Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രിയദര്‍ശന്‍...

പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു; ലിസിയെ

text_fields
bookmark_border
പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു; ലിസിയെ
cancel

‘ഓടരുതമ്മാവാ ആളറിയാം’ എന്ന പടത്തിലേക്ക് നേരത്തേ നിശ്ചയിച്ച നായിക മേനകക്ക് പകരം മറ്റൊരു നായികയായി ലിസി എന്ന പുതുമുഖം വരുന്നു. അവര്‍ പിന്നീട് താങ്കളുടെ ജീവിതത്തിലേക്ക് വരുന്നു...

ശരിക്കു പറഞ്ഞാല്‍ ‘ഓടരുതമ്മാവാ ആളറിയാം’  പടത്തിലെ നായിക മേനകയായിരുന്നു. മേനകയുമായി എന്തോ സൗന്ദ്യപ്പിണക്കം ഉണ്ടായപ്പോള്‍ സുരേഷ് മേനകയോട് പറഞ്ഞു, എന്നാല്‍ നീ അഭിനയിക്കേണ്ട എന്ന്. പടം തുടങ്ങാന്‍ രണ്ട് ദിവസമേയുള്ളൂ. അപ്പോഴാണ് ഈ വഴക്ക്. ആ സമയത്ത് ആരെ കിട്ടാനാണ്? എന്തായാലും നായിക വേണം. മുകേഷും ജഗദീഷും ശ്രീനിയുമൊക്കെയല്ളേ അഭിനയിക്കുന്നത്. അവരും അന്ന് വലിയ താരങ്ങളായിട്ടില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ശേഷം കാഴ്ചയില്‍’ എന്ന പടത്തില്‍ ഒരു കുട്ടിയെ കണ്ടിട്ടുണ്ട്. റിസപ്ഷനിസ്റ്റായി ഒന്നോ രണ്ടോ സീനില്‍ ആ കുട്ടിയുണ്ടായിരുന്നു. ആ കുട്ടിയെ നമുക്ക് അന്വേഷിക്കാം. അപ്പോഴാണ് ശങ്കറെന്നോട് പറയുന്നത്, ആ കുട്ടിയെ അറിയാമെന്ന്. ശങ്കറിന്‍െറ കൂടെ ഒരു പടത്തില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.  ഞാന്‍ ആ കുട്ടിയെ വിളിക്കാന്‍ ആളെവിട്ടു. അങ്ങനെയാണ് ആദ്യമായി  ലിസിയെ നായികയായി ഞാന്‍ അഭിനയിപ്പിക്കുന്നത്. അതിന് മുമ്പ് എട്ടുപത്തു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ലിസി ചെയ്തിരുന്നു. പക്ഷേ, നായികയാകുന്നത് എന്‍െറ സിനിമയിലാണ്. താനാണ് നായിക എന്ന് ഷൂട്ടിങ് അവസാനിക്കുംവരെയും ലിസി വിശ്വസിച്ചിരുന്നില്ല. സുരേഷും മേനകയും തമ്മിലെ വഴക്ക് തീര്‍ന്നപ്പോള്‍  കോംപ്രമൈസ് എന്ന നിലയില്‍ മേനക അതിഥി താരമായി  അഭിനയിച്ചു. അപ്പോള്‍ ലിസി വിചാരിച്ചു, മേനക തന്നെയായിരിക്കും നായിക എന്ന്. പടം തീര്‍ന്നപ്പോഴാണ് ലിസിക്ക് മനസ്സിലായത് അവള്‍തന്നെയാണ് ഹീറോയിന്‍ എന്ന്.

ലിസിയെ ജീവിതത്തിലേക്ക് കൊണ്ടുവരണം  എന്ന് തീരുമാനിച്ചത് എപ്പോഴാണ്?

