You are here
ജസ്രിയിലെ ‘സിഞ്ചാർ’
മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇത്തവണ ‘സിഞ്ചാർ’ എന്ന സിനിമയിലൂടെ പാമ്പള്ളിക്ക് ലഭിച്ചു. ജസ്രി ഭാഷയിലെ മികച്ച സിനിമക്കുള്ള പുരസ്കാരവും ഇൗ ചിത്രത്തിന് ലഭിച്ചു. സിനിമയെ കുറിച്ച് സംവിധായകൻ പാമ്പള്ളി സംസാരിക്കുന്നു...
ചരിത്രത്തിന്റെ ഭാഗമാവാൻ വിധിച്ചിട്ടുള്ളവർ വളരെ കുറച്ചുപേർ മാത്രമായിരിക്കും. അതൊരു ഭാഗ്യമാണ്. ‘സിഞ്ചാർ’ എന്ന സിനിമയുടെ ലാഭസാധ്യതകളെക്കുറിച്ച് സംസാരിക്കവെ നിർമാതാവ് ഷിബു ജി. സുശീലൻ സംവിധായകൻ പാമ്പള്ളിയോട് പറഞ്ഞ വാക്കുകളാണിത്. കണ്ടും കേട്ടും മടുത്ത ദൃശ്യ-ശ്രാവ്യ അനുഭൂതികളിൽനിന്ന് മാറിച്ചിന്തിച്ചു ജനിച്ച ‘സിഞ്ചാർ’ എന്ന സിനിമ മികച്ച നവാഗത സംവിധായകൻ, മികച്ച ജസ്രി ഭാഷ ചിത്രം എന്നീ പുരസ്കാരങ്ങളിലൂടെ ഇൗ വർഷത്തെ ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ചു നിന്നു. ഷിബു സുശീലൻ പറഞ്ഞതു പോലെ ‘സിഞ്ചാർ’ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

തീർത്തും ദ്വീപുകാരുടെ സിനിമയാണ് സിഞ്ചാർ. 16 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ ചിത്രം പൂർണമായും ജസ്രി ഭാഷയിൽ ചിത്രീകരിച്ച ആദ്യ സിനിമ കൂടിയാണ്. ദേശീയ പുരസ്കാര പ്രഖ്യാപന വേദിയിൽ ജൂറി ചെയർമാൻ ശേഖർ കപൂർ എത്രപേർക്ക് ജസ്രി എന്നൊരു ഭാഷയുള്ളതായി അറിയും എന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല. ജസ്രി എന്ന ലിപിരഹിത ഭാഷയെ ലോകത്തിന് സുപരിചിതമാക്കുകയെന്നതുതന്നെയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്നും സംവിധായകൻ പാമ്പള്ളി പറയുന്നു. ജസ്രി ലിപിരഹിതമാണ്. വ്യാകരണങ്ങളുെടയും പര്യായങ്ങളുെടയും ഭാരംപേറാതെ ലക്ഷദ്വീപിൽ മാത്രം വിഹരിക്കുന്ന ഭാഷ.

അറക്കൽ ബീവിയുടെ മുൻ തലമുറക്കാർ ദ്വീപിൽ വന്ന കാലം മുതൽക്കേ ജസ്രി അവിടുള്ളവർക്ക് സുപരിചിതമാണെന്ന് പറയപ്പെടുന്നു. 50 ശതമാനം മലയാളവും ബാക്കി കന്നടയും തുളുവുമെല്ലാം ചേർന്നതാണ് ജസ്രി ഭാഷ. തന്റെ ഒരു ഹ്രസ്വ ചിത്രത്തിന്റെ സമാന്തര പ്രദർശനത്തിനു വേണ്ടി ലക്ഷദ്വീപിലെത്തിയ സംവിധായകൻ പാമ്പള്ളി ഇതുപോലൊരു ഭാഷ നിലനിൽക്കുന്നുണ്ടെന്നറിഞ്ഞാണ് തന്റെ സിനിമ മലയാളത്തിൽ വേണ്ട, ജസ്രിയിൽ മതിയെന്ന് തീരുമാനിക്കുന്നത്. സിയാദ്, ഔറി റഹ്മാൻ, റോഷൻ എന്നീ ദ്വീപ് നിവാസികളുടെ സഹായത്തോടെ ജസ്രി സിഞ്ചാറിന്റെ സെറ്റിൽ ഏവർക്കും എളുപ്പത്തിൽ സ്വായത്തമായി.

