ഇന്ത്യയുടെ അനാർക്കലി

  • ഇന്ത്യൻ സിനിമയിലെ താരറാണിയായിരുന്ന മധുബാല​യുടെ 86ാമത്തെ ജന്മദിനത്തിൽ ഒരോർമക്കുറിപ്പ്​

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും സുന്ദരിയായ നടിയായിരുന്നു മധുബാല (മധുബാലയുടെ മെഴുകുപ്രതിമയുടെതാണ്​ ചിത്രം)

1969ൽ ത​​ന്‍െറ 36  ാം വയസ്സിൽ ഹൃദയസംബന്ധമായ അസുഖത്താൽ മധുബാല മരിക്കുമ്പോൾ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരസൗന്ദര്യമാണ് അസ്തമിച്ചത്. സ്വപ്നം മയങ്ങുന്ന കണ്ണുകളും അതിമനോഹരമായ പുഞ്ചിരിയും നിഗൂഢമായ സൗന്ദര്യവുമെല്ലാം ചേർന്ന ഈ അഫ്ഗാനി സുന്ദരി ഹിന്ദി സിനിമാലോകത്തി​​ന്‍െറ ഹൃദയം കവർന്നു. അവിഭക്ത ഇന്ത്യയിലെ പഴയ പെഷാവറിൽ അത്താഉല്ല ഖാ​ന്‍െറയും അയിഷാബീഗത്തി​​ന്‍െറയും 11 മക്കളിൽ അഞ്ചാമത്തേതായി 1933 ഫെബ്രുവരി 14ന്​ മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി ജനിച്ചു. പ്രണയികളുടെ ദിനത്തിൽ ജനിച്ച മുംതാസി​​ന്‍െറ ജീവിതം നിറയെ പിന്നീട് ധാരാളം പ്രണയവർണങ്ങൾ ഇടകലർന്നു. ജനിക്കുമ്പോൾ നല്ല നീലനിറമായിരുന്നു ബേബി മുംതാസിനെന്നു സഹോദരി ഓർക്കുന്നു. ഹൃദയവൈകല്യത്തി​​ന്‍െറ പ്രകടമായ ലക്ഷണം അന്ന് കണ്ടുപിടിക്കപ്പെടാതെപോയി.

കുട്ടിക്കാലത്തു നല്ല ഓമനത്തമുള്ള ഒരു തടിച്ചിക്കുട്ടിയായിരുന്നു മുംതാസ്. കണ്ണാടിക്കു മുന്നിൽ പോസ് ചെയ്തു നൃത്തംചവിട്ടുന്ന മുംതാസ്, സിനിമയിൽ അഭിനയിക്കണമെന്നു പറഞ്ഞ്​ എന്നും പിതാവിനെ ശല്യപ്പെടുത്താറുണ്ടായിരുന്നു.

വര: വിനീത്​ എസ്​. പിള്ള
 

മുൻകോപിയായിരുന്നു മുംതാസി​​ന്‍െറ പിതാവ്. അതുകൊണ്ടുതന്നെ ഇംപീരിയൽ ടുബാക്കോ കമ്പനിയിലെ ബ്രിട്ടീഷ് വ്യവസ്ഥകളുമായി കലഹിച്ച അദ്ദേഹത്തി​​ന്‍െറ ജോലി നഷ്​ടമായി. അങ്ങനെ ആ പാവപ്പെട്ട പത്താൻ കുടുംബം ഡൽഹിയിലേക്കും പിന്നീട് മുംബൈയിലേക്കും താമസം മാറി. ഒരു ചേരി പ്രദേശത്ത്​ ആ വലിയ കുടുംബം താമസമാക്കി. അവിടെ വെച്ച് ബോംബെ ഡോക്‌യാർഡിലുണ്ടായ തീപിടിത്തത്തിൽ മുംതാസിന് തന്‍െറ അഞ്ചു സഹോദരങ്ങളെ നഷ്​ടപ്പെട്ടു. ഒരു വലിയ കുടുംബത്തിനെ പട്ടിണിയിൽനിന്ന്​ രക്ഷിക്കാനായി ത​​ന്‍െറ ഒമ്പതാമത്തെ വയസ്സിൽ ബേബി മുംതാസ് അഭിനയിക്കാനിറങ്ങി. പൂക്കൾ നിറഞ്ഞ ഫ്രോക്കുമിട്ടു മെഹ്ബൂബ് സ്​റ്റുഡിയോ പരിസരങ്ങളിൽ പിതാവുമൊത്ത്​ അവസരങ്ങൾ തേടിയിറങ്ങിയ അവൾ ബോംബെ ടാക്കീസ് ഫിലിം സ്​റ്റുഡിയോയുടെ സ്ഥാപകരിൽ ഒരാളായ ദേവികാറാണിയുടെ കണ്ണിൽപെടുകതന്നെ ചെയ്തു. അവൾക്കു മധുബാല എന്ന പേരിട്ടതും ദേവികാറാണിയാണ്.

മുഗൾ ഇ അസമിൽ മധുബാലയും ദിലീപ്​കുമാറും
 

ബാലതാരമായി അഭിനയിച്ച ബസന്ത് ബോക്സ് ഓഫിസ് ഹിറ്റായതോടെ ബേബി മുംതാസ് ഹിന്ദി സിനിമയുടെ അവിഭാജ്യഘടകമായി. കിദാർ ശർമയുടെ നീൽ കമലിൽ 14ാം  വയസ്സിൽ രാജ്കപൂറി​​ന്‍െറ നായികയായതോടെ മധുബാലക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കമൽ അമ്രോഹിയുടെ ‘മഹൽ’ എന്ന പുനർജന്മത്തി​​​​​​​െൻറ കഥപറയുന്ന സിനിമ വൻ വിജയമായതോടെ രണ്ട്​ അപൂർവ താരങ്ങളുടെ ഉദയമാണുണ്ടായത്. മധുബാലയും ലത മങ്കേഷ്കറും.
ഒരിക്കലും ടൈപ് ചെയ്യപ്പെടാത്ത അഭിനയ ചാതുര്യമായിരുന്നു അവരുടേത്. സാമൂഹികനാടകങ്ങളിലും കോമഡി റോളുകളിലും റൊമാൻറിക്​ മൂവികളിലുമെല്ലാം അവർ മത്സരിച്ച്​ അഭിനയിച്ചു. അപാരമായ ടൈമിങ്​ കൊണ്ട്​ അവർ സഹനടീനടന്മാരെ ഞെട്ടിച്ചു. പക്ഷേ, സൗന്ദര്യം എല്ലായ്​പോഴും അഭിനയത്തെ കടത്തിവെട്ടി. അതുകൊണ്ടുതന്നെ പുരസ്‌കാരങ്ങൾ അവരെ തേടിയെത്തിയതേയില്ല. സൗന്ദര്യം അഭിനയത്തെ മൂടിവെച്ചുവെന്നു ലഭിക്കാതെപോയ അവാർഡുകൾ പിൽക്കാലത്തു പറയുന്നു.

