Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപൂക്കളങ്ങളെ...

പൂക്കളങ്ങളെ സ്നേഹിക്കുന്ന പെണ്‍കുട്ടി

text_fields
bookmark_border
പൂക്കളങ്ങളെ സ്നേഹിക്കുന്ന പെണ്‍കുട്ടി
cancel

ഓണക്കാലമാണ്.. സന്തോഷത്തിന്‍െറയും  സമൃദ്ധിയുടേയും നാളുകള്‍..  മലര്‍ക്കളങ്ങളാണ് ഓണത്തിന്‍െറ പൊലിമ. എല്ലാ പൂവുകള്‍ക്കും മേലെ മലയാളികള്‍ക്കിപ്പോള്‍ ആകെ ഒരു മലരിനെ മാത്രമേ അറിയൂ, ‘പ്രേമ’മലരിനെ... സായ് പല്ലവി എന്ന യഥാര്‍ഥപേരുപോലും മറന്ന് ആരാധകര്‍ ആത്മാവിനാഴത്തിനുള്ളില്‍ സൂക്ഷിച്ച തമിഴഴകിനെ... അടുത്തകാലത്തൊന്നും മലയാളികള്‍ ഇങ്ങനെയൊരു നായികയേയും നെഞ്ചിലേറ്റിയിട്ടില്ല. ‘ഉങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സായ് പല്ലവി തമിഴില്‍ താരമാകുന്നത്. അല്‍ഫോണ്‍സ് പുത്രന്‍, മലര്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതുതന്നെ സായ് പല്ലവിയെ മനസ്സില്‍ കണ്ടിട്ടാണ്. നീണ്ടിടതൂര്‍ന്ന ചുരുളന്‍ മുടിയും മുഖത്തെ ചുവന്നക്കുരുക്കളും കോട്ടണ്‍സാരിയുമൊക്കെ ലാളിത്യമാണ് നായികാസൗന്ദര്യമെന്ന ഒരു തിരുത്ത് മലരിലൂടെ തമിഴ് മൊഴിഞ്ഞറിയിച്ചു. ജോര്‍ജിയയില്‍ അവസാനവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ സായ് പല്ലവി ഇപ്പോള്‍ ജന്മനാടായ കോയമ്പത്തൂരിലുണ്ടെങ്കിലും പരീക്ഷാച്ചൂടിലാണ്.  തന്‍െറ ഓണത്തെപറ്റിയും ‘പ്രേമാ’നുഭവങ്ങളെയും പറ്റി ഇനി സായ് തന്നെ പറയട്ടെ.

? കഴിഞ്ഞ വര്‍ഷം വരെ സായിക്ക് ഓണം തൊട്ടടുത്ത നാട്ടിലെ ഉത്സവമായിരുന്നു.  ഇത്തവണയങ്ങനെയല്ലല്ലോ, സായ് മലയാളികളുടെ സ്വന്തം മലരാണ്. ഈ ഓണത്തിന് കേരളത്തിലുണ്ടാകുമോ...

ഈ ഓണക്കാലം എനിക്കേറേ പ്രിയപ്പെട്ടതാണ്. ഞാന്‍ മലരായതിനുശേഷമുള്ള ആദ്യഓണം. ഒരുപാട് പേര്‍ ഓണത്തിന് ക്ഷണിച്ചുകൊണ്ട് വിളിക്കുകയും മെസ്സേജയക്കുകയുമൊക്കെ ചെയ്തിരുന്നു. പക്ഷേ ഓണത്തിന് കേരളത്തില്‍ വരാനാവില്ല. അതിലെനിക്ക് സങ്കടമുണ്ട്. ഞാനിപ്പോള്‍ പരീക്ഷാതിരക്കിലാണ്. ഓണ സമയത്ത് ഞാന്‍ പരീക്ഷക്കുള്ള പഠനത്തിനായി ചെന്നൈയിലായിരിക്കും. സിനിമയിലും ജീവിതത്തിലൊന്നും മലയാളിയല്ലാഞ്ഞിട്ടുപോലും ആളുകളെന്നോട് കാണിക്കുന്ന സ്നേഹം എന്നെ അത്ഭുതപ്പെടുത്തുന്നു.  ഈ സ്നേഹവും പിന്തുണയുമൊക്കെ ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ശരിക്കും നിങ്ങളിലൊരാളായി മാറിയതുപോലെ.

