Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോടികൾ കൊണ്ട്...

കോടികൾ കൊണ്ട് വാങ്ങാനാവാത്ത എന്തോ ഒന്ന് അയാൾക്ക് നഷ്ടപ്പെട്ടിരുന്നു...

text_fields
bookmark_border
കോടികൾ കൊണ്ട് വാങ്ങാനാവാത്ത എന്തോ ഒന്ന് അയാൾക്ക് നഷ്ടപ്പെട്ടിരുന്നു...
cancel

ബോളിവുഡ്​ താരം സുശാന്ത് സിങ് രജ്​പുത്തി​​െൻറ വിയോഗത്തിൽ എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ ഫേസ്​ബുക്കിൽ എഴുതിയ ഹൃദയസ്​പർശിയായ കുറിപ്പ്​:

''അമ്മാ, എന്നും എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് പ്രോമിസ് ചെയ്തത് അമ്മയ്ക്കോർമ്മയുണ്ടോ ? അന്ന് ഞാനും തിരിച്ചൊരു വാക്ക് തന്നിരുന്നു, എന്തൊക്കെ സംഭവിച്ചാലും ഞാൻ കരയില്ലെന്ന് - എപ്പോഴും പുഞ്ചിരിക്കുമെന്ന്. നമ്മൾ രണ്ടുപേരും പരസ്പരം പറ്റിച്ചു അല്ലേ അമ്മാ ?''

പറ്റിച്ചു പോയ അമ്മയ്ക്ക് സുശാന്ത് സിങ് രജ്പുത്ത് എഴുതിയ കത്താണിത്. ഇന്ന് വായിക്കുമ്പോൾ സങ്കടം വരുന്നുണ്ട്. മുമ്പും ഈ പഹയൻ എന്നെ കരയിച്ചിട്ടേ ഉള്ളൂ. കൊല്ലം 2014, തന്നെ പറ്റിച്ചു പോയ കാമുക​​െൻറ കഥ ജഗ്ഗു വന്ന് പറഞ്ഞിട്ട് 6 വർഷം കഴിഞ്ഞു. അന്നവ​​െൻറ പേര് സുശാന്ത് സിങ് രജ്പുത്ത് എന്നായിരുന്നില്ല, സർഫ്രാസ് യൂസഫ് എന്നായിരുന്നു. അനുഷ്കയായിരുന്നു ജഗ്ഗു - ജഗത് ജനനി.

ബെൽജിയത്തിൽ വെച്ചാണ് അവൾ സർഫ്രാസ് യൂസഫിനെ കാണുന്നത്. പാകിസ്ഥാനായിരുന്നു അയാളുടെ ദേശം. എന്തൊരു പ്രണയമായിരുന്നു അതെന്നോ, 'ബിൻ കുച്ച് കഹേ / ബിൻ കുച്ച് സുനേ / ഹാത്തോമ്മേ ഹാത്ത് ലിയേ..' എന്ന് പാടി അവരുമ്മ വെച്ചപ്പോൾ തിയേറ്ററിലെ ഇരുട്ടിൽ നിന്ന് ഒരാൾ നിലവിളിച്ചു, ''വിരാട് കോലീ, ഇനി നീ നോക്കെണ്ടെടാ !!''. സത്യം, അനുഷ്കയെ അമീർ ഖാന് കിട്ടരുതേ എന്ന് പ്രാർത്ഥിച്ചാണ് ഞാനന്ന് പി.കെ കണ്ടത്. വല്ലാത്തൊരു കാമുകനായിരുന്നു സർഫ്രാസ്.

ചർ കദം ബസ് ചർ കദം / ചൽ ദോ ന സാത്ത് മേരേ, Four steps just four steps / Let's go with me എന്ന വരികളിൽ അവരുടെ പാട്ട് നിന്നു. നാലടിയേ ഒപ്പം നടന്നുള്ളൂ, അവർ പിരിഞ്ഞു. ഒരു ദിവസം പെട്ടന്ന് സർഫ്രാസ് അപ്രത്യക്ഷനായി. നഷ്ടത്തി​​െൻറ കഥ പറയുമ്പോൾ ജഗ്ഗുവി​​െൻറ വെള്ളാരം കണ്ണുകൾ ചെമന്നിരുന്നു. സുശാന്ത് സിങ് രജ്പുത്ത് എന്നെ കരയിപ്പിച്ചു കളഞ്ഞു.