മുഗൾ ഇ അസം സിനിമയുടെ പോസ്​റ്റർ
 

മധുബാലയുടെ അസാമാന്യ  സൗന്ദര്യത്തെപ്പറ്റി ആക്ട്രസ്  മിനു മുംതാസ് പറയുന്നുണ്ട്:
‘‘നന്നേ വെളുത്ത്​ അർധതാര്യമെന്നു തോന്നുന്ന ചർമസൗന്ദര്യത്തിന്​ ഉടമയായിരുന്നു മധു. അവർ പാൻ ചവക്കുമ്പോൾ തൊണ്ടക്കുഴിയിൽകൂടി ആ ചുവപ്പുനിറം  പടരുന്നത് കാണാൻ കഴിയും.’’

മധുബാലയുടെ പ്രശസ്തി ഹോളിവുഡിലേക്കും എത്തി. അമേരിക്കൻ മാഗസിനായ തിയറ്റർ ആർട്സ് ‘ലോകത്തെ ഏറ്റവും മികച്ച താരം’ എന്ന തലക്കെട്ടിൽതന്നെ മധുബാലയെ ലോകത്തി​​ന്‍െറ മുന്നിലെത്തിച്ചു. ‘ഈ താരം ബെവർലി ഹിൽസിൽനിന്നല്ല’ എന്നും കൂട്ടിച്ചേർത്തു.
ബെവർലി ഹിൽസ് കാലിഫോർണിയയിലെ സെലിബ്രിറ്റികളുടെ ഹബ് ആയിരുന്നു. പ്രശസ്തമായ ലൈഫ് മാഗസിനിലും മധുബാല താരമായി.
ഒരു ഫിലിം ഫെസ്​റ്റിവലിനായി മുംബൈയിലെത്തിയ അക്കാദമി അവാർഡ് ജേതാവ് അമേരിക്കൻ ഡയറക്ടർ ഫ്രാങ്ക് കപ്രേ മധുവിനെ അക്കാലം ഹോളിവുഡിലേക്കും ക്ഷണിച്ചു. പതിവുപോലെ മധുവി​​ന്‍െറ പിതാവ് ആ ഓഫർ നിർദാക്ഷിണ്യം തള്ളി. പ്രശസ്‌തിയോടൊപ്പം മധുവി​​ന്‍െറ പ്രണയങ്ങളും തഴച്ചുവളർന്നു.

കിഷോർ കുമാറും മധുബാലയും
 

ഫിലിം ജേണലിസ്​റ്റ്​ ബി.കെ. കരഞ്ജിയ പറയുന്നത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചിത്രം പോലും മധുവിന്‍െറ അഭൗമസൗന്ദര്യത്തോടു നീതി പുലർത്തിയില്ല എന്നാണ്. ഓരോ പ്രണയത്തെയും  നിഷ്കളങ്കമായാണ് മധു സ്വാഗതം ചെയ്തത്. സർവാംഗ സുന്ദരി എന്നാണ് ദേവാനന്ദ് മധുബാലയെ വിശേഷിപ്പിച്ചത്.
ബർമ, ഇന്തോനേഷ്യ, മലേഷ്യ, ഈസ്​റ്റ്​ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ മധുബാലക്ക്​ ആരാധകരുണ്ടായിരുന്നു. ഗ്രീസിലെ ആരാധകർ മധുബാലക്കായി ഒരു ഗാനവും ചിട്ടപ്പെടുത്തി. സെറ്റുകൾക്ക് പുറത്തു മധുബാലയെ ഒരു നോക്കു കാണുവാനായി ജനം ആർത്തിരമ്പി.

ലൈഫ് മാഗസിനിൽ മധുബാലയെക്കുറിച്ച്​ വന്ന ലേഖനം
 

കൽക്കത്തയുടെ അധോലോകത്തി​​ന്‍െറ കഥപറയുന്ന  ‘ഹൗറ ബ്രിഡ്ജി’ലെ ആംഗ്ലോ ഇന്ത്യൻ ബാർ ഡാൻസർ ‘എഡ്ന’  ആയി ആശ ബോൺസ്‌ലേയുടെ ത്രസിപ്പിക്കുന്ന ശബ്​ദത്തിൽ ‘‘ആയിയെ മെഹർബാൻ’’ എന്ന് മാദകമായി ചുവടുെവച്ച്​ മധുബാല വരുമ്പോൾ ആരാധകർ തിയറ്ററുകളിൽ അലറി വിളിച്ചു.
ജ്വരംപോലെ അവൾ അവരുടെ സിരകളിലേക്ക് വ്യാപിച്ചു.  ഹൗറ ബ്രിഡ്ജിൽ ത​​ന്‍െറ ഇറക്കിവെട്ടിയ ബ്ലൗസുകളും ശരീരത്തോട് ഒട്ടിക്കിടക്കുന്ന വെസ്​റ്റേൺ സ്പർശമുള്ള ഗൗണുകളുംകൊണ്ട്​ അവർ ഫാഷൻ ലോകത്ത്  ചൂടൻചർച്ചകൾക്ക്  കളമൊരുക്കി.

അനിതര സാധാരണവും അനായാസവുമായ അഭിനയശൈലിയായിരുന്നു മധുവിന്‍െറത്. മലാഡിലെ പശുത്തൊഴുത്തിനു സമാനമായ താമസസ്ഥലത്തുനിന്ന്​ അന്ധേരിയിലെ ഫ്ലാറ്റിലേക്കും പിന്നീട് കൈവന്ന സ്വർഗതുല്യമായ സൗഭാഗ്യങ്ങളിലേക്കുമുള്ള യാത്രകൾക്ക് പിന്നിൽ മധുവി​​ന്‍െറ  കഠിനാധ്വാനം  ഉണ്ടായിരുന്നു. അർപ്പണബുദ്ധിയും അച്ചടക്കവും  തികഞ്ഞ അങ്ങേയറ്റം പ്രഫഷനലായിരുന്നു അവർ.

