കോടമ്പാക്കത്തെ  അണിയറ രഹസ്യങ്ങൾ

കുടുംബാംഗങ്ങളെല്ലാവരും സംഗീതത്തിൽ അതീവ തൽപരരായിരുന്നതു കൊണ്ട് ഓർമവെച്ച കാലംമുതൽ നല്ല വീട്ടിൽ ഹരിദാസ്​ എന്ന എൻ.വി. ഹരിദാസിെൻെറ മനസ്സിലും സംഗീതം നാമ്പിട്ടു. അച്യുതൻ, വേണുഗോപാലൻ തുടങ്ങിയ സംഗീതാധ്യാപകരിൽനിന്ന് കർണാടക സംഗീതത്തിൻെറ പാഠങ്ങൾ ഹൃദിസ്​ഥമാക്കുമ്പോഴും ലളിതസംഗീതമായിരുന്നു മനസ്സിനെ ഏറെ സ്വാധീനിച്ചത്, വിശേഷിച്ചും ഹിന്ദുസ്​ഥാനി സംഗീതം. കുട്ടിക്കാലം മുതൽ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്ന ഹരിദാസ്​ വേദികളിൽ പാടി നടക്കുമ്പോൾ പിന്നണി ഗായകനാവുക എന്ന ആഗ്രഹമായിരുന്നു മനസ്സിൽ. നാട്ടുകാരുടെ നിർലോഭമായ പിന്തുണ കൂടിയായപ്പോൾ ഹരിദാസിൻെറ ലക്ഷ്യത്തിനു കൂടുതൽ കരുത്തായി. യേശുദാസ്​ പാടിയ ചിത്രങ്ങൾ മാത്രം കാണുന്നതു ശീലമായപ്പോൾ ആ ആഗ്രഹം ആവേശമായി പടർന്നുകയറി. 

ഹരിദാസിൻെറ അച്ഛൻെറ ഒരു സുഹൃത്ത് ‘ജന്മഭൂമി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട്  മദിരാശിയിൽ പ്രവർത്തിച്ചിരുന്നു. ബി.എ. ചിദംബരനാഥിനെ പരിചയപ്പെടുത്താമെന്ന് അദ്ദേഹം നൽകിയ ഉറപ്പും നാട്ടുകാരനായ അടുത്ത പരിചയക്കാരൻ എ.ടി. ഉമ്മർ മദിരാശിയിലുണ്ടെന്ന ധൈര്യവും കൂടിയായപ്പോൾ ഹരിദാസ്​ പിന്നൊന്നുമാലോചിച്ചില്ല. 1969ൽ നേരേ മദിരാശിയിലേക്കു വണ്ടി കയറി.