അങ്ങനെയൊരു നിമിഷത്തെ കുറിച്ച് പറയാന്‍ പറ്റില്ല. സിനിമകളിലെപോലെയായിരുന്നു ആ ഇഷ്ടം. എന്‍െറ കുറെ സിനിമകളില്‍ ലിസി അഭിനയിച്ചു. ‘താളവട്ടം’, ‘ചിത്രം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണല്ളോ ലിസി ഓര്‍മിക്കപ്പെടുന്നത്. എനിക്ക് തോന്നുന്നത് എന്‍െറ സിനിമകളില്‍ മാത്രമേ ലിസി ലാലിന്‍െറ കൂടെ അഭിനയിച്ചിട്ടുള്ളൂ എന്നാണ്. ഇങ്ങനെ സിനിമ നടക്കുന്നതിനിടയില്‍ ഞാനും ലിസിയും തമ്മില്‍ ഒരടുപ്പമുണ്ടായി. പക്ഷേ, വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നത്, എട്ടു വര്‍ഷത്തിന് ശേഷമാണ്. അതിനിടക്ക് ഞങ്ങളൊന്ന് പിണങ്ങി. ഒരു വര്‍ഷം തമ്മില്‍ കാണാതിരുന്നു. അപ്പോഴേക്കും എന്‍െറ സഹോദരിയുടെ വിവാഹമൊക്കെ കഴിഞ്ഞു. ഒരു പഴഞ്ചന്‍ നായര്‍ കുടുംബമാണ് എന്‍േറത്. അവര്‍ക്ക് മറ്റൊരു ജാതിയിലുള്ള പെണ്‍കുട്ടി മരുമകളായി വരുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ആ പ്രശ്നം ഇല്ലാതായി. അച്ഛനും അമ്മയും സമ്മതിച്ചു. അമ്മ തന്നെ ലിസിക്ക് ലക്ഷ്മി എന്ന് പേരിട്ടു. പിന്നീട് ഞങ്ങളുടെ കുടുംബത്തില്‍ അച്ഛനും അമ്മക്കും പ്രിയപ്പെട്ട ഒരാളായി ലിസി. ഇപ്പോഴും അങ്ങനെയാണ്. ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞെങ്കിലും എന്‍െറ കുടുംബത്തിലെ ആര്‍ക്കും ലിസിയോടൊരു പ്രശ്നവുമില്ല. എല്ലാവര്‍ക്കും പഴയ സ്നേഹം ഇപ്പോഴുമുണ്ട് ലിസിയോട്.

പിരിയാനുള്ള കാരണത്തെ കുറിച്ച് ചോദിക്കുന്നില്ല..?

ഞാനും ലിസിയുമല്ലല്ലോ ആദ്യമായിട്ട് പിരിയുന്ന ദമ്പതികള്‍. പലര്‍ക്കും പല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാം. പല രീതിയിലുള്ള ഈഗോ ഉണ്ടാകാം. പല രീതിയിലുള്ള വിചാരങ്ങളുണ്ടാകാം. അതൊക്കെ ചേര്‍ന്നുപോകാതിരിക്കുമ്പോള്‍ പിരിയുക എന്ന് തീരുമാനിക്കുന്നത് സത്യമായി പറഞ്ഞാല്‍ ആരോഗ്യകരമാണ്. ബന്ധം വഷളാകുന്നതിനെക്കാള്‍ നല്ലത് നല്ല രീതിയില്‍ പിരിയുന്നതാണ്. ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന സമയമാണിത്. പക്ഷേ, എന്‍െറയും ലിസിയുടെയും കാര്യത്തില്‍  32 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഒരു വേര്‍പിരിയില്‍ വേണ്ടിയിരുന്നോ എന്ന് മാത്രമേ ഞാന്‍ എന്നോട് ചോദിക്കുന്നുള്ളൂ. ചിലപ്പോള്‍ അവരും അത് ചോദിക്കുന്നുണ്ടായിരിക്കാം. പോസിറ്റീവായ രീതിയില്‍തന്നെയാണ് ഞങ്ങള്‍ പിരിഞ്ഞത്. കുട്ടികള്‍ രണ്ടുപേരുടെയും ഒപ്പമുണ്ട് ഞങ്ങള്‍. കുട്ടികളുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ട്. അല്ലാതെ വൈരാഗ്യമുള്ള ഒരു പിരിയലൊന്നുമല്ല.

