ബീമാപ്പള്ളിയിലെ ബ്രി​ട്ടോ സഖാവ്​

  • സിനിമയെ സ്നേഹിച്ച സൈമൺ ബ്രിട്ടോയെ സിനിമ സഹസംവിധായകൻ അനുസ്​മരിക്കുന്നു..

തൻസീർ എസ്​
20:53 PM
10/01/2019
സൈമൺ ബ്രി​ട്ടോ

ബീമാപ്പള്ളിയിൽ സി.ഡി ഷോപ്പിൽ നിൽക്കുന്ന കാലത്ത്, ഒരു രാത്രിയിലാണ് എം.എൽ.എ സ്റ്റിക്കറൊട്ടിച്ച വെളുത്ത  അംബാസഡർ കാറിൽ സൈമൺ ബ്രിട്ടോ സഖാവ് ഞങ്ങളുടെ കടയ്ക്ക് മുമ്പിലെത്തുന്നത്. ബർഗ്മാന്റെ സിനിമകൾ  അന്വേഷിച്ചുള്ള വരവായിരുന്നു. ഞാനാദ്യമായി അദ്ദേഹത്തെ കാണുകയാണ്. ഡ്രൈവർ ഇറങ്ങി വന്ന് ‘സാറിന് നടക്കാൻ കഴിയില്ല, ഒന്നവിടം വരെ വരാമോ..?’ എന്നു ചോദിച്ചു. കടയിൽ നിന്നും കുറേ സിനിമകളുമായി ഞാൻ കാറിനരികിലേക്ക് നടന്നു.
വീൽചെയറിൽ ഇരുന്ന് സാറ് ക്ലാസിക്ക്​ സിനിമകൾ മാറി മാറി നോക്കി. ആ ഇരിപ്പും നോട്ടവുമൊക്കെ മറ്റൊരു ക്ലാസിക്ക് പോലുണ്ടായിരുന്നു.. എനിക്കൊരു വല്ലാത്ത ഇഷ്ടം തോന്നി. ഞാൻ കുറച്ച് നേരം സംസാരിച്ചു.. സാറ് കുറച്ച് സിനിമകൾ മേടിച്ചു, കൂടെ എന്റെ നമ്പറും.. കുറച്ച് ദിവസങ്ങൾ വീണ്ടും വിളിച്ചു അങ്ങോട്ട് ഇറങ്ങുന്നുണ്ടന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ‘വേണ്ട സർ.. സർ പറഞ്ഞാമതി, സിനിമ ഞാൻ അങ്ങോട്ട് കൊണ്ട് വരാം..’ അങ്ങനെ ഞാൻ സാർ താമസിക്കുന്ന ക്വട്ടേഴ്സിൽ എത്തി.. സാറും ഞാനും ഒരുപാട് അടുത്തു.. അദ്ദേഹം തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ എന്നെ വിളിക്കും.. പിന്നെ സാറി​​​​​െൻറ വീൽചെയറും പിടിച്ച് ഒപ്പം കുറെ നടക്കും, ക്വാർട്ടേഴ്സിന്റെ പരിസരത്ത്.. ഞാൻ പറയുന്ന സിനിമ കഥകളും, സിനിമയെ വെല്ലുന്ന സാറി​​​​​െൻറ അനുഭവങ്ങളും അവിടെ നിറയും.

 
 

ഒരു സി.ഡി ഷോപ്പിൽ നിന്നും പുറത്തുപോയി ഞാൻ എന്നും കാണുന്ന കസ്റ്റമർ സാറായിരുന്നു. അക്കാലത്ത് അദ്ദേഹം എവിടെ പോകുമ്പോഴും എന്നെയും ഒപ്പം കൂട്ടുമായിരുന്നു... സാറിന്​ എന്നെ ഒരുപാട് ഇഷ്ടായിരുന്നു.

ഒരിക്കൽ ഞാൻ, സാറി​​​​​െൻറ മുന്നിലിരുന്ന്​ ഒത്തിരി കരഞ്ഞു.
‘എനിക്ക് ആരുമില്ല സർ , ഞാൻ ഭയങ്കരമായി കഷ്ടപെട്ടാ കടയിൽ നിൽക്കുന്നെ.. ’
അങ്ങനെ എന്തൊക്കയോ..
സാർ പറഞ്ഞു, ‘തൻസീറേ.. നീ എന്നെ നോക്ക്.. ഞാൻ ഈ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് എന്തെല്ലാം ചെയുന്നു, എവിടെല്ലാം പോകുന്നു. നീ സമാധാനിക്ക്.. എല്ലാം ശരിയാകും..’
അതിനുശേഷം സാറ് ആരെ കണ്ടാലും എ​​​​​െൻറ കാര്യം പറയും..
‘നമ്മുടെ പയ്യനാ..’
എനിക്കൊരു നല്ല ജോലി വാങ്ങി തരാൻ സർ ഒരുപാട് ശ്രമിച്ചിട്ടുണ്ട്.
അതൊക്കെ കാണുമ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.. ഞാൻ സാറി​​​​​െൻറ ആരാണ്..?
അതിനുള്ള ഉത്തരം കുറച്ച് ദിവസം കഴിഞ്ഞ് എനിക്ക് കിട്ടി.