ആദ്യകാലങ്ങളിൽ  മലാഡിൽനിന്ന്​ ദാദറിലേക്കുള്ള ലോക്കൽ ട്രെയിനിൽ  യാത്ര ചെയ്തു ഷൂട്ടിങ്ങിനു എത്തുകയും ഭക്ഷണംപോലും യഥാസമയം കഴിക്കാതെ ഒരു യന്ത്രംപോലെ ഷൂട്ടിങ്ങിൽ മുഴുകുമായിരുന്നു അവർ. ഷൂട്ടിങ്​ സെറ്റുകളിൽ രാവിലെ കൃത്യം ആറു  മണിക്കുതന്നെ എത്തുന്ന മധു കൃത്യനിഷ്​ഠകൊണ്ടും ഇൻഡസ്ട്രിയിൽ പേരെടുത്തു. ഒരു സാദാ ആർട്ടിസ്​റ്റായ കാലം മുതൽ ഹിന്ദി സിനിമയുടെ വീനസ് നക്ഷത്രമായപ്പോഴും ആ പതിവ് തെറ്റിയില്ല. ഒരിക്കൽ മുംബൈയിലെ കനത്ത വെള്ളപ്പൊക്കസമയത്ത്​ രാവിലെ ആറു മണിക്കുതന്നെ സ്​റ്റുഡിയോയിൽ എത്തി അടഞ്ഞുകിടന്ന ഗേറ്റിൽ കാത്തുനിന്ന മധുവിനെ സിനിമാലോകം ഇന്നുമോർക്കുന്നു.

ഈ അച്ചടക്കത്തിന് പിന്നിൽ അങ്ങേയറ്റം കർക്കശക്കാരനായ പിതാവി​​ന്‍െറ സ്വാധീനം തെളിഞ്ഞുകാണാം. മധുബാല ഒരു നിഗൂഢസുന്ദരിയായി നിലനിൽക്കാനുള്ള പ്രധാന കാരണം പിതാവി​​ന്‍െറ കർക്കശ്യമായിരുന്നു. ആൾക്കൂട്ടത്തിൽനിന്നും​ പൊതുചടങ്ങുകളിൽനിന്നും അവർ അകന്നുനിന്നു.  പിതാവ് അവരുടെ ജീവിതത്തെ എന്നും നിയന്ത്രിച്ചു നിർത്തി. ഷൂട്ടിങ്​ കഴിഞ്ഞ്​ കൃത്യം ഏഴു മണിക്ക് തിരികെ വീട്ടിൽ കയറണമെന്ന ആജ്ഞ പോലും ശിരസ്സാ വഹിക്കപ്പെട്ടു.

പ്രണയികളുടെ ദിനത്തിൽ ജനിച്ച മധു നിത്യ പ്രണയിനിതന്നെയായിരുന്നു. ‘‘പ്രശസ്തിയുടെ മണ്ഡലത്തിൽ സൂര്യനെപ്പോലെ ഉദിച്ചുയരും. പക്ഷേ, ആത്മശാന്തിയും ആയുസ്സും കുറയും’’ -ഒരു സൂഫി സന്യാസി ബേബി മുംതാസിനെക്കുറിച്ചു പ്രവചിച്ചതാണ്.

 
 

പ്രണയവും വിവാദവുംകൊണ്ട് ഗോസിപ്പ്​ കോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു അവർ. ത​​ന്‍െറ  സൗന്ദര്യത്തെപ്പറ്റി പൂർണമായും അവർ ബോധവതിയായിരുന്നു. ഓരോ പ്രണയത്തകർച്ചയെയും പുതിയ പ്രണയംകൊണ്ട്​ അവർ നേരിട്ടു. വളരെ നിഷ്കളങ്കമായിരുന്നു അവരുടെ ഓരോ പ്രണയങ്ങളും. ത​​ന്‍െറ പതിനെട്ടാമത്തെ വയസ്സിൽ ‘തരാനാ’ എന്ന മൂവിയുടെ സെറ്റിൽ ഒരുപിടി റോസാപുഷ്പങ്ങളും ഒരു ഉർദു കവിതയുമായി തന്‍െറ ഹെയർ ഡ്രെസറിനെ നായകൻ ദിലീപ്കുമാറി​​ന്‍െറ അടുത്തേക്ക് വിടുമ്പോൾ അതേ പുഷ്പങ്ങൾ മധു സഹനടനായ പ്രേംനാഥിനും  ആദ്യമേ കൊടുത്തിട്ടുണ്ടായിരുന്നു. ദിലീപ്കുമാർ അത് ഹൃദയംകൊണ്ട് സ്വീകരിച്ചു. അവരിരുവരുടെയും പ്രണയം മുന്നേറുന്നത് കണ്ട്​ പ്രേംനാഥ് വളരെപ്പെ​ട്ടെന്നുതന്നെ ആ ബന്ധത്തിൽനിന്ന്​ പിന്മാറുകയും ചെയ്തു. ഏഴുവർഷക്കാലത്തോളം ആ  പ്രണയം അതിശക്തമായി തുടരുകയും ചെയ്തു. പെഷാവറിൽ ജനിച്ച പത്താൻകാരനായ ദിലീപ്കുമാർ എന്നറിയപ്പെട്ട മൊഹമ്മദ് യൂസഫ് ഖാൻ ഇന്ത്യ കണ്ട മികച്ച   നടന്മാരിൽ ഒരാളെന്ന്​  സത്യജിത്ത്​ റേ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കുടുംബത്തിന്‍െറ ഏക  വരുമാനസ്രോതസ്സായ മധുവി​​ന്‍െറ ഈ ബന്ധം പിതാവിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് പറയപ്പെടുന്നത്​. അക്കാലത്തെ ഏറ്റവും പ്രശസ്ത താരങ്ങളായിരുന്നു ഇരുവരും എന്നതും പത്താൻ കുടുംബംതന്നെയാണ്​ ദിലീപ്കുമാർ എന്നതുമൊന്നും അത്താഉള്ള ഖാനെ മയപ്പെടുത്തിയില്ല. എങ്കിലും സുഹൃത്തുക്കളുടെ വീടുകളിലും മേക്കപ്  മുറിയിലുമെല്ലാം ആ പ്രണയികൾ സന്ധിച്ചുകൊണ്ടേയിരുന്നു. പുണെയിലെ പ്രഭാത് സ്​റ്റുഡിയോയിൽനിന്നു മധുവിനെ കാണാനായി  മുംബൈയിലേക്ക്‌ ഡ്രൈവ് ചെയ്തുവരുമായിരുന്നു ദിലീപ്കുമാർ. കൈകോർത്ത്​ ഷൂട്ടിങ്​ സെറ്റുകളിൽ എത്തിയിരുന്ന പ്രണയികൾ പാപ്പരാസികളുടെ പ്രിയപ്പെട്ടവരുമായി. അമ്പതുകളുടെ ആദ്യം മധുബാലയുടെ സുവർണദിനങ്ങളായിരുന്നു. ‘യൂസഫ് ’ എന്ന  പേരുപോലും അവരുടെ കവിൾത്തടങ്ങൾ ചുവപ്പിച്ചു. പ്രണയത്തി​​ന്‍െറ മാസ്മരികമായ ആനന്ദത്തിൽ അവർ പൂർണമായും ലയിച്ചു. ഖദീജ അക്ബറി​​ന്‍െറ ‘ഐ വാണ്ട് ടു ലിവ്... ദി സ്​റ്റോറി ഓഫ് മധുബാല’ എന്ന ആത്മകഥാംശമുള്ള പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്. അതീവ വികാരവതിയായിരുന്നു അവർ... പ്രണയത്തി​​ന്‍െറ  കാൽപനികമായ ലോകത്തിൽ  സ്വന്തം കൈപ്പടയിലെഴുതിയ ഉർദു കവിതകളും ചുവന്ന പനിനീർപുഷ്​പങ്ങളുമായി അവർ എന്നും  കാത്തിരുന്നു.

