കത്രിക വെക്കലല്ല സെൻസറിങ്

  • സെന്‍സറിങ്ങിന് വിധേയമാക്കാതെയാണ് "രണ്ടുപേര്‍ ചുംബിക്കുമ്പോള്‍' പുറത്തിറക്കിയത്. കാരണം, സെന്‍സറിങ് എന്നത് ഒരുകാലത്ത് വയലന്‍സും മറ്റും ഒഴിവാക്കാനുള്ള സംവിധാനമായിരുന്നെങ്കില്‍ ഇന്ന് കൃത്യമായ രാഷ്രടീയമാണതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്...

pratap joseph
പ്രതാപ് ജോസഫ്

ജീവിതത്തിലും ചലച്ചിത്രത്തിലും പുറമെനിന്നുള്ള സെൻസറിങ്ങിനെ കഴിയുന്നത്ര ഒഴിവാക്കാനാണ് ഈ ചെറുപ്പക്കാര​ന്‍റെ ശ്രമം. ‘രണ്ടുപേർ ചുംബിക്കുമ്പോൾ’ എന്ന ത​ന്‍റെ ചിത്രത്തിലൂടെ എന്താണ് സദാചാരം, ആരാണ് സദാചാരവാദികൾ തുടങ്ങിയ ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയാണ് പ്രതാപ് ജോസഫ് എന്ന യുവസംവിധായകൻ. കേരളത്തിന്‍റെ സാംസ്​കാരിക–രാഷ്​​ട്രീയ മേഖലയിൽ ഏറെ ചർച്ചകൾക്ക് തുടക്കമിട്ട ചുംബനസമരത്തിന്‍റെ പശ്ചാത്തലത്തിൽ എം.ഡി. രാധിക എഴുതിയ കഥയെ ആസ്​പദമാക്കിയുള്ള ഈ ചിത്രം കോഴിക്കോട്ടെ ഓപൺ സ്​ക്രീൻ തിയറ്ററിൽ നിറഞ്ഞ സദസ്സിലാണ് ദിവസങ്ങളോളം പ്രദർശിപ്പിച്ചത്.

അർച്ചന പത്മിനി, എസ്. പ്രദീപ്, ശരത് കോവിലകം, ഐ.ജി. മിനി, ബൈജു നെറ്റോ, ചാതുരി ചന്ദ്രഗീത, വൈ. ബിൻസി തുടങ്ങിയവരാണ് അഭിനേതാക്കൾ. മാധ്യമപ്രവർത്തകനും പിന്നീട് ഫ്രീലാൻസ്​ ഫോട്ടോഗ്രാഫറുമായിരുന്ന പ്രതാപ് ‘കുറ്റിപ്പുറം പാലം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകവേഷമണിഞ്ഞത്. 52 സെക്കൻഡ്, അവൾക്കൊപ്പം തുടങ്ങിയവയുടെ സംവിധായകൻ കൂടിയായ ഇദ്ദേഹം സനൽകുമാർ ശശിധരൻ സംവിധാനംചെയ്ത സെക്സി ദുർഗയുടെ (ഇപ്പോൾ എസ്​ ദുർഗ) കാമറമാനാണ്. സ്​ത്രീകളുടെ തുറന്നുപറച്ചിലിലൂടെ ശ്രദ്ധേയമായ ‘മീ ടു’ കാമ്പയിനിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത സിനിമ. പറയാനുള്ളതൊന്നും പ്രതാപ് മറച്ചുവെക്കുന്നില്ല. 

