വ്യത്യസ്​തനായൊരു ബാലൻ

  • കോടമ്പാക്കം കഥകൾ 3

‘സവിധം’ എന്ന ചിത്രത്തിൽ സംഗീത സംവിധായക​​െൻറ വേഷമിട്ട നെടുമുടിവേണുവിൻറെ തബലിസ്​റ്റായിവരുന്ന മാമുക്കോയയുടെ കഥാപാത്രത്തെ മെനയു​േമ്പാൾ സംവിധായകൻ ജോർജ് കിത്തുവിൻറെ മനസ്സിൽ കോടമ്പാക്കത്ത് തനിക്ക് അടുത്ത് പരിചയമുള്ള ഒരു തബലിസ്​റ്റ്​ ഉണ്ടായിരുന്നിരിക്കണം. ‘റോക്ക് എൻ റോൾ’ സംവിധാനം ചെയ്യു​േമ്പാൾ രഞ്ജിത്തിൻറെ മനസ്സിലും ഹരിശ്രീ അശോക​​െൻറ കഥാപാത്രമായ തബലിസ്​റ്റിനെ രൂപപ്പെടുത്തുമ്പോൾ കോടമ്പാക്കത്തെ ആ തബലിസ്റ്റിൻറെ മുഖം തെളിഞ്ഞുവന്നിരിക്കണം. മാമുക്കോയയുടെ കഥാപാത്രത്തി​​െൻറ പേര് ബാലകൃഷ്ണൻ എന്ന ബാലൻ. ഹരിശ്രീ അശോകൻറെ കഥാപാത്രമാകട്ടെ ബാലു. രണ്ടു കഥാപാത്രങ്ങളെയും ഒരുപോലെ സ്വാധീനിച്ച ഒരു തബലിസ്​റ്റ്​ കോടമ്പാക്കത്തുണ്ട്. അദ്ദേഹമാണ് ബാലൻ അഥവാ തബല ബാലൻ. മാമുക്കോയയും ഹരിശ്രീ അശോകനും ജോർജ് കിത്തുവും രഞ്ജിത്തും തബല ബാലനെ നേരിട്ടറിയുന്നവരാണ്. മലയാളസിനിമ കോടമ്പാക്കത്തു നിറഞ്ഞുനിന്നിരുന്ന കാലത്ത് തബല ബാലനെ അറിയാത്തവരായി അധികമാരും ഉണ്ടായിരുന്നില്ല.

തബല ബാല​​െൻറ ഒരു പഴയ ചിത്രം
 

‘ബാലനെവിടെ?’ ആരെങ്കിലും അങ്ങനെ അന്വേഷിച്ചാൽ,
‘ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നല്ലോ... ങ്ഹാ... ദാ, വരുന്നു..’ എന്ന മറുപടിഉറപ്പ്.
കറുത്തു മെലിഞ്ഞ് അധികം ഉയരമില്ലാത്ത പ്രസന്നവദനനായ ബാലൻ ഹോട്ടൽ ഹോളിവുഡിലും പരിസരങ്ങളിലുമായി സുഹൃത്തുക്കളുടെ നടുവിൽ എപ്പോഴും തമാശ പറഞ്ഞു ചിരിച്ചും ചിരിപ്പിച്ചും മിന്നിമറഞ്ഞുകൊണ്ടിരിക്കും. അലക്കിത്തേച്ച് ഉടയാത്ത തൂവെള്ളഷർട്ട്. പുതുമ ചോരാത്ത ഒരു ലുങ്കി. കഴുകി വൃത്തിയാക്കിയ സ്ലിപ്പർ. അതാണ് ബാലൻറെ വേഷം. കത്തിച്ചുവച്ച ഒരു ബീഡി മിക്കവാറും കൈവിരലുകൾക്കിടയിൽ ഒളിഞ്ഞിരിപ്പുണ്ടാകും. ബഹുമാനിക്കേണ്ടവരെ അകലെ കണ്ടാൽമതി അവരറിയാതെ ബീഡി നിലത്തു വീഴും. പാദങ്ങൾക്കടിയിൽ അതു ഞെരിഞ്ഞമ്മരും. 