 
 

സ്വേച്ഛാധിപതിയായ പിതാവ്​ യാതൊരു സാമൂഹികജീവിതവും അനുവദിക്കാഞ്ഞതിൽ ദീർഘദൂര ഡ്രൈവുകളായിരുന്നു മധുബാലയുടെ   ആനന്ദം. ത​​ന്‍െറ  പന്ത്രണ്ടാമത്തെ വയസ്സിൽതന്നെ മധുബാല ഒരു മികച്ച ഡ്രൈവറായി. സിനിമ കാണുന്നതും നല്ല ആഹാരം കഴിക്കുന്നതും മധുവി​​ന്‍െറ ഇഷ്​ടങ്ങളിൽപ്പെടുന്നു. ഷൂട്ടിങ്​ കഴിഞ്ഞു വന്നു മേക്കപ്പ് അഴിച്ചുവെച്ച് ഒരു ബുർഖയുമിട്ടു ബോംബേയിലെ ലോക്കൽ തിയറ്ററുകളിലേക്ക് കുടുംബാംഗങ്ങളെയുംകൂട്ടി എത്തുമായിരുന്നു മധു. ഒരിക്കൽ ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തി പൂർണമായും മറച്ച ബുർഖയിട്ട്​ എങ്ങനെ കാറോടിക്കുമെന്നു ക്ഷോഭിച്ചു. വളരെ നാടകീയമായി ബുർഖ പതുക്കെ ഉയർത്തിക്കാട്ടിയായിരുന്നു മധുവി​​ന്‍െറ മറുപടി.

അന്ധാളിച്ചുപോയി ‘‘മ...ധു...ബാ...ലാ... ’’ എന്നുരുവിടുന്ന പൊലീസുകാരനെ പിന്നിട്ട്​ മധുവി​​ന്‍െറ ബ്യൂക്ക് കാർ വീണ്ടും  കുതിച്ചുപാഞ്ഞു...

കുൽഫിയും പാനിപുരിയും വയറു നിറയെ കഴിക്കുന്ന മധു...
ഒരിക്കലും ഡയറ്റ്    ചാർട്ട്​ ഇഷ്​ടപ്പെടാതിരുന്ന,  മുടിയിൽ മുല്ലപ്പൂ ധരിക്കാൻ ഇഷ്​ടപ്പെട്ടിരുന്ന, കുന്ദൻ ആഭരണങ്ങൾ ഇഷ്​ടപ്പെട്ടിരുന്ന മധു...

നായ്ക്കൾ മധുവിന് ജീവനായിരുന്നു. ഒരേസമയം 18 നായ്ക്കുട്ടികൾ  വരെ സൗഹാർദത്തോടെ വീട്ടിൽ ഒന്നിച്ചുകഴിഞ്ഞു.  നിസ്സാര കാര്യങ്ങൾപോലും അവരെ  പൊട്ടിച്ചിരിപ്പിച്ചു. ഒപ്പം കരയിക്കുകയും ചെയ്തു. സൽ‍മ ഇറാനിയെന്ന ഹെയർ ഡ്രെസ്സർ ആയിരുന്നു മുംതാസി​​ന്‍െറ പ്രിയ സഖി. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മാമൂലുകളെ പരീക്ഷിച്ചു മുന്നേറുന്ന വനിത  എന്ന ഖ്യാതി എന്നും അവരെ തേടിയെത്തി. എന്നും ഉദാരമതിയായിരുന്നു അവർ. ഈസ്​റ്റ്​ പാകിസ്​താനിൽനിന്നുള്ള അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനും മറ്റും കൈയയച്ചു സഹായിക്കാൻ അവർക്കു മടിയുണ്ടായില്ല. ത​​ന്‍െറ നിറഞ്ഞ പഴ്സിൽനിന്ന്​ ആര് ചോദിച്ചാലും പണം നൽകാൻ അവർ തയാറുമായിരുന്നു. ഒരിക്കൽ ആപത്തുകാലത്ത്​ സഹായിച്ച സംവിധായകനുവേണ്ടി മധുബാല പ്രതിഫലമില്ലാതെയും അഭിനയിച്ചു. 1950കളിലെ ഒരു ലക്ഷം രൂപ അവർ ഒരു മടിയുമില്ലാതെ  വേണ്ടെന്നുവെച്ചു.

മധുബാലയ്​ക്ക്​ ആദരമർപ്പിച്ച്​ ഗൂഗിൾ സമർപ്പിച്ച ഡൂഡിൽ
 

അമറി​​ന്‍െറ ചിത്രീകരണവേളയിൽ സഹനടി നിമ്മി ചെയ്ത നൃത്തത്തിൽ ഒരു ചുവടു തെറ്റിയത് കണ്ട മധു ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചുപോയി. പിന്നെ മേക്കപ്പ് റൂമിൽ ചെന്നു ഊഷ്മളമായ ഒരു ആലിംഗനത്തിൽ അവർ നിമ്മിയുടെ പരിഭവം മായ്ച്ചുകളഞ്ഞു. രാവിലെ അഞ്ചുമണിക്ക് നടക്കാൻ ഇറങ്ങുന്ന മധുവിനെ കണ്ടാൽ ഒരു സ്വപ്നംപോലെ തോന്നുമായിരുന്നെന്ന്​ അയൽക്കാരി പറയുന്നു. സമസ്ത വികാരങ്ങളും പ്രതിഫലിക്കുന്ന കണ്ണുകൾ, അതിസുന്ദരവും മാദകവുമായ പുഞ്ചിരി, ഒരു ചൈനീസ് കളിമൺപ്രതിമ പോലെ തിളങ്ങുന്ന ശരീരം... കാമറകളുടെ കണ്ണിലെ എന്നത്തെയും വിരുന്ന്.