?സായിയുടെ സ്വന്തം നാട്ടില്‍ ഒരുപാട് മലയാളികളുണ്ട്. അവരോടൊപ്പമൊക്കെ ഓണമാഘോഷിച്ചിട്ടുണ്ടോ... സിനിമയിറങ്ങിയ ശേഷം എന്താണ് അവരുടെയൊക്കെ പ്രതികരണം

കോയമ്പത്തൂര്‍ കേരളത്തില്‍ നിന്ന് വളരെയടുത്തുള്ള സ്ഥലമാണ്. ഇവിടെ ഒരുപാട് മലയാളികുടുംബങ്ങളുണ്ട്. ഞങ്ങളുടെ നാട് ശരിക്കും ഊട്ടിയാണ്. അച്ഛനു ട്രാന്‍സ്ഫറായപ്പോഴാണ് കോയമ്പത്തൂരത്തെിയത്. ഇപ്പോള്‍ ഇവിടെ ആള്‍ക്കൂട്ടത്തില്‍ ഇറങ്ങുമ്പോള്‍ മലയാളികളൊക്കെ എന്നെ വേഗം തിരിച്ചറിയുന്നു. എന്നോടൊപ്പം ഫോട്ടോയെടുക്കുന്നു. ഇവിടെ എല്ലാ വര്‍ഷവും മലയാളി അസോസിയേഷന്‍സൊക്കെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പക്ഷേ ഞാനിവിടുന്ന് ഓണമാഘോഷിച്ചിട്ടുള്ളത് സ്കൂളില്‍വെച്ചാണ്. ഞാന്‍ പഠിച്ചത് കോയമ്പത്തൂരിലെ അവിലാ കോണ്‍വെന്‍റ് സ്കൂളിലാണ്. അവിടെ എനിക്ക് മലയാളി സുഹൃത്തുക്കളുണ്ടായിരുന്നു, മലയാളി സിസ്റ്റേഴ്സെന്നെ പഠിപ്പിപ്പിരുന്നു. ആ സമയത്ത് ഞങ്ങള്‍ ഓണത്തിന് സ്കൂളില്‍ പൂക്കളമൊക്കെയിടും. പൂക്കളമിടുന്നത് എനിക്ക് ഏറെ ഇഷ്ടമാണ്. ടീച്ചേഴ്സാണ് അന്ന് എല്ലാത്തിനും സഹായിക്കുക. ഞങ്ങള്‍ ഫ്രണ്ട്സൊക്കെ ചേര്‍ന്ന് ഒരുമിച്ച് ഒരു ഡിസൈന്‍ തീരുമാനിച്ച് ഏറെ വ്യത്യസ്തമായി പൂക്കളമിടാനൊക്കെ ശ്രമിക്കും. അങ്ങനെയായിരുന്നു സ്കൂള്‍കാലത്തെ ഓണം. ആ പൂക്കളങ്ങളുടെ ഭംഗി ഇപ്പോഴും മനസില്‍ തന്നെയുണ്ട്.
പിന്നെ ഞാന്‍ ഓണമാഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്, പ്രേമത്തിന്‍െറ സെറ്റില്‍വെച്ച്. അന്ന് ഷൂട്ടിങിന്‍െറ തിരക്കുകളിലായിരുന്നെങ്കിലും ഞങ്ങള്‍ പൂക്കളവും സദ്യയുമൊക്കെയായി കാര്യമായിത്തന്നെ ഓണമാഘോഷിച്ചു. എനിക്ക് കേരളത്തിലെ പായസം ഏറെ ഇഷ്ടമാണ്. അതുകൊണ്ട് അന്നത്തെ ദിവസം മൂന്നാലുവട്ടം പായസം കുടിച്ചാണ് ഞാന്‍ ഓണമാഘോഷിച്ചത്. പ്രേമം ടീമിലെ എല്ലാവരും കൂടിയായപ്പോള്‍ പിന്നെ ശരിക്കും ആഘോഷം തന്നെയായി. മലരേ എന്ന പാട്ടില്‍ ഈ ഓണാഘോഷങ്ങളൊക്കെയുണ്ടല്ളോ... പൂക്കളമിടുന്നതും സദ്യ കഴിക്കുന്നതും ഒക്കെ.