ഇതിനും ഒരു കൊല്ലം മുമ്പ്, 2013 ലാണ് സുശാന്ത് സിങിനെ ഞാനാദ്യമായി കാണുന്നത്, സിനിമ - കൈ പോ ചെ. ഗോവിന്ദ്, ഒമി, ഇഷാൻ ഇവർ മൂന്നു പേരായിരുന്നു കൈ പോ ചെയിലെ കഥാപാത്രങ്ങൾ. ചേതൻ ഭഗത്തി​​െൻറ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫാണ് കൈ പോ ചെയായി തീയേറ്ററിൽ എത്തിയത്. അഞ്ചടി പത്തിഞ്ചുയരം, കറുത്ത തലമുടി, ഡാർക്ക് ബ്രൗൺ നോട്ടം !! കണ്ണുകളെ ഇഷാൻ വലിച്ച് കൊണ്ടുപോയി. കണ്ട് കണ്ടിരിക്കെ അവൻ മരിച്ച് പോയി. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയിരുന്നു. ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫിൽ ഒമി ആണ് മരിക്കുന്നത്, ഇഷാനല്ല. കൈ പോ ചെയിലെത്തുമ്പഴേക്കും അത് മാറി. കാഴ്ചക്കാർക്ക് കണ്ട് കൊതി തീർക്കാൻ നിന്ന് കൊടുക്കാതെ ഇഷാൻ മടങ്ങി. സുശാന്ത് സിങ് രജ്പുത്ത് എന്നെ ആദ്യം കരയിപ്പിക്കുന്നത് അന്നാണ്.

പിന്നെ ഞാനയാളെ കാണുന്നത് 2016 ലാണ്. റാഞ്ചിയിലെ മെക്കോണ്‍ കമ്പനിയിലെ ജൂനിയര്‍ ജീവനക്കാരൻ പാന്‍സിംഗിന്‍െറ മകന്‍ മഹേന്ദ്ര സിംഗ് ധോണി, ഇന്ത്യൻ ക്രിക്കറ്റിന്റെ തലയായ കഥ അയാൾ ജീവിച്ച് കാണിച്ചത് പിന്നെയും പിന്നെയും കാണാൻ എനിക്കെന്തോ ഭയങ്കര ഇഷ്ടമാണ്. നേരിട്ട് കാണുമ്പോഴെല്ലാം പക്ഷേ അയാളെന്നെ കരയിപ്പിച്ച് കൊണ്ടിരുന്നു. ദാ, ഇപ്പോഴിതെഴുതുമ്പോഴും എ​​െൻറ കാഴ്ച മങ്ങിപ്പോകുന്നുണ്ട്. 1986 ലാണ് ഞാൻ ജനിക്കുന്നത്, എനിക്കും സുശാന്തിനും ഒരേ വയസ്സാണ്. ഒരുപാട് പഞ്ചാരയിട്ട് ചായകുടിക്കുമായിരുന്ന കുട്ടിയായിരുന്നു ഞാൻ, മുതിർന്നിട്ടും സുശാന്തുമതെ. എന്നെപ്പോലെയൊരു ലൈം ജ്യൂസ് കൊതിയനായിരുന്നു അയാൾ. ബ്ലാക്കായിരുന്നു അയാളുടെ പ്രിയപ്പെട്ട നിറം, എൻ്റെയും. ഗാംഗുലിയായിരുന്നു അയാളുടെ താരം, എനിക്കും. നോൺ വെജേ അയാൾ ഇഷ്ടത്തോടെ കഴിക്കൂ, ഞാനും. പക്ഷേ എനിക്കിഷ്ടമില്ലാത്ത പണിയാണ് ഇന്നലെ നിങ്ങൾ ചെയ്തത്.

ഇനിയില്ല എന്ന് ഉറപ്പായിരുന്ന സർഫ്രാസ്, തന്നെ കാത്തിരിപ്പുണ്ടെന്ന് പാകിസ്ഥാൻ എംബസിയിൽ നിന്ന് അറിയിപ്പു കിട്ടിയ നേരം ജഗ്ഗു കരഞ്ഞ കരച്ചിലാണ് ഞാനിപ്പോൾ ഓർക്കുന്നത്. സുശാന്ത് സിങ് രജ്പുത്ത്, ഏതംബസിയിൽ വിളിച്ചാലാണ് ഇനി നിന്നെ കിട്ടുക !! മിസ്യൂ ബാഡ്ലി ഡിയർ.

എന്തിന് മരിച്ചു എന്നന്വേഷിച്ചു പോയ പോലീസുകാർ സുശാന്തി​​െൻറ വീട് നിറയെ കണ്ടത് ആഗ്രഹങ്ങൾ എഴുതി നിറച്ച പേപ്പറുകളായിരുന്നു. അതിലെത്ര ബാക്കി കാണും ?

6 കോടിയായിരുന്നു ഒരു സിനിമയ്ക്ക് സുശാന്തിൻ്റെ പ്രതിഫലം. കോടികൾ കൊണ്ട് വാങ്ങാനാവാത്ത എന്തോ ഒരാഗ്രഹം അയാൾക്കുണ്ടായിരുന്നു, കോടികൾ കൊണ്ട് വാങ്ങാനാവാത്ത എന്തോ ഒന്ന് അയാൾക്ക് നഷ്ടപ്പെട്ടിരുന്നു.

അതാണ് സുശാന്തിനെ കൊന്നത്. മിസ് യു ബാഡ്​ലി ഡിയർ...

ലിജീഷ് ​കുമാർ
 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesSushant Singh Rajputmalayalam newsBollywood Newssushant singhlijeesh kumar
News Summary - sushant singh rajput -lijeesh kumar
Next Story