ജീവിതത്തിലെ ഇത്തരം പ്രതിസന്ധികള്‍ എങ്ങനെയാണ് തരണംചെയ്യുന്നത്?

ലിസി എന്നെ വിട്ടുപോകുന്നു എന്നത് ആദ്യം ഒരാഘാതംതന്നെയായിരുന്നു. നാലു മാസത്തോളം ഞാനതിന്‍െറ ദുരിതങ്ങളില്‍പെട്ടു. എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകും. അത് തരണംചെയ്യുക എന്നത് നമ്മുടെ ആവശ്യമാണ്. അല്ളെങ്കില്‍ മുമ്പോട്ടൊരു ജീവിതം ഉണ്ടാകില്ല. ചിലപ്പോള്‍ തോന്നിപ്പോകും ഇതോടെ എല്ലാം അവസാനിച്ചു എന്ന്. പക്ഷേ, അവസാനിക്കില്ല. ജീവിതം മുന്നോട്ട് പോയേ പറ്റൂ. ആ സ്പിരിറ്റ് നമുക്ക് ഉണ്ടാവണം. ഒരു സമയത്ത് നമുക്ക് തോന്നും എന്നെങ്കിലും ഒരു ദിവസം നമുക്ക് വേണ്ടപ്പെട്ടവരെല്ലാം നമ്മളെ വിട്ടുപോകും എന്ന്. അത് കഴിഞ്ഞ് ആര്‍ക്കുവേണ്ടി ജീവിക്കണം എന്ന്. പക്ഷേ അതല്ല,  പിന്നെയും മുന്നോട്ട് പോകണം. ഇത് എന്‍െറ മാത്രം കാര്യമല്ല. ലോകത്തെ ഏറ്റവും വലിയ പണക്കാരന്‍െറയും ഏറ്റവും വലിയ പാവപ്പെട്ടവന്‍െറയും ജീവിതം ഇങ്ങനെതന്നെയാണ്.

ലിസിയുമായി ഇനിയൊരു ഒന്നിക്കല്‍ സംഭവിക്കുമോ?

അഭിമുഖങ്ങളിലെല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട് ലിസിയാണ് എന്‍െറ എല്ലാ വിജയങ്ങള്‍ക്കും പിന്നിലെന്ന്. വീട്ടില്‍നിന്ന് പോകുംവരെയും എനിക്ക് ചോറ് വിളമ്പിയത് ലിസിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ ശത്രുത ഇല്ല എന്നത് സത്യമാണ്. അത് മനസ്സിലാക്കാന്‍ രണ്ടു പേരും കുറച്ച് സമയമെടുത്തു. കാരണം, ഞങ്ങളുടെ രണ്ടു പേരുടെയും ജീവിതത്തെക്കാള്‍ വലുതാണ് ഞങ്ങളുടെ കുട്ടികളുടെ ജീവിതം. അങ്ങനെയുള്ളതിനാല്‍ ഞങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാവില്ല. അവരുടെ നന്മയാണ് ഞങ്ങളുടെ ഇനിയുള്ള ജീവിതം. അവിടേം ഇവിടേം ആള്‍ക്കാര് പലതും പറയുന്നുണ്ട്. അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോകാറില്ല. കാരണം, ഇത് ഞങ്ങളുടെ മാത്രം ജീവിതത്തിന്‍െറ പ്രശ്നമാണ്. പിന്നെ സെലിബ്രിറ്റികളായതുകൊണ്ട് എല്ലാവരും ചര്‍ച്ചചെയ്യപ്പെടുന്നു എന്നേയുള്ളൂ.