? പ്രേമത്തില്‍ മൂന്നു നായികമാരുണ്ടെങ്കിലും എല്ലാവരും ഒരുപോലെ സ്വികരിച്ചത് മലരിനെയാണ്. മലരിന്‍െറ ശബ്ദം, മലരിന്‍െറ നൃത്തം, മലരിന്‍െറ അഴക്.. ചെറിയകുട്ടികള്‍ പോലും മലരിന്‍െറ ആരാധകര്‍- ജീവിതത്തിലെ ഈ മാറ്റത്തെ എങ്ങനെ കാണുന്നു

എനിക്കൊരുപാട് സന്തോഷമുണ്ട്, ആരും മലരിനെപ്പറ്റി മോശമായി ഒന്നും പറയാത്തതില്‍. ഞാന്‍ നാട്ടിലത്തെിയതിന് ശേഷം എന്നെ കാണാനായി കോയമ്പത്തൂരില്‍ വരുന്നവരുണ്ട്. എന്‍െറ കൂടെ ഫോട്ടോയെടുക്കാന്‍വേണ്ടി മാത്രമൊക്കെ വരുന്നവര്‍. എന്നാല്‍ ഇതിന്‍െറ  ക്രഡിറ്റ് മുഴുവന്‍ സംവിധായകന്‍ അല്‍ഫോണ്‍സിനാണ്. അല്‍ഫോണ്‍സ് എന്നോട് പറഞ്ഞത്, മലരായി അഭിനയിക്കേണ്ട സായ് പല്ലവിയായാല്‍ മതിയെന്നായിരുന്നു. എന്നാല്‍  ഇത്ര നല്ല ഒരു കഥാപാത്രം അഭിനയിച്ചു വിജയിപ്പിക്കാനാവാതെ വന്നാലോ എന്ന പേടി എനിക്ക് നല്ലപോലെയുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് റിയാലിറ്റിഷോയില്‍ പങ്കെടുത്ത സമയത്ത്് അല്‍ഫോണ്‍സ് പരിചയപ്പെട്ടിരുന്നു. പിന്നീട് ഫേസ്ബുക്കിലൊക്കെ സിനിമക്കായി കോണ്‍ടാക്ട് ചെയ്തെങ്കിലും ഞാനെന്നെ ആരോ പറ്റിക്കുകയാണെന്നാണു വിചാരിച്ചത്. പിന്നെയാണ് വിളിച്ചത് അല്‍ഫോണ്‍സ് തന്നെയാണെന്ന്  മനസ്സിലായത്. അങ്ങനെ കഴിഞ്ഞ തവണ ലീവിനത്തെിയപ്പോഴാണ് പ്രേമത്തിന്‍െറ കഥ പറയാന്‍ അല്‍ഫോണ്‍സത്തെിയത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്കിഷ്ടപ്പെട്ടു, വീട്ടിലും സമ്മതിച്ചു. അങ്ങനെയാണ് സിനിമയിലേക്കത്തെുന്നത്.

?എന്തൊക്കെയാണ് ഷൂട്ടിങ് ഓര്‍മകള്‍

ഏറ്റവും രസകരമായ ദിവസങ്ങളായിരുന്നു അവിടെ. ഈ കഥാപാത്രത്തെ വിജയിപ്പിക്കാന്‍ കഴിയുമോ എന്ന എന്‍െറ പേടി മാറ്റിയത് അല്‍ഫോന്‍സാണ്. സിനിമയില്‍ കാണുന്ന മലരിനെ മോള്‍ഡ് ചെയ്തത് സംവിധായകനാണ്. പ്രേമം ടീം മുഴുവനും നല്ല സപ്പോര്‍ട്ടീവായിരുന്നു, അതുകൊണ്ടു തന്നെ ഷൂട്ടിങ് എനിക്ക് വലിയ പ്രശ്നമായില്ല. കൊടൈക്കനാലിലെ ഷൂട്ടിങ് ഞാനേറെ എന്‍ജോയ് ചെയ്തിരുന്നു. സൂയിസൈഡ് പോയിന്‍റിന്‍െറ അറ്റംവരെയൊക്കെ ഞാന്‍ പോയി.