ഒരിക്കൽ ഞാനൊരു പ്രശ്നത്തിൽ പെട്ട് ബുദ്ധിമുട്ടിയപ്പോൾ എനിക്ക് തണലായത് ബ്രിട്ടോ സാറായിരുന്നു. എനിക്ക് സഹായം ചോദിക്കാനും അന്ന് അധികം പേർ ഉണ്ടായിരുന്നില്ല. അദ്ദേഹം എവിടെയോ പരിപാടി കഴിഞ്ഞ് പത്തറുപതുകിലോമീറ്റർ ദൂരം താണ്ടി എന്നെ തേടി വന്നു!!. ഞാൻ ശരിക്കും ഞെട്ടി.
‘തൻസീറേ, ഞാനൊരു കമ്മ്യൂണിസ്​റ്റുകാരനാ. നീയല്ല, സഹായത്തിന് ആരു വിളിച്ചാലും ഞാൻ പോകും. എനിക്ക് പറ്റുന്ന കാലത്തോളം..’
അന്നാണ് ഞാനൊരു കമ്മ്യൂണിസ്​റ്റുകാരന്റെ മനുഷ്യത്വം അറിയുന്നത്. എന്റെ ജീവിത ചുറ്റുപാടിൽ ഇങ്ങനെയുള്ളവരെയൊന്നും ഞാൻ പരിചയപ്പെട്ടിരുന്നില്ല. ആ പേരിനോളം എനിക്ക് അഭിമാനം തോന്നിയ മറ്റൊന്നും പിന്നീട് ഉണ്ടായതുമില്ല..

കാലം കുറേ കഴിഞ്ഞ്, ഞാൻ സിനിമയിൽ അസിസ്റ്റൻറ്​ ഡയറക്​ടറായി. സാർ ഇന്ത്യയുടെ പല സ്ഥലങ്ങളിലേക്കും യാത്ര പോയി. ഇടയ്​ക്ക് എവിടെ നിന്നെങ്കിലും വിളിക്കും. ഇടയ്​ക്ക് കാണും. ഈയടുത്തകാലത്ത് അഭിമന്യു കൊല്ലപ്പെട്ടപ്പോൾ ഞാൻ വിളിച്ചിരുന്നു. വലിയ സങ്കടമായിരുന്നു സഖാവിന് ആ മരണം.
‘പാവം പയ്യനായിരുന്നു...’ എന്നൊക്കെ പറഞ്ഞു.

മരണത്തിൻറെ തലേന്ന്​ തൃശൂരിൽ നടന്ന പരിപാടിയിൽ സൈമൺ ബ്രിട്ടോ. സമീപം കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ
 

കുറച്ചു നാളുകൾക്ക് മുമ്പ് വിളിച്ച് അഭിമന്യുവിനെക്കുറിച്ച് സിനിമയെടുക്കുന്ന കാര്യവും അതിൽ അഭിനയിക്കുന്ന കാര്യവും പറഞ്ഞു. ‘നീയിപ്പോൾ അസിസ്റ്റന്റ് ഡയറക്ടറല്ലേ, ഇവിടെ വന്ന് ഞാനഭിനയിക്കുന്നത് ഒന്നു വിലയിരുത്ത്..’ എന്നും പറഞ്ഞു, വരാമെന്ന് ഞാനും പറഞ്ഞു. ഒറ്റ ടേക്കിൽ ഓക്കേ ആയ കാര്യമൊക്കെ ആവേശത്തോടെ അദ്ദേഹം പങ്കുവെച്ചു. "സഖാവ് അഭിനയിക്കുകയല്ലല്ലോ, ജീവിക്കുകയല്ലേ, പിന്നെ പിന്നെ ഓക്കെ ആകാതിരിക്കില്ലല്ലോ " എന്ന് ഞാൻ മറുപടിയും പറഞ്ഞു.അതായിരുന്നു അവസാനത്തെ സംസാരം.


ബ്രിട്ടോ സഖാവ് പോയി, എനിക്ക് മാത്രമല്ല എന്നെപ്പോലെയുള്ള ഒരു പാട് പേർക്ക് രക്ഷിതാവിനെയാണ് നഷ്ടപ്പെട്ടത്...
ജീവിതത്തിന് റീ- ടേക്ക് ഇല്ലല്ലോ....

Loading...
COMMENTS