‘ഒപ്പ’ത്തിന്‍െറ വിജയത്തിന് ശേഷം വീണ്ടും ബോളിവുഡിലേക്ക് പോവുകയാണ്. എന്നാല്‍, ഇതുവരെ ചെയ്ത 33 ഹിന്ദി ചിത്രങ്ങളില്‍ കൂടുതലും റിമേക്കുകളായിരുന്നു..?

റിമേക്കുകള്‍ എല്ലാ കാലത്തുമുണ്ട്. പണ്ടും ഉണ്ട്, ഇപ്പോഴുമുണ്ട്. ഫാസില്‍തന്നെ അദ്ദേഹത്തിന്‍െറ എല്ലാ പടങ്ങളും തമിഴിലേക്ക് റിമേക്ക് ചെയ്തിട്ടുണ്ട്; ഞാനൊക്കെ തുടങ്ങുന്നതിന് മുമ്പുതന്നെ. എന്തുകൊണ്ടാണ് റിമേക്ക് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ഫാസിലാണ് ആദ്യം എന്നോട് പറഞ്ഞത്, “പ്രിയാ ഒരു സിനിമ കഴിയുമ്പോള്‍ നമുക്ക് തോന്നും, ഇങ്ങനെയല്ല ഇത് എടുക്കേണ്ടിയിരുന്നത്,  ഇതിലും ഭംഗിയായി എടുക്കാമായിരുന്നു’’ എന്ന്. അങ്ങനെയാണ് ഞാന്‍ എന്‍െറ എല്ലാ പടങ്ങളും മലയാളത്തില്‍നിന്ന് തമിഴിലേക്ക് റിമേക്ക് ചെയ്തത്. അപ്പോഴൊക്കെ ഞാന്‍ മലയാളത്തിനെക്കാളും ഭംഗിയായി ചെയ്തിട്ടുണ്ട്. ഒരു സിനിമ ഫാസില്‍ സ്വന്തമല്ലാത്തത് റിമേക്ക് ചെയ്തിട്ടുണ്ട്. അത് ‘റാംജി റാവു സ്പീക്കിങ്’ ആണ്. ആ സിനിമ മാത്രമേ നന്നാവാതെയുള്ളൂ. ഹിന്ദിയിലേക്ക് പോയപ്പോള്‍ എന്‍െറ കുറെ സിനിമകള്‍ ഞാന്‍ റിമേക്ക് ചെയ്തിട്ടുണ്ട്. എന്‍േറതല്ലാത്ത സിനിമകളും റിമേക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ ഹിന്ദിയില്‍ പോയപ്പോള്‍ അവിടെ അപൂര്‍വമായിരുന്നു കോമഡി. എന്‍െറ വിജയങ്ങളുണ്ടായതും കോമഡി സിനിമകളിലാണ്. ഒരു സിനിമ മാത്രമേ ഒറിജിനലായി ചെയ്തിട്ടുള്ളൂ. അത് ‘മാലേ മാല്‍ വീക്കിലി’യാണ്. ഞാനവിടെ നോക്കിയപ്പോള്‍ നല്ല ഹ്യൂമറെഴുതാനുള്ള ആള്‍ക്കാരില്ല. അതേസമയം സിനിമകള്‍ ഒരുപാട് വരുന്നുമുണ്ട്. വേറൊരു കാര്യം, മലയാള സിനിമ ചെയ്താല്‍ കിട്ടുന്ന സംതൃപ്തി ഹിന്ദിയില്‍ എനിക്ക് കിട്ടാറില്ല. പക്ഷേ, ഹിന്ദി സിനിമ ചെയ്യണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഒരു ഹിന്ദി സിനിമ ചെയ്യണം എന്നു പറഞ്ഞ് പോയ ഞാന്‍ 33 എണ്ണം ചെയ്തു എന്നത് ഭാഗ്യം. ‘അനിയത്തി പ്രാവും’ ‘സന്മനസ്സുള്ളവര്‍ക്ക് സമാധാന’വും റിമേക്ക് ചെയ്തപ്പോള്‍  രണ്ടും നന്നായില്ല.  പിന്നീട് എനിക്ക് മനസ്സിലായി എല്ലാ സിനിമയും ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. ബുദ്ധിയും വിവരവും അധികമുള്ള ആളുകള്‍ അവിടെ സിനിമ കാണാറില്ല (ചിരിക്കുന്നു). കാരണം, വിദ്യാഭ്യാസത്തിന്‍െറ കുറവുണ്ട്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍. അവര്‍ക്ക്  വിനോദസിനിമകള്‍ മാത്രമേ പിടിക്കൂ. അവരെ രസിപ്പിക്കാനുള്ള ചേരുവകള്‍ ചേര്‍ത്താണ് ഞാന്‍ സിനിമകളെടുത്തത്. ഉദാഹരണത്തിന് ‘റാംജി റാവു സ്പീക്കിങ്’. അത് മലയാളത്തിലെപോലെയല്ല ഹിന്ദിയില്‍ ചെയ്തത്. ‘ഗര്‍ദിഷും’ പൂര്‍ണമായി ‘കിരീടം’ പോലെയല്ല. ഡിംപിള്‍ കപാഡിയ, രാജ്കപൂര്‍ ഇവരൊക്കെ എക്സ്ട്രാ കഥാപാത്രങ്ങളാണ്. കഥയെടുക്കാറേയുള്ളൂ. പിന്നെ അത് അവര്‍ക്ക് വേണ്ട രീതിയില്‍ മാറ്റി എഴുതും. അവിടെ ചോദിച്ചിട്ട് നല്ല കഥ കിട്ടുന്നില്ല. അപ്പോള്‍ നമ്മുടെ കൈയിലുള്ള കഥ കൊണ്ടുപോയി സിനിമയുണ്ടാക്കി. ‘മിഥുന’വും ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’വും ഇറങ്ങിയ സമയത്ത് വലിയ പണം വാരിയ സിനിമകളല്ല. പക്ഷേ,  ഇപ്പോള്‍ ആ പടങ്ങളെ അഭിനന്ദിക്കുന്നു. അതുപോലെ മുമ്പ് പരാജയപ്പെട്ട പല പടങ്ങള്‍ക്കും പില്‍ക്കാലത്ത് അഭിനന്ദനങ്ങള്‍ ലഭിച്ചേക്കാം.

