Begin typing your search above and press return to search.
exit_to_app
exit_to_app
അയ്യപ്പ കൊയ് ലോ
cancel
camera_alt?????????? ??????????

"കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ' പുതിയ ചിത്രത്തിലൂടെ മലയാള സിനിമയിലുദിച്ച പുതിയ നക്ഷത്രമാണ് മാസ്റ്റര്‍ രുദ്രാക്ഷ്. മലയാളത്തിന്‍റെ പ്രിയതാരം സുധീഷിന്‍റെ മകനായ രുദ്രാക്ഷ് കോഴിക്കോട് പാറോപ്പടി സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. തന്‍റെ ആദ്യ ചിത്രത്തിന്‍റെ വിജയത്തെക്കുറിച്ചും അഭിനയ വിശേഷങ്ങളെക്കുറിച്ചും രുദ്രാക്ഷ് സംസാരിക്കുന്നു...

നീന്തിക്കയറിയത് സിനിമയിലേക്ക്
‘നിങ്ങള്‍ തീവ്രമായി എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ ഈ പ്രപഞ്ചം മുഴുവന്‍ കൂടെനില്‍ക്കും’ -ലോകം മുഴുവന്‍ വായനക്കാരുള്ള ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ് ലോയുടെ പ്രശസ്തമായ നോവല്‍ ‘ദി ആല്‍കെമിസ്റ്റി’ലെ ഏറെ പ്രശസ്തമായ വരികളാണിത്. ഓണത്തിനിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ കൊച്ചൗവ പൗലോ അയ്യപ്പ കൊയ് ലോ എന്ന ചിത്രം പറഞ്ഞുവെക്കുന്നതും ഈ വാക്കുകള്‍തന്നെ. ചില കാര്യങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്നതും അവ നേടാനായി പ്രകൃതി പോലും കൂട്ടു നില്‍ക്കുന്നതും ചിത്രീകരിക്കുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാസ്റ്റര്‍ രുദ്രാക്ഷ് ആണ്. കുഞ്ചാക്കോ ബോബനോടൊപ്പം അയ്യപ്പദാസ് എന്ന അപ്പുവായി സിനിമയില്‍ രുദ്രാക്ഷ് തിളങ്ങുന്നു.


ഒരര്‍ഥത്തില്‍ സിനിമയിലേക്ക് നീന്തിക്കയറുകയായിരുന്നു രുദ്രാക്ഷ് എന്നു പറയാം. ചിത്രത്തിന്‍റെ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ സുധീഷിന്‍റെ പ്രിയ സുഹൃത്താണ്. അദ്ദേഹം പലപ്പോഴും രുദ്രാക്ഷിനെ കണ്ടിട്ടുണ്ട്. ഒരിക്കല്‍ അവനോട് നീന്തലറിയാമോ? അറിയാമെങ്കില്‍ ഒരു സിനിമ ചെയ്യാമെന്നും പറഞ്ഞു. നീന്തലറിയില്ല, പക്ഷേ പഠിക്കാമെന്നായിരുന്നു രുദ്രാക്ഷിന്‍റെ മറുപടി.  പ്രൊഡ്യൂസര്‍ ഒന്നും ശരിയായിട്ടില്ലായിരുന്നു, എല്ലാം ഓകെ ആയിട്ടു പറയാമെന്ന് അറിയിച്ചു. അങ്ങനെ രുദ്രാക്ഷ് നീന്താനിറങ്ങി. ചെറൂട്ടി നഗര്‍ സ്വിമ്മിങ് പൂളിലാണ് പഠിച്ചത്. ഒരു മാസംകൊണ്ട് നീന്തല്‍  വശമായി. മൂന്നു മാസം എടുത്തു എക്സ്പേര്‍ട്ട് ആവാന്‍. പക്ഷേ, സിനിമ ചെയ്യാന്‍ തുടങ്ങിയ ശേഷമാണ് ഡൈവിങ് കൂടി പഠിക്കണമെന്നു പറഞ്ഞത്. അതിനുവേണ്ടി കുറെ ദിവസമെടുത്തു. പകല്‍ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ രാത്രി ഡൈവിങ് പ്രാക്ടിസ് ചെയ്യും. സിനിമയുടെ ക്ലൈമാക്സില്‍ അപകടം പിടിച്ച പുഴയില്‍ നീന്തേണ്ടി വന്നപ്പോള്‍ കല്ലില്‍ തട്ടി ദേഹമൊക്കെ പരിക്കുപറ്റിയെന്ന് രുദ്രാക്ഷ് പറയുന്നു, ഒരല്‍പം പേടിച്ചുവെന്നും.