മധുവിന് ഡയറിക്കുറിപ്പുകൾ എഴുതുന്ന ശീലമുണ്ടായിരുന്നു. നീല രാത്രികളിൽ നേർത്ത വിരികൾ  പാറിപ്പറക്കുന്ന ശയ്യാഗൃഹത്തിൽ ആ അഭൗമസുന്ദരിയുടെ  പ്രണയങ്ങളുടെ നീണ്ട കുറിപ്പുകൾ ഡയറിയിൽ നിറഞ്ഞൊഴുകി. സുൽഫിക്കർ അലി ഭൂട്ടോയും മധുബാലയെ പ്രണയിച്ചവരിൽപെടുന്നു. ബാന്ദ്രയിലെ കൊട്ടാരസദൃശമായ വീട്ടിൽനിന്ന്​ മധുവിനെ കാണാനായി മാത്രം ‘മുഗൾ ഇ അസമി’​​ന്‍െറ സെറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു അദ്ദേഹം. സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തതിനാൽ പതിനേഴാമത്തെ വയസ്സിൽ ഒരു ട്യൂട്ടറെ ​വെച്ച് ഇംഗ്ലീഷ് ഭാഷയിൽ അവർ പ്രാവീണ്യം നേടി. ത​​ന്‍െറ ഹോം പ്രോജക്ടറിൽ അമേരിക്കൻ സിനിമകൾ കാണുന്നതായിരുന്നു അവരുടെ മറ്റൊരു വിനോദം.

 
 

ബി.ആർ. ചോപ്രയുടെ ‘നയാ ദൗർ’ എന്ന ദിലീപ്കുമാർ ചിത്രത്തിൽനിന്ന്​ ഒരു ലൊക്കേഷൻ സംബന്ധമായ തർക്കംകൊണ്ട് പിതാവിന്‍െറ പിടിവാശിമൂലം  മധുബാല പിന്മാറി. ഭോപാലിൽവെച്ചുള്ള ഔട്ട്​ഡോർ ഷൂട്ടിങ്ങിൽ  ദിലീപ്കുമാറും മധുബാലയും കൂടുതൽ ഇടപഴകിയേക്കുമെന്ന്​ അത്താഉള്ള ഖാൻ ഭയന്നിരുന്നു. ബി.ആർ. ചോപ്ര മധുവിന് പകരം വൈജയന്തിമാലയെ നിശ്ചയിച്ചു. ഇത് അത്താഉള്ള ഖാനെ കോപിഷ്​ഠനാക്കി. അങ്ങനെ ചോപ്ര മധുബാലക്കെതിരെ കോടതിയിലെത്തി . എന്നാൽ, ദിലീപ്കുമാർ ചോപ്രക്ക്​ അനുകൂലമായി നിലകൊണ്ടു. മജിസ്‌ട്രേറ്റി​​ന്‍െറ ചോദ്യങ്ങൾക്ക്​ ‘‘ഇന്നും എന്നും  അവൾ മരിക്കും വരെയും മധുബാലയെ സ്നേഹിക്കുന്നുവെന്ന്’’ കോടതിയിൽ ദിലീപ്കുമാർ കൂട്ടിച്ചേർക്കുകയും ചെയ്തു. നീരണിഞ്ഞ മിഴികളുമായി മധുബാല അത് കേട്ടുനിന്നു. ദിലീപ്കുമാർ ന്യായത്തി​​ന്‍െറ പക്ഷത്തുനിന്ന് സംസാരിച്ചതാണെങ്കിലും  കേസ് കോടതിക്ക് പുറത്തു തീർപ്പായെങ്കിലും ആ വിഖ്യാത പ്രണയബന്ധത്തിന്​ അതോടെ തിരശ്ശീലവീണു.

തന്‍െറ പിതാവിനോട് ക്ഷമപറയാൻ മധുബാല ആവശ്യപ്പെട്ടു. എന്നും അഭിമാനിയായിരുന്ന ദിലീപ്കുമാർ അത് ചെവിക്കൊണ്ടില്ല. ഒരിക്കൽ നിക്കാഹിനായി ഖാദിയുമായി മേക്കപ്പ് മുറിയിൽ കയറിച്ചെന്നിട്ടുപോലും മധു ത​​ന്‍െറ പിതാവി​ന്‍െറ വാക്കുകളെ ധിക്കരിക്കാൻ തയാറായില്ല. അക്കാലം ഏതാണ്ടെല്ലാ ദിവസങ്ങളിലും കണ്ണുനീരോടെ മധു ദിലീപ്കുമാറിനെ വിളിച്ചു.  പിതാവിനെ ഉപേക്ഷിച്ച്​ എന്‍െറ കൂടെ വരൂ എന്ന അപേക്ഷക്കു പിതാവിനെ ആലിംഗനം ചെയ്തു മാപ്പ് പറയൂ എന്ന്  സ്ഥിരമായ മറുപടിയായിരുന്നു അവർക്കുണ്ടായിരുന്നത്​.

മറുചോദ്യങ്ങളില്ലാത്ത, അനുസരണ മാത്രം  ശീലമുള്ള മധുബാലയുടെ ധൈര്യമില്ലായ്മ കാരണം ആ മനോഹരമായ പ്രണയബന്ധം തകർന്നടിഞ്ഞു. അതോടെ   മധുവി​ന്‍െറ ഏകാന്തമായ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രതീക്ഷയും നഷ്​ടമായി. ദുഃഖം നിറഞ്ഞ കണ്ണുകളും കാമറക്കു മുന്നിൽ ചിരിക്കുന്ന ചുണ്ടുകളുമായി അവർ ജീവിച്ചുതുടങ്ങി. പക്ഷേ, യവനികക്കു പിന്നിൽ പലപ്പോഴും കരച്ചിൽ അണപൊട്ടി. ആശ്വസിപ്പിക്കാനാകാതെ പ്രിയ സുഹൃത്തുക്കൾ സ്തബ്​ധരായി. തന്‍െറ ഹൃദയവൈകല്യത്തി​​ന്‍െറ ഗുരുത്വം നന്നായി അറിയാവുന്നതുകൊണ്ട്​ മധുബാല ആ ബന്ധത്തിൽനിന്ന്​  പിന്മാറിയതാണെന്നും പറയപ്പെടുന്നു.

