എം.ഒ. ജോസഫ്: പരീക്ഷണത്തിന് ആര്‍ജവം കാട്ടിയ നിര്‍മാതാവ്
text_fieldsമഞ്ഞിലാസ് എന്ന സിനിമ ബാനര്‍ എക്കാലവും മലയാള സിനിമയുടെ അഭിമാനമായിരുന്നു. തന്‍െറ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇതുപോലുള്ള ബാനറുകള്‍ നോക്കിയാണ് ഭൂരിഭാഗം പ്രേക്ഷകരും സിനിമ കാണാന്‍ പോയിരുന്നത്. ചന്ദ്രതാര, സുപ്രിയ, രൂപവാണി, ചിത്രകലാകേന്ദ്രം, മഞ്ഞിലാസ്, ഉദയ, നീല തുടങ്ങിയ ബാനറുകള്‍ അക്കാലത്ത് മലയാള സിനിമയുടെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന നിര്‍മാതാക്കളുടെ ലേബലുകളായിരുന്നു.
അതില്‍ പ്രമുഖ സ്ഥാനമാണ് എം.ഒ. ജോസഫിന്‍െറ മഞ്ഞിലാസിന് ഉണ്ടായിരുന്നത്. സത്യന്‍, നസീര്‍, മധു തുടങ്ങിയവരെല്ലാം മഞ്ഞിലാസിന്‍െറ സിനിമ ബാനറുകളില്‍ അണിനിരന്നവരാണെങ്കിലും ആര് അഭിനയിച്ചു എന്ന് നോക്കാതെ ബാനര്‍ നോക്കി സിനിമ കാണുക എന്ന പ്രേക്ഷകരുടെ താല്‍പര്യമാണ് അന്ന് മുന്നില്‍ നിന്നത്.
താന്‍ സിനിമരംഗത്ത് സജീവമാകുന്നതിന് മുമ്പാണ് ഈ ബാനറുകള്‍ പതിറ്റാണ്ടുകളോളം മലയാള സിനിമ അടക്കിവാണത്. വാണിജ്യ ചേരുവകള്‍ക്കൊപ്പം വിനോദത്തിനും കലാമേന്മക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന പ്രമേയങ്ങളുടെ ആവിഷ്കാരമായിരുന്നു അവയൊക്കെ. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ വളര്‍ച്ചക്ക് എം.ഒ. ജോസഫിനെപോലുള്ള നിര്‍മാതാക്കള്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്.
ഏറ്റവും ശ്രദ്ധേയമായി പറയേണ്ടത് മലയാള സിനിമയെ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ സാഹിത്യകാരന്മാരുടെ രചനകളുമായി കൂട്ടിയിണക്കി എന്നതാണ്. അക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എം.ഒ. ജോസഫ് തന്നെ. പരീക്ഷണങ്ങളായിരുന്നു അതിലേറെയും.
മലയാറ്റൂരിന്‍െറ യക്ഷി എന്ന നോവലാണ് സ്വന്തം നിലയില്‍ എം.ഒ. ജോസഫ് ആദ്യമായി നിര്‍മിച്ച ചിത്രം. അതിലും അദ്ദേഹം പരീക്ഷണത്തിന് തയാറായി. നായകനായി പ്രശോഭിച്ചുനിന്ന സത്യന് വിരൂപനായ കഥാപാത്രം നല്‍കിക്കൊണ്ടുള്ള പരീക്ഷണമായിരുന്നു അത്. പിന്നീട് ഡോ. എ.ടി. കോവൂരിന്‍െറ മനശ്ശാസ്ത്ര കേസ്ഡയറിയില്‍നിന്നുള്ള ഒരു സംഭവത്തെ ഉപജീവിച്ച് അദ്ദേഹം പുനര്‍ജന്മം എന്ന ചിത്രം നിര്‍മിച്ചു. അക്കാലത്ത് താരപരിവേഷമില്ലാതിരുന്ന മോഹന്‍-ലക്ഷ്മി എന്നിവരെ നായികാനായകന്മാരാക്കി ചട്ടക്കാരി എന്ന പ്രണയചിത്രം നിര്‍മിച്ചു. പമ്മന്‍െറ നോവലായിരുന്നു അത്.