ബാല​​െൻറ സാന്നിധ്യം എല്ലാവർക്കും ഇഷ്ടമാണ്. അത്രയ്ക്കു സരസനാണ് ബാലൻ; രസികനാണ് ബാലൻ. ചുറ്റും നിൽക്കുന്നവർക്ക് പോസിറ്റീവ് എനർജി വാരിക്കോരി നൽകുന്ന വ്യക്​തിത്വം. ഗായകൻ പി. ജയചന്ദ്രൻ സമ്മാനിച്ച ചുവന്ന റാലി സ്​പോർട്ട്സ്​സൈക്കിൾ ബാല​​െൻറ സന്തത സഹചാരിയാണ്. ജോൺസനും രവീന്ദ്രനും ബ്രഹ്​മാനന്ദനും ചിറയൻകീഴ് മനോഹരനും എഡിറ്റർ ജി. മുരളിയുമൊക്കെ കോടമ്പാക്കത്തെ തെരുവുകളിൽ ബാല​​െൻറ സൈക്കിൾ ചവിട്ടി നടന്നിട്ടുണ്ട്. ആ സൈക്കിളിൽ ഇവരൊക്കെ ബാല​​െൻറ പിന്നിലിരുന്ന് സഞ്ചരിച്ചിട്ടുണ്ട്. എങ്കിലും ബാലനോടൊപ്പം ഏറ്റവും കൂടുതൽ സൈക്കിൾ സവാരി ചെയ്തത്​ ഞാനായിരിക്കും. കാരണം, അത്രത്തോളം ആഴമേറിയതായിരുന്നു ഞങ്ങൾക്കിടയിലെ ആത്്മബന്ധം.

റെക്കോർഡിങ്ങിന്​ തബല വായിക്കുന്ന ബാലൻ (വലത്തേയറ്റം)
 

എഴുപതുകളുടെ തുടക്കത്തിൽ കെ.പി ഉമ്മറിന് മദിരാശിയിൽ ഒരു നാടകസംഘം ഉണ്ടായിരുന്നു. സംഘത്തിൽ ബാലൻ തബലിസ്​റ്റും നടനുമാണ്. ‘പെരുച്ചാഴി’ എന്ന നാടകവുമായി സംഘം ഒരിക്കൽ വടക്കേയിന്ത്യൻ പരിപാടികൾക്കായി യാത്രയായി. സമയം അർധരാത്രി. മറ്റംഗങ്ങളെല്ലാം െട്രയിനിൽ സുഖനിദ്രയിലായപ്പോൾ ഒരു ബീഡിക്കു തീകൊളുത്തി ബാലൻ സീറ്റിൽ ചുരുണ്ടുകൂടി ഇരിക്കുകയാണ്. നല്ല തണുപ്പ്. ഏതോ ഒരു  സ്​റ്റേഷനിൽ നിന്ന് ഒരു സിങ്​  എടുത്താൽ പൊങ്ങാത്ത നാലഞ്ചു പെട്ടികളുമായി വലിഞ്ഞുകയറി. ഭാരമേറിയ പെട്ടികൾ തൂക്കിയ അയാൾ വിയർത്തൊഴുകുന്നുണ്ട്. പരോപകാരിയാണ് ബാലൻ. മറ്റുള്ളവരുടെ നിസ്സഹായത ബാല​​െൻറ വേദനയാണ്. പെട്ടികൾ ഒതുക്കിവയ്ക്കാൻ പാടുപെടുന്ന സിങ്ങിനെ ബാലനു സഹായിക്കണമെന്നുണ്ട്. പക്ഷേ, ഭാഷ വശമില്ലല്ലോ. ഒടുവിൽ അറിയാവുന്ന ഇംഗ്ലീഷിൽ ബാലൻ സഹായസന്നദ്ധത അറിയിച്ചു. ‘-ക്യാൻ യു ഹെൽപ് മി...’ സിങ്ങി​​െൻറ കോപത്തോടെയുള്ള നോട്ടം കണ്ടപ്പോൾ കാര്യം പന്തികേടായെന്നു ബാലനു മനസ്സിലായി. ‘മേ ​െഎ ഹെൽപ് യു...’ എന്നു പറയാനാണ് ബാലൻ ഉദ്ദേശിച്ചത്.