മലയാളം മേക്കിങ്ങും ഹിന്ദിയിലെ മേക്കിങ്ങും തമ്മിലെ വ്യത്യാസം എന്താണ്?

ഹിന്ദിയില്‍ നമ്മള്‍ ഉദ്ദേശിക്കുന്നപോലെ സിനിമയെടുക്കാം. മലയാളത്തില്‍ അനുവദിക്കുന്ന ബജറ്റിലേ സിനിമ എടുക്കാന്‍ പറ്റൂ. അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ കോംപ്രമൈസ് ചെയ്യേണ്ടിവരും.

പുതിയ തലമുറയിലെ നടന്മാരെവെച്ച് സിനിമകള്‍ ചെയ്തിട്ടില്ലല്ലോ?

പഴയപോലെ, ഇനി അടുത്ത മാസം ഒരു സിനിമ എടുക്കണം എന്നൊരു ചിന്തയൊന്നും എനിക്കില്ല. ഒരു സിനിമ ഒത്തുവരുമ്പോള്‍, അത് ചെയ്യാമെന്ന മാനസികാവസ്ഥയുണ്ടെങ്കില്‍ മാത്രം ചെയ്യുക എന്നാണ് തീരുമാനം. അത് പുതിയ ആള്‍ക്കാരെവെച്ചാകാം, പഴയ ആള്‍ക്കാരെതന്നെ വെച്ചുമാകാം. നമ്മുടെ ആവശ്യം നല്ളൊരു തിരക്കഥ ഉണ്ടാവുക എന്നതാണ്. തിരക്കഥയില്‍ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ നല്ളൊരു സിനിമ ചെയ്യാന്‍ പറ്റുകയുള്ളൂ.

