അങ്കിളിൽ മമ്മൂട്ടി നായകനോ വില്ലനോയെന്ന് പ്രേക്ഷകർ പറയട്ടെ -ഗിരീഷ് ദാമോദർ

സി.വി. സിനിയ
12:43 PM
19/04/2018
uncle-movie
മമ്മൂട്ടിയോടൊപ്പം സംവിധായകൻ ഗിരീഷ് ദാമോദർ

ഗിരീഷ് ദാമോദറിന് സിനിമ എന്നും സ്വപ്‌നമായിരുന്നു. സാമൂഹിക വിഷയം ചർച്ച ചെയ്യുന്ന സിനിമയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. ആ കാത്തിരിപ്പിനിടയിലാണ് നടന്‍ ജോയ് മാത്യു ഗിരീഷിനായി തിരക്കഥ ഒരുക്കിയത്. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രം പ്രതീക്ഷയുടെ പടവുകളിലേക്ക് നടന്നു കയറിയത് ജോയ് മാത്യുവിന്‍റെ സാന്നിധ്യം കൊണ്ടു കൂടിയാണ്. റിലീസിന് മുമ്പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രത്തില്‍ മമ്മൂട്ടി വില്ലനായിട്ടാണോ നായകനായിട്ടാണോ എത്തുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ മനസ് തുറക്കുന്നു...

uncle-movie

അങ്കിള്‍ എന്ന ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍?
അങ്കിള്‍ മികച്ച ചിത്രം തന്നെയായിരിക്കുമെന്നാണെന്‍റെ പ്രതീക്ഷ. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രം എന്ന പ്രത്യേകത കൂടി അങ്കിളിനുണ്ട്. ഏപ്രില്‍ അവസാന വാരം ഏകദേശം 110 തിയേറ്ററുകളിലായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഇപ്പോൾ മലയാളത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് തമിഴ്, തെലുങ്ക് പതിപ്പുകൾ പുറത്തിറങ്ങും. ഒരു പക്ഷേ പ്രകാശ് രാജായിരിക്കും ചിത്രത്തിന്‍റെ റീമേക്ക് അവകാശം സ്വന്തമാക്കുക. ഹിന്ദിയിലും റീമേക്ക് ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജോയ് മാത്യുവും സജയ് സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രീകരണ സമയത്ത് ചിത്രത്തിന്‍റെ നിര്‍മാതാവെന്ന നിലയിലോ തിരക്കഥാകൃത്ത് എന്ന നിലയിലോ ജോയ് മാത്യു ഒരു കാര്യത്തിലും ഇടപെട്ടിട്ടില്ല. 

യഥാർഥ കഥയെ അടിസ്ഥാനമാക്കിയുള്ള കഥയാണോ?
പതിനേഴുകാരിയായ പെണ്‍കുട്ടിയുടെയും അവളുടെ അച്ഛന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന ചിത്രമാണിത്. ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ഒരു സമര ദിവസം ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന പെണ്‍കുട്ടിയുടെ യാത്രയാണ് ചിത്രം പറയുന്നത്. 'സി.ഐ.എ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതമായ കാര്‍ത്തിക മുരളീധരനാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

uncle-movie

ഊട്ടിയിൽ പഠിക്കുന്ന ഈ പെൺകുട്ടി  കോഴിക്കോട്ടേക്ക് വരുന്നത് അച്ഛന്‍റെ സുഹൃത്തിന്‍റെ വാഹനത്തിലാണ്. അതിലൂടെയാണ് കഥ വികസിക്കുന്നത്. കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. സി.കെ. മുരളീധരന്‍ എന്ന ബോളിവുഡ് ഛായാഗ്രഹകന്‍റെ മകളാണ് കാര്‍ത്തിക. കുറേ പുതുമുഖ താരങ്ങളെ ഈ വേഷത്തിനായി അന്വേഷിച്ചിരുന്നു. അവസാനമാണ് കാര്‍ത്തികയിലേക്ക് എത്തുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു  പ്രധാന ചിത്രീകരണം. 41 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടിയുടെ മറ്റ് സിനിമകളില്‍ നിന്ന് അങ്കിളിനെ വ്യത്യസ്തമാക്കുന്നത്?
കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്തായിട്ടാണ് വേഷമിടുന്നത്. അൽപം നെഗറ്റീവായ കഥാപാത്രമാണിത്. അച്ഛനായിട്ട് വേഷമിടുന്നത് ജോയ് മാത്യുവാണ്. ഇതൊരു റിയലിസ്റ്റിക് സിനിമയാണ്. മമ്മൂട്ടി വില്ലനാണോ നായകനാണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. പെണ്‍കുട്ടിയുള്ള ഓരോ അച്ഛന്‍റെയും അമ്മയുടെയും ഉള്ളിലുള്ള ആധി ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്.

