പുരസ്​കാരങ്ങൾ മോഹിപ്പിച്ചിട്ടില്ല -കാമറാമാൻ പി.സി. ശ്രീറാം

  • നായകൻ, അലൈപായുതെ, ഒ.കെ. കൺമണി അടക്കമുള്ള മണിരത്​നം ചിത്രങ്ങൾ, കി ആൻഡ്​ കാ, പാ തുടങ്ങിയ ബോളിവുഡ്​ ചിത്രങ്ങളും അടക്കം ഹിന്ദി, തമിഴ്, മലയാളം, കന്നട സിനിമകളിൽ 38 വർഷമായി കാമറ ചലിപ്പിക്കുന്ന മാസ്​റ്റർ സിനിമാറ്റോഗ്രാഫർ പി.സി ശ്രീറാം മനസ് തുറക്കുന്നു...

PC-SREERAM
പി.സി. ശ്രീറാം (ചിത്രം: ബൈജു കൊടുവള്ളി )

മണിരത്നം സംവിധാനം ചെയ്ത അലൈപായുതേ, നായകൻ, മൗനരാഗം, ഗീതാഞ്ജലി, ഒ.കെ കൺമണി തുടങ്ങിയ ചിത്രങ്ങൾ കണ്ടവരാരും അവയിലെ മനോഹരവും വ്യത്യസ്തവുമായ ദൃശ്യങ്ങളും ഫ്രെയിമുകളും മറക്കാനിടയില്ല. മണിരത്നത്തി​​​​​െൻറ മികച്ച ചിത്രങ്ങളിലെല്ലാം കാമറകൊണ്ട് കൈയൊപ്പു ചാർത്തിയ ഒരു അനുഗൃഹീത ഛായാഗ്രാഹകനുണ്ട് -പി.സി ശ്രീറാം. സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഈ സംവിധായക-ഛായാഗ്രാഹക കൂട്ടുകെട്ടിൽ പിറന്നത് ഇന്ത്യൻ സിനിമ എക്കാലവും ഓർത്തുവെക്കുന്ന ഒരുപിടി ഹിറ്റുകൾ. സിനിമാട്ടോഗ്രാഫർ എന്നതിലുമപ്പുറം സംവിധായകനായും തിളങ്ങിയ ഇദ്ദേഹം നായകൻ എന്ന ചിത്രത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ജേതാവായി. 1981ൽ ‘വാ ഇന്ത പക്കം’ എന്ന ചിത്രത്തിൽ തുടങ്ങിയ ഛായാഗ്രാഹക ജീവിതം 50ഓളം സിനിമകളിലെത്തി നിൽക്കുന്നു. കാമറകൊണ്ട് വിസ്മയം സൃഷ്​ടിച്ച പി.സി. ശ്രീറാം നീണ്ട ഇടവേളക്കുശേഷം മലയാളത്തിൽ ഒരു പ്രോജക്ട് ചെയ്യുകയാണ്, വി.കെ. പ്രകാശി​​​​​െൻറ ‘പ്രാണ’ എന്ന ചിത്രത്തിൽ. പ്രാണയുടെ വർക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ അദ്ദേഹം വാരാദ്യമാധ്യമത്തോട് സംസാരിച്ചപ്പോൾ...

1985ൽ ഇറങ്ങിയ കൂടുംതേടി എന്ന ചിത്രത്തിനുശേഷം ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ചെയ്യാൻ എത്തുന്നത്. ചിത്രത്തെക്കുറിച്ച പ്രതീക്ഷകൾ എന്തൊക്കെയാണ്?