‘ഒപ്പ’ത്തിന് മുമ്പ് ചെയ്ത മൂന്ന് സിനിമകള്‍- ‘അറബിയും ഒട്ടകവും പി. മാധവന്‍ നായരും’, ‘ഗീതാഞ്ജലി’, ‘ആമയും മുയലും’- സാമ്പത്തികമായി വിജയിച്ചില്ല. കാരണമെന്തായിരുന്നു?

കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് തന്നെ അറിയാമായിരുന്നു, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ ശരിയാവുന്നില്ല എന്ന്. അതുകൊണ്ടാണ് വലിയൊരു ബ്രേക്ക് എടുത്തത്. കുറച്ചു നേരം മിണ്ടാതിരുന്നു. നമ്മള്‍ ചെയ്ത സിനിമകള്‍ റിപ്പീറ്റ് ചെയ്യാനുള്ള ഒരു പ്രവണത നമുക്ക് ഉണ്ടാകും. വിജയിച്ച ചിത്രങ്ങള്‍ ആവര്‍ത്തിക്കാന്‍. അത് വേണ്ട എന്നുവെച്ച് മാറിനിന്ന ശേഷമാണ് ‘ഒപ്പം’ പോലൊരു സിനിമയുമായി ഞാന്‍ വന്നത്.

ആദ്യകാലത്തെ സംവിധായകരില്‍ പലരും രംഗംവിടുകയോ സിനിമ ചെയ്യാന്‍ പറ്റാതിരിക്കുകയോ ചെയ്തു. ചിലരുടേത് പരാജയങ്ങളായി. എങ്ങനെയാണ് കാലത്തിനൊത്ത് പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ നവീകരിച്ചുകൊണ്ടിരിക്കുന്നത്?

ഞാന്‍ എല്ലാ കാലത്തും സിനിമ പഠിച്ചുകൊണ്ടിരുന്നു. ഈ പഠിത്തം അവസാനത്തെ സിനിമ ചെയ്യുംവരെയും തീരില്ല. ഞാനൊക്കെ സിനിമ തുടങ്ങിയ സമയത്ത് സിനിമ മെക്കാനിക്കലായിരുന്നു. സിനിമ അനലോഗായിരുന്നു. പിന്നെ അത് ഇലക്ട്രോണിക്കും ഡിജിറ്റലുമായി മാറി. ഓരോ മാറ്റം വരുമ്പോഴും അത് പഠിക്കാനും അത് പകര്‍ത്താനുമുള്ള ശ്രമം നടത്തി. അത് നടത്താത്ത എന്നെക്കാളും മിടുക്കന്മാരായ പല സംവിധായകരും ഉണ്ട്. അവര്‍ പരാജയപ്പെടാന്‍ കാരണം അപ്ഡേറ്റ് ചെയ്യാതിരുന്നതാണ്.

വീണ്ടും പഴയ ഓര്‍മകളിലേക്ക്... പട്ടിണി കിടന്നിട്ടുണ്ടോ?