സെറ്റിലെ വിശേഷങ്ങള്‍
അച്ഛന്‍ സുധീഷ് സിനിമയില്‍ രുദ്രാക്ഷിന്‍റെ ചിറ്റപ്പനായി അഭിനയിക്കുന്നുണ്ട്. അച്ഛന്‍ കൂടെയുണ്ടായിരുന്നെങ്കിലും എല്ലാ കാര്യങ്ങളും സിദ്ധു അങ്കിള്‍ എന്നു രുദ്രാക്ഷ് വിളിക്കുന്ന സിദ്ധാര്‍ഥ് ശിവയാണ് പറഞ്ഞുകൊടുത്തത്. കുഞ്ചാക്കോ ബോബനും അഭിനയത്തെക്കുറിച്ച് ഏറെ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനായി ഷൂട്ട് കഴിഞ്ഞാലും കഥാപാത്രങ്ങളുടെ പേര് വിളിക്കാനായിരുന്നു അവനു ലഭിച്ച നിര്‍ദേശം. അങ്ങനെ മുഴുസമയം അപ്പുവായി രുദ്രാക്ഷും ചിറ്റപ്പനായി സുധീഷും നടന്നു. കെ.പി.എ.സി ലളിതയും നെടുമുടി വേണുവുമെല്ലാം നല്ല പിന്തുണ നല്‍കിയിരുന്നു. അച്ഛന്‍റടുത്തേക്ക് മസ്കത്തിലേക്ക് വിമാനത്തില്‍ പോവുകയാണെന്ന് കളിക്കൂട്ടുകാരിയും ചിറ്റപ്പന്‍െറ മകളുമായ അമ്പിളിയോട് പറയാന്‍ പോവുന്ന രംഗമാണ് ആദ്യം ചിത്രീകരിച്ചത്. ടെന്‍ഷന്‍ കാരണം കുറച്ച് തെറ്റിപ്പോയി, എല്ലാവരും ആശ്വസിപ്പിച്ചു. പിന്നീട് കൂളായി അഭിനയിക്കുകയായിരുന്നു. തെറ്റൊക്കെ തിരുത്തി സുധീഷും പിന്തുണ നല്‍കി.


പൗലോ കൊയ് ലോയും പിറന്നാള്‍ സമ്മാനവും
സിനിമയില്‍ ഇടക്കിടെ പൗലോ കൊയ് ലോയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് ആദ്യമായാണ് രുദ്രാക്ഷ് കേള്‍ക്കുന്നത്. പേരുകേട്ടപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയെന്ന് ഒരു കള്ളച്ചിരിയോടെ രുദ്രാക്ഷ് പറയുന്നു. സംവിധായകനോട് ഇതാരാണെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എല്ലാം കൃത്യമായി പറഞ്ഞുകൊടുത്തു. ഷൂട്ടിങ്ങിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി പാക്കപ്പ് ചെയ്യാനിരുന്ന അന്നായിരുന്നു രുദ്രാക്ഷിന്‍റെ ജന്മദിനം. അന്ന് കൂടെ അമ്പിളിയായി അഭിനയിച്ച അബനി ആദി അവന് ഒരു പിറന്നാള്‍ സമ്മാനം നല്‍കി. സാക്ഷാല്‍ പൗലോ കൊയ് ലോയുടെ ദി ആല്‍കെമിസ്റ്റിന്‍റെ മലയാളം പരിഭാഷയായിരുന്നു സമ്മാനം. പുസ്തകം വായിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും മനസ്സിലാവാത്തതിനാല്‍ കുറച്ചുകൂടി മുതിര്‍ന്ന ശേഷം വായിക്കാനായി മാറ്റിവെച്ചിരിക്കുകയാണ് രുദ്രാക്ഷ്.

സന്തോഷങ്ങള്‍ക്കിടയിലെ കുഞ്ഞുനൊമ്പരം
ചിത്രം റിലീസായ അന്നുതന്നെ അച്ഛനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം എറണാകുളത്തു പോയി സിനിമ കണ്ടിരുന്നു. പിന്നീട് നാട്ടില്‍ വന്ന് അമ്മ ധന്യ, അനിയന്‍ വാവ (ഒന്നര വയസ്സുള്ള അനിയന് പേരിട്ടിട്ടില്ല), അച്ഛന്‍, അച്ഛമ്മ എന്നിവരോടൊപ്പം വീണ്ടും പോയി കണ്ടു. അപ്പോള്‍ ഒരു ചെറിയ സങ്കടം രുദ്രാക്ഷിന്‍റെ മനസ്സില്‍ തങ്ങിനില്‍പുണ്ടായിരുന്നു. അവന്‍ സിനിമയിലെത്തുന്നത് കാണാന്‍ ഏറെ ആഗ്രഹിച്ച അച്ഛച്ഛന്‍റെ വേര്‍പാട്. സുധീഷിന്‍റെ അച്ഛനും പ്രമുഖ നാടകനടനുമായ ടി. സുധാകരന്‍ കഴിഞ്ഞ ജനുവരി നാലിനാണ് മരിച്ചത്. അദ്ദേഹത്തിന്‍റെ കൂടെ വൃദ്ധ വൃക്ഷങ്ങള്‍ എന്ന നാടകത്തില്‍ ഒരുപാടു തവണ രുദ്രാക്ഷ് അഭിനയിച്ചിട്ടുണ്ട്. നാടകത്തിനിടയില്‍ കാണികളിലൊരാളായി ഇരിക്കുന്ന പയ്യന്‍ കരയുന്നതും സ്റ്റേജില്‍നിന്ന് വരുന്ന കഥാപാത്രം ആശ്വസിപ്പിക്കുന്നതുമായിരുന്നു രംഗം. ഇതുകൂടാതെ സ്കൂളിലെ കലാമേളകളിലും പങ്കെടുക്കുമായിരുന്നു. അച്ഛനെക്കാള്‍ അച്ഛച്ഛനായിരുന്നു രുദ്രാക്ഷിനെ സിനിമ കാണാനും മറ്റും കൊണ്ടു പോയിരുന്നത്. അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രവും (ഐന്‍) കൊച്ചുമകന്‍ ആദ്യമായി അഭിനയിച്ച ചിത്രവും (കൊച്ചൗവ പൗലോ) ഒരേ സംവിധായകന്‍റേതായി എന്നത് യാദൃച്ഛികം മാത്രം.