പ്രാണ വ്യത്യസ്​ത ചിത്രമാണ്. ഇതുപോലൊന്ന് വേറെയുണ്ടാവില്ല. മാധ്യമപ്രവർത്തകയും ആക്ടിവിസ്​റ്റുമായ ഗൗരി ലങ്കേഷി​​​​​െൻറ വധവുമായി ബന്ധപ്പെട്ട വാർത്തകൾ നി‍റഞ്ഞുനിൽക്കുമ്പോഴാണ് വി.കെ.പി ഈ ചിത്രത്തി​​​​​െൻറ കാര്യം പറയാനായി എന്നെ വിളിക്കുന്നത്. ഗൗരിയുമായി ഇതിന് നേരിട്ട് ബന്ധമൊന്നുമില്ല. എന്നാലും ഇത് ഏറ്റെടുക്കുമ്പോൾ അവരായിരുന്നു എ​​​​​​െൻറ മനസ്സിൽ. നിത്യ മേനോൻ മാത്രം അഭിനയിക്കുന്ന ഏകപാത്ര ചിത്രമാണിത്. പ്രാണയിലെ ഏറ്റവും ത്രില്ലിങ് ഘടകവും ഇതുതന്നെ. നിത്യയെ പോലെ ഏറെ കഴിവുറ്റ ഒരു നായികയാണ് കാമറക്കു മുന്നിലുള്ളത്, വി.െക.പിയെപ്പോലെ പ്രതിഭയായ സംവിധായകനും. കൂടാതെ, ഏറെ മികച്ച ഒരു ടീമാണ് പ്രാണക്കു പിന്നിലുള്ളത്. ചിത്രത്തി​​​​​െൻറ വർക്കുമായി ബന്ധപ്പെട്ട ഓരോ നിമി‍ഷവും ആസ്വാദ്യകരമായിരുന്നു. അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്നുവെന്നതും ചിത്രത്തെ പ്രതീക്ഷനിർഭരമാക്കുന്നു. 

PC-SREERAM
കുരുതിപ്പുനല്‍ ചിത്രത്തിന്‍റെ ലൊക്കേഷനിൽ പി.സി. ശ്രീറാം, കമൽഹാസൻ എന്നിവർ
 


ഗൗരി ലങ്കേഷി​​​​​െൻറ ജീവിതവുമായി നേരിട്ട് ബന്ധമില്ലെങ്കിലും സമകാലിക സംഭവവികാസങ്ങളിൽ എഴുത്തുകാരുടെ പ്രതിരോധം ഇതിനകത്ത് കാണിക്കുന്നുണ്ട്. ഈ ചിത്രം കണ്ടാൽ ഗൗരിയെ നാം ഓർമിക്കും. എവിടെയൊക്കെയോ അവരുടെ ജീവിതം വന്നുപോവുന്നുണ്ട്. മലയാള ചലച്ചിത്രത്തിലെ ഏറെ വ്യത്യസ്തമായ ഒന്നായിരിക്കും പ്രാണ. പ്രതീക്ഷകൾ വെച്ചുപുലർത്തുന്നവരെ നിരാശരാക്കില്ല. മികച്ച ബൗദ്ധികനിലവാരം കാണിക്കുന്ന ചിത്രത്തിന് പ്രേക്ഷകർക്കായി വലിയ കാര്യങ്ങൾ ചെയ്യാനാവും, നിത്യ മേനോ​​​​​​െൻറ പ്രകടനം എടുത്തുപറയേണ്ടതാണ്. കാമറക്കു മുന്നിൽ അവരുടെ പ്രകടനം ‍ഒരു മാജിക്കായിരുന്നു. നിത്യയുടെ പ്രതിഭയാണ് അവരുടെ സൗന്ദര്യം. മലയാള ചിത്രരംഗത്ത് ഒരത്ഭുതം സൃഷ്​ടിക്കാവുന്ന സിനിമയാണിത്. 

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലായി ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനകം ചെയ്തുകഴിഞ്ഞു. ഏത് ഭാഷാചിത്രത്തിൽ ജോലി ചെയ്യുന്നതാണ് താങ്കൾക്കിഷ്​ടം?

