ചിത്രത്തിലായിരുന്നു വാടക കൊലയാളിയായി ക്യാപ്​റ്റൻ വേഷമിട്ടത്​. പിന്നീട്​ വാടക കൊലയാളിയെ ആവശ്യമുള്ളപ്പോഴൊക്കെ മലയാള സിനിമ ക്യാപ്​റ്റൻ രാജുവി​​​​െൻറ വാതിലിൽ മുട്ടി. അതിൽ ലക്ഷണമൊത്ത രണ്ട്​ വാടക കൊലയാളികളായിരുന്നു ​െഎ.വി. ശശിയുടെ ‘ആവനാഴി’യിലെ സത്യരാജും സിബി മലയിലി​​​​െൻറ ‘ആഗസ്​റ്റ്​ ഒന്നി’ലെ പല പേരുകളുള്ള കൊലയാളിയും. ടെലസ്​കോപിക്​ ഗണ്ണും കൈയുറയും തലയിൽ പ്രത്യേക തരം തൊപ്പിയും കൂളിങ്​ ഗ്ലാസ്​ കണ്ണടയും ധരിച്ച ക്യാപ്​റ്റൻ സ്​ക്രീനിലെ നിമിഷങ്ങളെ മരവിപ്പിച്ചു നി​ർത്തി.

ഇതിപ്പോൾ ട്രോളുകളുടെ കാലമാണ്​. എന്തിനും ഏതിനും ട്രോളന്മാർ ആവർത്തിക്കുന്ന ഒരു ഡയലോഗുണ്ട്​. കത്തിയും വടിവാളും ബോംബുമൊക്കെയായി വന്നിട്ടും ശവമായി മാറിയ ആ പവനായി. ‘പവനായി ശവമായി..’ 1987ലെ ഹിറ്റ്​ ചിത്രം സത്യൻ അന്തിക്കാടി​​​​െൻറ ‘നാ​േടാടിക്കാറ്റി’ലെ പവനായി എന്ന വാടക കൊലയാളി പക്ഷേ, വില്ലനിലെ കൊമേഡിയൻ ആയിരുന്നു. കോമഡി വേഷവും തനിക്കിണങ്ങുമെന്ന്​ ക്യാപ്​റ്റൻ രാജു തെളിയിച്ചു. ‘സി.​െഎ.ഡി മൂസ’യിൽ രാജു ഇൗ വേഷത്തി​​​​െൻറ മറ്റൊരു തനിയാവർത്തനം കാഴ്​ചവെച്ചു. ‘ആഗസ്​റ്റ്​ ഒന്നി’ലെ വില്ലനായിരുന്നു ശരിക്കും cold blooded willain.

ആഗസ്​റ്റ്​ ഒന്ന്​
 

പക്ഷേ, ഇൗ വില്ലൻ വേഷങ്ങളുടെ ഒന്നും പേരിലായിരിക്കില്ല മലയാള സിനിമയിൽ ക്യാപ്​റ്റൻ രാജു എന്ന നടൻ അടയാളപ്പെടുത്തുക. എം.ടി. മലയാളത്തിന്​ നൽകിയ ഏറ്റവും മികച്ച കഥാപാത്രത്തി​​​​െൻറ പേരിലായിരിക്കും അത്​. തെക്കൻ തുളുനാടൻ അടവുകളുടെ തമ്പുരാനായ ‘അരിങ്ങോടർ’ എന്ന ഒറ്റ കഥാപാത്രത്തി​​​​െൻറ പേരിൽ.

മമ്മൂട്ടിക്ക്​ ദേശീയ പുരസ്​കാരം നേടിക്കൊടുത്ത ‘വടക്കൻ വീരഗാഥ’യിലെ ചന്തു എന്ന കഥാപാത്രത്തിനൊപ്പമോ അതിനും മുകളിലോ ആയിരുന്നു വാർത്തു വാളും പകർത്തുവാളും അറിയുന്ന, അരിശം കൊണ്ട്​ ജ്വലിക്കുന്ന ചേകവനെ വെറും കൈകൊണ്ട്​ അടിപതറിക്കുന്ന അരിങ്ങോടർ എന്ന കഥാപാത്രം. ആരോമൽ ചേകവരുടെ അരച്ചുരികയിൽ അവസാനിച്ച വടക്കൻ പാട്ടിലെ അരിങ്ങോടർ കുടിലതകളുടെയും ക്രൗര്യത്തി​​​​െൻറയും പകർപ്പായിരുന്നു. പക്ഷേ ചേകവനായി പിറന്ന​ുപോയവ​​​​െൻറ സ്​തോഭത്തെ എം.ടി നിശ്വാസം ചേർത്ത്​ ഇറക്കിവെച്ചത്​ അരിങ്ങോടരുടെ കൊടുങ്കാറ്റ്​ കുലച്ച നെഞ്ചിലായിരുന്നു. എവിടെയോ തനിക്കായ്​ കാത്തിരിക്കുന്ന ഒരു വാളിനെക്കുറിച്ച്​ തുമ്പു മുറിച്ച വെറ്റിലയിൽ ചുണ്ണാമ്പ്​ തേച്ച്​ അരിങ്ങോടർ പറയു​ന്ന ഒരു നിമിഷമുണ്ട്​. ക്യാപ്​റ്റ​ൻ രാജുവിനല്ലാതെ മറ്റൊരാൾക്കും പൂർണമാക്കാൻ കഴിയാത്ത ആ ദീർഘനിശ്വാസം ഒരിക്കലും മറക്കാത്ത അനുഭവമാക്കി. അതുവരെ പറഞ്ഞ വടക്കൻ പാട്ടു കഥകളിലെ വില്ലനായിരുന്ന അരിങ്ങോടർ ഒാരോ മലയാളിയുടെയ​ും ഹൃദയത്തെ തൊട്ട വേദനയായി.