 
 

അതിശക്തമായ പ്രണയത്തകർച്ച നേരിടുന്ന ആ കാലത്താണ് ഹിന്ദിസിനിമയിലെ എക്കാലത്തെയും അതിമനോഹരമായ പ്രണയ ചിത്രമായ ‘മുഗൾ ഇ അസമി​’​ന്‍െറ ചിത്രീകരണം. 60കളിലെ ഏറ്റവും വിലകൂടിയ സിനിമയെന്നറിയപ്പെടുന്ന ഈ ചിത്രത്തി​​ന്‍െറ നായകൻ ദിലീപ്കുമാറും നായിക മധുബാലയുമായിരുന്നു. പ്രണയനഷ്​ടത്തിനു മുമ്പേ കരാറൊപ്പിട്ട ചിത്രം.

അങ്ങേയറ്റം അഗാധമായി സലിം രാജകുമാരൻ അനാർക്കലിയെ പ്രണയിക്കുമ്പോഴും അഭിനേതാക്കൾ ഹൃദയംകൊണ്ട് ഇരു ധ്രുവങ്ങളിലായിരുന്നു.
‘മുഗൾ ഇ അസമി’​​ന്‍െറ ചിത്രീകരണം ഒമ്പതു വർഷം നീണ്ടുനിന്നു. എന്നാൽ, അതിലെ ഏറ്റവും വികാരഭരിതമായ ഒരു സീനായി ലോകമിന്നും കാണുന്ന, തൂവൽകൊണ്ട് സലിം രാജകുമാരൻ അനാർക്കലിയെ സ്പർശിച്ചറിയുന്ന ഭാഗത്തിന്‍െറ ചിത്രീകരണവേളയിൽ അവർ തമ്മിൽ മുഖത്തോടു മുഖം നോക്കാനാകാത്തവിധം അകന്നിരിക്കുകയായിരുന്നു. അവർക്കായി എഴുതിയ ഡയലോഗുകൾ  മാത്രം പറഞ്ഞു, പരസ്പരം അഭിവാദ്യം ചെയ്യാൻപോലും അടുപ്പമില്ലാത്തവരെപ്പോലെ... എങ്കിലും തനിക്കു ഷൂട്ടിങ്​ ഇല്ലാത്ത ദിവസവും ദിലീപ് കുമാർ സെറ്റിൽ എത്തുമായിരുന്നു. മധുബാലയുടെ കണ്ണുകൾ അദ്ദേഹത്തേ കാണുമ്പോൾ വൈഢൂര്യംപോലെ തിളങ്ങിയിരുന്നു.

സലിം രാജകുമാരൻ അനാർക്കലിയുടെ മുഖത്തടിക്കുന്ന സീനിൽ ദിലീപ്കുമാർ ത​​ന്‍െറ പ്രണയത്തകർച്ചയുടെ രോഷം പ്രകടിപ്പിക്കുകതന്നെ ചെയ്തു. മധുബാല വേദനയാൽ തേങ്ങി. സ്വതേ തകർന്ന ഹൃദയത്തിനുടമയായ മധുബാല ഈ കാലഘട്ടത്തെ എങ്ങനെ നേരിട്ടുവെന്നത് ചിന്തിക്കാൻ കഴിയുന്നില്ല. മധുബാലയുമായി എന്നും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഷക്കീൽ ബദയുനി എന്ന ഗാനരചയിതാവ് ആ ദിവസങ്ങളെ ഓർക്കുന്നുണ്ട്. ഒരു ദിവസം അങ്ങേയറ്റം വിഷാദഗ്രസ്തയായി താൻ മരിക്കുമ്പോൾ ത​​ന്‍െറ അന്ത്യയാത്രയിൽ ഒരിക്കലും ദിലീപ്കുമാർ പങ്കെടുക്കരുതെന്ന് അവർ കരഞ്ഞു. ആ വരികൾ പിന്നീട് ‘‘ഖുദാ നിഗഹേബാൻ ഹോ തുമാര’’ എന്ന ഗാനത്തിലെ വരികൾ ആവുകയും ചെയ്തു.

‘‘എനിക്ക് വാക്കു തരൂ... എ​​ന്‍െറ ശവമഞ്ചം നാളെ കടന്നുപോകുമ്പോൾ നി​​ന്‍െറ ചുമൽ അതിൽ സ്പർശിക്കില്ല എന്ന്...’’

മധുബാലയുടെ മരണസമയത്ത്​ ചെന്നൈയിൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്ന ദിലീപ്കുമാർ എല്ലാമുപേക്ഷിച്ച്​ മുംബൈയിൽ പറന്നിറങ്ങിയെങ്കിലും അവസാന പ്രാർഥനയും കഴിഞ്ഞ്​ മധുബാല കല്ലറക്കുള്ളിൽ എത്തിയിരുന്നു. അങ്ങനെ ജീവിതത്തിലും അനാർക്കലിയെ കാണാനാകാതെ സലിം രാജകുമാരനു മടങ്ങേണ്ടിവന്നു. മധുബാലയുടെ ജീവിതം വെള്ളിവെളിച്ചത്തി​​ന്‍െറ നെറുകയിലെത്തിയപ്പോഴാണ് ജന്മനായുള്ള ഹൃദയവൈകല്യം കണ്ടുപിടിക്കപ്പെട്ടത്. 1954ൽ മദ്രാസിൽവെച്ച്​ ‘ബഹുത് ദിൻ ഹുയെ’ എന്ന സിനിമയുടെ സെറ്റിൽ വെച്ച്​ മധുബാല രക്തം ഛർദിച്ച്​ കുഴഞ്ഞു വീണു. പിന്നീട് ‘ചലക്’എ ന്ന മൂവിയുടെ സെറ്റിൽവെച്ചാണ് വെൻട്രികുലാർ സെപ്റ്റൽ ഡിഫക്ട് എന്ന  ഹൃദയവൈകല്യം  തിരിച്ചറിയുന്നത്. ജന്മനാ ഹൃദയത്തിലുള്ള  ദ്വാരം കാരണം ശുദ്ധരക്തവും അശുദ്ധരക്തവും കൂടിക്കലരുന്ന അവസ്ഥ. എന്നിട്ടും സിനിമയുടെ തിരക്കുകളിൽ രോഗം വകവെക്കാതെ മധു മുഴുകി. സിനിമാ ലോകത്തുനിന്നും വർഷങ്ങളോളം അവർ അസുഖം മറച്ചുവെച്ചു. ‘മുഗൾ ഇ അസമി’​​ന്‍െറ കഠിനമായ ചിത്രീകരണം അവരെ ക്ഷീണിതയാക്കി . പൂർണതക്കായി ശഠിക്കുന്ന സംവിധായകന്‍െറ റീഷോട്ടുകളും മണിക്കൂറുകൾ നീളുന്ന മേക്കപ്പും ഭാരമേറിയ ചങ്ങലകൾകൊണ്ടു ബന്ധനസ്ഥയാക്കിയ അനാർക്കലിയും അവരെ കൂടുതൽ തളർത്തി.  താൻ അഭിനയിച്ച സിനിമകളേക്കാൾ നാടകീയമായ ജീവിത മുഹൂർത്തങ്ങളിൽകൂടി അവർക്കു കടന്നുപോകേണ്ടിവന്നു.