ഭാഷ ഒരിക്കലും എ​​​​​​െൻറ വിഷയമേയല്ല. പല ഭാഷയിൽ പല സംവിധായകരുമായി പ്രവർത്തിച്ചു. മണിരത്നം, വിക്രം കുമാർ, ബാൽകി, ഫാസിൽ ഇങ്ങനെ ഒരുപാടു പേർ. ആരോടൊപ്പം പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനം. ഒരേ വേവ് ലെങ്ത് ഉള്ളവരോടൊപ്പം വർക് ചെയ്യുമ്പോൾ ഭാഷ ദ്വിതീയമാവുന്നു. സിനിമമേഖലക്ക് ഭാഷയുടെ അതിർവരമ്പുകളില്ല. മലയാളിയായ വിക്രം കുമാറിനൊപ്പം തമിഴ്നാട്ടുകാരനായ ഞാൻ തെലുങ്ക് ചിത്രം ചെയ്തിട്ടുണ്ട്. കല എല്ലാറ്റിനും സൗന്ദര്യം പകരുന്നു. ഭാഷയുടെ അതിരുകളില്ലാതെ കലയങ്ങനെ വ്യാപിച്ചുകിടക്കട്ടെ. 

ഇന്ത്യൻ സിനിമയിലെത്തന്നെ ഏറെ അറിയപ്പെടുന്ന സംവിധായക-ഛായാഗ്രാഹക കൂട്ടുകെട്ടാണ് മണിരത്നം-പി.സി. ശ്രീറാം ജോടി. മൗനരാഗത്തിൽ തുടങ്ങി ഒ.കെ കൺമണിയിലെത്തി നിൽക്കുന്ന ഒട്ടേറെ ഹിറ്റുകൾ. ഈയൊരു കെമിസ്ട്രിയെ സ്വയം എങ്ങനെ വിലയിരുത്തും?

മണിരത്നവുമായുള്ള ബന്ധം പെട്ടെന്നൊരു ദിവസം തുടങ്ങിയതല്ല. ഞങ്ങൾ വളരെയേറെ സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്. ഒരുമിച്ച് സിനിമകളെക്കുറിച്ച് സംസാരിച്ചാണ് വളർന്നത്. ഒരു സിനിമ ചെയ്യണമെന്ന് ഏറെ ഉത്​കടമായി ആഗ്രഹിച്ചാൽ മാത്രമാണ് അത് ചെയ്യുന്നത്. ഞങ്ങൾ സിനിമയുടെ വിജയത്തെക്കുറിച്ച് ചിന്തിക്കുകയില്ല. പരസ്പരം മനസ്സുവായിക്കാൻ കഴിയുന്നവരായിരുന്നു രണ്ടുപേരും. അദ്ദേഹവുമായി ഒരു ചിത്രം ചെയ്തതിനുശേഷം ഞാൻ ഫാസിലിനൊപ്പം തിരക്കിലായിരുന്നു. അതിനുശേഷം വീണ്ടും മണിരത്നത്തോടൊപ്പം ചേർന്നു. നാലു ചിത്രങ്ങൾ തുടർച്ചയായി വന്നു. പിന്നെ നടന്നത് ചരിത്രമാണ്. 

മണിരത്നത്തിനൊപ്പം ചെയ്തതിൽ വ്യക്തിപരമായി കൂടുതൽ ഇഷ്​ടപ്പെടുന്ന ചിത്രം​?

ഗീതാഞ്ജലി, അലൈപായുതേ ഇവ രണ്ടും എന്നും ഏറെ ഇഷ്​ടമുള്ള ചിത്രങ്ങളാണ്. അനശ്വര പ്രണയത്തി​​​​​െൻറ കഥയാണ് അലൈപായുതേ. ആദ‍്യം ചെയ്ത മൗനരാഗം ഒരു സിനിമപ്രേമിയെന്ന നിലക്കും ഛായാഗ്രാഹകൻ എന്നനിലക്കും ഏറെ ഇഷ്​ടമാണ്. ഒരു സാങ്കേതിക പ്രവർത്തകനെന്ന നില‍യിൽ ഏറെ സംതൃപ്തി തോന്നിയത് അലൈപായുതേ ആണ്. 