uncle-movie

മമ്മൂക്കയുമായുള്ള അടുപ്പത്തെ കുറിച്ച്?
നേരത്തെ തന്നെ മമ്മൂക്കയുടെ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍റെ ആദ്യ സിനിമ  ഒരു സൂപ്പര്‍താരത്തെ വെച്ച് ചെയ്യാന്‍ കഴിയുമെന്നൊന്നും കരുതിയില്ല. കാരണം വലിയ താരങ്ങളെ വച്ച് സിനിമ ചെയ്യുക -അങ്ങനെയൊന്നും ആഗ്രഹിച്ചിരുന്നില്ല. നമ്മള്‍ അത്രത്തോളമൊന്നും വളര്‍ന്നിട്ടില്ലല്ലോ. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മമ്മൂക്കയോട് കഥ പറഞ്ഞു. അദ്ദേഹത്തിന് അത് ഇഷ്ടമായി. എനിക്ക് ആദ്യം നല്ല ടെന്‍ഷനുണ്ടായിരുന്നു, പക്ഷെ ഷൂട്ടിങ് തുടങ്ങിയ ശേഷം ആ ടെൻഷൻ ഒക്കെ മാറി. മമ്മൂക്കയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. 

മലയാളത്തില്‍ കുറേ സംവിധായകര്‍ ഉണ്ടായിട്ടും ജോയ് മാത്യു ഒരു നവാഗത സംവിധായകനെ സമീപിക്കുന്നു?
ഞാനും ജോയ് മാത്യുവും തമ്മില്‍ വര്‍ഷങ്ങളായിട്ടുള്ള സുഹൃത്ത് ബന്ധമാണ്. സൂര്യ ടി.വി മലയാളത്തില്‍ തുടങ്ങിയ കാലത്ത് മലബാറിലെ ന്യൂസ് ഇന്‍ ചാര്‍ജ് ജോയ് മാത്യുവിനായിരുന്നു. ആ സമയത്തുള്ള പരിചയമാണ്. പിന്നീട് അദ്ദേഹം ഗള്‍ഫിലേക്ക് പോയി. അന്നൊക്കെ ഞാന്‍ സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. പത്മകുമാര്‍, രഞ്ജിത് എന്നിവരുടെ അസിസ്റ്റന്‍റായിട്ടാണ് പ്രവര്‍ത്തിച്ചത്.

uncle-movie

ജോയ് മാത്യു ഗള്‍ഫ് ജീവിതം മതിയാക്കി നാട്ടിലെത്തി 'ഷട്ടര്‍' സിനിമ ചെയ്തു. അന്നും എന്‍റെ സിനിമയോടുള്ള ഇഷ്ടത്തെ കുറിച്ചും മറ്റും അദ്ദേഹം എപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നു. നല്ലൊരു തിരക്കഥക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. അങ്ങനെ എനിക്ക് വേണ്ടി ഒരു തിരക്കഥ എഴുതാമെന്ന് അദ്ദേഹം ഇങ്ങോട്ട് പറയുകയുണ്ടായി. അന്നു മുതല്‍ അദ്ദേഹത്തിന്‍റെ കൂടെ തന്നെയായിരുന്നു ഞാന്‍. കുറേ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് ഒരു യാത്രക്കിടെയാണ് ജോയ് മാത്യു 'അങ്കിള്‍' എന്ന കഥയുടെ ഒരു വണ്‍ലൈന്‍ പറയുന്നത്. 