ആഗ്രഹം സിനിമയില്‍ മാത്രം
വിമാനത്തില്‍ കയറണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു പയ്യനാണ് സിനിമയിലെ അപ്പു. എന്നാല്‍, സിനിമയില്‍ മാത്രമേ ഈ ആഗ്രഹമുള്ളൂ. മൂന്നാം വയസ്സുതൊട്ട് ഇതിനിടയില്‍ നാലഞ്ചുതവണ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട് രുദ്രാക്ഷ്. ജീവിതത്തില്‍ എന്താണ് ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ അങ്ങനെ വലിയ ആഗ്രഹങ്ങളൊന്നുമില്ലെന്നും നല്ലപോലെ പഠിക്കുകയും അതോടൊപ്പം നല്ലനല്ല സിനിമകളില്‍ അഭിനയിക്കുകയും വേണമെന്നുമായിരുന്നു മറുപടി. സിനിമയില്‍ ഇടക്കിടെ പറയുന്നതു തന്നെയാണ് തന്‍െറ സമപ്രായക്കാരോട് രുദ്രാക്ഷിന് പറയാനുള്ളത്; ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണെങ്കില്‍ എന്തും സാധിച്ചെടുക്കാമെന്ന്.

സിനിമ ഇറങ്ങിയതിനു ശേഷം സ്കൂളില്‍ ഒരു ഹീറോ പരിവേഷം ലഭിച്ചിട്ടുണ്ട് രുദ്രാക്ഷിന്. നാലു തവണയാണ് സ്വന്തം സിനിമ തിയറ്ററില്‍ കണ്ടത്. സുഹൃത്തുക്കളോടൊപ്പമായിരുന്നു ഒരുതവണ കണ്ടത്. അവരെല്ലാം കൊള്ളാമെന്നു പറഞ്ഞു. പ്രിന്‍സിപ്പലും നന്നായെന്നു പറഞ്ഞു. കണ്ടവരെല്ലാം വീണ്ടും കാണാന്‍ പോയത് തനിക്കുള്ള അംഗീകാരമായാണ് ഈ കൊച്ചുനടന്‍ വിലയിരുത്തുന്നത്. നടന്‍ മമ്മൂട്ടി നേരിട്ടു വിളിച്ച് അഭിനന്ദിച്ചപ്പോള്‍ രുദ്രാക്ഷിനു ഏറെ സന്തോഷം. കോഴിക്കോട്ടുകാരനായ നീ കോട്ടയം ഭാഷ നന്നായി പറയുന്നുണ്ടല്ലോ എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം.


സിനിമ ഷൂട്ട് കാരണം കുറെ ക്ലാസുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൂട്ടുകാരുടെ സഹായത്തോടെ നോട്ട്സ് എല്ലാം എഴുതിയെടുത്തു. കൊച്ചൗവ പൗലോ ചെയ്യുന്നതിനിടെ ചില ഓഫറുകള്‍ വന്നെങ്കിലും വേണ്ടെന്നു വെക്കുകയായിരുന്നു. ഇനി പഠനത്തില്‍ ഫോക്കസ് ചെയ്യാനാണ് രുദ്രാക്ഷിന്‍റെ തീരുമാനം. അതിനിടയില്‍ കൊള്ളാവുന്ന വേഷങ്ങള്‍ വന്നാല്‍ സ്വീകരിക്കുമെന്നും അച്ഛന്‍െറ വഴിയേ അറിയപ്പെടുന്ന ഒരു താരമായി മാറാനാണ് ആഗ്രഹമെന്നും സിനിമയില്‍ കാണുന്ന അതേ നിഷ്കളങ്ക ചിരിയോടെ രുദ്രാക്ഷ് പറയുന്നു.

Show Full Article
TAGS:Kochavva Paulo Ayyappa Coelho Master Rudraksh Kunchacko Boban Sidhartha Siva anusree Maniyanpilla Raju mukesh aju varghese nedumudi venu suraj venjaramood Sudheesh Muthumani kpac lalitha 
News Summary - malayalam film actor Master Rudraksh Kochavva Paulo Ayyappa Coelho
Next Story