ഗീതാഞ്ജലി, അലൈപാ‍യുതേ, മൗനരാഗം, ഒ.കെ കൺമണി ഇവയെല്ലാം റൊമാൻറിക് ചിത്രങ്ങളാണ്. മണിരത്നം റൊമാൻറിക് ചിത്രങ്ങൾ ചെയ്യാൻ താങ്കളെ സവിശേഷമായി തിരഞ്ഞെടുക്കുകയാണെന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെയൊന്നുമില്ല, തീർത്തും ‍യാദൃച്ഛികമായേക്കാം. 

സിനിമാട്ടോഗ്രാഫർ എന്നതിനൊപ്പം സംവിധാക​​​​​​െൻറ കുപ്പായവും ഒരുപാടു തവണ അണിഞ്ഞിട്ടുണ്ട് താങ്കൾ. രണ്ടാമതായി ചെയ്ത ‘കുരുതി പുനൽ’ 1996ൽ ഓസ്കർ എൻട്രിയായി രാജ്യം സമർപ്പിച്ചതാണ്. ആ സിനിമ താങ്കളുടെ എക്കാലത്തെയും പ്രിയപ്പെട്ട വർക്കുകളിലൊന്നാണല്ലോ? 

കുരുതി പുനൽ വ്യക്തിപരമായി ഏറെ ഇഷ്​ടമുള്ളതാണ്. പക്ഷേ, ചലച്ചിത്രമേളകൾ ഒരിക്കലും എന്നെ മോഹിപ്പിച്ചിട്ടില്ല. അവാർഡുകളെയും ഞാൻ മതിക്കുന്നില്ല. ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാലും അവാർഡുകൾ നേടിയാലും നല്ലത്. ഇനി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും അവാർഡ് കിട്ടിയില്ലെങ്കിലും അതും നല്ലത്. അവാർഡുകൾക്കു പിന്നാലെ പോവുന്ന ഒരാളല്ല ഞാൻ. ഒരു ചെറിയ കൂട്ടം ആളുകൾ നൽകുന്ന അവാർഡുകളെക്കാൾ ഞാൻ വിലമതിക്കുന്നത് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ്.

സ്കൂൾ പഠനകാലത്ത് അത്രയൊന്നും പഠിക്കാത്ത, സിനിമ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പയ്യനായിരുന്നു ശ്രീറാമെന്ന് കേട്ടിട്ടുണ്ട്. 

ജീവിതത്തിൽ എപ്പോഴും നമുക്ക് മുന്നോട്ടുപോവാനായി എന്തെങ്കിലുമുണ്ടായിരിക്കണം. നാളെയിലുള്ള പ്രതീക്ഷകളാണ് ജീവിതത്തിന് ഊർജം പകരുന്നത്. ഞാൻ ജനിച്ചത് ഒരു ഛായാഗ്രാഹകനാവാനാണ്. അതെനിക്കാ​േയ പറ്റൂ. അതുകൊണ്ടായിരിക്കാം പഠനത്തിൽ പിന്നാക്കം പോയത്. പഠനം എ​​​​​​െൻറ ജീവിതത്തി​​​​​െൻറ ഭാഗമേ അല്ലായിരുന്നു. കുടുംബത്തിലും സ്കൂളിലെ കൂട്ടുകാർക്കിടയിലും ഒരു ബ്ലാക്ക് ഷീപ് ആയിരുന്നു, കൂട്ടംതെറ്റി മേയുന്നവൻ. പലതവണ എഴുതിയെഴുതിയാണ് ഓരോ പരീക്ഷയും ജയിച്ചത്. സ്കൂൾ കഴിഞ്ഞ് സിനിമ പഠിക്കുക എന്ന ചിന്തയോടെ മദ്രാസ് ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ ചേർന്നു. അവിടെനിന്നാണ് എ​​​​​​െൻറ ലോകം തിരിച്ചറിയുന്നത്, പഠിക്കാനുള്ള മോഹമുണ്ടാവുന്നത്. 

