Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകര്‍മപ്രസന്നതയുടെ...

കര്‍മപ്രസന്നതയുടെ ആള്‍രൂപം

text_fields
bookmark_border
കര്‍മപ്രസന്നതയുടെ ആള്‍രൂപം
cancel

മലയാള സിനിമയിലെ പ്രസരിപ്പാര്‍ന്ന കര്‍മപ്രസന്നതയുടെ ആള്‍രൂപമായിരുന്നു ആനന്ദക്കുട്ടന്‍. ഡോ. ബാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്‍െറ കളരിയില്‍നിന്ന് പഠിച്ചിറങ്ങിയ മൂന്ന് ചലച്ചിത്രകാരന്മാര്‍ നമുക്കുണ്ടായി. സംവിധായകനായ പി. ചന്ദ്രകുമാറും ഛായാഗ്രാഹകനായ ആനന്ദക്കുട്ടനും ഗാനരചയിതാവും സഹസംവിധായകനുമായി തുടങ്ങി പിന്നീട് സംവിധായകനായി മാറിയ സത്യന്‍ അന്തിക്കാടും.  ഡോ. ബാലകൃഷ്ണന്‍ രചനയും നിര്‍മാണവും നിര്‍വഹിച്ച മനസ്സൊരു മയില്‍ എന്ന ചിത്രമായിരുന്നു സ്വതന്ത്ര നിലയിലുള്ള ചന്ദ്രന്‍െറയും കുട്ടന്‍െറയും ആദ്യചിത്രം. അവിടംതൊട്ട് ചന്ദ്രന്‍െറയും സത്യന്‍ സ്വതന്ത്ര സംവിധായകനായപ്പോള്‍ സത്യന്‍െറയും കാമറമാനായി ജൈത്രയാത്ര തുടങ്ങിയ ആനന്ദക്കുട്ടനെ അടുത്തനാളുകളില്‍ രോഗം കീഴടക്കുന്നതുവരെ വിശ്രമിക്കാന്‍ ഊഴമുണ്ടായിരുന്നില്ല.

എം. കൃഷ്ണന്‍ നായര്‍ തൊട്ട് ഏറ്റവും പുതിയ തലമുറയിലെ ചലച്ചിത്രകാരന്മാരോടൊപ്പം വരെ ആനന്ദക്കുട്ടന്‍ ഇഴുകിച്ചേര്‍ന്ന് സഹകരിച്ചു. ഒരേസമര്‍പ്പണത്തോടെയുള്ള കുട്ടന്‍െറ ഛായാഗ്രഹണ പങ്കാളിത്തം സംവിധായകര്‍ക്ക് മാത്രമല്ല, നിര്‍മാതാക്കള്‍ക്കും നടീനടന്മാര്‍ക്കും മറ്റ് സാങ്കേതിക കലാകാരന്മാര്‍ക്കും ഒരുപോലെ പ്രസരിപ്പ് പകര്‍ന്നുതരുന്ന സ്നേഹപിന്‍ബലമായിരുന്നു. പ്രേം നസീര്‍ പറയുമായിരുന്നു, ലൈറ്റുകള്‍ ഇണക്കി ലൊക്കേഷനില്‍ ആനന്ദക്കുട്ടന്‍ ചുറുചുറുക്കോടെ ഓടിനടക്കുന്നത് കാണുമ്പോള്‍ ആ പ്രസരിപ്പിന്‍െറ പ്രസരണത്തില്‍ സ്വന്തം പ്രായം മറന്നുപോകുമായിരുന്ന കഥ. എത്ര ചിത്രത്തില്‍ ആനന്ദക്കുട്ടന്‍ കാമറ ചലിപ്പിച്ചു എന്ന ചോദ്യത്തിന് 300നും 350നും ഇടക്കെന്ന ഒരു കണക്ക് മാത്രമെ മറുപടിയായുള്ളൂ. ചലച്ചിത്ര ലോകത്തിനുമതെ, ആനന്ദക്കുട്ടനുമതെ. ഒരു ചിത്രത്തിന്‍െറ ലൊക്കേഷനില്‍നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് രാപ്പകല്‍ വിശ്രമമില്ലാതെ കര്‍മനിരതനാകുമ്പോഴും ചിത്രങ്ങളുടെ ഗ്രേഡിങ്ങിനും കോപ്പി ചെക്കിങ്ങിനും ആരും ഓര്‍മിപ്പിക്കാതെതന്നെ ആനന്ദക്കുട്ടന്‍ സമയം കണ്ടത്തെുമായിരുന്നു.