എൻ.വി ഹരിദാസ്​
 


മദിരാശിയിൽ എത്തിയ ശേഷം സംഗീതത്തിെൻെറ അടിത്തറ ഒന്നുകൂടി മെച്ചപ്പെടുത്താൻ അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ ‘ഇസൈമണി’ കോഴ്സിനു ചേർന്നു. ഇക്കാലത്താണ് വി.എസ്​. സിനി ആർട്ട്സിലെ സുകുമാരനെ പരിചയപ്പെട്ടത്. ‘നിലയ്ക്കാത്ത ചലനങ്ങൾ’, ‘അക്കരപ്പച്ച’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സുകുമാരൻ. വി.എസ്​. സിനി ആർട്ട്സിൽ വച്ച് ഹരിദാസ്​ മറ്റൊരു മലയാളിയെ പരിചയപ്പെട്ടു. കുശലാന്വേഷണങ്ങൾക്കിടെ ‘സിനിമകളൊക്കെ കാണാറില്ലേ?’ എന്ന് അദ്ദേഹം ചോദിച്ചു.
‘അതുചോദിക്കാനുണ്ടോ...?’ ഹരിദാസിൻെറ മറുപടി.
‘ആരുടെ ചിത്രങ്ങളാണ് കൂടുതൽ ഇഷ്ടം..?’ അടുത്ത ചോദ്യം.
‘സത്യൻ മാഷിൻെറ ചിത്രങ്ങൾ’ എന്നായിരുന്നു ഹരിദാസിൻെറ മറുപടി.
ഉടനെ അടുത്ത ചോദ്യം. ‘അതെന്താ, നസീറിൻെറ ചിത്രങ്ങൾ കാണാറില്ലേ..? അദ്ദേഹമല്ലേ മലയാളത്തിലെ നിത്യഹരിത നായകൻ...? ഹരിദാസ്​ മിണ്ടിയില്ല.
‘സത്യനെ കണ്ടിട്ടുണ്ടോ...?’ വീണ്ടും ചോദ്യം. 
‘ഇല്ല’ 
‘കണ്ടാൽ തിരിച്ചറിയുമോ..?’ എന്നായി പിന്നത്തെ ചോദ്യം.
‘പിന്നേ... അദ്ദേഹത്തിൻെറ എത്ര പടം കണ്ടിരിക്കുന്നു.!’ എന്ന ഹരിദാസിൻെറ മറുപടി കേട്ടതും അയാൾ പൊട്ടിച്ചിരിച്ചതും ഒന്നിച്ചായിരുന്നു. 
‘സുകുമാരാ, ഇതുകേട്ടോ... ഹരിദാസ്​ ഇതുവരെ സത്യനെ നേരിൽ കണ്ടിട്ടില്ലെന്ന്..’ 
പുറത്തേക്കു വന്ന സുകുമാരനും പൊട്ടിച്ചിരിച്ചു...
കാര്യമറിയാതെ അന്തംവിട്ടുനിന്ന ഹരിദാസിനോട് സുകുമാരൻ ആ രഹസ്യം പറഞ്ഞു. കൺമുന്നിൽ നിൽക്കുന്ന ആ മനുഷ്യൻ തന്നെയാണ് സാക്ഷാൽ സത്യനേശൻ നാടാർ എന്ന സത്യൻ. മലയാളത്തിലെ മഹാനായ നടൻ.
ഹരിദാസിൻെറ വെളുത്തു തുടുത്ത മുഖം ആകെ മഞ്ഞളിച്ചുപോയി. സത്യൻ മാഷെ നേരിട്ടു കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാനാവില്ല. വെറുമൊരു സാധാരണ മനുഷ്യൻ. ഈ അനുഭവം ഹരിദാസിനെ സത്യൻ മാഷുമായി ഏറെ അടുപ്പിച്ചു.  അടുത്ത ഞായറാഴ്ച വീട്ടിൽ വരണമെന്നും ഒന്നിച്ചു ഭക്ഷണം കഴിക്കാമെന്നും സ്​നേഹപൂർവം അദ്ദേഹം ഹരിദാസിനെ ക്ഷണിച്ചു. പക്ഷേ, ആ ക്ഷണം വിധി തട്ടിത്തെറുപ്പിച്ചു. അപ്പോഴേക്കും അദ്ദേഹം രോഗം മൂർഛിച്ച് ആശുപത്രിയിലായി. മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി 1971 ജൂൺ 15ന് സത്യൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.

കായലും കയറും സിനിമയുടെ പാട്ട് റെക്കോർഡിങ്ങ് വേളയിൽ . ഇടത്തേയറ്റത്ത് എൻ.വി. ഹരിദാസ്​ സംഗീത സംവിധായകൻ കെ.വി. മഹാദേവന് (കസേരയിൽ ഇരിക്കുന്നത്) ഒപ്പം
 


വി.എസ്​. സിനി ആർട്ട്സിൽ വെച്ചു തന്നെയാണ് ഹരിദാസ്​, രവീന്ദ്രനെ പരിചയപ്പെടുന്നത്. രവീന്ദ്രൻ പാടാൻ അവസരം തേടി നടക്കുന്ന കാലം. അതോടെ ഹരിദാസ്​ താമസിക്കുന്ന ദ്വാരകാ ലോഡ്ജിലെ നിത്യസന്ദർശകനായി രവീന്ദ്രൻ. താൻ ഈണം പകർന്ന പാട്ടുകൾ രവീന്ദ്രൻ റൂമിലിരുന്ന് ഹരിയെ പാടിക്കേൾപ്പിക്കുമായിരുന്നു. മനോഹരമായ ആ പാട്ടുകൾ കേട്ട് ഹരിദാസ്​ രവീന്ദ്രനോട് ചോദിച്ചു- ‘ഇത്രയും നല്ല പാട്ടുകൾ കൈയിലുള്ളപ്പോൾ പാടാൻ അവസരം തേടാതെ സംഗീതം ചെയ്യാൻ ശ്രമിച്ചുകൂടേ..?’ ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ദക്ഷിണാമൂർത്തി, അർജുനൻ മാസ്റ്റർ എന്നീ മഹാരഥന്മാർ കത്തിനിൽക്കുമ്പോൾ അങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും രവീന്ദ്രന് ധൈര്യം വന്നില്ല.

