പാർവതി തിരിച്ചറിഞ്ഞ ഇസ്ലാമോഫോബിയ

മലയാള സിനിമ മാറ്റത്തിന്‍റെ വഴികളിലൂടെ ലോകത്തോളം വളർന്നു കൊണ്ടിരിക്കുകയാണ്. ഒരുകൂട്ടം പുതുമുറക്കാർ സിനിമയുടെ തലവര തന്നെ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. സിനിമ മാത്രമല്ല, സിനിമക്കാരും മാറുന്നുണ്ട്. അതുകൊണ്ടാണ് വെള്ളിത്തിരയിലെയും അതിനു പുറത്തെ ജീവിതത്തിലും സ്റ്റീരിയോടൈപ്പുകളെ അവർ വെട്ടിനിരത്തുന്നത്. വാക്കുകളുടെയും നിലപാടുകളുടെയും സൂക്ഷ്മതയിലൂടെ തിരുത്തുന്നത് സ്ഥിരപ്പെട്ടു പോയ തെറ്റുകളെക്കൂടിയാണ്. തന്‍റെ സിനിമകളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നുവെന്നും അതിൽ ഖേദിക്കുന്നുവെന്നുമുള്ള നടി പാർവതി തിരുവോത്തിന്‍റെ തുറന്നുപറച്ചിൽ അതിൽ ഏറ്റവും ഒടുവിലത്തേതാണ്. 

ഇസ്ലാമിനോടും മുസ്ലിംകളോടും കാണിക്കുന്ന മുൻ‌വിധിയും വിവേചനവുമാണ് ഇസ്ലാമോഫോബിയ. പച്ചമലയാളത്തിൽ ഇസ്ലാംപേടി എന്നും പറയാം. കാലങ്ങളായി മലയാള സിനിമ തുടർന്നുപോരുന്ന ഇസ്ലാമോഫോബിക് രംഗങ്ങൾ നിത്യ സാധാരണമെന്ന മട്ടിൽ പ്രേക്ഷകർ കണ്ടുപോരുന്നുവെന്നതാണ് അതിന്‍റെ പ്രശ്നം. ആ പ്രശ്നം തന്നെയാണ് പാർവതി വിളിച്ചു പറഞ്ഞത്. 

തന്‍റെ ചിത്രങ്ങളായ ടേക് ഓഫ്, എന്ന് നിന്‍റെ മൊയ്തീൻ എന്നിവയിലെ ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങളെയാണ് പാർവതി ചൂണ്ടിക്കാട്ടിയത്. 2014ൽ ഇറാഖിൽ ഇന്ത്യൻ നഴ്സുമാരെ ബന്ദിയാക്കിയതും പിന്നീട് മോചിപ്പിച്ചതും ആയ യഥാർത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ടേക്ക് ഓഫ് എന്ന ചിത്രം. കോട്ടയം സ്വദേശിനി മെറിന്‍ എം. ജോസ് ഉൾപ്പടെയുള്ളവരായിരുന്നു അന്ന് ഇറാഖിൽ കുടുങ്ങിയത്. നിങ്ങളെ അക്രമിക്കില്ലെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് രക്ഷപ്പെടാനുമാണ് ഐ.എസുകാർ അവരോട് പറഞ്ഞത്. റമദാന്‍ മാസത്തിൽ ഇവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കിയെന്നും ഫോണ്‍ ചെയ്യാന്‍ അനുമതി നൽകിയെന്നും തിരിച്ചെത്തിയ നഴ്സുമാര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത് വലിയ വാർത്തയുമായിരുന്നു. 

എന്നാൽ ടേക് ഓഫ് എന്ന ചിത്രത്തിലേക്ക് വരുമ്പോൾ മെറിൻ എന്ന യഥാർഥ കഥാപാത്രം സമീറയെന്ന മുസ്ലിമാകുന്നു. അതുവഴി ഇസ്ലാമോഫോബികും മുസ്ലിം സ്റ്റീരിയോ ടൈപ്പുമായ കഥാപാത്രങ്ങളെ വളരെ എളുപ്പം സ്ഥാപിക്കാനുമാകുന്നു. 