പത്തും പന്ത്രണ്ടും ചിത്രങ്ങള്‍ക്ക് ഒരുവര്‍ഷം കാമറ ചലിപ്പിക്കുക, അങ്ങനെ ഒരുപതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നിറഞ്ഞ് തുടരുക. ഗിന്നസ് ബുക്കിനെപോലും വിസ്മയിപ്പിച്ചിട്ടുണ്ടാകണം ഈ സര്‍വകാല റെക്കോഡ്. ഈ ചിത്രങ്ങളിലെല്ലാം പൂര്‍ണ മനസ്സോടെയാണ് ആനന്ദക്കുട്ടന്‍ ഇടചേര്‍ന്നത്. നിര്‍മാതാവിനോ സംവിധായകനോ അഭിനേതാക്കള്‍ക്കോ ചായ വിളമ്പുന്ന പ്രൊഡക്ഷന്‍ ബോയ് തൊട്ടുള്ള സഹപ്രവര്‍ത്തകര്‍ക്കോ എല്ലാവര്‍ക്കും പറയാനുള്ളത് ഈ കലാകാരന്‍െറ സ്നേഹോഷ്മളമായ പെരുമാറ്റത്തെക്കുറിച്ചാണ്. മറിച്ചും മറുത്തും ഒരാള്‍ക്കും ഒരുവാക്കുപോലും പറയാന്‍ പഴുത് നല്‍കാതെയായിരുന്നു ആനന്ദക്കുട്ടന്‍െറ കര്‍മയാനം.

രാമചന്ദ്രബാബുവിന്‍െറ സഹായിയായിട്ടാണ് സിനിമയിലത്തെുന്നത്. കെ.ജി. ജോര്‍ജിന്‍െറ ആദ്യകാല ചിത്രങ്ങളുടെ എഡിറ്ററായിരുന്ന എം.എന്‍. അപ്പുവിന്‍െറ സഹായമായിരുന്നു അതിന് സന്ദര്‍ഭമൊരുക്കിയത്. അപ്പുവിന്‍െറ അളിയനായിരുന്നു ആനന്ദക്കുട്ടന്‍. കാലം, വിധി, പക്ഷേ ജീവിതത്തിന്‍െറ ഈ അടുത്ത പര്‍വത്തില്‍ ദയയില്ലാതെയാണ് രോഗക്ളേശംകൊണ്ട് കുട്ടനെ കടന്നാക്രമിച്ചത്. അപ്പോള്‍ ആനന്ദക്കുട്ടന്‍ പരാതി പറഞ്ഞില്ല. ചിരിക്കുമ്പോഴുള്ള കണ്ണിലെ പ്രകാശവും ഭംഗിയിലൊതുക്കിയ താടി ഉലമ്പലിലെ കവിള്‍ മിനുക്കവും പെരുമാറ്റഭാഷയിലെ സാഹോദര്യ ശോഭയും കുട്ടന്‍െറ സാന്നിധ്യസാക്ഷ്യങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ ഞങ്ങള്‍ തമ്മില്‍ കാണുന്നത് ഫോട്ടോഗ്രാഫി അസോസിയേഷന്‍െറ ഒരു കുടുംബസംഗമം എറണാകുളം കോസ്മോപൊളിറ്റന്‍ ക്ളബില്‍ നടക്കുമ്പോഴാണ്. അതിഥികളായത്തെിയതായിരുന്നു അമല്‍ നീരദും ഞാനും. ക്ളബിലെ അംഗമായി അവിടെയുണ്ടായിരുന്ന കുട്ടന്‍ വരാന്തയില്‍ ഇരുന്ന് ആ കൂട്ടായ്മയുടെ നിമിഷങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തമ്മില്‍ കണ്ടപ്പോള്‍ ആദ്യം അന്വേഷിച്ചത് ഭാര്യയുടെയും മകളുടെയും ക്ഷേമകാര്യങ്ങളാണ്.