അതി​രാത്രത്തിൽ മമ്മൂട്ടിയും സീമയും ക്യാപ്​റ്റൻ രാജുവും
 

ആദ്യത്തെ എട്ടു വർഷക്കാലം കിട്ടിയ വൈവിധ്യമുള്ള കഥാപാത്രങ്ങൾ പിന്നെ ക്യാപ്​റ്റനെ തേടി വന്നില്ല എന്നു പറയാം. അരിങ്ങോടർക്കു ശേഷം മികച്ച കഥാപാത്രങ്ങളില്ലാത്ത കരിയറായിരുന്നു അ​േദ്ദഹത്തി​​​​െൻറത്​. വടക്കൻ വീരഗാഥ ടീം വീണ്ടും ‘പ​ഴശ്ശിരാജ’ യുമായി വന്നപ്പോൾ മഞ്ചേരിയിൽ ഉണ്ണിമൂത്ത എന്ന കഥാപാത്രത്തെ നൽകി ഹരിഹരൻ ഒരിക്കൽ കൂടി ക്യാപ്​റ്റൻ രാജു ഇവിടെയുണ്ട്​ എന്ന്​ ഒാർമപ്പെടുത്തി.

അഭിനേതാവി​​​​െൻറ അനുഭവങ്ങളുമായി രണ്ട്​ ചിത്രങ്ങൾ സംവിധാനം ചെയ്​തെങ്കിലും അത്​ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ, ആ സംവിധാനത്തിന്​ ഒരു പ്രത്യേകത അവകാശപ്പെടാനുണ്ട്​. തമിഴിലെ സൂപ്പർ താരവും ദേശീയ അവാർഡ്​ ജേതാവ​ുമായി വിക്രം ആദ്യമായി നായകവേഷമണിഞ്ഞത്​ ക്യാപ്​റ്റൻ രാജു സംവിധാനം ചെയ്​ത ‘ഇതാ ഒരു സ്​നേഹ ഗീതം’ എന്ന ചിത്രത്തിലായിരുന്നു. (1997). ഏറ്റവും ഒടുവിൽ കഴിഞ്ഞ വർഷം മമ്മൂട്ടിക്കൊപ്പം ‘മാസ്​റ്റർ പീസ്​’ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു.

ആവനാഴിയിലെ സത്യരാജ്​
 

37 വർഷം നീണ്ട കരിയറി​​​​െൻറ അവസാന ഘട്ടം രോഗം കൊണ്ടു വലഞ്ഞതായിരുന്നു. പക്ഷാഘാതം വന്ന ശേഷം ഒരു പാതിയിൽ ചൂടും ഒരു പാതിയിൽ തണു​പ്പും പേറിയ ശരീരവുമായാണ്​ താൻ കഴിയുന്നതെന്ന്​ ഒരു ടെലിവിഷൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞതോർക്കുന്നു. വില്ലൻ വേഷങ്ങളായിരുന്നു കൂടുതലെങ്കിലും ജീവിതത്തിൽ വില്ലത്തരങ്ങളില്ലാത്ത നിഷ്​കളങ്കനായ മനുഷ്യനാണെന്ന്​ ഒറ്റത്തവണ നേരിൽ സംസാരിച്ചാൽ ബോധ്യമാകും. വലിയ ശരീരമുള്ള ഒരു കുട്ടി എന്നാണ്​ സഹപ്രവർത്തകർ ഇൗ മുൻ സൈനിക​െന വിശേഷിപ്പിച്ചിരുന്നത്​.

ക്യാപ്​റ്റൻ രാജു
 

പത്തനംതിട്ട ജില്ലയിലെ ഒാമല്ലൂരിൽ ജനിച്ച രാജു 21ാം വയസ്സിൽ സൈന്യത്തിൽ സെക്കൻറ്​ ലെഫ്​റ്റനൻറ്​ ആയി. അതിൽനിന്ന്​ ക്യാപ്​റ്റനായി വിരമിച്ച്​
ബോംബേയിൽ നാടക സംഘങ്ങളിൽ സജീവമായിരുന്ന രാജു പിന്നീട്​ സിനിമയിൽ എത്തിപ്പെടുകയായിരുന്നു. മലയാളത്തിന​ു പുറമെ തമിഴ്​, തെലുങ്ക്​, കന്നഡ, ഹിന്ദി ഭാഷകളിലായി 500 ഒാളം ചിത്രം 37 വർഷത്തിനുള്ളിൽ അദ്ദേഹം ചെയ്​തു.

Loading...
COMMENTS