കോവിഡിനെ പ്രവചിക്കുകയായിരുന്നോ ‘കണ്ടേജന്‍’‍?

15:10 PM
14/03/2020

മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട കോവിഡ്-19 (കൊറോണ) വൈറസ് ബാധ ലോകത്തെയാകമാനം ഭീതിയിലാഴ്ത്തുമ്പോൾ ഇതെല്ലാം മുൻകൂട്ടി കണ്ടപോലെ, ഒരു പ്രവാചകന്‍റെ ദിവ്യത്വം നിറഞ്ഞ വെളിപാട് പോലെ നമ്മെ അമ്പരപ്പിക്കുകയാണ് ഒമ്പത് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചിത്രം. സ്റ്റീവൻ സോഡർബർഗിന്‍റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ‘കണ്ടേജന്‍’‍ എന്ന ചിത്രമാണ് നിലവിലെ ലോക സാഹചര്യം വരച്ചിടുന്നത്.

 

അന്ന് സിനിമാ പ്രേമികളെ മുൾമുനയിൽ നിർത്തി കഥപറഞ്ഞ ചിത്രം ഈ കൊറോണ കാലത്ത് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്. അമ്മയുടെയും മകന്‍റെയും മരണം മാരകമായ ഒരു വൈറസിനെ കണ്ടെത്തുന്നതിലേക്ക് ആരോഗ്യപ്രവർത്തകരെ നയിക്കുന്നു. അമേരിക്കൻ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഈ വൈറസിന്‍റെ വ്യാപനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോഴേക്കും ലോകമെമ്പാടും വൈറസ് പരിഭ്രാന്തി പരത്തുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. മാറ്റ് ഡാമൺ, ലോറൻസ് ഫിഷ്ബേൺ, ഗ്വിനെത്ത് പാൾട്രോ, കേറ്റ് വിൻസ്ലെറ്റ്, മരിയൻ കോട്ടില്ലാർഡ് തുടങ്ങിയ വമ്പൻ താരനിര തന്നെ 2011ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചൈനയുടെ ഭരണമേഖലയായ ഹോങ്കോങ്ങിൽനിന്ന് ബിസിനസ് ട്രിപ്പിനു ശേഷം മടങ്ങിയെത്തി രണ്ടു ദിവസത്തിനു ശേഷം പ്രധാന കഥാപാത്രമായ ബേത്ത് എംഹോഫ് മിന്നിപോളിസിലെ വീട്ടിൽ കുഴഞ്ഞു വീഴുന്നു. ഭർത്താവ് മിച്ച് എംഹോഫ് അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ ബേത്തിന്‍റെ മകനും സമാന രീതിയിൽ മരിക്കുന്നു. ഇതോടെ ചില സംശയങ്ങൾ ഉടലെടുത്ത ഡോക്ടർമാരുടെ പരിശോധനയിൽ രണ്ടു മരണങ്ങളുടെയും കാരണം മാരകമായ വൈറസ് ബാധ മൂലമാണെന്ന് തെളിഞ്ഞു.

എം.ഇ.വി-1 എന്നാണ് വൈറസിന് ചിത്രത്തിൽ പേര്. സമാന ലക്ഷണങ്ങളോടെ കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ അന്വേഷണം ആരംഭിച്ച ആരോഗ്യ വകുപ്പും ആഭ്യന്തര സുരക്ഷാ വകുപ്പും എം.ഇ.വി-1 ജൈവായുധമാണോ എന്ന് ഭയക്കുകയാണ്. പന്നികളിലെയും വവ്വാലുകളിലെയും വൈറസുകളിൽ നിന്നുള്ള ജനിതക വസ്തുക്കളുടെ സങ്കലനമാണ് എം.ഇ.വി-1 എന്ന് രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രത്തിലെ ഗവേഷകർ കണ്ടെത്തുന്നു. പക്ഷേ അപ്പോഴേക്കും ലോകത്താകമാനം 26 ദശലക്ഷം ആളുകൾ മരിക്കുകയും മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറുകയും ചെയ്തിരുന്നു.

ഈ വർഷം ജനുവരിയിൽ ഐ ട്യൂൺസിൽ ഏറ്റവും കൂടുതൽ പേർ തേടിയെത്തിയ 10 സിനിമകളുടെ കൂട്ടത്തിൽ ‘കണ്ടേജന്‍’‍ ഇടംപിടിച്ചു. കോവിഡ് ബാധയെതുടർന്ന് യു.എസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ചിത്രം നാലാം സ്ഥാനത്തെത്തി.

കോവിഡ് വ്യാപനത്തിനും ‘കണ്ടേജൻ’ (രോഗസംക്രമണം) കഥാഗതിക്കുമുള്ള സാമ്യതയിൽ അദ്ഭുതപ്പെട്ട് ട്വീറ്റുകളുമായി എത്തുകയാണ് സിനിമ കണ്ടവരെല്ലാം. ‘കണ്ടേജന്‍’‍ വെറും ഒരു സിനിമയായിരുന്നോ? അതോ ഈ വിപത്തിനുള്ള മുന്നറിയപ്പായിരുന്നോ?’ എന്ന് ഒരാൾ ട്വിറ്ററിൽ ചോദിക്കുന്നു. ‘‘കണ്ടേജന്‍’‍ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്...’ എന്ന് മറ്റൊരാൾ. ‘ഒരു മഹാമാരിയെ ലോകം എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് സിനിമ കാണിച്ചു തരുന്നു. കൊറോണ വൈറസ് വാർത്ത ആദ്യം വന്നപ്പോഴേ സിനിമയെക്കുറിച്ച് ഓർത്തു’ എന്നെല്ലാമാണ് ട്വീറ്റുകൾ.

ബേത്തിന് വൈറസ് ബാധിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പുള്ള ഫ്ലാഷ് ബാക്കിൽ ചൈനയിലെവിടെയോ മണ്ണുമാന്തി യന്ത്രം ഒരു മരം പിഴുതെടുക്കുന്നത് വവ്വാലുകളെ ശല്യപ്പെടുത്തുകയാണ്. മരത്തിൽനിന്ന് വീണ പഴം ഒരു പന്നി കഴിക്കുന്നു. ഈ പന്നി അറവുശാലയിലെത്തുകയും മാംസം ഹോട്ടലിൽ പാചകത്തിനായി എത്തിക്കുകയും ചെയ്യുന്നു. ഈ മാംസം പാചകം ചെയ്യുന്ന ഷെഫിനെ ബേത്ത് കസീനോയിൽ വെച്ച് പരിചയപ്പെടുമ്പോൾ ഒരു ഷേക് ഹാൻഡിലൂടെ വൈറസ് ബേത്തിന്‍റെ ശരീരത്തിലെത്തുകയാണ്.

അണുബാധയുടെ ഉറവിടം വവ്വാലുകളിൽ നിന്നാണെന്ന് പറഞ്ഞ് സ്കോട്ട് ബേൺസ് കഥയ്ക്ക് വിരാമമിടുകയാണ് ചെയ്യുന്നത്. കോവിഡ്-19 ഏത് മൃഗത്തിൽനിന്നാണ് മനുഷ്യരിലേക്ക് പടർന്നത് എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നത് വേറെ കാര്യം.

‘കണ്ടേജന്‍’‍ ട്രെയ്​ലർ കാണാം:

Loading...
COMMENTS