അഭിനേതാവും പിന്നണിഗായകനുമായ മധ്യപ്രദേശുകാരൻ അബ്ബാസ് ഗാംഗുലിയെന്ന കിഷോർകുമാർ മധുബാലയുടെ ജീവിതത്തിലേത്തിയത് പ്രണയത്തകർച്ചയുടെ ബാക്കിപത്രമായാണ്. തന്‍െറ സാമ്പത്തികപ്രശ്നങ്ങൾക്കുള്ള പരിഹാരമായി കിഷോർകുമാർ മധുവിനെയും കണ്ടു. ബംഗാളി നടി റൂമാദേവിയുമായുള്ള വിവാഹമോചനം കഴിഞ്ഞയുടനെതന്നെ തന്‍െറ പേര് കരിം അബ്​ദുൽ എന്നു മാറ്റി കിഷോർ കുമാർ വിവാഹത്തിന് ഒരുങ്ങി. ‘ചൽതി കാ നാം ഗാഡിയിൽ’ അവർ മത്സരിച്ച്​ അഭിനയിച്ചു. മൂന്ന് കുമാർ സഹോദരങ്ങളെയും കടത്തിവെട്ടി അത്യുജ്ജലമായ പ്രകടനം മധു കാഴ്ചവെച്ചു.

എന്തായിരിക്കാം അവരെ പരസ്പരം ആകർഷിച്ചത് എന്നത് ഇന്നും അവ്യക്തം. ഒരുപക്ഷേ, സംഗീതമാകാം. കിഷോർകുമാറി​​​ന്‍െറ പെ​ട്ടെന്ന് ചിരിപ്പിക്കാനുള്ള കഴിവാകാം. 1960ൽ ത​​ന്‍െറ ഇരുപത്തിയേഴാമത്തെ വയസ്സിൽ മധു കിഷോർകുമാറിനെ വിവാഹം കഴിച്ചു. മധുവി​​ന്‍െറ അസുഖത്തെപ്പറ്റി അറിയാമായിരുന്നെങ്കിലും അതി​​ന്‍െറ ആഴം കിഷോർ കുമാർ മനസ്സിലാക്കിയിരുന്നില്ല. വിവാഹശേഷം പത്താമത്തെ ദിവസം അവർ ലണ്ടനിലേക്ക് പറന്നു. അവിടെ വെച്ചാണ് ഡോക്ടർ മധുബാലക്കു ഇനിയീ ഭൂമിയിൽ രണ്ടുവർഷം മാത്രമേ ജീവിതമുള്ളൂ എന്ന് വിധിയെഴുതിയത്. ഒരു അമ്മയാകാനോ ഭാര്യയാകാനോ ഉള്ള  ആരോഗ്യം മധുവി​​ന്‍െറ ഹൃദയത്തിനില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി.

 
 

തിരിച്ച്​ മുംബൈയിൽ എത്തിയ കിഷോർകുമാർ താൻ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട്​ എല്ലായ്പോഴും പുറത്തായിരിക്കുമെന്നു കാരണം പറഞ്ഞ്​ മധുബാലയെ വീട്ടിൽ തിരിച്ചെത്തിച്ചു. ഭർത്താവ് അടുത്ത് വേണമെന്ന് വാശി പിടിച്ച മധുവിന് കാർട്ടർ റോഡിലെ കടലിനഭിമുഖമായ ഫ്ലാറ്റിൽ കിഷോർ കുമാർ താമസമൊരുക്കി.  ചീറിയടിക്കുന്ന കടൽക്കാറ്റിൽ ഓർമകൾ അവരെ കൂടുതൽ ക്ഷീണിപ്പിച്ചു. രോഗം കൂടുതൽ ദേഷ്യക്കാരിയാക്കി. എല്ലായ്പ്പോഴും വഴക്കിട്ടു സ്വന്തം വീട്ടിൽ പോകുന്നത്  പതിവാക്കി. സ്വന്തം വീട്ടിലെത്തിയ മധുബാലയെ കൂടുതൽ തകർത്തത് ഉപേക്ഷിക്കപ്പെട്ടവളെന്ന തോന്നലും ഏകാന്തതയുമാണ്. എങ്കിലും  രണ്ടു വർഷം ആയുസ്സ്  വിധിച്ച മധു തന്‍െറ ഇച്ഛാശക്തികൊണ്ട്​ ഒമ്പതു വർഷം ജീവിച്ചു. സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം അവരെ പിന്നെയും ജീവിപ്പിച്ചുവെന്നു വേണം കരുതാൻ. സർജറി നടത്തി സുഖമാകാം എന്നും അവർ വിശ്വസിച്ചു.

അക്കാലത്ത്​ ഓപൺ ഹാർട്ട്‌ സർജറി പ്രചാരത്തിലായിട്ടില്ലായിരുന്നു. രോഗം അതി​​ന്‍െറ എല്ലാ ശക്തിയോടും ആക്രമിച്ചപ്പോൾ സുന്ദര ശരീരം ശുഷ്കിച്ചു. കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ അതിസുന്ദരമായ  ഭൂതകാലം അവരെ കൂടുതൽ വേദനിപ്പിച്ചു. ശയ്യാവലംബിയായി കിടക്കുമ്പോൾ അവർ ചൊല്ലിയ വരികൾ നിരർഥകമായ ജീവിതത്തിന്‍െറ പിൻകുറിപ്പുപോലെയായി

‘‘ജബ്​ കഷ്​തി സാബിത്​ ഒാ സലിം തീ
സാഹിൽ കി തമന്നാ കിസ്​കോ തീ
അബ്​ ഐസീ ശികാസ്​ത കഷ്​തി പാർ സാഹിൽ കി തമന്നാ കോൻ കരേ..’’