ഗായകൻ ജയചന്ദ്ര​​െൻറ നിഴൽ പോലെ, ആ കുടുംബത്തിലെ ഒരംഗം കണക്കെയായിരുന്നു ബാലൻ. ജയചന്ദ്ര​​െൻറ 1975-ലെ ഗൾഫ് പര്യടനത്തിൽ ഗായികയായി എ​​െൻറ സഹോദരി ലതികയ്​ക്കും അക്കോഡിയനിസ്​റ്റായി എനിക്കും പങ്കെടുക്കാൻ അവസരമൊരുക്കിയത് ബാലനാണ്. സലിൽ ചൗധരി ഉൾപ്പെടെ പ്രമുഖ സംഗീത സംവിധായകരുടെ തബലിസ്​റ്റായ ധ്രുവനും വോയിസ് ​ഓഫ് ട്രിച്ചൂറിലെ ഗിറ്റാറിസ്​റ്റ്​ ആറ്റ്​ലിയും ബാലനോടൊപ്പം  പങ്കെടുത്ത സംഘം ഗൾഫിലെ പല രാജ്യങ്ങളിലായി പതിനഞ്ചോളം ഗാനമേളകൾ നടത്തി. പരിപാടി ഇല്ലാത്ത ഇടദിവസങ്ങളിൽ ബാലൻ തബലിസ്​റ്റ് ധ്രുവനെ ചുറ്റിപ്പറ്റി നിൽക്കുന്നത് ജയചന്ദ്രൻ ശ്രദ്ധിച്ചിരുന്നു. ധ്രുവനിൽ നിന്ന് തബലയുടെ പാഠങ്ങൾ മനസ്സിലാക്കാനാവും എന്നാണ് ആദ്യം  കരുതിയത്. ധ്രുവൻ പൊട്ടിച്ചിരിച്ചുകൊണ്ട് രഹസ്യം പൊട്ടിച്ചതൊടെ കള്ളി വെളിച്ചത്തായി. ബാലന് കോടമ്പാക്കത്ത് ഒരു പ്രണയിനി ഉണ്ടായിരുന്നു. ഒരു തമിഴ് ഗ്രാമീണപ്പെൺകൊടി. കോടമ്പാക്കം വിട്ടാൽ ഈ ഭൂമിയിൽ മറ്റൊരു വിശാലമായ ലോകമുണ്ടെന്നറിയാത്ത പച്ചപ്പാവം. ഗൾഫിൽ പരിപാടിക്കായി വിമാനത്തിലാണ് പോകുന്നതെന്നറിഞ്ഞ നാൾമുതൽ കണ്ണീരിലാണ്​ പ്രണയിനി. ആകാശത്തുകൂടി വിമാനം പറക്കുന്നത് കണ്ടിട്ടുള്ള അവൾക്ക്​ ത​​െൻറ  പ്രാണനാഥൻ അത്ര ഉയരത്തിലാണ് പറക്കാൻ പോകുന്നതെന്ന്​ വിശ്വസിക്കാനാവുന്നില്ല.  ഒരു കത്തെഴുതി കാമുകിയെ സമാശ്വസിപ്പിക്കാനാണ് ബാലൻ തമിഴനായ ധ്രുവനെ ചുറ്റിപ്പറ്റി നിന്നത്.

തബല ബാല​​െൻറ വിവാഹത്തിൽ നിന്ന്​. മുന്നിൽ വലത്തേയറ്റത്ത്​ ഗായകൻ ജയചന്ദ്രൻ. പിന്നിൽ ഇടത്തേയറ്റത്ത്​ നിൽക്കുന്നത്​ മലയാളിയും തമിഴ്​ ^മലയാളം സിനിമയിലെ പ്രശസ്​ത നടനുമായിരുന്ന മീശ വിജയൻ.
 