മദിരാശിയിൽ ഒരു നാടകം ഉദ്ഘാടനം ചെയ്യാനെത്തിയ ബാബുരാജ് നാടകത്തിലെ ഹരിദാസിൻെറ പാട്ട് കേട്ട് തന്നെ വന്നു കാണാൻ നിർദേശിച്ചു. അതൊരു പതിവു കൂടിക്കാഴ്ചയായി ഹരിദാസ്​ നിലനിർത്തി. ‘പണിമുടക്ക്’ എന്ന ചിത്രത്തിൽ യേശുദാസിൻെറ പാട്ടിനൊപ്പം കോറസും രണ്ടു വരിയും പാടാൻ ബാബുരാജ് ആദ്യത്തെ അവസരം നൽകി. തുടർന്ന് ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, എം.എസ്​. വിശ്വനാഥൻ, എ.ടി. ഉമ്മർ തുടങ്ങി നിരവധി സംഗീത സംവിധായകരുടെ ഒന്നും രണ്ടും വരികളൊക്കെ പാടി തൻെറ നല്ലകാലം സ്വപ്നം കണ്ടുകൊണ്ട് ഹരിദാസ്​ കാത്തിരുന്നു.

എൻ.വി. ഹരിദാസിന് നിർദേശം നൽകുന്ന സംഗീത സംവിധായകൻ കെ.വി. മഹാദേവൻ
 


ഒരിക്കൽ എ.ടി. ഉമ്മർ ഒരു കടലാസ്​ ചീന്ത് എടുത്തുനീട്ടി ‘ഇതൊന്നു ചിട്ടപ്പെടുത്തി നോക്ക് എന്നു പറഞ്ഞു. പാട്ട് ചിട്ടപ്പെടുത്താൻ ഹരിദാസിന് ഏറെ നേരമൊന്നും വേണ്ട. ‘സിത്താർ മടിയിൽ വച്ച് നായിക പാടുന്നത്’ എന്ന് പാട്ടിൻെറ മുകളിൽ എഴുതിയിട്ടുണ്ട്. കുറച്ചുനേരം കടലാസിൽ നോക്കി ഒന്നു മൂളിനോക്കിയിട്ട് ഹരിദാസ്​ പാടി ‘‘മധുമക്ഷികേ നീയൊരു കൊച്ചു പൂവിൻെറ..’ നിർമാതാവിനെ കേൾപ്പിച്ച് ഒന്നു ശ്രമിച്ചു നോക്കാം എന്നു പറഞ്ഞ് ഉമ്മർ അത് ടേപ്പിൽ പകർത്തി. ആ പാട്ട് പിന്നീട് ‘ചീഫ് ഗസ്റ്റ്’ എന്ന ചിത്രത്തിൽ ജാനകിയമ്മയുടെ ശബ്ദത്തിൽ സിലോൺ റേഡിയോയിലൂടെ ഹരിദാസ്​ കേട്ടു. ഹരിദാസിൻെറ ചെലവിൽ അങ്ങനെ ഉമ്മറിന് ഒരു പൊൻതൂവൽ! 

വൈകാതെ ഭരണിക്കാവ് ശിവകുമാറിൻെറ ശിപാർശയിൽ ക്രിസ്റ്റ്യൻ ആർട്ട്സ്​ ആൻറ് കമ്യൂണിക്കേഷൻ സർവീസസിലെ സംഗീത സംവിധായകർ പീറ്റർ –റൂബനെ പരിചയപ്പെട്ടു. ഐ.വി.  ശശിയും ആലപ്പി ഷെരീഫുമൊക്കെ അന്ന് അവിടത്തെ അന്തേവാസികളാണ്. ഭരണിക്കാവ് ശിവകുമാർ എഴുതിയ ‘ജോർദാൻ നദിയുടെ...’ എന്ന  ഗാനം അവിടെ പാടി റെക്കോഡ് ചെയ്തു. ഹരിദാസിൻെറ ആദ്യ സോളോ ഗാനം ഒറ്റ ടേക്കിൽ ഒ.കെ ആയി.തുടർന്ന് എട്ടു പാട്ടുകൾ കൂടി റെക്കോഡ് ചെയ്ത് കൊളംബിയാ കമ്പനി ഹരിദാസിൻെറ പേരിൽ ഡിസ്​ക് പുറത്തിറക്കി.