PC-SREERAM
ഒ.കെ. കൺമണി ചിത്രീകരണത്തിനിടെ പി.സി. ശ്രീറാം, മണിരത്​നം എന്നിവർ
 


ചലച്ചിത്ര പഠനശാലകൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഏറെ പ്രധാനമാണ്, എ​​​​​​െൻറയും. മൂന്നുവർഷം ഇൻസ്​റ്റിറ്റ്യൂട്ടിൽ പഠിച്ചാൽ തന്നെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പ‍ഠിക്കാനാവും. അവിടെനിന്ന് പുറത്തിറങ്ങിയതിനു ശേഷവും ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള ദാഹമുണ്ടായി. അങ്ങനെ ഫിക്​ഷനും സിദ്ധാന്തങ്ങളുമുൾ​െപ്പടെ ഒരുപാട് വായിച്ചു. ഹോർട്ടികൾചറിസ്​റ്റും ഫോട്ടോഗ്രാഫറും കൂടിയായ മുത്തച്ഛനാണ് എനിക്ക് കാമറ തന്നത്. ആ കാമറയിൽ ഞാൻ എണ്ണമറ്റ ചിത്രങ്ങളെടുത്തു. ഞാനെന്നെ തന്നെ തിരിച്ചറിയാൻ തുടങ്ങിയത് അവിടെനിന്നാണ്. എ​​​​​​െൻറ ഏകാന്തതകളിൽ കൂട്ടുണ്ടായിരുന്നത് കാമറയും ഫോട്ടോഗ്രഫിയുമാണ്. 

ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന കാലത്തും പഠിച്ചിറങ്ങിയ ശേഷവും അനുഭവപ്പെട്ട വ്യത്യാസമെന്താണ്? 

ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിലെ പരിശീലന കാലത്ത് അവർ നിങ്ങൾക്ക് ഒരു സാധാരണ കാമറ തരും, പുറത്തിറങ്ങിയാൽ അങ്ങനെയല്ല സംഭവിക്കുക. വളരെ വിലപിടിപ്പുള്ള അത്യാധുനിക കാമറകളാണ് നിങ്ങൾക്കു മുന്നിലെത്തുക. സിനിമ ഫീൽഡിലെ കാമറ ഒരു മെഷീനാണ്. സ്വാഭാവികമായും ഉത്തരവാദിത്തം കൂടും. നിങ്ങളതുകൊണ്ടു എന്തു സൃഷ്​ടിക്കുന്നുവെന്നത് ഏറെ പ്രധാനമാണ്. 

ഭാവി പ്രോജക്ടുകൾ, പുതുതായി സംവിധാന സംരംഭങ്ങൾ വല്ലതും മനസ്സിലുണ്ടോ?

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഇപ്പോഴൊന്നും ചിന്തിക്കുന്നില്ല. തെലുങ്കിൽ വിക്രം കുമാറിനൊപ്പം സിനിമ പ്ലാൻ ചെയ്തിട്ടുണ്ട്. അതിനുശേഷം ബാൽകിക്കൊപ്പം(ആർ. ബാൽകി) ഒരു ഹിന്ദി ചിത്രം. ഇവ പൂർത്തിയായശേഷം വി.കെ. പ്രകാശിനൊപ്പം പ്രാണക്കുശേഷമുള്ള മറ്റൊരു ചിത്രംകൂടി, ഖയാൽ എന്ന പേരിൽ.  

ഛായാഗ്രാഹക ജീവിതത്തിൽ സ്വാധീനിച്ച എന്തെങ്കിലും പ്രത്യേക ഘടകങ്ങളുണ്ടോ? ഒരു ചിത്രം കാണുമ്പോൾ ഫ്രെയിം ഇങ്ങനെയായിരുന്നെങ്കിൽ നന്നായേനെ എന്ന തോന്നലുകൾ വല്ലതും ഉണ്ടായിട്ടുണ്ടോ? 

