മോഹന്‍രൂപ്: സിനിമയെ പ്രണയിച്ച കലാകാരന്‍
text_fieldsതൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മോഹന്‍രൂപിന്‍െറ വേര്‍പാട് ഫെബ്രുവരിയില്‍ ഗായികയും സംഗീത സംവിധായികയുമായ ഷാന്‍ ജോണ്‍സണും തിരക്കഥാകൃത്ത് മണി ഷൊര്‍ണൂരിനും ശേഷം മാര്‍ച്ചില്‍ തൃശൂരിന്‍െറ മറ്റൊരു വേദനയായി. മലയാള സിനിമയില്‍ എടുത്തുപറയാവുന്ന സവിശേഷതകളിലൂടെ ശ്രദ്ധേയമായ പല ചിത്രങ്ങള്‍ക്ക് പിന്നിലും മോഹന്‍രൂപ് ഉണ്ടായിരുന്നു. ഒടുവില്‍ ചരിത്ര പ്രാധാന്യമുള്ള വലിയൊരു പദ്ധതി മനസ്സില്‍നിന്ന് പ്രായോഗിക രൂപത്തിലേക്ക് പകര്‍ത്തുന്നതിനിടക്കാണ് വിയോഗം. വര്‍ക്കല സ്വദേശിയായ മോഹന്‍രൂപ് ഏറക്കാലമായി തൃശൂരിലായിരുന്നു താമസം. കഴിയുന്ന ദിവസങ്ങളിലെല്ലാം കിഴക്കേകോട്ട മിഷന്‍ ക്വാര്‍ട്ടേഴ്സിലെ കരിമ്പനക്കല്‍ വീട്ടില്‍ എത്തും. ഭാര്യയുടെ മരണത്തിനുശേഷം രണ്ട് മക്കളുടെ സംരക്ഷണം അദ്ദേഹത്തിന്‍െറ ചുമതലയായിരുന്നു. വിദ്യാര്‍ഥികളായ മക്കളെ കൊല്ലത്തും തൃശൂരിലും പഠനസ്ഥലത്തുതന്നെ താമസിപ്പിച്ചെങ്കിലും വീട്ടുകാരണവരുടെ റോളില്‍ കരിമ്പനക്കല്‍ വീട്ടില്‍ അദ്ദേഹമുണ്ടായിരുന്നു. മമ്മൂട്ടിയെ ആദ്യമായി പൊലീസ് യൂനിഫോം അണിയിച്ച ‘വേട്ട’യില്‍ തുടങ്ങി മലയാളവും തമിഴും ഇഷ്ടത്തോടെ കണ്ട പല സിനിമകളും മോഹന്‍രൂപിന്‍െറ സംവിധാനത്തില്‍ പിറന്നു. ‘വര്‍ഷങ്ങള്‍ പോയതറിയാതെ’ എന്ന ചിത്രത്തില്‍ മോഹന്‍ സിത്താര ഈണമിട്ട ‘ഇലകൊഴിയും ശിശിരത്തില്‍’ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായി. കഴിഞ്ഞദിവസം രാഷ്ട്രപതി ഉദ്ഘാടനം ചെയ്ത മുസ്രിസിന്‍െറ പൈതൃകവും ക്രൈസ്തവര്‍ കേരളത്തില്‍ എത്തിയതിന്‍െറ ചരിത്രവും ഇതിനെല്ലാം നിമിത്തമായ ഇന്ത്യയിലെ തുറമുഖങ്ങളുടെ പഴമയും പരിശോധിക്കുന്ന മെഗാ പദ്ധതിയായിരുന്നു അവസാന നാളുകളില്‍ അദ്ദേഹത്തിന്‍െറ മനസ്സുനിറയെ. ആ സ്വപ്നം ബാക്കിവെച്ചാണ് മോഹന്‍രൂപിന്‍െറ മടക്കം. ശാസ്ത്രീയ സംഗീതപൈതൃകത്തിന്‍െറ കാവലാളായിരുന്ന തൃശൂര്‍ വൈദ്യനാഥഭാഗവതരുടെ മരണവും വടകര സ്വദേശിയെങ്കിലും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ് എന്ന നിലക്ക് തൃശൂരിന്‍െറ കൂടി വിലാസമുണ്ടായിരുന്നു കഥാകാരന്‍ അക്ബര്‍ കക്കട്ടിലിന്‍െറ വിയോഗവുമെല്ലാം ഫെബ്രുവരിയില്‍ തൃശൂരിന്‍െറ നഷ്ടങ്ങളായിരുന്നു. തെരുവില്‍ ജീവിക്കുന്നവരുടെ കഥ പറയുന്ന ‘തൂത്തവന്‍’ ഡോ. അംബേദ്കര്‍ ദേശീയ പുരസ്കാരം നേടി. വളര്‍ത്തുമൃഗങ്ങളോടുള്ള മനുഷ്യന്‍െറ ക്രൂരത പ്രമേയമാക്കി ‘ഉരു’ ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു. വര്‍ക്കലയില്‍ ജനിച്ച മോഹന്‍രൂപ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഫിലിം അപ്രീസിയേഷന്‍ കോഴ്സ് പഠിച്ചത്. ‘നുള്ളിനോവിക്കാതെ’ എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ സംഗീത സംവിധായകന്‍ രാജാമണി, ഛായാഗ്രാഹകന്‍ സാലു ജോര്‍ജ് തുടങ്ങിയവരെ മലയാള സിനിമക്ക് പരിചയപ്പെടുത്തിയത് മോഹന്‍രൂപാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