എൻ.വി ഹരിദാസും കെ.എസ്​. ചിത്രയും റെക്കോർഡിങ്ങിനിടയിൽ
 


ബന്ധുവായ എം.എസ്​.  ശിവസ്വാമി എന്ന തമിഴ് നിർമാതാവിനെ ഹരിദാസ്​ ആ ഇടയ്ക്ക് കണ്ടുമുട്ടി. എം കൃഷ്ണൻ നായരുടെ സംവിധാനത്തിൽ എം.ജി.ആറും ജയലളിതയും ചേർന്നഭിനയിച്ച ‘അമിട്ട കൈ’ എന്ന  ചിത്രത്തിൻെറ പണിപ്പുരയിലാണ് അദ്ദേഹം. കെ.വിമഹാദേവൻെറ സംഗീതം. പാട്ടുകൾ റെക്കോഡ് ചെയ്തു കഴിഞ്ഞതിനാൽ അടുത്ത ചിത്രത്തിൽ പാടാമെന്ന് ശിവസ്വാമി ഹരിദാസിനെ ആശ്വസിപ്പിച്ചു. കെ.വി മഹാദേവൻെറ രണ്ടാമത്തെ ഭാര്യ, ശിവസ്വാമിയുടെ ബന്ധുകൂടിയാണ്. മക്കളില്ലാത്ത ശിവസ്വാമി ഹരിദാസിനെ സ്വന്തം മകനെപ്പോലെ സ്​നേഹിച്ചു. തൻെറ ചിത്ര നിർമാണണത്തിൽ ഹരിദാസിനും അദ്ദേഹം ഉത്തരവാദിത്തങ്ങൾ നൽകി. ചിത്രം റിലീസ്​ ചെയ്ത സമയത്ത് കരുണാനിധിയും എം.ജി.ആറുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് മുഖ്യമന്ത്രി കരുണാനിധി ചിത്രത്തിൻെറ പ്രദർശനം നിരോധിച്ചു. നഷ്ടം നികത്താൻ മറ്റൊരു ചിത്രം നിർമിക്കാമെന്ന് എം.ജി.ആർ ശിവസ്വാമിക്കു വാക്കു കൊടുത്തെങ്കിലും അണ്ണാ ഡി.എം.കെ രൂപീകരിച്ച് എം.ജി.ആർ രാഷ്ട്രീയത്തിൽ സജീവമാവുകയും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ എം.ജി.ആറിനെ വെച്ചുള്ള അടുത്ത ചിത്രമെന്ന പ്രതീക്ഷ അസ്​തമിച്ചു.

എൻ.വി. ഹരിദാസ്​ പാടിയ ക്രിസ്​തീയ ഭക്തിഗാന കസെറ്റിൻെറ കവർ
 


ഒരു മലയാള ചിത്രമായാലോ എന്ന ആശയം ശിവസ്വാമി മുന്നോട്ടു വെച്ചപ്പോൾ നിർമാണച്ചുമതല ഹരിദാസിൻെറ ചുമലിലായി. കെ.എസ്​. ഗോപാലകൃഷ്ണൻ സംവിധായകൻ. ശിവസ്വാമിയുടെ ബന്ധുവായ കെ.വി. മഹാദേവൻ സംഗീതം. ഗാനരചന പൂവച്ചൽ ഖാദർ. ഹരിദാസ്​ ഗായകൻ കൂടി ആയതുകൊണ്ട് കെ.വി.എം ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ഹരിദാസിൻെറ അഭിപ്രായത്തിനു വിട്ടു. പാട്ടുകൾ നന്നായെങ്കിലും സന്ദർഭത്തിന് ഉചിതമല്ലെന്ന് പറഞ്ഞ ഹരിദാസിനോട് മനസ്സിൽ എന്തെങ്കിലും ഈണം ഉണ്ടെങ്കിൽ നിർദേശിക്കാമെന്നായി കെ.വി.എം.ഗാനങ്ങൾ വായിച്ചുതിരുത്തി മാറ്റങ്ങൾ വരുത്തുന്നതിനിടയിൽ ഹരിദാസിൻെറ മനസ്സിൽ തളിർത്ത ഈണങ്ങൾ കേട്ടപ്പോൾ കെ.വി. മഹാദേവന് ഇഷ്ടമായി. ഇതുതന്നെ ഉപയോഗിക്കാമല്ലോ എന്നായി അദ്ദേഹം. തമിഴിലും തെലുങ്കിലും ദശാബ്ദങ്ങളോളം ഉഗ്രപ്രതാപിയായി വാണ മലയാളിയായ കെ.വി.എം, തൻെറ ഈണങ്ങൾ അംഗീകരിച്ചത് അദ്ദേഹത്തിൻെറ വലിയ മനസ്സിൻെറ എളിമ കൊണ്ടാണെന്ന് ഹരിദാസ്​ പറയുമായിരുന്നു. ബാക്കി മൂന്നു പാട്ടുകളുടെയും ഈണങ്ങൾ കെ.വി.എം സ്വയം നിർവഹിച്ചു. അതിലൊന്ന് ഹരിദാസ്​ പാടി– ‘രാമായണത്തിലെ ദുഃഖം... ശാകുന്തളത്തിലെ ദുഃഖം...’  

