ഹലോ മാമുക്കോയ അല്ലേ..? ഇങ്ങൾ മയ്യിത്തായില്ലാ...? വ്യാജൻമാരെ കൊട്ടി ഹാസ്യസാമ്രാട്ട്
text_fieldsകോഴിക്കോട്: ലോക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ട്രെൻറിങ്ങായ താരമാണ് മാമുക്കോയ. പഴയ സിനിമകളിലെ താരത്തിെൻറ ഹാസ്യ രംഗങ്ങൾ തഗ് ലൈഫ് വിഡിയോകളായി വീണ്ടും വ്യാപകമായി പ്രചരിച്ചിരുന്നു. മാമുക്കോയയുടെ മറ്റൊരു വിഡിയോ കൂടി ഇപ്പോൾ വൈറലാവുകയാണ്.
ഇത്തവണ മരണവുമായി ബന്ധപ്പെട്ട വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മാമുക്കോയയെ ഒരു അപരിചിതൻ വിളിക്കുന്നതും ശബ്ദം കേട്ടയുടനെ അയാൾ താരത്തോട് നിങ്ങൾ മയ്യിത്തായില്ലേ എന്ന് ചോദിക്കുന്നതുമാണ് രംഗത്തിലുള്ളത്. ഫേസ്ബുക്കിൽ മരണവാർത്ത കേട്ട് വിളിച്ച അയാളോട് താൻ ഇപ്പോൾ മരിച്ചിട്ടില്ലെന്നും മരിച്ചാൽ വിളിക്കുകയാണെങ്കിൽ അപ്പോൾ സംസാരിക്കാമെന്നും മാമുക്കോയ സരസമായി മറുപടി നൽകുന്നുമുണ്ട്. ഇങ്ങനെ ഒാരോന്ന് പടച്ചുവിടാൻമാത്രം ആര്‍ക്കാണ് മാമുക്കോയയോട് ഇത്രയും ശത്രുത എന്ന് ചോദിക്കുമ്പോള്‍, മെഗാസ്റ്റാർ മമ്മൂട്ടിക്ക് എന്നാണ് താരം തമാശയായി മറുപടി പറയുന്നത്.
സമൂഹ മാധ്യമങ്ങളിലെ വ്യാജ സെലിബ്രിറ്റി മരണവാര്‍ത്തകളെയും അതിനെ പ്രചരിപ്പിക്കുന്നവരെയും പരിഹസിക്കുന്ന വിഡിയോ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെതാണ്. വ്യാജ വാര്‍ത്തകൾക്ക് എതിരായ കാമ്പയിനിെൻറ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
യാതൊരു പണിയുമില്ലാതിരിക്കുന്ന ചിലർ പടച്ചുവിടുന്ന വാര്‍ത്തകളാണ് ഇതെന്നും അത് വിശ്വസിക്കാന്‍ അതിലേറെ പണിയില്ലാതെ കുത്തിയിരിക്കുന്ന മണ്ടൻമാരുണ്ടെന്നും വീഡിയോയില്‍ മാമുക്കോയ പറയുന്നു. വ്യാജവാര്‍ത്തകള്‍ ധാരാളം വന്നുകൊണ്ടിരിക്കും. അത് കേട്ടപടി വിശ്വസിക്കാതെ യാഥാർഥ്യമാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പങ്കുവെക്കാവൂ എന്ന സന്ദേശവും താരം നല്‍കുന്നുണ്ട്.
ജഗതി ശ്രീകുമാർ, സലീം കുമാർ, മോഹൻലാൽ തുടങ്ങി നിരവധി താരങ്ങളാണ് ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിരവധി തവണയായി വ്യാജൻമാർ മൂലം കൊല്ലപ്പെട്ടത്. വ്യാജ മരണവാർത്തകൾക്കെതിരെ പലതാരങ്ങളും മുന്നോട്ട് വന്നിരുന്നു.
