എൻെറ ലാലിന്​... ജന്മദിന ആശംസകൾ

12:03 PM
21/05/2020
mohanlal-and-mammootty

60ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് ജന്മദിന​ ആശംസകൾ നേർന്ന്​ മമ്മൂട്ടി. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ്​ ആശംസ നേർന്നത്​. വിഡിയോയിൽ മോഹൻലാലിനോടൊപ്പമുള്ള പഴയകാല ​ചിത്രങ്ങളും മമ്മൂട്ടി പങ്കു​െവക്കുന്നുണ്ട്​. മേയ്​ ആറിന്​ മമ്മൂട്ടിയുടെ വിവാഹ ജന്മവാർഷിക ദിനത്തിൽ മോഹൻലാൽ ആശംസകൾ നേർന്നിരുന്നു. 

മമ്മൂട്ടിയുടെ വാക്കുകൾ: 
“ലാലിൻെറ ജന്മദിനമാണ്. ഞങ്ങൾ തമ്മിൽ പരിചയമായിട്ട് ഏകദേശം 37 വർഷങ്ങൾ കഴിഞ്ഞു. ‘പടയോട്ട’ത്തിൻെറ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം ഇതാ ഇന്നു വരെ…

എൻെറ സഹോദരങ്ങൾ വിളിക്കുന്നതു പോലെയാണ് ലാലെന്നെ സംബോധന ചെയ്യുന്നത്, ഇച്ചാക്ക… പലരും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്രത്തോളം സന്തോഷം തോന്നാറില്ല. പക്ഷേ ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. എൻെറ സഹോദരങ്ങളിൽ ഒരാൾ എന്ന തോന്നൽ.

07-mohanlal-with-mamoottyjpg

സിനിമയിൽ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പേരായിരുന്നു. ജീവിതത്തിൽ അന്ന് ഞങ്ങൾ അത്ര ഗൗരവമുള്ള ആളുകളായിരുന്നില്ല. കോളജ് വിദ്യാർത്ഥികളെ പോലെ ആടിയും പാടിയും. തൊഴിലിനോട് പക്ഷേ രണ്ടാൾക്കും ഗൗരവമേറിയ സമീപനമായിരുന്നു.

 എൻെറ മകളുടെ വിവാഹം, മകൻെറ വിവാഹം ഒക്കെ സ്വന്തം വീട്ടിലെ വിവാഹം പോലെ ലാൽ നടത്തി തന്ന കാര്യങ്ങളാണ്. അപ്പുവിന് ആദ്യമായി സിനിമയിൽ മുഖം കാണിക്കും മുമ്പ്​ എൻെറ വീട്ടിൽ വന്ന് അനുഗ്രഹവും സ്നേഹവും പ്രാർത്ഥനയും വാങ്ങി. സിനിമാതാരങ്ങൾ എന്നതിലപ്പുറം ഞങ്ങൾക്കുള്ളിൽ ഒരു സൗഹൃദം വളർന്നിരുന്നു.

ഈ യാത്ര നമുക്കു തുടരാം, ഇനിയെത്ര കാലം എന്നറിയില്ല, പക്ഷേ ഉള്ള കാലത്തോളം നമുക്കിത് തുടരാം. പുഴയൊഴുകുന്ന പോലെ, കാറ്റു വീശുന്നതു പോലെയായിരുന്നു നമ്മുടെ യാത്ര… നമ്മുടെ ജീവിതപാഠങ്ങൾ നമുക്ക് പിന്നാലെ വരുന്നവർക്ക് അറിയാനും അനുഭവിക്കാനുമുള്ള പാഠങ്ങളാവട്ടെ. മലയാളത്തിൻെറ ഈ അത്ഭുതകലാകാരന്, മലയാളികളുടെ ലാലേട്ടന്, മലയാളസിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകൾ.”

Loading...
COMMENTS