ഒരു സിനിമ ഇറങ്ങിയശേഷം ഞാനത് കാണുന്നത് ഒരിക്കലും സിനിമാട്ടോഗ്രാഫറുടെ വീക്ഷണകോണിൽ നിന്നല്ല, ഒരു സിനിമപ്രേമി മാത്രമായാണ്. എ​​​​​​െൻറ സിനിമകൾപോലും അതി​​​​​െൻറ നിർമാണ പ്രക്രിയകൾ നടക്കുമ്പോൾ മാത്രമേ, ഛായാഗ്രാഹകനായി കാണാറുള്ളൂ. അന്നും ഇന്നും അങ്ങനെത്തന്നെയാണ്. ഒരു സാധാരണ പ്രേക്ഷകൻ സിനിമയിൽ എന്തൊക്കെ കാണുന്നോ, അതെല്ലാം ഞാനും കാണും. എന്തെല്ലാം പ്രതീക്ഷിക്കുന്നുവോ, അതെല്ലാം ഞാനും തേടിക്കൊണ്ടിരിക്കും. 

താങ്കളുടെ കരിയറിൽ ഏറ്റവും സംതൃപ്തിയും ഇഷ്​ടവും തോന്നിയ ചിത്രം ഏതാണ്? 

ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ.

താങ്കളുടേതല്ലാത്ത, ഏറെ സ്വാധീനിച്ച ചിത്രങ്ങൾ ഏതൊക്കെയാണ്?

മിലോസ് ഫോർമാ​​​​​​െൻറ വൺ ഫ്ല്യൂ ഓവർ ദി കുക്കൂസ് നെസ്​റ്റ്​ (അമേരിക്കൻ) കണ്ട് ഏറെനേരം അതേക്കുറിച്ചുതന്നെ ചിന്തിച്ചിരുന്നിട്ടുണ്ട്. 1959ൽ ഇറങ്ങിയ ഫ്രാങ്​സ്വ ത്രൂഫോയുടെ The 400 blows കണ്ടപ്പോൾ ഞാനാലോചിച്ചത് ഇതെ​​​​​​െൻറ ജീവിതമാണല്ലോ എന്നാണ്. ത്രൂഫോയുടെ ആത്മകഥാംശമുള്ള ചിത്രമാണത്. അസ്വസ്ഥ ചിന്തക‍ളാലും സ്വപ്നങ്ങളാലും അലയുന്ന ഒരു കൗമാരക്കാര​​​​​​െൻറ ജീവിതമാണ് The 400 blows. ഇന്ന് ആ ചിത്രം കാണുമ്പോഴും എനിക്ക് അതേ ചിന്തകളാണ്, തോന്നലുകളാണ് അനുഭവപ്പെടുന്നത്. 

സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്?

സംവിധായകൻ സിനിമയുടെ സ്രഷ്​ടാവാണെങ്കിൽ സഹസ്രഷ്​ടാവാണ് ഛായാഗ്രാഹകൻ. സംവിധായകൻ എഴുതുന്നത് ഛായാഗ്രാഹകൻ മനസ്സിൽ കാണണം, അത് പകർത്തണം. ഈ ഒരർഥത്തിൽ ഏറെ ഉത്തരവാദിത്തമുള്ള ജോലിയാണ് ഛായാഗ്രാഹക​​േൻറത്. 

സിനിമാ മോഹവുമായി നടക്കുന്ന നിരവധി ചെറുപ്പക്കാർ നമുക്കിടയിലുണ്ട്. സംവിധായകനാവാനും ഛായാഗ്രാഹകനാവാനും ആഗ്രഹിക്കുന്ന ആയിരക്കണക്കിനു യുവാക്കൾ. ഇന്ത്യൻ ഛായാഗ്രാഹക രംഗത്തെ മുൻനിരക്കാരിലൊരാൾ എന്നനിലയിൽ അവരോട് എന്താണ് പറയാനുള്ളത്? 

ഒരുകാര്യവും എളുപ്പത്തിൽ സംഭവിക്കില്ല. നിങ്ങൾ എപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കണം. മനസ്സിലൊരാളെ കണ്ട് ‘എനിക്ക് അദ്ദേഹത്തിനെ പോലെയാവണം’ എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങൾ നിങ്ങളായിത്തന്നെ ഇരിക്കുക. നിങ്ങളുടെ വ്യക്തിത്വവും അതുല്യതയും തിരിച്ചറിയുക.

Loading...
COMMENTS