തിരിച്ചങ്ങോട്ടും അതെ. രോഗലക്ഷണങ്ങളെക്കുറിച്ച് കേട്ടിരുന്നു. ഭേദമുണ്ടെന്നാണ് അറിഞ്ഞിരുന്നത്, പ്രതീക്ഷിച്ചിരുന്നതും. അതിനിടെയാണ് പ്രതീക്ഷിച്ചിരിക്കാതെ ഈ വിയോഗ വാര്‍ത്ത. വിശ്വാസം വരാതെ സത്യന്‍ അന്തിക്കാടിനെ ഫോണില്‍ വിളിച്ച് ആരാഞ്ഞ് സത്യമെന്ന് അറിഞ്ഞു. അടുത്തിടക്ക് രോഗം വല്ലാതെ മൂര്‍ഛിക്കുകയും തിരിച്ചറിയാന്‍ കഴിയാത്തവിധം രൂപം മാറുകയും ചെയ്തിരുന്നത്രേ. അടുത്തിടെ ഒരു ചടങ്ങില്‍ വെച്ച് സത്യന്‍ അന്തിക്കാടിന്‍െറ മുന്നിലേക്ക് കരുവാളിച്ച മുഖവും അവശത സ്ഫുരിക്കുന്ന ഭാവവുമായി ഒരാള്‍ കടന്നുവന്ന് ചോദിച്ചു. സത്യന് എന്നെ മനസ്സിലായോ?. സത്യന് മനസ്സിലായില്ല. സത്യന്‍ തന്നെ തിരിച്ചറിഞ്ഞില്ളെന്ന് കണ്ടപ്പോള്‍ നിറകണ്ണുകളോടെ ഇടറിയ സ്വരത്തില്‍ ആ മനുഷ്യന്‍ പറഞ്ഞു. ‘സത്യാ, ഞാന്‍ ആനന്ദക്കുട്ടനാണ്’. അടിവയറ്റില്‍നിന്ന് ആടിയുയര്‍ന്ന തേങ്ങല്‍ ഒരു നീറ്റലായി ഇപ്പോഴും ബാക്കിയെന്ന് സത്യന്‍. സത്യന്‍െറ കണ്ണുകള്‍ നിറഞ്ഞൊഴുകി.

എത്രയെത്ര ചിത്രങ്ങളില്‍ എത്രയെത്ര വര്‍ഷങ്ങള്‍ ഒരുമിച്ച് ഒറ്റ ഫ്രയിമിലെ നിറവും നിഴലും വിന്യസിക്കുന്നതിന് ഒരുമനസ്സോടെ തന്നോടൊപ്പം അണിചേര്‍ന്ന ആനന്ദക്കുട്ടനോ ഇത് ?. ജോണ്‍സന്‍െറ കുടുംബത്തെ വിധി ദുരന്തങ്ങള്‍കൊണ്ട് വേട്ടയാടുമ്പോള്‍ 62ാം വയസ്സില്‍ ഊഴം തികയുംമുമ്പേ ഈവിധം ക്രൂരമായി നൊമ്പരത്തിന്‍െറ ചൂളയില്‍ പീഡിപ്പിച്ച് കുട്ടനെ കവര്‍ന്നെടുക്കുമ്പോള്‍ വിധിയോട്, കാലത്തോട്, എല്ലാത്തിന്‍െറയും നിയന്താവിനോട് എന്തിനീ ക്രൂരതയെന്ന് ചോദിക്കാതെ വയ്യ. കുട്ടന്‍ ചങ്ങാതി മാത്രമായിരുന്നില്ല. ഒരു സഹോദരനെപോലെ കരുതലുള്ളവനായിരുന്നു. ഏത് തിരക്കിനിടയില്‍ കണ്ടാലും മുഖം ഒരല്‍പം ചരിച്ച് കണ്ണുകള്‍കൊണ്ട് ആദ്യവും ചുണ്ടുകള്‍കൊണ്ട് തൊട്ട് തുടര്‍ച്ചയിലുമുള്ള പുഞ്ചിരി. ആ ഓര്‍മ പച്ചപ്പോടെ മനസ്സില്‍ എന്നും ബാക്കി. വിടനല്‍കുന്നു സുഹൃത്തേ.
(തയാറാക്കിയത്: എസ്. ഷാനവാസ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cameraman anandakuttan
Next Story