? പേടി തോന്നിയില്ലേ... സായ് പല്ലവി എന്ന വ്യക്തിയെങ്ങനെയാണ്, നല്ല ബോള്‍ഡാണോ...


പേടിയൊന്നുമുണ്ടായില്ല. ഞാന്‍ ദൈവത്തില്‍ നല്ലപോലെ വിശ്വസിക്കുന്ന ആളാണ്. എത്ര തിരക്കിലും ദിവസവും ഞാന്‍ അരമണിക്കൂറെങ്കിലും പ്രാര്‍ഥനക്കായി നീക്കിവെക്കും. ഇതുവരെ എന്‍െറ ജീവിതത്തില്‍ ഉണ്ടായ നന്മകളൊക്കെ എനിക്ക് ദൈവം തന്നതാണെന്നാണ് എന്‍െറ വിശ്വാസം. ഞാന്‍ കുറേ ബോള്‍ഡായത് ജോര്‍ജിയയില്‍ എത്തിയ ശേഷമാണ്, ഒറ്റക്കു നിന്നു തുടങ്ങിയതുമുതല്‍.

? അഭിനയം പോലെ ഹിറ്റാണ് സായിയുടെ നൃത്തവും...

ഡാന്‍സാണ് സത്യത്തില്‍ എന്നെ സിനിമയിലേക്കത്തെിച്ചത്. ചെറുപ്പം മുതലേ ഞാന്‍ ഡാന്‍സില്‍ ശ്രദ്ധിച്ചിരുന്നു. പക്ഷേ കാര്യമായി അങ്ങനെ പഠിച്ചിട്ടൊന്നുമില്ല. സിനിമയിലെ ഡാന്‍സുകള്‍ ശ്രദ്ധിക്കും. പിന്നെ റിയാലിറ്റി ഷോയിലെ മത്സരത്തിനുവേണ്ടിയാണ് ഡാന്‍സില്‍ പഠനമൊക്കെ നടത്തിയത്.

? പ്രേമത്തിലെ മലരിനെക്കണ്ടപ്പോള്‍ പലരും പറഞ്ഞിരുന്നു, ‘തൂവാനത്തുമ്പികളി’ലെ ക്ളാരയെപ്പോലെ തോന്നുവെന്ന്. സായിക്ക് ക്ളാരയെ അറിയാമോ, മുമ്പ് മലയാളസിനിമകളൊക്കെ കാണാറുണ്ടായിരുന്നോ..

കുറേ ആളുകള്‍ എന്നോടങ്ങനെ പറഞ്ഞിരുന്നു. അറിയില്ല, ചിലപ്പോള്‍ അവര്‍ക്കൊക്കെയങ്ങനെ തോന്നുന്നുണ്ടാവണം. ക്ളാരയെപ്പോലെ എന്നെയും ആളുകള്‍ സ്നേഹിക്കുന്നത് സന്തോഷം തന്നെ. ഞാന്‍ കുറേയൊന്നും മലയാളസിനിമകള്‍ കണ്ടിട്ടില്ല. എനിക്ക് ശോഭനാമാഡത്തെ വളരെ ഇഷ്ടമാണ്. അവരുടെ ‘മണിച്ചിത്രത്താഴ്’ ഞാന്‍ കണ്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന നൃത്തവും അഭിനയവുമാണ് അവരുടേത്. ഞാന്‍ റിയാലിറ്റിഷോയില്‍ പങ്കെടുത്ത സമയത്ത് ശോഭനാമാഡം ജഡ്ജായി വന്നിരുന്നു. അന്നെന്‍െറ ഡാന്‍സ് ഇഷ്ടമായിയെന്ന് പറഞ്ഞപ്പോ വല്ലാത്ത സന്തോഷം തോന്നി. പിന്നെ ഞാന്‍ കണ്ടിട്ടുള്ളത് തട്ടത്തിന്‍ മറയത്ത്, ബാംഗൂ്ളര്‍ ഡെയ്സ് എന്നീ സിനിമകളൊക്കെയാണ്. അതൊക്കെയെനിക്ക് നന്നായി തോന്നി.