എൻ.വി ഹരിദാസ്​ ഇപ്പോൾ
 


ഹരിദാസിൻെറ ഈണത്തിലെ രണ്ടു പാട്ടുകൾ േശ്രാതാക്കൾ നെഞ്ചോടു ചേർക്കുമെന്നോ സൂപ്പർ ഹിറ്റുകളാകുമെന്നോ അന്നാരും കരുതിയില്ല– ‘ശരറാന്തൽ തിരിതാഴും മുകിലിൻ കുടിലിൽ’, ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ...’. പൂവച്ചൽ ഖാദറിനു മേൽവിലാസമുണ്ടാക്കിക്കൊടുത്ത ആ ചിത്രമാണ് ‘കായലും കയറും’. ‘ശരറാന്തൽ... ഹരി പാടട്ടെയെന്ന നിർമാതാവിൻെറ നിർദ്ദേശം കെ.വി.എം അംഗീകരിച്ചെങ്കിലും അത് തിരസ്​കരിച്ച് ദാസേട്ടൻ തന്നെ പാടിയാൽ മതിയെന്നു തിരുത്തിയത് ഹരിദാസാണ്. തിരുനല്ലൂർ കരുണാകരൻെറ ‘റാണി’ എന്ന കാവ്യത്തെ ആധാരമാക്കിയാണ് ‘കായലും കയറും’ എന്ന ചിത്രം നിർമിച്ചതെന്നത് കോടമ്പാക്കത്തെ അണിയറ രഹസ്യങ്ങളിൽ ഒന്നുമാത്രം.

പല ചിത്രങ്ങളുടെയും കേരളത്തിനു പുറത്തുള്ള വിതരണം ഏറ്റെടുത്ത് ഹരി തിരക്കിലായി. നിർമാണ രംഗത്തും വിതരണ രംഗത്തും ഇടപഴകിയതോടെ അദ്ദേഹം സംഗീത രംഗത്തു നിന്ന് അകന്നുപോയി. ഒരു നടനാകാനുള്ള എല്ലാ യോഗ്യതകളും ഉള്ള ഹരിയെ പലരും അഭിനയിക്കാൻ ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, ഹരി അതിനു തയാറായില്ല. പാട്ടുകാരനാകാനിറങ്ങിത്തിരിച്ച് അഭിനേതാവാകാൻ വഴിയൊരുങ്ങിയിട്ടും അതിനൊന്നും നിൽക്കാതിരുന്നയാളാണ് ഹരിദാസ്​. പക്ഷേ, പാട്ടിലും അഭിനയത്തിലും ഹരിദാസിൻെറ കുടുംബത്തി​​െൻറ മേൽവിലാസമെഴുതാൻ പോന്ന ഒരാൾ വരാനിരിക്കുകയായിരുന്നു. കേരള സംസ്​ഥാന ചലച്ചിത്ര പുരസ്​കാരത്തിൽ മികച്ച രണ്ടാമത്തെ നടിയും മികച്ച ഗായികക്കുള്ള ഫിലിം ഫെയർ അവാർഡും നേടിയ ആ പ്രതിഭ ഹരിദാസിൻെറ അനുജൻ മോഹൻദാസിൻെറ മകളാണ്. മംമ്ത മോഹൻദാസ്​...!

മംമ്ത മോഹൻദാസ്​
 


‘മംഗല്യംചാർത്ത്’ എന്നൊരു ചിത്രം ഹരി നിർമിച്ചു. ‘എഴുത്തച്ഛൻ’ എന്ന അടുത്ത ചിത്രത്തിൻെറ പാട്ടുകൾ രവീന്ദ്രൻെറ സംഗീതത്തിൽ റെക്കോഡ് ചെയ്തെങ്കിലും പൂർത്തിയാക്കാനായില്ല. ഒഴിവു നേരങ്ങളിൽ ചില ഭക്തിഗാന കസെറ്റുകൾക്ക് സംഗീതം നൽകി. ഇപ്പോൾ പുതിയ രണ്ടു ചിത്രങ്ങൾക്ക് സംഗീതം നൽകിക്കഴിഞ്ഞു. ചില വാഗ്ദാനങ്ങളും നിലവിലുണ്ട്. ഒരു ലേഖനത്തിൽ ഒതുങ്ങുന്നതല്ല എൻ.വി ഹരിദാസിന വിപുലമായ ചലച്ചിത്രാനുഭവങ്ങൾ. പുസ്​തകം തന്നെ വേണ്ടിവരും അത് പൂർണമാക്കാൻ..
 

COMMENTS