പട്ടിണി കിടന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പട്ടിണി കിടന്നിട്ടില്ല. പക്ഷേ, ഒരു നേരം മാത്രം ആഹാരം കഴിച്ച് മദ്രാസില്‍ അലഞ്ഞിട്ടുണ്ട്. ഞാന്‍ ‘ഭൂല്‍ ഭുലയ്യ’ എന്ന സിനിമ ചെയ്ത്  പടം വലിയ ഹിറ്റായപ്പോള്‍ അതിന്‍െറ നിര്‍മാതാവ് ഭൂഷണ്‍ കുമാര്‍ അന്നത്തെകാലത്ത് ഒന്നേ മുക്കാല്‍ കോടി വിലയുള്ള ഒരു കാര്‍ സമ്മാനമായി കൊടുത്തയച്ചു. അത് ടു സീറ്റര്‍ കാറാണ്. ഞാനത് ഓടിക്കുമ്പോള്‍ എന്‍െറ അടുത്ത് മോന്‍ ഇരിപ്പുണ്ടായിരുന്നു. ഞങ്ങള്‍ കാറോടിച്ച് വരുന്ന സമയത്ത് വഴിയില്‍ പലയിടത്തും ബ്ളോക്ക്. അപ്പോള്‍ ചില ഇടവഴികളിലൂടെ ഞാന്‍ കാറോടിച്ചു. വീട്ടില്‍ എത്തിയപ്പോള്‍ മോന്‍ ചോദിച്ചു- അച്ഛന് എങ്ങനെ അറിയാം ഈ വഴിയൊക്കെ? ഞാന്‍ അവനോട് പറഞ്ഞു-നീ ഇപ്പോള്‍ ഈ കാറില്‍ ഇരുന്നല്ളേ ഈ വഴികളെല്ലാം കണ്ടത്. ഞാന്‍ നടന്നാണ് ഈ വഴികളൊക്കെ കണ്ടത്. അത്ര പ്രയാസപ്പെട്ടിട്ടുണ്ട് ഞാന്‍. വന്ന വഴികള്‍ ഓര്‍ക്കുമ്പോള്‍, കഷ്ടപ്പെട്ട നാളുകള്‍ ഓര്‍ക്കുമ്പോള്‍ ചിലപ്പോള്‍ കരച്ചില്‍ വരും. എന്‍െറ കൂടെ ഇതുപോലെ കഷ്ടപ്പെട്ട ഒരാള്‍ സുരേഷ്കുമാറാണ്. പക്ഷേ, എങ്ങനെയൊക്കെയോ ഈശ്വരന്‍ കാത്തു, ഒരു സ്ഥത്ത് എത്തിച്ചു.

ആദ്യമായി കിട്ടിയ പ്രതിഫലം ഓര്‍ക്കുന്നുണ്ടോ?

ആദ്യമായി കിട്ടിയ പ്രതിഫലം ഇപ്പോഴും എന്‍െറ കൈയിലുണ്ട്. ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ പ്രതിഫലം സുരേഷ്കുമാര്‍ എനിക്ക് വാങ്ങിത്തന്ന ഒരു ഫിയറ്റ് കാറാണ്. വീട്ടില്‍ കാറില്ലായിരുന്നു. കാര്‍ വാങ്ങണമെന്ന് വലിയ ആഗ്രഹമായിരുന്നു. സുരേഷ് വാങ്ങിത്തന്ന ഫിയറ്റ് കാര്‍ ഇപ്പോഴും വീട്ടിന് മുന്നിലുണ്ട്. മകനോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട്, ആ വണ്ടി ഒരിക്കലും വില്‍ക്കരുത്. എന്‍െറ അച്ഛനെ ആദ്യമായി കയറ്റിയ എന്‍െറ സ്വന്തം വണ്ടിയാണത്; അമ്മയെ ആദ്യമായി കയറ്റിയ എന്‍െറ സ്വന്തം വണ്ടി; എന്‍െറ ലിസിയെ ആദ്യമായി കയറ്റിയ സ്വന്തം വണ്ടി. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നടന്ന വണ്ടിയാണത്. എന്‍െറ ഏറ്റവും വലിയ സ്വത്താണ് ആ കാര്‍. ഇപ്പോഴും അത് സൂക്ഷിച്ചുവെക്കുന്നു. മെയിന്‍റയിന്‍ ചെയ്യുന്നു.

കാറുകളോട് എല്ലാ കാലത്തും ഒരു ഭ്രമം ഉണ്ടായിരുന്നല്ലോ..?