randuper

മതവത്കരിക്കപ്പെടുന്ന പ്രണയം 
സിനിമ രാഷ്ട്രീയമാധ്യമം മാത്രമാണെന്ന വിശ്വാസക്കാരനല്ല ഞാൻ. അതിന്‍റെ സൗന്ദര്യശാസ്​ത്രം പ്രധാനംതന്നെയാണ്. എന്നാൽ, നമ്മൾ സംവദിക്കുന്നത് ചുറ്റുമുള്ള മനുഷ്യരോടാകുമ്പോൾ അവരുടെ പ്രശ്നങ്ങളോടുള്ള പ്രതികരണമാകണം സിനിമയെന്ന കാഴ്ചപ്പാടുണ്ട്. പരിസ്​ഥിതിപ്രശ്നം ചർച്ചചെയ്ത കുറ്റിപ്പുറം പാലം, സ്​ത്രീയുടെ നോവുകളെ വിഷയമാക്കിയ അവൾക്കൊപ്പം എന്നിവപോലെത്തന്നെയാണ് ‘രണ്ടുപേർ ചുംബിക്കുമ്പോളി’ൽ സദാചാരം പ്രമേയമാക്കിയത്. പുരുഷൻ എന്നും അധികാരം കൈയാളുന്ന വിഭാഗമാണ്. അവർ സുരക്ഷിതസ്​ഥാനത്താണ്. സ്​ത്രീക്കതില്ല. എന്നാൽ, പുതുതലമുറയിലെ പെൺകുട്ടികൾ നൽകുന്ന ചിത്രം വ്യത്യസ്​തമാണ്. കു​െറക്കൂടി പ്രതികരണശേഷിയുള്ളവരാണവർ. പുരുഷൻ ത​ന്‍റെ അധികാരങ്ങൾ വിട്ടുകൊടുക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. കേരളത്തിൽ അടുത്തകാലത്ത് നടന്ന മിക്ക സമരങ്ങളുടെയും മുൻനിരയിൽ സ്​ത്രീകളുണ്ട്. നമ്മുടെ ലൈംഗികതയും പ്രണയവുമെല്ലാം മതവത്കരിക്കപ്പെട്ടെന്ന് പറഞ്ഞാൽ തെറ്റില്ല. 
 

Randuper-Chumbi-Kumpol
രണ്ടുപേര്‍ ചുംബിക്കുമ്പോൾ എന്ന സിനിമയിലെ രംഗം
 


സിനിമയിലേക്ക് ആരാണ് അനുമതി നൽകേണ്ടത്?
ചലച്ചിത്രമേഖല ഇപ്പോഴും പുതുതലമുറക്ക് കയറിച്ചെല്ലാൻ പറ്റാത്ത ഇടമാണെന്ന പക്ഷക്കാരനാണ് ഞാൻ. ആ സത്യം നേരിട്ടനുഭവിച്ചിട്ടുണ്ട്. ഫെഫ്ക അംഗത്വമാണ് പുതുതലമുറ സംവിധായകർക്ക് വെല്ലുവിളിയാകുന്ന പ്രധാനഘടകം. ലൈറ്റ് ബോയ് മുതൽ ഡയറക്ടർവരെയുള്ളവർ ഒരു ലക്ഷം രൂപ മുതൽമുടക്കിയാൽ മാത്രമാണ് മെംബർഷിപ്​ നൽകുന്നത്. അതും നേരിട്ട് ലഭിക്കില്ല. ഒരാൾ മൂന്ന് സിനിമയിൽ പ്രവർത്തിച്ചുകഴിഞ്ഞശേഷം അതിന്‍റെ നിർമാതാവും ഡയറക്ടറും മറ്റും നൽകുന്ന ഒപ്പുണ്ടെങ്കിലേ അംഗത്വത്തിന് അപേക്ഷിക്കാൻ പോലും സാധിക്കൂ. പുതുതായി ആരും കടന്നു വരരുതെന്നാണ് അവരുടെ ലക്ഷ്യം. വരുന്നവർ തന്നെ അവർക്ക് വിധേയപ്പെട്ടുനിൽക്കണം. സിനിമയിൽ പ്രവർത്തിക്കാനുള്ള മെംബർഷിപ്​ ഫെഫ്കപോലുള്ള സംഘടനയല്ല നൽകേണ്ടത്; ചലച്ചിത്ര അക്കാദമിയോ കെ.എസ്​.എഫ്.ഡി.സിയോ ആണ്. അല്ലാതെ, ഒരു സ്വകാര്യ സംഘടനക്കല്ല അതിനുള്ള അധികാരം. കേരളത്തിന്‍റെ അന്താരാഷ്​ട്ര ചലച്ചിത്രമേളയിലേക്ക് പല യുവസംവിധായകരുടെ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെടാത്തതിനു പിന്നിലും കൃത്യമായ വേർതിരിവാണ്. ജൂറിയുടെ കുഴപ്പമുണ്ട്. അതിനൊപ്പം ചില സ്​ഥാപിത താൽപര്യങ്ങൾകൂടി ചേരുമ്പോഴാണ് ഇതൊക്കെ സംഭവിക്കുന്നത്. 