സിനിമ ചെയ്യുമ്പോള്‍ ഏറെ ടെന്‍ഷനടിപ്പിച്ചത്? 
സിനിമ ചെയ്യുന്നത് തന്നെ ടെന്‍ഷനുള്ള കാര്യമാണ്. ഒരു സിനിമ പോലും  സംവിധാനം ചെയ്യാത്ത ഒരാള്‍ സിനിമ ചെയ്യുമ്പോള്‍ അതിന്‍റെ റിസള്‍ട്ട് നിര്‍മാതാവിന് കാണിച്ചു കൊടുക്കേണ്ടതുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ ടെന്‍ഷന്‍. ചിത്രം തീയേറ്ററുകളിലെത്തി പ്രേക്ഷകരുടെ അഭിപ്രായം വരുന്നത് വരെ ടെന്‍ഷനാണ്. ഇത് ജനങ്ങളോടുള്ള ഉത്തരവാദിത്തം കൂടിയാണല്ലോ. അതും സൂപ്പര്‍ താരത്തെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ഒരുപാട് ഉത്തവാദിത്തവും ടെന്‍ഷനുമുണ്ട്. പക്ഷേ എല്ലാം നല്ല രീതിയില്‍ തന്നെ ചെയ്യാനായി എന്നാണ് വിശ്വാസം. 

uncle-movie

സിനിമാ മേഖലയില്‍ എത്തിയത്?
കലാപാരമ്പര്യമോ സിനിമാ പശ്ചാത്തലമോ കുടുംബത്തില്‍ ആര്‍ക്കുമില്ല. കോഴിക്കോട് ഉള്ള്യേരിയിലാണ് നാട്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവിടുത്തെ ഒരു തറവാട്ടില്‍ 'ബ്രഹ്മരക്ഷസ്' എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഞങ്ങള്‍ ചിത്രീകരണം കാണാന്‍ പോകുമായിരുന്നു. പക്ഷേ ഷൂട്ടിങ് കാണാന്‍ പോയാല്‍ തന്നെ അവിടെയുള്ളവര്‍ ഞങ്ങളെ ഓടിക്കും. അന്നു മുതല്‍ സിനിമ എന്താണെന്നറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. കോളജിലെത്തിയപ്പോഴും ഈ അഗ്രഹം ഉള്ളില്‍ തന്നെ ഉണ്ടായിരുന്നു. ഭരത് ഗോപി കോഴിക്കോട് വെച്ച് ഒരു സീരിയല്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ ആര്‍ട്ട് ഡയറക്ടറായി വര്‍ക്ക് ചെയ്ത എന്‍റെ സുഹൃത്താണ് സിനിമയോടുള്ള ഇഷ്ടം മനസിലാക്കി അതില്‍ ചേരാന്‍ അവസരം ഒരുക്കിയത്.

പുതിയ പ്രൊജക്ട്?
കുടുംബത്തിന് ഒരുമിച്ച് ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാം ഈ സിനിമ കഴിഞ്ഞിട്ട് മാത്രമേ തീരുമാനിക്കുന്നുള്ളു. ഓഫറുകളൊക്കേ വരുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല.

ഗിരീഷ് ദാമോദരൻ ഭാര്യ ഭവ്യക്കും മകന്‍ ദക്ഷിനുമൊപ്പം
 


കുടുംബത്തിന്‍റെ പിന്തുണ?
കുടുംബത്തിന്‍റെ പിന്തുണയുണ്ട്. മാതാപിതാക്കളൊക്കെ നേരത്തെ മരിച്ചു. ഭാര്യ-ഭവ്യ, മകന്‍ ദക്ഷ് മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. എല്ലാവരും കോഴിക്കോട് തന്നെ താമസിക്കുന്നു.

Loading...
COMMENTS