അതെനിക്ക് എല്ലാ കാലത്തും ഉണ്ടായിരുന്നു. കാറില്ലാതെ വളര്‍ന്ന വീടുകളിലെ പല കുട്ടികള്‍ക്കുമുള്ള പ്രശ്നമാണത്. ഒരുപാട് പണം ഞാന്‍ കാറുകള്‍ക്ക് വേണ്ടി ചെലവാക്കിയിട്ടുണ്ട്. അതിനുവേണ്ടി മാത്രമേ ഞാന്‍ പണം ചെലവാക്കിയിട്ടുള്ളൂ. കുട്ടികള്‍ എപ്പോഴും പറയും, അച്ഛനിപ്പോഴും ഉച്ചക്ക് ചോറും ഇത്തിരി മീന്‍കറിയും കിട്ടിയാല്‍ മതി.  അച്ഛന് മടുക്കില്ളേ, എന്നും ഇതുതന്നെ കഴിച്ചാല്‍? എനിക്കത് മടുക്കില്ല. ഞാന്‍ വലിയ ബ്രാന്‍ഡഡ് ഡ്രസുകളൊന്നും ഇടാറില്ല. ആകെ ദേഹത്തുള്ള വില കൂടിയ വസ്തു വാച്ചാണ്. അതും ഞാന്‍ വാങ്ങിയതല്ല. സി.സി.എല്ലില്‍ കാശ് കിട്ടിയപ്പോള്‍ എന്‍െറ ഭാര്യ എനിക്ക് വാങ്ങിത്തന്നതാണ്. അല്ലാതെ സ്വര്‍ണമോ മറ്റോ ഞാന്‍ ധരിക്കാറില്ല. കാരണം ഞാന്‍ ജീവിച്ചത് വളരെ സ്ട്രഗ്ള്‍ ചെയ്ത് ജീവിച്ച അച്ഛന്‍െറയും അമ്മയുടെയും മകനായാണ്. മകള്‍ക്ക് വേണ്ടി സമ്പാദിക്കുക, അവരെ കല്യാണം കഴിപ്പിച്ച് അയക്കുക, അങ്ങനെയൊക്കെ ചെറിയ ചെറിയ സ്വപ്നങ്ങള്‍ കണ്ട അച്ഛന്‍െറയും അമ്മയുടെയും മകനായിരുന്നു ഞാന്‍. വലുതെല്ലാം നേടിയപ്പോഴും എന്‍െറ ബേസിക്കായ മനസ്സിന്‍െറ ഉള്ളില്‍നിന്ന് അതൊന്നും പോയിട്ടില്ല. പക്ഷേ, കുട്ടികള്‍ അങ്ങനെയൊന്നുമല്ല. കാരണം, എന്‍െറ അച്ഛന്‍ പാവപ്പെട്ട ഒരു അച്ഛനായിരുന്നു. അവരുടെ അച്ഛന്‍ പാവപ്പെട്ട അച്ഛനല്ലായിരുന്നു. അതില്‍ അവരെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല (ചിരിക്കുന്നു).

സ്വപ്നത്തിലെ സിനിമ- അങ്ങനെയൊന്നുണ്ടോ?
അങ്ങനെയൊന്നില്ല. സ്വപ്നത്തില്‍ ബാക്കി രണ്ട് കാര്യങ്ങളേയുള്ളൂ. എന്‍െറ മോളും മോനും നല്ല രീതിയില്‍ ജീവിക്കുക. അവരല്ലാതെ ഒരു സ്വപ്നവും എന്‍െറ ജീവിതത്തിലില്ല. ഇതുപോലെ ജീവിച്ചുപോകാന്‍ പറ്റുക. കുട്ടികള്‍ നന്നായിരിക്കുക. ഈയൊരു സ്വപ്നമേ എനിക്കുള്ളൂ. കാരണം പറയാം. ഞാന്‍ സ്വപ്നം കണ്ടതില്‍ കൂടുതല്‍ ഈശ്വരന്‍ എനിക്ക് തന്നു.  ഒറ്റ പ്രാര്‍ഥനയേ ഉള്ളൂ: കുട്ടികള്‍ നന്നായിരിക്കണം.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress lissypriyadarshan
News Summary - priyadarsan and lissy
Next Story