(കപ്പൽ ഭദ്രമായിരിക്ക​ു​മ്പോൾ തീരത്തെ കുറിച്ച്​ ആരോർക്കുന്നു..?
കപ്പൽ തകർന്നടിയുമ്പോൾ തീരത്തെ ആഗ്രഹിക്കാത്തവർ ആരാണ്​...?)

രോഗം മൂർച്ഛിച്ചപ്പോൾ ഹൃദയവൈകല്യം മൂലം അധികമുണ്ടാവുന്ന രക്തം മൂക്കിൽ കൂടി പുറത്തുവരാൻ തുടങ്ങി. ശ്വാസകോശങ്ങളുടെ ഭിത്തികൾക്കുണ്ടാകുന്ന അമിത മർദം ജീവിതത്തെ യാതനാപൂർണമാക്കി. എല്ലായ്‌പോഴും ചുമയ്ക്കുന്ന മധുബാലയെ കിഷോർ കുമാറും കൈവിട്ടു. ഒാരോ  അഞ്ചു മണിക്കൂറിനിടയിലും ഓക്സിജൻ ആവശ്യമായി ആ വീനസ് സ്​റ്റാർ പൂർണമായും കിടക്കയുടെ നാലതിരുകളിൽ ശേഷിച്ചു.

ജനങ്ങളിൽനിന്നകന്ന്​ തന്‍െറ അവസാന വർഷങ്ങൾ ‘‘ദൈവമേ എന്നെ ജീവിക്കാൻ അനുവദിക്കൂ... എനിക്ക് ജീവിക്കണം’’ എന്ന് തേങ്ങിയ മധുബാല കുടുംബത്തി​​ന്‍െറ കണ്ണുനീരായി. ഞങ്ങളുടെ ഇന്നുകളുടെ സൗഭാഗ്യം മധുവി​​​​​​​െൻറ ഇന്നലെകളുടെ സമ്മാനം എന്ന് സഹോദരി മധുർ ഭൂഷൺ ഓർക്കുന്നു.
ദിലീപ്കുമാർ സൈറാബാനുവിനെ വിവാഹം കഴിക്കുന്നത്‌ മധു അതീവ ദുഃഖത്തോടെ  മൗനമായി ഉൾക്കൊണ്ടു. അപ്പോഴേക്കും ദുരന്തത്തി​​​​​​​െൻറ സഖിയായി എല്ലും തോലുമായിക്കഴിഞ്ഞിരുന്നു ആ സുന്ദര താരം. 22 വർഷം നീണ്ട സിനിമാജീവിതത്തിൽ 74 സിനിമകൾ... അതിൽ ധാരാളം ബ്ലോക്ക് ബസ്​റ്ററുകൾ..
 

അവസാന ദിനങ്ങളിൽ അവർ ‘മുഗൾ ഇ അസം’ ആവർത്തിച്ച് കണ്ടു, ഉർദു  കവിതകൾ പാടി...
‘‘പ്യാർ കിയാ തോ ഡർനാ ക്യാ’’ എന്ന തന്‍െറ ജീവിതവുമായി വളരെയധികം ബന്ധമുള്ള പാട്ട്  ഒരായിരം തവണ കേട്ടു. 105 ഡിഗ്രി പനിയിൽ ഇടയ്ക്കിടെ ദിലീപ്കുമാറിനെ കാണണം എന്ന്  പുലമ്പിക്കൊണ്ട്​ 1969 ഫെബ്രുവരി 23ലെ രാത്രി മധുബാല മരിച്ചു, തന്‍െറ മുപ്പത്തിയാറാം പിറന്നാൾ കഴിഞ്ഞ്​ ഒമ്പതു ദിവസം പിന്നിട്ട ആ രാത്രിയിൽ...

മധുബാലയുടെ പ്രണയക്കുറിപ്പുകളും ഹൃദയനൊമ്പരങ്ങളും നിറഞ്ഞ ആ ഡയറിയും പിതാവ് സാന്താക്രൂസിലെ ഖബറിടത്തിൽ അടക്കി. അങ്ങേയറ്റം ഏകാകിനിയായിരുന്ന ഒരു പ്രണയിനിയുടെ ഹൃദയക്കുറിപ്പുകൾ അങ്ങനെ പുറംലോകമറിയാതെ മണ്ണിലലിഞ്ഞു.. ഒരു വഹാബി സെമിത്തേരിയിൽ അടക്കിയതിനാൽ ശവകുടീരംപോലും തുടച്ചുനീക്കപ്പെട്ടു. മുഹമ്മദ് റഫി, തലത് മഹമൂദ്, പർവീൻ ബാബി എന്നിവരുടെ കുടീരങ്ങളും ഒപ്പം വിസ്മൃതിയിലായി.

അനുപമ സൗന്ദര്യത്തി​​ന്‍െറയും അഗാധ ദുഃഖത്തി​​​​​​​െൻറയും നായികയായി ആണ് ന്യൂയോർക് ടൈംസ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്. മധുബാല മരിച്ചിട്ടും ലോകത്തെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ അവർ ഇന്നും ജീവിച്ചിരിക്കുന്നു. എവിടെയോ അജ്ഞാതനായ ആരാധകൻ ദുലാരിയിലെ പാട്ടു മൂളുന്നു...

സുഹാനീ രാത്​ ധൽ ചുക്കി
നാ ജാനേ തും കബ്​ ആവോഗി

(സുന്ദരമായ രാവ് പോയ്മറഞ്ഞു
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ..’)
ജഹാൻ കി റൂത്​ ബാദൽ ചുകി
നാ ജാനേ തും കബ്​ ആവോഗി

(ലോകം മുഴുവനും ഋതുക്കൾ മാറിവരുന്നു
നീയെപ്പോൾ വരുമെന്ന് അറിയില്ലല്ലോ...)

(2018 സെപ്​റ്റംബർ ലക്കം മാധ്യമം ‘കുടുംബം’ മാഗസിനിൽ പ്രസിദ്ധീകരിച്ചത്​..)

Loading...
COMMENTS