prathap joseph

മുറിച്ചു മാറ്റപ്പെടുന്ന പൊളിറ്റിക്കൽ സിനിമ 
സെൻസറിങ്ങിന് വിധേയമാക്കാതെയാണ് ‘രണ്ടുപേർ ചുംബിക്കുമ്പോൾ’ പുറത്തിറക്കിയത്. കാരണം, സെൻസറിങ്​ എന്നത് ഒരുകാലത്ത് വയലൻസും മറ്റും ഒഴിവാക്കാനുള്ള സംവിധാനമായിരുന്നെങ്കിൽ ഇന്ന് കൃത്യമായ രാഷ്ട്രീയമാണതിനു പിന്നിൽ പ്രവർത്തിക്കുന്നത്. കേന്ദ്ര ഭരണകൂടത്തെയും അതിന് നേതൃത്വംനൽകുന്ന രാഷ്​​ട്രീയ പാർട്ടിയെയും വിമർശിച്ച് ഒന്നും പറയാൻ സാധിക്കാത്ത കാലമാണിതെന്നാണ് കാലിക സംഭവങ്ങൾ തെളിയിക്കുന്നത്. അമർത്യസെൻ ഡോക്യുമെന്‍ററി തന്നെ ഉദാഹരണം. കൃത്യമായൊരു പൊളിറ്റിക്കൽ സിനിമയെടുത്താൽ തന്നെ സെൻസർ കഴിഞ്ഞാൽ പലതും ബാക്കിയുണ്ടാകില്ല. പിന്നെ അതിനു പിറ​െക നടക്കാനും കോടതി കയറാനുമൊന്നുമുള്ള സാമ്പത്തിക ശേഷിയോ സമയമോ ക്ഷമയോ ഉള്ള കൂട്ടത്തിലല്ല ഞാൻ. ജയൻ ചെറിയാൻ എന്ന സംവിധായകൻ രണ്ടുവർഷമായി കോടതികൾ കയറിയിറങ്ങി നടക്കുകയാണ്. എന്നിട്ട് അവസാനം പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയാണ് അനുമതി ലഭിച്ചത്. അതിനാൽ ഇത്തരം സെൻസറിങ്​ രീതിയോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഈ ചിത്രം സെൻസർ ചെയ്യാതെ ഇറക്കിയത്. സുപ്രീംകോടതിതന്നെ പറഞ്ഞത് സെൻസർബോർഡ് സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനമാണെന്നും കത്രികവെക്കാനുള്ളതല്ല എന്നുമാണ്​.

prathap joseph

വാഗ്ദാനത്തിലൊതുങ്ങിയ ചെറിയ തിയറ്ററുകൾ 
ഓപൺ സ്​ക്രീൻ തിയറ്ററുകളാണ് സാമ്പത്തിക പിന്തുണയില്ലാത്ത സിനിമപ്രവർത്തകർക്ക് ഏക ആശ്രയം. പക്ഷേ, അത് വളരെ ചുരുക്കമാണിന്ന്. നായനാർ സർക്കാറിന്‍റെ കാലത്ത് ഇടത്തരം നഗരങ്ങളിൽ അമ്പതും നൂറും പേർക്കിരിക്കാവുന്ന ചെറിയ തിയറ്റർ എന്ന രീതിയിൽ ഇത്തരം സിനിമസംരംഭങ്ങളെ േപ്രാത്സാഹിപ്പിക്കാൻ പല നടപടികളും പ്രഖ്യാപിച്ചിരുന്നു. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി ഇത്തരം പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ടും സമർപ്പിച്ചതാണ്. ഫിലിം സൊസൈറ്റികളും മറ്റും മുൻകൈയെടുത്ത് ഇത്തരം സൗകര്യങ്ങൾ ഒരുക്കിയാൽ അത് സ്വതന്ത്ര സിനിമകൾക്ക് വലിയ േപ്രാത്സാഹനമാകും.

Loading...
COMMENTS