അതുകൊണ്ടാണ് ‍യാഥാസ്ഥിക മുസ്ലിം കുടുംബത്തിന്‍റെയും സ്വാതന്ത്യം പോലും നിഷേധിക്കപ്പെടുന്ന മുസ്ലിം സ്ത്രീയുടെയും പ്രശ്നങ്ങൾ സിനിമയിൽ കാണുമ്പോൾ പ്രേക്ഷകർക്ക് വലിയ പ്രശ്നങ്ങൾ തോന്നാത്തത്. ഇത് കൂടാതെ ഐ.എസ് തടവിലായ നഴ്സുമാരുടെ ജീവിതവും ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഐ.എസുകാർ നഴ്സുമാരുടെ പാസ്പോർട്ട് നശിപ്പിക്കുന്നു, മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നു, നിസ്കരിക്കാൻ പരിശീലിപ്പിക്കുന്നതും സിനിമയിൽ കാണാം. അവസാനം സമീറയുടെ മകന്‍റെ ഖുർആൻ വാക്യങ്ങളാണ് ഐ.എസിൽ നിന്ന് ഇവർക്ക് രക്ഷ നൽകുന്നത്. 

ഐ.എസുകാർ വളരെ നല്ലവരാണെന്ന് പറയുകയല്ല, യഥാർഥ സംഭവങ്ങൾ ചിത്രീകരിക്കുമ്പോൾ പോലും അതിൽ തിരുകിക്കയറ്റുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് പറയുകയാണ്.  എന്ന് നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിലേക്ക് വരുമ്പോഴും മൊയ്തീന്‍റെ പിതാവ് ബി.പി. ഉണ്ണിമൊയ്തീന്‍റെ കഥാപാത്ര നിര്‍മിതിയും ഇത്തരത്തിലാണ്. ‘യഥാര്‍ഥ’ ജീവിതത്തില്‍ താടിയും തലപ്പാവുമില്ലാത്ത ഉണ്ണിമൊയ്തീന്‍ സിനിമയിലേക്ക് 
വരുമ്പോൾ കടുത്ത മത വിശ്വാസിയും യാഥാസ്ഥിതികനുമാകുന്നു.

 
സിനിമയെ എന്തിന് ചൂഴ്ന്ന് പരിശോധിക്കണം, സിനിമയെ സ്വാഭാവികമായി കണ്ടാൽ പോരെ എന്ന് സംശയിക്കുന്നവരുമുണ്ടാകാം. എന്നാൽ ഇത്തരം നിരുപദ്രവകരമെന്ന് കരുതുന്ന രംഗങ്ങളുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. അക്കാര്യം പാർവതി കൃത്യമായി തിരിച്ചറിഞ്ഞുവെന്നതിലാണ് വലിയ കൈയ്യടി വേണ്ടത്. ഇനി തന്‍റെ സിനിമകളിൽ അത്തരം രംഗങ്ങൾ ഇല്ലാതിരിക്കാൻ ശ്രമിക്കുമെന്ന തുറന്നുപറച്ചിലും വലിയ രാഷ്ട്രീയ പ്രഖ്യാപനമായി കാണണം.

രാഷ്ട്രീയ പ്രഖ്യാപനങ്ങൾ വിവാദമാകുമെന്ന ഭയത്താൽ മൗനം തുടരുന്ന സിനിമാ പ്രവർത്തകർ തീർച്ചയായും പാർവതിയെ കണ്ടു പഠിക്കേണ്ടതുമുണ്ട്. കസബ വിവാദങ്ങൾക്ക് ശേഷവും തന്‍റെ നിലപാടുകൾ തുറന്നു പ്രഖ്യാപിക്കാൻ പാർവതിക്ക് മടിയില്ലെന്ന കാര്യം എടുത്ത് പറയേണ്ടതുണ്ട്. അതേസമയം, ചില സംവിധായകർ, പ്രത്യേകിച്ച് പുതുതലമുറയിലുള്ളവർ ഇത്തരം ആഖ്യാന രീതികളെ മാറ്റി എഴുതുന്നുമുണ്ട്. അത്തരത്തിൽ സിനിമക്കുള്ളിൽ നിന്ന് തന്നെ മാറ്റങ്ങളുണ്ടായി വരുമെന്ന് നമുക്ക് പ്രത്യാശിക്കാം. 


 

Loading...
COMMENTS