രാഘവൻ മാസ്​റ്റർ, ദക്ഷിണാമൂർത്തി, അർജുനൻ മാസ്​റ്റർ, കണ്ണൂർ രാജൻ, വിദ്യാധരൻ മാസ്​റ്റർ, ജോൺസൺ, രവീന്ദ്രൻ, രഘുകുമാർ, രാജാമണി, ജെറി അമൽദേവ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഓർക്കസ്​ട്രയിൽ അംഗമായിരുന്നു ബാലൻ. ചെറിയ ചെറിയ താളവാദ്യങ്ങളാണ് ആദ്യം വായിച്ചിരുന്നത്. ബാല​​െൻറ പ്രതിഭ കണ്ടെത്തിയ നാദമുനി എന്ന തബല മാസ്​റ്റർ യാതൊരു പ്രതിഫലവും സ്വീകരിക്കാതെതന്നെ ബാലനെ ത​​െൻറ ശിഷ്യനായി സ്വീകരിച്ചു. ബാല​​െൻറ പിന്നീടുള്ള വളർച്ച അതിവേഗമായിരുന്നു. ശ്രുതിശുദ്ധമായ ടോണിൽ ബാല​​െൻറ തബലവാദനം ആ രംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്താൻ ബാലനെ സഹായിച്ചു. ‘ബീന’ എന്ന ചിത്രത്തിൽ കണ്ണൂർ രാജനാണ് ആദ്യമായി ബാലനെ സോളോ തബലിസ്​റ്റായി അവരോധിച്ചത്. ആ ചിത്രത്തിൽ യേശുദാസ്​ പാടിയ ‘നീയൊരുവസന്തം എ​​െൻറ മാനസ സുഗന്ധം...’ എന്ന ഗാനം മാത്രം ശ്രദ്ധിച്ചാൽ മതി ബാല​​െൻറ മികവ് ബോധ്യപ്പെടാൻ.

റെക്കോർഡിങ്ങിനിടയിൽ ഒാർക്കസ്​ട്രക്ക്​ നിർദേശം നൽകുന്ന രാഘവൻ മാസ്​റ്റർ
 

രാഘവൻ മാസ്​റ്റർ, ചിദംബരനാഥ്, ജോൺസൺ, രഘുകുമാർ തുടങ്ങി നിരവധി സംഗീത സംവിധായകരെ എനിക്കു പരിചയപ്പെടുത്തിയത് ബാലനാണ്. പിൽക്കാലത്ത് അവരൊക്കെ സഹോദരി ലതികയ്ക്ക് പാടാൻ അവസരം നൽകിയിട്ടുണ്ട്. മനോഹരമായി പാടാനും പാട്ടുകൾ കമ്പോസ്​ ചെയ്യാനുമുള്ള ബാല​​െൻറ പാടവം പക്ഷേ, ചലച്ചിത്ര രംഗത്ത്​ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയി. ദക്ഷിണാമൂർത്തി സ്വാമിയുടെ സംവിധാന ശൈലിയാണ് ബാലനെ ഏറ്റവുമധികം സ്വാധീനിച്ചത്​. ഒരു സിനിമയിലെങ്കിലും പാട്ടുകൾ ഒരുക്കണമെന്ന മോഹം ഇതുവരെ സാക്ഷാത്കരിക്കാനായില്ല. മലയാളത്തിലെ പല പ്രഗൽഭ സംവിധായകരും സംഗീത സംവിധാന രംഗത്തേക്കൊരുവഴി ബാലനു വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതുയാഥാർത്ഥ്യമായില്ല. എങ്കിലും ഗാനങ്ങൾ ചിട്ടപ്പെടുത്താനുള്ള ത​​െൻറ പ്രാഗൽഭ്യം ഒരു ആൽബത്തിലൂടെ ബാലനു തെളിയിക്കാനായി. ‘ഗോകുലബാലൻ..’ എന്ന ആൽബത്തിൽ പതിനൊന്ന് ശ്രീകൃഷ്ണ ഭകതിഗാനങ്ങളാണുള്ളത്. പുതിയങ്കം മുരളിയുടെ രചനകൾ വിവിധ രാഗഭാവങ്ങളിലൂടെ മനോഹരഗാനങ്ങളായി പരിണമിച്ചപ്പോൾ അവയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയത് രാജാമണിയാണ്. ജയചന്ദ്രൻ, മധു ബാലകൃഷ്ണൻ, സുജാത, ശ്വേതാ മോഹൻ, മഞ്ജരി, ബിന്ദു എന്നിവർ പാടി.

സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്​റ്റർക്കൊപ്പം തബല ബാലൻ
 

വടകരക്കാരനായ ബാലനോട് വടകരക്കാരനായ ഗോകുലം ഗോപാലന് വളരെ ഇഷ്ടമായിരുന്നു. ഗോകുലം ഗോപാലനാണ് ബാല​​െൻറ ശ്രീകൃഷ്ണ ഭകതിഗാനങ്ങളുടെ നിർമാതാവ്​. ഗോകുലം ഓഡിയോസ്​ എന്നൊരു കമ്പനി രൂപീകരിച്ചാണ് അദ്ദേഹം ആൽബത്തിനു േപ്രാത്സാഹനം നൽകിയത്. എഴുപതുകളുടെ തുടക്കത്തിൽ കോടമ്പാക്കത്ത് ‘ഗോകുലം ചിട്ടിക്കമ്പനി’ക്ക്​ തുടക്കം കുറിക്കുമ്പോൾ ഗോകുലം ഗോപാലൻ ഒരു സൈക്കിൾ യാത്രക്കാരനായിരുന്നുവെത്ര! ബാലനും അന്നു സൈക്കിളിൽ ആയിരുന്നു യാത്ര. വടകരക്കാരൻ ഗോപാലൻ സൈക്കിളിൽ നിന്ന് ഉയരങ്ങളുടെ പടവുകൾ ചവുട്ടിക്കയറി ഒരു വലിയ ബിസിനസ്​ സാമ്രാജ്യം തന്നെ പടുത്തുയർത്തിയപ്പോൾ വടകരക്കാരൻ തന്നെയായ ബാലൻ സൈക്കിളിൽ തന്നെ ത​​െൻറ  ജീവിതം തള്ളിനീക്കി.

തബല ബാലനും സംഗീത സംവിധായകൻ രാജമണിയും
 

‘തബല ബാലൻ’ എന്ന പേരു മാത്രം ജീവിതത്തിൽ സമ്പാദിക്കാൻ കഴിഞ്ഞ ബാലൻ ഇന്ന്​ പാർക്കിൻസൻ രോഗത്തിനടിമയായി വടപഴനി മുരുകൻ ക്ഷേത്രത്തിനു പിന്നിലുള്ള അഴഗിരി നഗറിലെ ചെറിയ വീട്ടിൽ ഭാര്യയും മക്കളുമായി പഴയകാലങ്ങളുടെ താളങ്ങളോർത്ത്​ നാള​ുകൾ കഴിക്കുന്നു. ഷേക്കാവാത്ത ഒരു ചിത്രം പോലും എടുക്കാൻ കഴിയാത്തവണ്ണം താളം പെരുത്ത തബല കണക്കെ ഇപ്പോൾ ബാല​​​െൻറ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു. ഇന്നും ഹിറ്റ്​ ചാർട്ടിൽ നിന്നിറങ്ങാത്ത അനേകം സുന്ദരഗാനങ്ങൾക്ക്​ തബല വായിച്ച ആ വിരലുകൾ ഇപ്പോൾ ഒന്നു താളംപിടിക്കാൻ പോലുമാകാതെ ബാല​​െൻറ വരുതിയിൽനിന്നും വഴുതിപ്പോകുന്നു..

തബല ബാലനും മക്കളും
 

 

COMMENTS