? മലയാളികളുടെ ഈ സ്നേഹവും ആരാധനയുമൊക്കെ കാണുമ്പോള്‍ സിനിമയിലേക്ക് കുറച്ചു നേരത്തെതന്നെ വരാമായിരുന്നു എന്നു തോന്നുന്നുണ്ടോ. റിയാലിറ്റി ഷോ കഴിഞ്ഞപ്പോഴെ അവസരങ്ങള്‍ തേടിയത്തെിയിട്ടുണ്ടാവുമല്ലോ.

ചില സിനിമകളിലേക്ക് ഓഫര്‍ വന്നിരുന്നു. ഞാനന്നു പ്ളസ്ടു കഴിഞ്ഞുനില്‍ക്കുന്ന സമയമാണ്. എന്‍െറ പഠനം പൂര്‍ത്തിയായിട്ടില്ല, സിനിമയില്‍ വന്നു വിജയിക്കാതെപോയാല്‍ പിന്നെ സിനിമയും പഠനവും ഇല്ലാതെപോവും എന്നൊരു ഭയം തോന്നി. അങ്ങനെ ഞാനുറപ്പിച്ചു, ഇപ്പോള്‍ പഠിക്കാം. അഭിനയം ഇനിയവസരം കിട്ടുമ്പോള്‍ ആവാമെന്ന്. ഞാന്‍ ഡോക്ടറാവണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ എം ബി ബി എസ് പഠിക്കാന്‍ ജോര്‍ജിയയില്‍ പോയത് അവിചാരിതമായിരുന്നു.

?വീടിനെപ്പറ്റി... അച്ഛന്‍, അമ്മ, സഹോദരങ്ങള്‍... സിനിമയെപ്പറ്റി അവരെന്താണു പറഞ്ഞത്


അച്ഛന്‍ ചെന്താമരക്കണ്ണന്‍, അമ്മ രാധ.. ഒരനിയത്തിയുണ്ട്, പൂജ. സിനിമയില്‍ അഭിനയിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. പക്ഷേ പക്ഷത്തെ ബാധിക്കരുതെന്ന നിര്‍ബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ.  പ്രേമത്തെ പറ്റി എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നെ എന്‍െറ ഏറ്റവും വലിയ ക്രിട്ടിക്  അനിയത്തിയാണ്. എല്ലാം ശ്രദ്ധിച്ച് നന്നാക്കാനാണെന്നു പറഞ്ഞ് കുറേ കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെയുണ്ടാക്കിത്തരും.

? കുറേ ആരാധകര്‍ മലര്‍ ഇനിയഭിനയിക്കരുതെന്ന് പറഞ്ഞിരുന്നു.. എന്താണ് മലരിന്‍െറ തീരുമാനം.. ഞങ്ങള്‍ക്ക് പുതിയ സിനിമയേതെങ്കിലും കാത്തിരിക്കാമോ..മറ്റൊരു മാജികുമായി..

മലര്‍ മലരായി തന്നെ മതിയെന്ന് കുറേപേര്‍ പറഞ്ഞിരുന്നു. എനിക്ക് അതൊരു ചലഞ്ചാണ് ശരിക്കും. ഇനിയൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ തീര്‍ച്ചയായും ആ കഥാപാത്രത്തെ മലരുമായി മാത്രമേ ആളുകള്‍ കംപയര്‍ ചെയ്യൂ. അപ്പോള്‍ അത് മലരിനേക്കാള്‍ മികച്ചതായില്ളെങ്കിലും മലരിനോളമെങ്കിലും എത്തണമല്ളോ. അങ്ങനെ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ പുതിയ സിനിമകളൊന്നും തീരുമാനമായിട്ടില്ല. ഇപ്പോള്‍ എന്‍െറ ശ്രദ്ധ പരീക്ഷയിലാണ്.

? മലയാളികളോട് പറയാനുള്ളത്...

എന്നെ ഏറെ ഇഷ്ടപ്പെടുന്ന, മലരിനെ നെഞ്ചിലേറ്റിയ എല്ലാ മലയാളികള്‍ക്കും എന്‍െറ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story