ഇറാഖിലെ സിഞ്ചാർ എന്ന സ്ഥലത്ത് 2014ൽ നടന്ന ഐ.എസ് ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ദ്വീപിലേക്ക് തിരിച്ചെത്തുന്ന ഇവർ പിന്നീടനുഭവിക്കുന്ന സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. സുഹ്റയും ഫിദയും കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെ ഐ.എസ് ഭീകരരിൽ നിന്ന് രക്ഷപ്പെട്ടു വരുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയിലെ അൻസാറിന്റെ സഹോദരിയാണ് സുഹ്റ. അൻസാറുമായി വിവാഹമുറപ്പിച്ച പെൺകുട്ടിയാണ് ഫിദ. ഇവരുടെ ജീവതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

‘‘ലക്ഷദ്വീപിൽ സിനിമ ചിത്രീകരിക്കുക എന്നതുതന്നെയായിരുന്നു ഞങ്ങൾ നേരിട്ട ആദ്യ വെല്ലുവിളി. പെർമിറ്റിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഒരു ഉപകരണം കേടുവന്നാൽ മറ്റൊന്ന് എത്തിക്കുക ശ്രമകരമാണ്. ചിത്രീകരണം പൂർത്തിയാക്കിയപ്പോൾ സെൻസറിങ് ആയി വെല്ലുവിളി. സെൻസറിങ്ങിനായി മുംബൈയിലെത്തിയപ്പോൾ ഇന്ത്യയിൽ ഇതുപോലൊരു ഭാഷയില്ല എന്നുപറഞ്ഞ് ഞങ്ങളെ തിരിച്ചയച്ചതായിരുന്നു. പിന്നീട് ലക്ഷദ്വീപ് ആർട്സ് ആൻഡ് കൾചറൽ ഡിപ്പാർട്മന്‍റെ് ഞങ്ങൾക്കായി ജസ്രി ഇന്ത്യയിലെ ഭാഷയാണ് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കി -പാമ്പള്ളി പറയുന്നു.

നൂറോളം കലാകാരന്മാർ സിഞ്ചാർ എന്ന കൊച്ചു സിനിമയിൽ അണിനിരക്കുന്നു. അതിൽ നാൽപതും ദ്വീപ് നിവാസികളാണ്. മലയാള സിനിമ താരങ്ങളായ മുസ്തഫ, മൈഥിലി, സൃന്ദ അഷബ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ്വീപുകാർ എല്ലാവരും തമ്മിൽ നല്ല പരിചയമാണ്. പരസ്പരം അറിയാത്ത ദ്വീപുകാരെ നമുക്കവിടെ കാണാൻ സാധിക്കില്ല. ലക്ഷദ്വീപിലെ ഓരോ കരകളും ഓരോ മനുഷ്യരും ഞങ്ങളോട് നൂറായിരം കഥകൾ പറഞ്ഞിരുന്നു. അവരെല്ലാം ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ചു. യാസറിനെയും തബ്ഷീറിനെയും ആശാനെയുമൊന്നും ഒരിക്കലും മറക്കാനാവില്ല -സംവിധായകൻ പറയുന്നു.

വെള്ളിയാഴ്ചകളിൽ ജുമുഅ കൂടുന്ന സമയത്ത് ഭക്തിസാന്ദ്രതയിൽ പൂർണമായും നിശ്ശബ്ദമാവുന്ന ദ്വീപിലെ അന്തരീക്ഷത്തിന്റെ പവിത്രത സിഞ്ചാറിൽ പ്രേക്ഷകർക്ക് ദർശിക്കാനാവും. സഹോദര മതസ്ഥരാണെങ്കിലും അവിടത്തെ പ്രധാന ദേവാലയമായ ഹിജ്റ പള്ളിയിൽ കയറി ദൈവാനുഗ്രഹം വാങ്ങിയ ശേഷം ചിത്രീകരിച്ചതു കൊണ്ടാവാം ലക്ഷ്യസ്ഥാനങ്ങളിൽ അടിപതറാതെ സിഞ്ചാർ യാത്ര തുടരുന്നതെന്നും പാമ്പള്ളി കൂട്ടിച്ചേർത്തു. അതുകൊണ്ടാവാം ദ്വീപ് നിവാസികളുടെയുള്ളിൽ ദൈവം കുടിയിരിക്കുന്നുണ്ടെന്ന ഡയലോഗ് തന്റെ സിനിമയിൽ അദ്ദേഹം കൂട്ടിച്ചേർത്തത്. ‘‘ദ്വീപുകാർക്ക് ഫടച്ചോന്റെ മനസ്സാണ്ടോം...’’