വീണ്ടും പമ്മന്‍െറ അടിമകള്‍ എന്ന നോവലും അദ്ദേഹം സിനിമയാക്കി. സ്വഭാവനടനായി മാത്രം ഒതുങ്ങിക്കൂടിയിരുന്ന കൊട്ടാരക്കര ശ്രീധരന്‍ നായര്‍ക്ക് പാറപ്പുറത്തിന്‍െറ അരനാഴികനേരം എന്ന നോവല്‍ ആധാരമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുഖ്യവേഷമാണ് നല്‍കിയത്.
കെ.ടി. മുഹമ്മദിന്‍െറ കടല്‍പാലം, തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍, അയ്യനത്തേിന്‍െറ വാഴ്വേമായം, കാക്കനാടന്‍െറ പറങ്കിമല എന്നിവയെല്ലാം അഭ്രപാളികളില്‍ എത്തിയത് ഈ നിര്‍മാതാവിന്‍െറ അദമ്യമായ സാഹിത്യസ്നേഹം കൊണ്ടായിരുന്നു. സത്യന്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന നിമിഷങ്ങളില്‍ പോലും അദ്ദേഹത്തെ അനുഭവങ്ങള്‍ പാളിച്ചകള്‍ സിനിമയുടെ നായകസ്ഥാനത്ത് നിര്‍ത്തി അവസാനംവരെ ചിത്രീകരിക്കാന്‍ ധൈര്യം കാട്ടിയതും എം.ഒ. ജോസഫായിരുന്നു.
അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍ എന്ന കഥാപാത്രം സത്യന് നല്‍കാന്‍ തീരുമാനിച്ചതില്‍ സംവിധായകന്‍ സേതുമാധവനൊപ്പം എം.ഒ. ജോസഫിനും പ്രധാന പങ്കുണ്ട്. ഈ സിനിമയുടെ അവസാനഘട്ടമായപ്പോഴാണ് സത്യന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ഇങ്ങനെ ഭാഷയെയും സാഹിത്യത്തെയും സാഹിത്യകാരന്മാരെയും മലയാള ചലച്ചിത്രത്തിന്‍െറ വഴികളിലൂടെ കൊണ്ടുപോവുകയും ആ രചനകള്‍ക്ക് ആസ്വാദകര്‍ക്കിടയില്‍ വലിയ മാനം നല്‍കുകയും ചെയ്ത ചലച്ചിത്രകാരന്‍ കൂടിയായിരുന്നു എം.ഒ. ജോസഫ്. മലയാളസിനിമയിലെ നിത്യസുരഭിലങ്ങളായ ഗാനങ്ങളേറെയും മഞ്ഞിലാസിന്‍െറ ചിത്രങ്ങളിലുമാണ്.
അദ്ദേഹത്തെ നിര്‍മാതാവ് എന്ന കള്ളിയില്‍ മാത്രം ഒതുക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള നിര്‍മാതാക്കളെ പിന്നീട് ദുര്‍ലഭമായി മാത്രമെ സിനിമയില്‍ കാണാന്‍ കിട്ടിയിട്ടുള്ളൂ. മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഇവരെപ്പോലുള്ളവര്‍ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ ഒരുതലമുറക്കും കഴിയില്ല. അവര്‍ സിനിമയുടെ ദിശ നിര്‍ണയിച്ച മഹാരഥന്മാരായിരുന്നു. അതുകൊണ്ടുതന്നെ എം.ഒ. ജോസഫിന്‍െറ വിയോഗം തീരാനഷ്ടം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
