വിജയ് യുടെ വീടിന് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

09:29 AM
31/10/2019

ബോംബ് ഭീഷണിയെ തുടർന്ന് നടൻ വിജയ് യുടെ വീടിൻെറ സുരക്ഷ ശക്തമാക്കി.  സാലിഗ്രാമിലെ വിജയ് യുടെ വസതിയിൽ ബോംബ് ഉണ്ടെന്നും അത് അൽപ സമയത്തിനുള്ളിൽ പൊട്ടിത്തെറിക്കുമെന്നും സംസ്ഥാന പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വരികയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ബോംബ് ഭീഷണിയെത്തുടർന്ന് സുരക്ഷാ സേന സാലിഗ്രാമിലെ വീട്ടിലെത്തി. വിജയ് യുടെ മാതാപിതാക്കളായ എസ്.എ ചന്ദ്രശേഖർ, ശോഭ എന്നിവർ വീട്ടിലുണ്ടായിരുന്നു. ഫോൺ വന്ന കാര്യം ചന്ദ്രശേഖറെ അറിയിച്ച പൊലീസ് സുരക്ഷക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിജയ്, ഭാര്യ സംഗീതക്കും കുട്ടികൾക്കും ഒപ്പം ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയ്യൂരിലെ വസതിയിലാണ് താമസിക്കുന്നത്. പനയ്യൂരിലെ വസതിയിലും കർശന സുരക്ഷ ഏർപെടുത്തി.

ഭീഷണി സന്ദേശം വന്നത്തിൽ പോലീസ് കേസ് ഫയൽ ചെയ്യുകയും അന്വേഷണം തുടങ്ങുകയും ചെയ്തു. അന്വേഷണം പോറൂരിനടുത്തുള്ള അലപാക്കം സ്വദേശിയായ ഒരു ചെറുപ്പക്കാരനിലാണ് എത്തിയത്. പൊലീസ് ഇയാളിൽ നിന്നും മൊഴിയെടുക്കുകയാണ്. ദളപതി 64 എന്ന ചിത്രത്തിൻെറ ഷൂട്ടിങ്ങിലാണ് വിജയ്. അടുത്തിടെ പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത ബിഗിൽ എന്ന ചിത്രം തീയേറ്ററുകളിൽ വൻകുതിപ്പ് തുടരുകയാണ്. വെറും നാല് ദിവസത്തിനുള്ളിൽ ബിഗിൽ 150 കോടി രൂപയാണ് നേടിയത്. 

Loading...
COMMENTS